ADVERTISEMENT

മലയോരമേഖലയില്‍ കര്‍ഷകരും വന്യജീവികളും വനംവകുപ്പും തമ്മിലുള്ള ത്രികോണമത്സരം തുടരുകയാണ്. വന്യജീവികളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ പൊറുതിമുട്ടുന്നതിനിടെ മരംമുറിയുമായുള്ള വിവാദവും മലയോരമേഖലയില്‍ തുടരുകയാണ്. മലയോര മേഖലയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍, കര്‍ഷകര്‍ ഒത്തൊരുമിച്ച് ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടുവെന്ന് പറയാം. അതിനു കാരണമായത് പാലക്കാട് ജില്ലയില്‍ പടക്കം പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവമാണ്. ആന ചരിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും പ്രതിപ്പട്ടികയിലുള്ളവര്‍ ഇന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ പേറിയാണ് കഴിയുന്നത്. വില്‍സണ്‍ എന്ന ടാപ്പിങ് തൊഴിലാളിയെ അറസ്റ്റ് ചെയ്തതും വില്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥത്തിന്റെ ഉടമയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമെല്ലാം അതിന്റെ ബാക്കിപത്രം. സ്ഥലമുടമ ഇപ്പോഴും ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അത് തള്ളി എന്നതാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്.

ഇതിനിടെ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള ഒതുക്കുംപുറത്ത് അബ്ദുല്‍ കരീമിന്റെ മകന്‍ നിജാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. തിരുവിഴാംകുന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതിന്റെ സത്യം എന്തെന്ന് നിങ്ങള്‍ അന്വേഷിച്ചോ? ഞങ്ങളുടെ ഭാഗം നിങ്ങള്‍ കേട്ടോ? എന്നാണ് നിജാസ് ചോദിക്കുന്നത്. തങ്ങളുടെ കൃഷിയിടത്തിനു സമീപം ആനയെ കണ്ടെത്തിയതിന് ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് ഈ യുവാവ് ചോദിക്കുന്നു. ആനയെ കണ്ടെത്തിയപ്പോള്‍ത്തന്നെ അക്കാര്യം വനംവകുപ്പിനെ അറിയിച്ചതാണെന്നും എന്നാല്‍, അവര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും നിജാസിന്റെ കുറിപ്പിലുണ്ട്. ഒരുപക്ഷേ, ആനയ്ക്ക് നേരത്തെതന്നെ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അത് രക്ഷപ്പെടുമായിരുന്നു. സത്യം തെളിയണം, അതുതന്നെയാണ് ഞങ്ങളുടെ ആഗ്രഹമെന്നും യുവാവ് പറയുന്നു. നിജാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

തിരുവിഴാംകുന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ സത്യം എന്തെന്ന് നിങ്ങള്‍ ആരെങ്കിലും അന്വേഷിച്ചോ? ഞങ്ങളുടെ ഭാഗം കേട്ടോ?

ചെയ്യാത്ത കുറ്റം വനം വകുപ്പ് എന്റെ പിതാവ് അബദുല്‍ കരീമിന്റെ ശത്രുക്കളുമായി ഗൂഢാലോചന നടത്തി പ്രതി ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ കാര്യങ്ങള്‍ അമ്പലപ്പാറയിലെ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണ്.

കരുവാരക്കുണ്ട് ഭാഗത്ത് നിന്നും 23/05/2020ന് ആന വായില്‍ മുറിവുമായി പുഴുത്ത് നാറുന്ന അവസ്ഥയില്‍   അമ്പലപ്പാറയിലെത്തിയത് നാട്ടുകാരോടൊപ്പം കണ്ടത് ആദ്യം വിളിച്ച് വനം വകുപ്പിനെ അറിയിച്ചത് ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എന്റെ ജ്യേഷ്ഠന്‍ റിയാസുദ്ദീനാണ്. അന്ന് ഫോറസ്റ്റുകാര്‍ വന്ന് പാറോക്കോട്ട് വീരാന്‍ കുട്ടിയുടെ പറമ്പില്‍ ആനയെ കണ്ടു വായ്പ്പുണ്ണ് ആണെന്ന് പറഞ്ഞ് ആനയ്ക്ക് ചികിത്സ നല്‍കാതെ കാട്ടിലേക്ക് ആട്ടി വിട്ടു.

പിന്നീട് അവര്‍ വീട്ടില്‍ വന്ന് കണ്ട വിവരം അന്വേഷിച്ച് പോയി 23/05/ 2020 രാത്രി ബഫര്‍സോണ്‍ വാച്ചര്‍മാര്‍ ഞങ്ങളുടെ തോട്ടത്തിലെ ഷെഡ്ഡില്‍ അനയെ നിരീക്ഷിക്കാന്‍ താമസിച്ചു വിവരം അറിയിച്ചത് അമ്പലപ്പാറ സ്റ്റേഷനിലെ വനിത ബിഎഫ്ഒയെയാണ് ജ്യേഷ്ഠന്റെ ഫോണിലേക്ക് വിളിച്ച്, അങ്ങനെ 3 ദിവസം പുഴയില്‍ നിന്ന് ആന ചരിഞ്ഞു.

കരുവാരക്കുണ്ട് ഭാഗത്തുനിന്ന് വന്ന ആന ആയതിനാല്‍ വര്‍ഗീയത കേറിക്കൂടി തര്‍ക്കമായി. അപ്പോയൊന്നും ആനയ്ക്ക് 2 രൂപയുടെ ഒരു പാരാസെറ്റാമോള്‍ ഗുളിക പോലും കൊടുത്തോ എന്ന് ആരും അന്വേഷിച്ചില്ല.  

ചികിത്സ കിട്ടാതെ ആന ചരിഞ്ഞു. അതാണ് സത്യം May 13, 14 തീയതികളില്‍ ഫോറസ്റ്റുകാര്‍ ആനയെ മുറിവോടെ കണ്ടിട്ടുണ്ടെന്ന് പാലക്കാട് എസ്പി സാറ് പറഞ്ഞിട്ടുണ്ട്. ചരിയുന്നതിന് 13 ദിവസം മുന്നേ കണ്ടിട്ടുണ്ടെന്ന്.

കഥ തുടങ്ങുന്നു...

ഞങ്ങളുടെ തൊഴിലാളി വില്‍സനെ എന്റെ ഉപ്പയുടെ മുന്നില്‍ നിന്ന് അവന്റെ വാഴത്തോട്ടം കാണാനാണെന്ന് പറഞ്ഞാണ് ഫോറസ്റ്റുകാര്‍ കൂട്ടികൊണ്ടു പോയത്. ഞാനും എന്റെ മൂത്താപ്പാന്റെ മകന്‍ അന്‍വറും ഫോറസ്റ്റ് ഓഫീസില്‍ പോയെങ്കിലും അവര്‍ വില്‍സനെ നാളെ രാവിലെ വിടാം എന്ന് പറഞ്ഞു. പിന്നീട് ബലമായി വില്‍സനെക്കൊണ്ട് കുറ്റസമ്മത മൊഴിയില്‍ ഒപ്പിടീച്ചു. അടുത്ത ദിവസങ്ങളില്‍ സമീപത്തെ ആദിവാസികളെ മര്‍ദ്ദിച്ചും വ്യാജമൊഴി രേഖപ്പെടുത്തി ഒപ്പിടീച്ചു.

കൃത്യമായി ആന വന്ന വഴിയേ അന്വേഷിക്കാതെ ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ചെയ്തത്. 

ഉപ്പയും ജ്യേഷ്ഠനും വില്‍സനും ചേര്‍ന്ന് തേങ്ങയില്‍ വച്ച പന്നിപ്പടക്കം അന കടിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ആനകള്‍ മനുഷ്യ സഹായമില്ലാതെ തേങ്ങ ഭക്ഷിക്കില്ല. നാട്ടാനകള്‍ക്ക് തേങ്ങ ഇട്ടു കൊടുത്താല്‍ ചവിട്ടി പൊട്ടിക്കും. പിന്നീടത് ചുരണ്ടി വായില്‍ വച്ച് നല്‍കണം. ഈ ആന പടക്കം കടിച്ചു എന്ന് പറയുന്ന സമയത്ത് മഴക്കാലമല്ല സ്ഥലത്തെ മണ്ണിലും ചെടികളിലും മറ്റും രക്തം പുരളേണ്ടതാണ്. രക്തം തളം കെട്ടി നില്‍ക്കേണ്ടതാണ്. പോലീസ് നായയ്ക്കതിന്റെ മണമെങ്കിലും ലഭിക്കേണ്ടതായിരുന്നു. അതുപോലെ പന്നിപ്പടക്കം പൊട്ടിയതിന്റെ ഒന്നും തന്നെ അവിടെ ഉണ്ടായിട്ടില്ല. കേരളത്തിലെ മുഖ്യ ചാനലുകളെല്ലാം സ്ഥലത്ത് ഉണ്ടായിരുന്നിട്ടു പോലും ഈ പടക്കം വച്ചു എന്നു പറയുന്ന സ്ഥലത്തിന് 100 മീറ്റര്‍ വരെ റോഡ് ഉണ്ടായിട്ട് പോലും അവിടേക്കുകൊണ്ട് പോകാതെ താഴേ ഉള്ള ഞങ്ങടെ ഷെഡ് പൊളിച്ച് റെയ്ഡ് നടത്തുന്നത് കാണിക്കുകയാണ് ചെയ്തതത്

ഇനി ഷെഡ്ഡില്‍നിന്ന് കിട്ടിയത് എന്തെല്ലാം? 

  1. 2 കാടു വെട്ടുന്ന മടാള്‍ 
  2. കൈ കോടാലികള്‍ 
  3. അമ്മി, അമ്മി കുട്ടി 
  4. തോട്ടത്തില്‍ ആദിവാസി തൊഴിലാളികള്‍ കാട് വെട്ടിയപ്പോള്‍ മടാള്‍ മൂര്‍ച്ച കൂട്ടാന്‍ പൊടിച്ച് വച്ച വെള്ളാരംകല്ല് പൊടി. 
  5. കുരങ്ങുകള്‍ തേങ്ങ നശിപ്പിക്കാന്‍ വരുമ്പോള്‍ പൊട്ടിക്കുന്ന ഓലപ്പടക്കങ്ങള്‍. 
  6. ഓലപ്പടക്കത്തിന്റെ പൊടി പറ്റിയ ഒരു പേപ്പര്‍ കവര്‍.
  7. നൂല് കൊണ്ട് വരിഞ്ഞ് ചുറ്റിയ ഒരുപന്നിപ്പടക്കം ഉണ്ടെന്ന് പറയുന്നു അത് ചിലപ്പോള്‍ ഗുണ്ട് പടക്കം ആകാം. പന്നിപ്പക്കമാണെങ്കില്‍ ആരോ ഷെഡില്‍ കൊണ്ടുവച്ചതാണ്.

ജയിലില്‍ കിടന്ന് ബ്ലോക്കടക്കം നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കുടിക്കുന്ന 66 വയസ്സുള്ള എന്റെ പിതാവിന്റെ  ജീവന്‍ പോകുമെന്ന പേടിയിലും അഭിമാനത്തിന്റെ പേരിലുമാണ് ഒളിവില്‍ പോയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോയെങ്കിലും ജാമ്യം ലഭിച്ചില്ല. 

ഈ ആന ചെരിഞ്ഞതിന് ശേഷം 3 ആനകള്‍ സമാന പരിക്കോടെ ചരിഞ്ഞിട്ടുണ്ട്. 

1. 7/06/2020 ന് കരുവാരക്കുണ്ട് 

2. 3/07/2020  അട്ടപ്പാടി വീട്ടിക്കുണ്ട് 

3. 9/09 /2020 അട്ടപ്പാടി ഷോളയൂര്‍ 

ഇതിലൊന്നും തിരുവിഴാംകുന്നില്‍ ചെരിഞ്ഞതുമായി ഉണ്ടായ നടപടികള്‍ ഒന്നും തന്നെ കാണാനായില്ല. ഇതെല്ലാം മറ്റ് ആനകള്‍ പരിക്കേല്‍പ്പിച്ചതാണെങ്കില്‍ തിരുവിഴാംകുന്നില്‍ ചെരിഞ്ഞതും കൊമ്പനാനയുടെ അക്രമത്തില്‍ പരിക്കേറ്റത് ആയിക്കൂടെ? 

എന്നെയും എന്റെ കുടുബത്തിലേയും പലരേയും നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫോറസ്റ്റുകാര്‍ പിടിച്ചുകൊണ്ട് പോയി. ഞങ്ങളുടെ കുടുബത്തിന് വലിയ നഷ്ടങ്ങള്‍ ഉണ്ടായി. ഇതെല്ലാം രാഷ്ട്രീയ നേതാക്കളോടും ജനപ്രതിനിധികളോടുമെല്ലാം പറഞ്ഞു. ആരും സഹായിച്ചില്ല. നീതിക്കായി മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും പരാതി നല്‍കി കാത്തിരിക്കുകയാണ് ഞങ്ങള്‍. 

സര്‍ക്കാര്‍ അടിയന്തിരമായി ഞങ്ങള്‍ക്ക് നീതി ഉറപ്പാക്കുക. 

നിജാസ് ഒതുക്കുംപുറത്ത്

നിജാസ് പറയുന്നതിനെ കര്‍ഷകസംഘടനയായ കിഫയും ശരിവയ്ക്കുന്നു. വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം കാട്ടാന ചെരിഞ്ഞ വിഷയത്തില്‍, വനംവകുപ്പിന്റെ വകുപ്പിന്റെ സ്വതസിദ്ധമായ രീതിയില്‍  നിരപരാധികളെ വേട്ടയാടുന്നത് അടിയന്തിരമായി അവസാനിപ്പിക്കണം. സംഭവം നടന്ന സമയത്തു പൈനാപ്പിളില്‍ പടക്കം വെച്ചാണ് ആനയെ കൊന്നത് എന്നായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്. എന്നാല്‍ കുറ്റപത്രം വന്നപ്പോള്‍ അത് തേങ്ങയായി മാറി. ഇത് തെറ്റാണെന്ന് ആനകളുടെ സ്വഭാവ രീതികള്‍ അറിയുന്നവര്‍ക്ക് കൃത്യമായി മനസിലാകും. കാരണം ആന ഒരിക്കലും ഒരു തേങ്ങ നേരെ എടുത്തു വായില്‍ വെക്കില്ല, മറിച്ച് അത് ചവിട്ടിപ്പൊട്ടിച്ചു തേങ്ങാ കഷണങ്ങള്‍ മാത്രമേ വായില്‍വയ്ക്കൂ. അങ്ങനെ വരുമ്പോള്‍ ആന ചവിട്ടുമ്പോള്‍ തന്നെ പടക്കം പൊട്ടുകയും കാലിന് പരിക്ക് പറ്റുകയും ചെയ്യേണ്ടതാണ്. 

മാത്രമല്ല, രണ്ടാമത്തെ വിഷയം ഈ പടക്കം കടിച്ചത് എവിടെനിന്നാണ് എന്നതാണ്. ആനയ്ക്ക് പരിക്ക് പറ്റിയാല്‍, ആ സ്ഥലത്തു തന്നെ ആന നില്‍ക്കില്ല എന്നത് വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ മറ്റെവിടെയോ വച്ച് പരിക്ക് പറ്റിയിട്ട് ആന തിരുവിഴാംകുന്ന് ഭാഗത്തേക്ക് എത്തിയതാണ് എന്ന ആരോപണ വിധേയരുടെ വാദം മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. എന്നുമാത്രമല്ല സാധാരണ ഗതിയില്‍ കാര്‍ഷികവൃത്തിക്കുപയോഗിക്കുന്ന ആയുധങ്ങള്‍ അല്ലാതെ മറ്റൊരു തെളിവുകളും കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍, ആരോപണവിധേയര്‍ക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ് എന്നത് വ്യക്തമാണെന്ന് കിഫ കര്‍ഷകശ്രീ ഓണ്‍ലൈനിനോട് പറഞ്ഞു.

നിലവിലുള്ള വന്യജീവി സംരക്ഷണ നിയമങ്ങള്‍ എങ്ങനെ മനുഷ്യവിരുദ്ധമാകുന്നു എന്നുള്ളതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ കേസ്. അതുകൊണ്ടു തന്നെ സ്വന്തം കൃഷിയിടത്തില്‍ മാന്യമായി കൃഷിയെടുത്തു ജീവിക്കാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന രീതിയില്‍ നിലവിലെ വന്യജീവി സംരക്ഷണ നിയമങ്ങള്‍ മാറ്റി എഴുതണമെന്നും കിഫ ആവശ്യപ്പെട്ടു.

പാലക്കാട്ട് പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം വലിയ വിവാദമായപ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ ഒന്നിച്ചു രൂപീകരിച്ച സംഘടനയാണ് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്ന കിഫ. കര്‍ഷകര്‍ക്കുവേണ്ടി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ് കിഫ.

English summary: Kerala Elephant’s tragic death and controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com