ADVERTISEMENT

എയര്‍ഫോഴ്‌സ് സേവനവും ദീര്‍ഘനാളത്തെ വ്യവസായ സംരംഭകവേഷവുമൊക്കെ അഴിച്ചുവച്ച് എഴുപത്തഞ്ചാം വയസില്‍ വിശ്രമജീവിതം നയിക്കുകയാണ് ചിരപ്പുറത്ത് സി.യു. മാത്യൂസും ഭാര്യ അന്നമ്മയും. വിശ്രമജീവിതകാലത്തും ഊര്‍ജസ്വലതയ്ക്ക് തെല്ലും കുറവില്ലാത്ത അദ്ദേഹം കൂണ്‍കൃഷിയിലൂെട പുതിയ വരുമാനം കണ്ടെത്തുകയാണിപ്പോള്‍. 

രണ്ടുവര്‍ഷം മുമ്പ് കോട്ടയം മാങ്ങാനത്തെ വീട്ടില്‍ സ്ഥിരതാമസമാക്കിയപ്പോഴാണ് മാത്യൂസിലെ കര്‍ഷകനു ചിറകു മുളച്ചത്. വീട്ടുവളപ്പില്‍ ചെയ്യാവുന്നതും പ്രയോജനപ്രദവുമായ വിളയാണ് അദ്ദേഹത്തിനു വേണ്ടിയിരുന്നത്. ആള്‍താമസമൊഴിഞ്ഞ ഔട്ട്ഹൗസിന് ഉപയോഗം കണ്ടെത്തണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. അങ്ങനെ ഇടുങ്ങിയ ഇരുട്ടുമുറികളില്‍ കൃഷി ചെയ്യാവുന്ന കൂണ്‍കൃഷിയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു

പരിചയമില്ലാത്ത മേഖലയായതിനാല്‍ പഠിച്ചുതന്നെ തുടങ്ങാന്‍ നിശ്ചയിച്ചു. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു വിരമിച്ച കൂണ്‍വിദഗ്ധന്‍ ഡോ. എ.വി. മാത്യു സമീപവാസിയാണെന്നതറിഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി. അദ്ദേഹത്തെ കണ്ടും ഫോണിലൂടെ സംസാരിച്ചും പരിശീലനം നേടി. പിന്നീട് കോഴായിലെ കാര്‍ഷികപരിശീലന കേന്ദ്രത്തില്‍ രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനവും നടത്തി. 2019 ഡിസംബറില്‍ തുടക്കം കുറിക്കുമ്പോള്‍  വീട്ടാവശ്യത്തിനുള്ള ഉല്‍പാദനം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ക്രമേണ ബെഡുകളുടെ എണ്ണം കൂടി. അയല്‍ക്കാര്‍ ആവശ്യക്കാരായി. എന്തിനേറെ, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മികച്ച വരുമാനം നേടുന്ന സ്ഥിതിയിലെത്തി. ദിവസം 3000 രൂപ വരെ വരുമാനം നേടിയ സീസണുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. വിശ്രമജീവിതം നയിക്കുന്നവര്‍ക്കു യോജിച്ച വരുമാനമാര്‍ഗമാണ് കൂണ്‍കൃഷിയെന്ന കാര്യത്തില്‍ മാത്യൂസിനു സംശയമില്ല.

mushroom-1

ലോക്ഡൗണ്‍ കാലത്ത് തമിഴ്‌നാട്ടില്‍നിന്നു മകന്‍ സുദീപ് വീട്ടിലെത്തിയതോടെ കൂണ്‍കൃഷിയുടെ ആവേശം ഇരട്ടിച്ചു. സുദീപിന്റെ സഹായത്തോടെ 500 ബെഡിലും ഒരുമിച്ചു വിത്തിട്ടു. എന്നാല്‍ അമിതമായ ആവേശം അപകടകരമാണെന്നു വൈകാതെ തിരിച്ചറിഞ്ഞു. മൂന്നാമത്തെ വിളവെടുപ്പായപ്പോഴേക്കും പകുതിയിലേറെ കൂണ്‍ബെഡുകള്‍ കേടായി നീക്കം ചെയ്യേണ്ടി വന്നു. എണ്ണം വര്‍ധിച്ചപ്പോള്‍ പരിചരണം കുറഞ്ഞതായിരുന്നു കാരണം. മാത്രമല്ല, മുഴുവന്‍ ബെഡിലും ഒരുമിച്ചു കൃഷിയിറക്കിയാല്‍ തുടര്‍ച്ചയായി വിപണിയില്‍ കൂണ്‍ എത്തിക്കാനാവാതെ വരികയും ചെയ്യും. കൂണ്‍ശാലയിലെ മുഴുവന്‍ ജോലികളും സ്വയം ചെയ്യുന്നതിനാല്‍ ദിവസേന പരമാവധി 10 - 15 ബെഡുകള്‍ തയാറാക്കാനുള്ള സാവകാശമേ ലഭിക്കൂ. ഈ രീതിയില്‍ ഉല്‍പാദനം ക്രമീകരിച്ചാല്‍ ആയാസമില്ലാതെ വര്‍ഷം മുഴുവന്‍ വരുമാനം നേടാന്‍ സാധിക്കുമെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. വിപണനത്തിനായി അധികം അലയേണ്ടതുമില്ല.

വീടിന്റെ ഗേറ്റിനടുത്ത് ഓര്‍ഗാനിക് മഷ്‌റും എന്ന ബോര്‍ഡ് വച്ചിട്ടുളളതിനാല്‍ കാര്‍ യാത്രക്കാരായ പലരും കൂണ്‍ വാങ്ങാനെത്തുന്നുണ്ട്. കോട്ടയത്തെ 8 സൂപ്പര്‍മാര്‍ക്കറ്റുകളിലും മാത്യൂസിന്റെ ഓര്‍ഗാനിക് മഷ്‌റും കിട്ടും. 200 ഗ്രാം പാക്കറ്റിന് 70 രൂപ ലഭിക്കും, കിലോയ്ക്ക് 350 രൂപ. ഉല്‍പാദനച്ചെലവാകട്ടെ കിലോയ്ക്ക് പരമാവധി 60- 70 രൂപ മാത്രവും. കൂണ്‍ശാലയില്‍ തൊഴിലാളികളെ നിയോഗിച്ചാല്‍ ഉല്‍പാദനച്ചെലവ് ഉയരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവസേന 4 - 5 കിലോ വില്‍ക്കാനായാല്‍പോലും മോശമല്ലാത്ത വരുമാനം കിട്ടുമെന്ന് മാത്യു ചൂണ്ടിക്കാട്ടി. പാഴായിപ്പോവുമായിരുന്ന സമയവും സ്ഥലവും ഫലപ്രദമായി വിനിയോഗിക്കാന്‍ ഇതുവഴി സാധിച്ചു. വരുമാനം കിട്ടിത്തുടങ്ങാന്‍ മുന്നുമാസം മതിയെന്നും സൗകര്യമനുസരിച്ച് വികസിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യാമെന്നതും കൂണ്‍കൃഷിയെ വേറിട്ടുനിര്‍ത്തുന്നു.

English summary: Small effort, big profit; mushroom farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com