ലോക ജന്തുജന്യരോഗദിനം ആചരിച്ചതിനു പിന്നാലെ കേരളത്തിൽ സിക്ക വൈറസ് രോഗം; ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
 • 3 മുതൽ 14 ദിവസം വരെയാണ് ഈ രോഗത്തിന്റെ ഇൻകുബേഷൻ കാലം
 • മൃഗങ്ങളെ പരിപാലിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല
zika-virus
SHARE

2021ലെ ലോക ജന്തുജന്യരോഗദിനം ജൂലൈ 6ന്  ആചരിച്ചതിനു തൊട്ടുപിന്നാലെയാണ് ആഗോളതലത്തിൽ പൊതുജനാരോഗ്യ ശ്രദ്ധ നേടിയ ജന്തുജന്യ രോഗമായ സിക്ക വൈറസ് രോഗം കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ  ഇടയ്ക്കിടെ ഈ രോഗം ഉയർന്നു വരുന്നുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഈ വൈറസുകളെ കണ്ടെത്തുന്നത്.

ചരിത്രം 

1947ൽ ആഫ്രിക്കയിലെ ഉഗാണ്ടയിൽ സിക്ക വനത്തിൽ വസിച്ചിരുന്ന റീസസ് കുരങ്ങുകളിലാണ് സിക്ക വൈറസ് ആദ്യമായി കണ്ടെത്തിയത് . പിന്നീട്  1952ൽ ടാൻസാനിയായിലും വൈറസ് കണ്ടെത്തി. എന്നാൽ, 1966ലാണ്  ഏഷ്യൻ ഭൂഖണ്ഡത്തിൽ ഈ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. 2007 വരെയും ഈ രോഗം ചില  ഭൂപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഒന്നായിട്ടാണ് കരുതിയിരുന്നത്. എന്നാൽ,  പസഫിക് ദ്വീപുകളിലും  തെക്കേ അമേരിക്കയിലും നവജാതശിശുക്കളിൽ  നാഡീവ്യവസ്ഥ തകരാറുകൾക്ക് കാരണമാകുന്നത് സിക്ക വൈറസുകളാണെന്ന്  തിരിച്ചറിഞ്ഞതോടെയാണ് പൊതുജനാരോഗ്യരംഗത്ത് ഈ വൈറസിന്റെ പ്രാധാന്യം ശ്രദ്ധയാർജിച്ചത്.

2015ൽ ബ്രസീലിലേക്കും അമേരിക്കയുടെ മറ്റു ഭാഗങ്ങളിലേക്കും വൈറസ് വ്യാപിച്ചു. മനുഷ്യരിൽ കാണപ്പെടുന്ന ഗില്ലൻ ബാരി സിൻഡ്രോം ( Guillain - Barre Syndrome), കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന തല ചുരുങ്ങൽ (Microcephaly) തുടങ്ങിയ രോഗലക്ഷണങ്ങൾക്ക് സിക്ക വൈറസ് രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടുകൂടിയാണ് 2016ൽ ലോകാരോഗ്യ സംഘടന സിക്ക വൈറസ്‌ രോഗത്തെ രാജ്യാന്തരതലത്തിൽ ആശങ്കപ്പെടേണ്ട പൊതുജനാരോഗ്യ അവസ്ഥയായി പ്രഖ്യാപിച്ചത്. അതിനുശേഷം രാജ്യാന്തര തലത്തിൽത്തന്നെ രോഗനിർണയം, നിയന്ത്രണം, രോഗപ്രതിരോധം എന്നിവ ഊർജിതപ്പെടുത്തി. 2018ൽ രാജസ്ഥാനിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. 

സിക്ക വൈറസ് രോഗം ഉണ്ടാകുന്നത് എങ്ങനെ?

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഇതൊരു വൈറസ് രോഗമാണ്. മനുഷ്യരിൽ ഡെങ്കു പനി, ചിക്കൻ ഗുനിയ, യെല്ലോ ഫീവർ, ജാപ്പനീസ് എൻസിഫലൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഫ്ലേവി വൈറസുകളാണ് സിക്ക വൈറസ് രോഗവുമുണ്ടാക്കുന്നത്. 

പകരുന്നത് എങ്ങനെ? 

ആഫ്രിക്കയിലെ ഉഗാണ്ടയിൽ വനപ്രദേശങ്ങളിലുള്ള കുരങ്ങുകളിൽ നിന്നാണ് സിക്ക വൈറസ് രോഗം ഉദ്ഭവിച്ചത്.  സിക്ക വൈറസ് ബാധയുള്ള കുരങ്ങുകളെ കടിച്ച കൊതുകുകൾ, പിന്നീട് മനുഷ്യരെ കടിക്കുമ്പോഴാണ് രോഗം ജന്തുക്കളിൽ നിന്നും  മനുഷ്യരിലേക്ക് പകരുന്നതെന്നാണ് ശാസ്ത്രീയപഠനങ്ങൾ  തെളിയിക്കുന്നത്. പകൽ സമയത്ത് മനുഷ്യരെ കടിക്കുന്ന ഈഡിസ് ഈജിപ്തി ( Aedes aegypti), ഈഡിസ് ആൽബോപിക്റ്റസ് (Aedes albopictus) തുടങ്ങിയ കൊതുകുകളാണ് രോഗം പരത്തുന്ന വൈറസ് വാഹകർ.

ഏകദേശം 87 ൽ അധികം രാജ്യങ്ങളിൽ  സിക്ക വൈറസ് രോഗം കൊതുകുകൾ പരത്തുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  മനുഷ്യരിൽ നിന്നും  മറ്റു മനുഷ്യരിലേക്ക് രോഗം പകരുന്നത് മുഖ്യമായും കൊതുകുകടിയിലൂടെ തന്നെയാണ്.  രോഗബാധയുടെ ആദ്യഘട്ടത്തിലാണ് കൊതുകുകടിയിലൂടെ  രോഗം പകരുന്നത്. അമ്മയിൽ നിന്നു ഗർഭപാത്രം വഴി കുഞ്ഞുങ്ങളിലേക്കും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം,  രക്തദാനം, അവയവദാനം  തുടങ്ങിയവയിലൂടെയും മറ്റു മനുഷ്യരിലേക്ക് രോഗം പകരാം. എന്നാൽ,  മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ അതായത്, മൃഗങ്ങൾ തൊടുക, നക്കുക, ചുമയ്ക്കുക, തുമ്മുക എന്നിവയിലൂടെ മനുഷ്യരിലേക്ക് രോഗം പകരാറില്ല. 

മൃഗങ്ങളെ പരിപാലിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല 

സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ  (CDC) കണക്കനുസരിച്ച് വളർത്തുമൃഗങ്ങളിൽ ഇതുവരെയും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ,  കുരങ്ങുകളല്ലാതെ മറ്റു മൃഗങ്ങൾ രോഗവാഹകരായി വർത്തിക്കുന്നില്ല എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 1970കളിൽ  ഇന്തോനേഷ്യയിൽ കുതിര, ആട്, പശു, വവ്വാൽ എന്നിവയിൽ സിക്ക വൈറസുകളെ കണ്ടെത്തിയിട്ടുള്ളതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും,  അവ രോഗലക്ഷണങ്ങൾ കാണിക്കുകയോ മനുഷ്യരിലേക്ക് രോഗം പകർന്നതായോ തെളിയിക്കപ്പെട്ടിട്ടില്ല. അതുപോലെതന്നെ നായ, പൂച്ച, പക്ഷികൾ തുടങ്ങിയ അരുമ മൃഗങ്ങളിൽ വൈറസ് രോഗം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 

രോഗലക്ഷണങ്ങൾ 

3 മുതൽ 14 ദിവസം വരെയാണ് ഈ രോഗത്തിന്റെ ഇൻകുബേഷൻ കാലം. മൃഗങ്ങളിൽ ഗുരുതരമായ രോഗ‌ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മനുഷ്യരിലാകട്ടെ   രോഗലക്ഷണങ്ങൾ വളരെ വിരളമായേ കാണപ്പെടാറുള്ളൂ.  രോഗലക്ഷണങ്ങൾ രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് നീണ്ടു നിൽക്കുന്നത്. മനുഷ്യരിൽ പൊതുവെ ഈ രോഗം ഗുരുതരമാകാറില്ല എന്നു മാത്രമല്ല, മരണനിരക്ക് വളരെ കുറവുമാണ്.  എന്നാൽ, ഗർഭിണികളിൽ ഗുരുതരമാകുന്നതായി കണ്ടുവരുന്നു. വൈറസുകൾ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഗർഭഛിദ്രവും സംഭവിക്കാറുണ്ട്.

പനി, ശരീരത്തിൽ പാടുകൾ, പേശിവേദന, സന്ധിവേദന, ർദ്ദി എന്നിവ മുതൽ മസ്തിഷ്കജ്വരം, എൻസഫലൈറ്റിസ് എന്നിവ വരെയുള്ള ലക്ഷണങ്ങൾ കാണാറുണ്ട്.  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രോഗബാധിതരായ ഗർഭിണികൾ  ജന്മം നൽകുന്ന 5-15 ശതമാനം കുട്ടികൾക്കും ജന്മനാലുള്ള സിക്ക വൈറസ് രോഗമുള്ളതായി (Congenital Zika virus infection) കാണപ്പെടുന്നു. 

രോഗനിർണയവും ചികിത്സയും 

രോഗലക്ഷണങ്ങളിൽനിന്നും രോഗബാധയുള്ള സ്ഥലങ്ങളിലെ സന്ദർശനം തുടങ്ങിയ സാഹചര്യത്തെളിവുകളിൽനിന്നും രോഗം സംശയിക്കാം. രോഗബാധിതർ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് വിരളമായതിനാൽ  പലപ്പോഴും രോഗം നിർണ്ണയിക്കപ്പെടാതെ പോകുന്നു. രക്തം, മൂത്രം എന്നിവ പരിശോധിച്ച്  രോഗം സ്ഥിരീകരിക്കാവുന്നതാണ്. 

ഫലപ്രദമായ ചികിത്സയോ പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളോ ലഭ്യമല്ല. ആയതിനാൽ  രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിവരുന്നത്. രോഗികൾ വിശ്രമിക്കുകയും  ധാരാളം വെള്ളം കുടിച്ച് നിർജലീകരണം തടയുകയും കൊതുകുകടിയേൽക്കുന്നത് ഒഴിവാക്കുകയും  ചെയ്യണമെന്നാണ്  ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത്. ഗർഭിണികൾ  വിദഗ്ധചികിത്സ തേടണം.

പ്രതിരോധമാർഗങ്ങൾ 

 • ഏകാരോഗ്യം എന്ന  ആശയത്തിൽ ഊന്നിയിട്ടുള്ള  രോഗപ്രതിരോധ മാർഗ്ഗങ്ങളും സംവിധാനങ്ങളും ഫലപ്രദമാണ്.
 • വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ കൊതുക് നശീകരണവും പരിസര ശുചീകരണവും കർശനമാക്കണം. 
 • ദേശീയ അന്തർദേശീയ തലത്തിലുള്ള  പൊതുജന ബോധവൽക്കരണം നടപ്പിലാക്കണം. 
 • രോഗബാധയുള്ള പ്രദേശങ്ങൾ, രാജ്യങ്ങൾ സന്ദർശിക്കുന്നത്  ഒഴിവാക്കുക. 
 • കൊതുകിന്റെ കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. 
 • സുരക്ഷിതമായ രക്തദാനം, അവയവദാനം, ലൈംഗികബന്ധം എന്നിവ സംബന്ധിച്ച്  ലോകാരോഗ്യസംഘടനയുടെ  നിർദ്ദേശങ്ങൾ പാലിക്കുക . 
 • ആഗോളതലത്തിൽ രോഗനിയന്ത്രണ-പ്രതിരോധ  സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
 • ലോകമെമ്പാടുമുള്ള  പരിശോധന ലാബുകളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തുക.
 • രോഗ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക.

പൊതുജനാരോഗ്യ രംഗത്ത്  ആവർത്തിച്ച് ഉയർന്നു വന്നു കൊണ്ടിരിക്കുന്ന സാംക്രമിക രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യരോഗങ്ങളാണ് പ്രത്യേകിച്ചു വന്യ മൃഗങ്ങളിൽനിന്ന്  മനുഷ്യരിലേക്ക് പകരുന്നത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ്‌ സിക്ക വൈറസ് രോഗം. വനനശീകരണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, അനിയന്ത്രിതമായ ആഗോളയാത്രയും വ്യാപാരവും,  ‌ജനസംഖ്യാവർധന, പരിസ്ഥിതി മലിനീകരണം തുടങ്ങിയ മൂല കാരണങ്ങൾ ഒഴിവാക്കിയാൽ മാത്രമേ സിക്ക വൈറസ് രോഗം പോലെയുള്ള ഉയർന്നുവരുന്ന വൈറസ് രോഗങ്ങൾ നിയന്ത്രിക്കാനും പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ. അതിനായി ദേശീയ- അന്തർദേശീയ തലത്തിലുള്ള  രോഗ നിയന്ത്രണ പരിപാടികൾ ഊർജിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

English Summary: Zika virus case reported in Kerala, Prevention and control measures for Zika virus disease

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA