ലൈസൻസ് അപേക്ഷകളിൽ തീരുമാനമാകാതെ പെട്ടെന്നുള്ള മത്സ്യവിത്ത് ഇറക്കുമതി നിരോധനം എന്തിനുവേണ്ടി?

HIGHLIGHTS
  • ചരക്കുനീക്കം തടഞ്ഞത് എന്തിന്?
  • ലൈസൻസ് ലഭിച്ചവരുടെ പേരിൽ മത്സ്യക്കുഞ്ഞുങ്ങൾ കേരളത്തിൽ എത്തുന്നുണ്ട്
fish-seed
SHARE

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 2

2020 ലോക്‌ഡൗൺ കാലത്ത് ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യങ്ങൾ പറന്നെത്തിയിട്ടുണ്ട്. ചാർട്ടേഡ് വിമാനത്തിൽ കുഞ്ഞുങ്ങൾ എത്തിയെന്നു പറയുമ്പോൾത്തന്നെ കേരളത്തിലെ മത്സ്യക്കൃഷിയുടെ വ്യാപ്തി മനസിലാക്കാം. ഒട്ടേറെ യുവാക്കൾ മത്സ്യക്കൃഷിയിലേക്കും മത്സ്യ വിതരണത്തിലേക്കും ചുവടുവച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ പലർക്കും മാർഗമായത് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണമായിരുന്നു. എന്നാൽ, ഒരു വർഷം പിന്നിടുമ്പോൾ സ്ഥിതി അതല്ല. കേരളത്തിലെ മത്സ്യക്കൃഷി മേഖല പ്രതിസന്ധിയിലാണ്. വിതരണക്കാർക്ക് മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കാൻ കഴിയുന്നില്ല. അതുപോലെ മത്സ്യക്കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കുന്നുമില്ല.

കഴിഞ്ഞ വർഷം മുതൽ മത്സ്യക്കുഞ്ഞുങ്ങളെ പുറത്തുനിന്ന് ഇറക്കുന്നതിനും സംസ്ഥാനത്ത് വിൽക്കുന്നതിനും റജിസ്ട്രേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതേത്തുടർന്ന് റജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷകൾ വിതരണക്കാരും കർഷകരും നൽകുകയും ചെയ്തു. ഒരു വർഷം പിന്നിടുമ്പോൾ അടുത്തിടെയാണ് ഇതിനായുള്ള ഇൻസ്പെക്ഷന് അധികൃതർ വന്നുതുടങ്ങിയത്. എന്നാൽ, കഴിഞ്ഞ മാസം പകുതിക്കുശേഷം മുതൽ അതായത് ജൂൺ 20നുശേഷം കേരളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങളുടെ ഇറക്കുമതി സർക്കാർ പൂർണമായും നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മത്സ്യക്കൃഷിയുടെ സീസൺ ആരംഭിക്കുന്ന ഈ സമയത്തുള്ള നിരോധനം കർഷകരെയും വിതരണക്കാരെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ലൈസൻസ് ഉള്ളവരുടെ മത്സ്യക്കുഞ്ഞുങ്ങളെ മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂവെന്നാണ് സർക്കാർ വിമാനത്താവള അധികൃതർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതേത്തുടർന്ന് വിമാനക്കമ്പനികൾ ചരക്കുനീക്കം അവസാനിപ്പിച്ചു. 

ചരക്കുനീക്കം തടഞ്ഞത് എന്തിന്?

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്സ്യങ്ങളിൽ വ്യാപകമായ അസുഖങ്ങൾ കാണപ്പെടുന്നുണ്ടെന്നും അത് കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളിലേക്കുകൂടി വ്യാപിക്കാതിരിക്കാനാണ് സീഡ് ആക്ട് കൊണ്ടുവന്നിരിക്കുന്നത്. അതുപോലെ ഇറക്കുമതി ചെയ്യപ്പെടുന്ന മത്സ്യങ്ങളെ അപ്പോൾത്തന്നെ കർഷകരിലേക്ക് എത്തിക്കുന്ന പ്രവണതയും ഏറിവന്നു. ഇത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്തു. മത്സ്യക്കുഞ്ഞുങ്ങളെ വിതരണക്കാരന്റെ ഫാമിൽ എത്തിച്ച് 14 ദിവസം ക്വാറന്റൈൻ ചെയ്തത് രോഗങ്ങളില്ലാ എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ കർഷകർക്ക് കൊടുക്കാൻ പാടുള്ളൂ എന്നാണ് സീഡ് ആക്ട് നിഷ്കർഷിച്ചിരിക്കുന്നത്. 

fish-seed

ഇപ്പോൾ സംഭവിച്ചത്

ജൂൺ 20നു ശേഷം കേരളത്തിലെ മത്സ്യക്കുഞ്ഞ് വിതരണക്കാർക്ക് പുറത്തുനിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കാൻ കഴിയുന്നില്ല. തിലാപ്പിയ മത്സ്യങ്ങളുടെ കാര്യത്തിലാണ് പ്രതിസന്ധി രൂക്ഷം. റജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അതിൽ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. കുഞ്ഞുങ്ങളെ ഇവിടെത്തിച്ച് സൂക്ഷിക്കാനുള്ള ലൈസൻസ് പലർക്കും കൊടുത്തിട്ടുണ്ടെങ്കിലും തിലാപ്പിയ ഇറക്കുമതിക്കുള്ള ലൈസൻസ് രണ്ടോ മൂന്നോ പേർക്കു മാത്രമേ കൊടുത്തിട്ടുള്ളൂ എന്നാണ് വിവരം. അപേക്ഷ സമർപ്പിച്ചിട്ടുള്ള മറ്റു വിതരണക്കാരുടെ അപേക്ഷ എന്തായി എന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്ന് കേരളത്തിലെ മത്സ്യവിതരണക്കാരുടെ സംഘടനയായ ഫിഷ് സീഡ് സെല്ലേഴ്സ് അസോസിയേഷൻ കേരള (ഫിസ കേരള) പറയുന്നു. 

200ൽപ്പരം മത്സ്യക്കുഞ്ഞ് വിതരണക്കാർ അംഗങ്ങളായ ഫിസ കേരളയുടെ ഭാരവാഹികൾ തങ്ങളുടെ പ്രതിസന്ധി സൂചിപ്പിച്ച് ഫിഷറീസ് മന്ത്രിയെ നേരിൽ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നതായി ഫിസ പറയുന്നു.

ലൈസൻസ് ലഭിച്ചവരുടെ പേരിൽ മത്സ്യക്കുഞ്ഞുങ്ങൾ കേരളത്തിൽ എത്തുന്നുണ്ട്. മറ്റാർക്കും ലൈസൻസ് ഇതുവരെ നൽകുകയോ അതേക്കുറിച്ച് യാതൊരു അറിയിപ്പും ഇതുവരെ ലഭിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ചിലർക്ക് മാത്രം ഇറക്കുമതി ലൈസൻസ് ലഭ്യമായതെന്ന് ഫിസ ചോദിക്കുന്നു. കേരളത്തിൽ ഏറെ പ്രചാരമുള്ള തിലാപ്പിയ ഇറക്കുമതിക്കു മാത്രമേ ലൈസൻസ് പ്രശ്നങ്ങൾ ബാധകമാകുന്നുള്ളൂവെന്നും സംഘടന ആരോപിക്കുന്നു. സീസൺ അവസാനിക്കുന്നതിനു മുൻപേ നടപടികൾ പൂർത്തിയാക്കി അർഹരായവർക്ക് ലൈസൻസ് അനുവദിക്കണമെന്നും അല്ലാത്തപക്ഷം ഒട്ടേറെ കർഷകരും വിതരണക്കാരും കടക്കെണിയിലേക്കു കൂപ്പുകുത്തുമെന്നും ഫിസയിലെ അംഗങ്ങൾ പറയുന്നു.

സർക്കാർ ഏജൻസികളിലും മത്സ്യക്കുഞ്ഞുങ്ങൾ കുറവ്

സർക്കാർ ഏജൻസികളും മത്സ്യക്കുഞ്ഞുങ്ങളുടെ ടെൻഡർ വിളിച്ചിട്ടുണ്ട്. കേരളത്തിലെ വിതരണക്കാരാണ് ഇതുവരെ ടെൻഡർ  സമർപ്പിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുപോന്നിരുന്നത്. എന്നാൽ, ടെൻഡർ ലഭിച്ചാലും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്താൻ കഴിയാത്ത വിധത്തിലാണ് പലരും പെട്ടിരിക്കുന്നത്. അനാബാസ്, വാള, തിലാപ്പിയ, കട്‌ല, രോഹു, മൃഗാൽ തുടങ്ങിയ മത്സ്യങ്ങളെ വിതരണം ചെയ്തിരുന്ന പലർക്കും ഏതെങ്കിലും ഒരെണ്ണത്തിനാണ് ലൈസൻസ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ വിതരണം ചെയ്യുക എന്നത് പലർക്കും അപ്രായോഗികവുമാണ്.

tilapia-fish

എന്തായിരുന്നു വേണ്ടിയിരുന്നത്?

മൺസൂണിനോട് അനുബന്ധിച്ചുള്ള കേരളത്തിലെ മത്സ്യക്കുഞ്ഞുങ്ങളുടെ സീസൺ ഏകപക്ഷീയമായി കയ്യടക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ലൈസൻസ് അപേക്ഷകളിൽ തീരുമാനമാകാതെ പെട്ടെന്നുള്ള ഇറക്കുമതി നിരോധനം എന്തിനുവേണ്ടിയാണ്? അർഹരായവർക്ക് ലൈസൻസ് നൽകുകയും അനർഹരുടേത് തള്ളുകയും ചെയ്തശേഷം മാത്രം നിരോധനം പ്രാബല്യത്തിൽ വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, തീരുമാനം ആകുന്നതിനുമുൻപേ നിരോധനം ഏർപ്പെടുത്തിയതും രണ്ടോ മൂന്നോ പേർക്ക് മാത്രം ലൈസൻസ് നൽകിയതും അവർ ഇറക്കുമതി ചെയ്യുന്നതുമെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണ്.

പരിമിതികളുണ്ട്

സംസ്ഥാനത്ത് ഉടനീളമുള്ള മത്സ്യവിത്ത് വിതരണക്കാരുടെ ലൈസൻസ് കാര്യങ്ങൾ പരിശോധിക്കുന്നത് കൊല്ലം തേവള്ളിയിലുള്ള സംസ്ഥാന മത്സ്യവിത്ത് കേന്ദ്രമാണ്. സീഡ് ആക്ടുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട ഏജൻസിയായതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ കുറവ് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു. ഓരോ ജില്ലയിലെയും ഫഷറീസ് ഓഫീസുവഴി ചെയ്യാൻ കഴിയുന്ന ഒന്നാണ് പ്രത്യേക ഏജൻസി രൂപീകരിച്ച് ഏറെ സങ്കീർണമാക്കിയിരിക്കുന്നത്.

തുടരും

English summary: Fish Seed Act Problems in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA