ADVERTISEMENT

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 3

കഥ തുടങ്ങുന്നത് 2020ലാണ്. കോവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ സുഭിക്ഷേകേരളം പദ്ധതി ആവിഷ്കരിക്കുന്നു. പച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയുമെല്ലാം പദ്ധതിയുടെ ഭാഗമാകുന്നു. മത്സ്യക്കൃഷിയിൽ ബയോഫ്ലോക് രീതി, റാസ് രീതി, പടുതക്കുളം എന്നിങ്ങനെ പദ്ധതികൾ ഏറെ. 40 ശതമാനം സബ്സിഡി സർക്കാർ തരുമല്ലോ എന്ന രീതിയിൽ ഒട്ടേറെ പേർ പദ്ധതിയിൽ ആകൃഷ്ടരായി മത്സ്യക്കൃഷിക്കായി മുന്നോട്ടുവന്നു. അധികം പേരും ചെയ്തത് ബയോഫ്ലോക് മത്സ്യക്കൃഷിയായിരുന്നു. അത്തരത്തിൽ പുരയിടത്തിലെ ഏതാനും റബർ മരങ്ങൾ വെട്ടിമാറ്റി ബയോഫ്ലോക് മത്സ്യക്കുളങ്ങൾ നിർമിച്ച വ്യക്തിയാണ് കാസർകോഡ് ജില്ലയിലെ എലേരി സ്വദേശി ചന്ദ്രൻ നായർ. കേന്ദ്രസർക്കാരിൻറെ പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ആനുകൂല്യമാണ് ഫിഷറീസ് വകുപ്പിലൂടെ ലഭിച്ചത്. സുഭിക്ഷകേരളവുമായി ബന്ധിപ്പിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലായത്. കേന്ദ്രത്തിന്റെ 60 ശതമാനം സബ്സിഡി സുഭിക്ഷകേരളത്തിലൂട എത്തിയപ്പോൾ 40 ശതമാനമായി മാറി എന്ന് പരക്കെ അക്ഷേപമുണ്ട്.  

കൃഷി ചെയ്ത് മാസാമാസം മത്സ്യങ്ങളെ വിപണിയിൽ എത്തിക്കാം എന്ന പ്രതീക്ഷയിൽ 5 മീറ്റർ വ്യാസമുള്ള ഏഴു ബയോഫ്ലോക് ടാങ്കുകളാണ് ചന്ദ്രൻ നായർ നിർമിച്ചത്. ഓരോ മാസം ഇടവിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ഇതിനായി 8 ശതമാനം പലിശയിൽ 10 ലക്ഷം രൂപ വായ്പയുമെടുത്തു. 60 വയസു പ്രായമുള്ള തനിക്ക് ഇതുവരെ മറ്റു സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലാത്തതിനാൽ, കായികാധ്വാനം കുറവുള്ള മത്സ്യക്കൃഷി വായ്പയെടുത്താണെങ്കിലും ചെയ്യാമെന്നു കരുതുകയായിരുന്നു ചന്ദ്രൻ നായർ. 2021 ജനുവരിയിൽ ഏഴു ടാങ്കിന്റെയും നിർമാണം പൂർത്തിയായി. ഇതിനായി ഉറപ്പുള്ള ഒരു ഷെഡ്ഡും നിർമിച്ചു. 

പിന്നീട് മത്സ്യക്കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്. രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 19ന് കുഞ്ഞുങ്ങൾ ഫാമിലെത്തി. ഒരു ടാങ്കിലേക്കുള്ള കുഞ്ഞുങ്ങളാണ് എത്തിയത്, 1250 എണ്ണം. കൊണ്ടുവന്ന് വൈകാതെതന്നെ ആയിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങൾ ചത്തു. വൈറസ് ബാധയാണെന്ന് അധികൃതർതന്നെ പറഞ്ഞുവെന്ന് ചന്ദ്രൻ. അവശേഷിച്ച കുഞ്ഞുങ്ങളെ ഏപ്രിൽ 27 വരെ ബേബി പോണ്ടിൽ വളർത്തിയശേഷം ബയോഫ്ലോക് ടാങ്കിലേക്കു മാറ്റി. ചത്ത മത്സ്യക്കുഞ്ഞുങ്ങൾക്ക് പകരം കുഞ്ഞുങ്ങളെ നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും മൂന്നു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

അവശേഷിച്ച മത്സ്യങ്ങൾക്ക് മികച്ച വളർച്ച ലഭിക്കുകയും 61 കിലോ (178 മത്സ്യങ്ങൾ) ലഭിക്കുകയും ചെയ്തു. 15,000 രൂപയ്ക്കു വിറ്റു. എന്നാൽ, അത് വായ്പയെടുത്ത തുകയ്ക്ക് പലിശ നൽകാൻപോലും പര്യാപ്തമായിരുന്നില്ല. തീറ്റ, വൈദ്യുതി ഇനങ്ങളിൽ ചെലവായത് നികത്താൻ മാത്രമേ ഉപകരിച്ചുള്ളൂ.

‌ജനുവരിയിൽ‌ ടാങ്ക് പണി തീർന്ന തനിക്ക് കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് ലഭ്യമാക്കിയത് മാർച്ച് പകുതിക്കുശേഷം. അതിനുശേഷം അടുത്ത കുഞ്ഞുങ്ങളെ ലഭിച്ചത് ജൂൺ 12ന് ആണെന്നും ചന്ദ്രൻ പറയുന്നു. ടാങ്കുകൾ പണി തീർന്ന് കുഞ്ഞുങ്ങളെ ലഭിക്കാതെ കിടന്നാൽ കർഷകനെന്ന നിലയ്ക്ക് തനിക്ക് നഷ്ടം മാത്രേ വരുന്നുള്ളൂവെന്ന് ചന്ദ്രൻ. കൃത്യസമയത്ത് കുഞ്ഞുങ്ങളെ ലഭിച്ചാൽ 6 മാസം വീതമുള്ള രണ്ടു വിളവെടുപ്പ് ലഭിക്കും. ഒരു ടാങ്കിൽനിന്ന് 500 കിലോയാണ് ഒരു സമയം ലഭിക്കുക. വർഷം 1000 കിലോ ഒരു ടാങ്കിൽനിന്ന്. 7 എണ്ണത്തിൽ 6 ടാങ്കിലെങ്കിലും വളർത്തിയാൽ വർഷം 6000 കിലോ മത്സ്യം ലഭിക്കുമെന്ന് ഫിഷറീസിന്റെ കണക്ക്. ഒരു കിലോ തിലാപ്പിയ മത്സ്യത്തിന് 300 രൂപയാണ് കാസർകോഡ് വില. അപ്പോൾ വർഷം 18 ലക്ഷം രൂപയുടെ നേട്ടം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, കുളമുണ്ടാക്കി 6 മാസം പിന്നിടുമ്പോൾ, കൃത്യസമയത്ത് മത്സ്യങ്ങളെ ലഭിച്ചിരുന്നെങ്കിൽ, ഫിഷറീസ് പറയുന്ന കണക്കുകൾ ശരിയായിരുന്നെങ്കിൽ ലഭിക്കേണ്ടത് 1.5 ലക്ഷം രൂപ. പക്ഷേ, ചന്ദ്രനു ലഭിച്ചത് 15,000 രൂപ മാത്രം.

bioflok-problem-1
മത്സ്യടാങ്കുകളുടെ അടുത്ത് ചന്ദ്രൻ നായർ

കണക്കുകൾ എങ്ങോട്ടാണ് പോകുന്നത്? പലപ്പോഴും മത്സ്യക്കൃഷി കണക്കിലെ കളിയായി മാത്രം മാറുന്നത് കാണാം. തീവ്ര മത്സ്യക്കൃഷി രീതിയിലേക്ക് ഇറങ്ങിയാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. ഒരു സെന്റ് വലുപ്പമുള്ള കുളത്തിൽ യാതൊരുവിധ സന്നാഹങ്ങളുമില്ലാതെ വളർത്താൻ കഴിയുന്നത് 200 തിലാപ്പിയകളെയാണ്. എന്നാൽ, ഏകദേശം അര സെന്റ് (5 മീറ്റർ വ്യാസമുള്ള ടാങ്കിന് 211 ചതുരശ്ര അടി വിസ്തീർണം ഉണ്ടാവും) മാത്രം വലുപ്പമുള്ള ടാങ്കിൽ നിക്ഷേപിക്കുന്നത് 1250 മത്സ്യങ്ങളെയാണ്. അതുകൊണ്ടുതന്നെ 10 മിനിറ്റ് വൈദ്യുതി നിലച്ചാൽപോലും മത്സ്യങ്ങൾ ചത്തൊടുങ്ങും. ചുരുക്കത്തിൽ രാവും പകലും ശ്രദ്ധ വേണം. വൈദ്യുതി മുടങ്ങിയാൽ ജനറേറ്റർ പ്രവർത്തിപ്പിക്കണം. മുക്കാൽ മണിക്കൂർ ജനറേറ്റർ പ്രവർത്തിപ്പിക്കണമെങ്കിൽ 1 ലീറ്റർ പെട്രോൾ വേണം. അപ്പോൾ മത്സ്യക്കൃഷിക്ക് വൈദ്യുതിച്ചെലവ് രണ്ടു രീതിയിൽ. ഏതായാലും ഇത്രയം വലിയ പദ്ധതിയിൽ എന്തുകൊണ്ട് സൗരോർജ വൈദ്യുതിക്ക് സബ്സിഡി കൊടുക്കുന്നില്ലാ എന്ന് ചന്ദ്രൻ ചോദിക്കുന്നു. സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം ഉണ്ടായിരുന്നെങ്കിൽ ചെലവ് കുറയുമായിരുന്നു. അല്ലായെങ്കിൽ വൈദ്യുതിനിരക്കിൽ ഇളവ് അനുവദിക്കണമായിരുന്നു.

8 രൂപ നിരക്കിലാണ് മാർച്ചിൽ ചന്ദ്രന് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിലൂടെ ലഭിച്ചത്. അത് സബ്സിഡിത്തുകയിൽനിന്ന് കുറയ്ക്കുകയാണ് ചെയ്തത്. അതിനാൽ ബിൽ ലഭിച്ചെന്നു ചന്ദ്രൻ പറയുന്നു. കൊണ്ടുവന്നപ്പോൾത്തന്നെ ആയിരത്തിലധികം കുഞ്ഞുങ്ങൾ ചത്തു. നഷ്ടം 8000 രൂപയ്ക്കു മുകളിൽ. എട്ടോ എണ്ണായിരമോ അല്ല നഷ്ടം, ആറു മാസം പ്രായമാകുമ്പോൾ 500 ഗ്രാമോളം തൂക്കം വരുന്ന മത്സ്യങ്ങളാണ് പോയത്. അങ്ങനെ വരുമ്പോൾ ഒരു കുഞ്ഞ് നഷ്ടപ്പെട്ടാൽ നഷ്ടം 150 രൂപയാണെന്ന് ചന്ദ്രൻ. സ്വകാര്യ മത്സ്യക്കുഞ്ഞ് വിതരണക്കാരിലൂടെ 4 രൂപയ്ക്കു ലഭിക്കേണ്ടിയിരുന്ന കുഞ്ഞാണ് 8 രൂപയ്ക്കു വാങ്ങേണ്ടിവന്നതെന്നും ചന്ദ്രൻ പറയുന്നു. 

മത്സ്യക്കുഞ്ഞുങ്ങളെ കൃത്യ സമയത്ത് ലഭിക്കാതെ വന്നതിനാൽ ചന്ദ്രൻ വിളിക്കാത്ത ഉദ്യോഗസ്ഥരില്ല. പഞ്ചായത്തിലെ പ്രൊമോട്ടർ മുതൽ ഉന്നത തലത്തിലുള്ള ജോയിന്റ് ഡയറക്ടറെ വരെ വിളിച്ചു. മലബാർ മേഖലയിൽ ഹാച്ചറി സംവിധാനം ഇല്ലാത്തതിനാൽ കുഞ്ഞുങ്ങളെ എത്തിക്കാൻ ബുദ്ധിമുട്ടാണെന്നാണ് അപ്പോൾ ലഭിച്ച മറുപടിയെന്ന് ചന്ദ്രൻ. മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ സാധിക്കില്ലെങ്കിൽ പിന്നെന്തിന് പദ്ധതികൾ ഇത്രവേഗം നടപ്പാക്കിയെന്ന് ചന്ദ്രൻ ചോദിക്കുന്നു. അടിസ്ഥാന കാര്യങ്ങൾ പോലും ചിന്തിക്കാതെ എടുത്തുചാടി പദ്ധതി ആവിഷ്കരിച്ചതിനെത്തുടർന്ന് സാധാരണക്കാരാണ് കടക്കെണിയിലായത്. 25 ലക്ഷത്തിലധികം രൂപ മത്സ്യക്കൃഷിയിൽ മുടക്കിയവർ വരെ ഇന്ന് കേരളത്തിലുണ്ട്. 

5 മീറ്റർ വ്യാസമുള്ള ഒരു ടാങ്കിൽ ഒരു സീസണിൽ (6 മാസം) 500 കിലോ മത്സ്യം ലഭിക്കുമെന്ന് പരീക്ഷിച്ച് പരിശോധിച്ച് ലഭിച്ച കണക്കാണോ? അതോ മറ്റേതെങ്കിലും ഏജൻസികളോ വ്യക്തികളോ സർക്കാരിനെയും ഫഷറീസ് വകുപ്പിനെയും തെറ്റിദ്ധരിപ്പിച്ചതാണോ? ചോദ്യങ്ങൾ നിരവധിയാണ്.

തുടരും

English summary: Farmers Stare at Debt Trap as Kerala Government Fails to Deliver Fish Seeds On Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com