ADVERTISEMENT

കടൽത്തീരത്തു കൂടി അലസമായി നടന്നു പോകുമ്പോൾ ശംഖോ, പ്ലാസ്റ്റിക്ക് കുപ്പിയോ, കടൽപായലോ  ഒന്നുമല്ലാതെ അസാധാരണമായി പാറക്കഷണം പോലെയോ ഉരുണ്ടുകൂടിയ മെഴുകു പോലെയോ ഒന്ന് കാലിൽ തടഞ്ഞാൽ, കൈയ്യിലെടുക്കും മുൻപ് രണ്ടു വട്ടം ചിന്തിക്കണം. ഇത് വല്ല മെഴുകോ പ്ലാസ്റ്റിക്കോ ആണോ അതോ ഇനി 'തിമിംഗല ഛർദിൽ' എന്ന ആംബർഗ്രിസ് ആണോ? ഒരു കിലോഗ്രാമിന് ഒരു കോടിയോളം വിലമതിക്കുന്ന ആംബർഗ്രിസ് ആണെങ്കിൽ, ഒറ്റ ദിവസം കൊണ്ട് പണ്ടുകാലത്ത് ഒരാൾക്ക് കോടീശ്വരനാകാമായിരുന്നു. പക്ഷേ, ഇപ്പോൾ കഥ മാറി. വെറുതേ കടൽത്തീരത്തുനിന്ന് കിട്ടിയതാണെങ്കിലും അത് സ്വന്തമാക്കിയാൽ നിങ്ങൾ വിലങ്ങു വയ്ക്കപ്പെടും. 

എന്താണ് ആംബർഗ്രിസ് 

ലോകത്തിലെ ഏറ്റവും വിചിത്രമായ ഒരു പ്രകൃതി വിഭവമായാണ് ആംബർഗ്രിസ് കണക്കാക്കപ്പെടുന്നത്. സ്പേം തിമിംഗലം എന്ന ഏറ്റവും വലിയ പല്ലുകളുള്ള തിമിംഗലത്തിന്റെ ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മെഴുകു പോലുള്ള ഒരു വസ്‌തുവാണ് ആംബർഗ്രിസ്. നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ ആംബർഗ്രിസ് പരിചിതമായിരുന്നുവെങ്കിലും അതിന്റെ ഉറവിടവും ഉണ്ടാക്കുന്ന സാഹചര്യങ്ങളും ഒന്നും തന്നെ ആർക്കും വ്യക്തമല്ലായിരുന്നു. കടലിൽ ഒഴുകി നടക്കുന്നതായോ തീരത്തടിഞ്ഞ നിലയിലോ അതുമല്ലെങ്കിൽ അപൂർവമായി തീരത്തടിഞ്ഞ സ്പേം തിമിംഗലത്തിന്റെ ശരീരാവശിഷ്ടങ്ങളിലോ ആണ് ആംബർഗ്രിസ് കണ്ടിട്ടുള്ളത്. 

Ambergris in Reality is Whale Poop and Why it is So Valuable?

ആംബർഗ്രിസ് ‘തിമിംഗല ഛർദിൽ’ തന്നെയാണോ?

സാധാരണയായി ‘തിമിംഗല ഛർദിൽ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും, ഈ വസ്തുവിനെക്കുറിച്ച് ആധികാരികമായി പഠിച്ച് പ്രസിദ്ധീകരണങ്ങളിലൂടെ പ്രശസ്‌തനായ ക്രിസ്റ്റഫർ കെംപിന്റെ അഭിപ്രായത്തിൽ ഇതു പൂർണമായും ശരിയല്ല. 

ഒരു സ്പേം തിമിംഗലം അതിന്റെ ജീവിത കാലയളവിൽ ആയിരക്കണക്കിന് ഭീമൻ കണവകളെ ആഹാരമാക്കും. രണ്ടു മീറ്ററിലധികം നീളവും  പതിന്നാല് മീറ്ററോളം നീളമുള്ള ഗ്രാഹികളും (tentacle) ഉള്ള ഈ ഭീമൻ കണവകളുടെ തലയുടെ അഗ്രഭാഗത്തുള്ള തത്തച്ചുണ്ട് പോലുള്ള കട്ടിയേറിയ ചുണ്ടുകൾ (beak) പക്ഷേ തിമിംഗലത്തിന് പ്രശ്നമാകാറുണ്ട്. ആമാശയത്തിൽ കടക്കുന്ന ഈ  കണവച്ചുണ്ടുകളിൽ നിന്ന് മുറിവേൽക്കാതെ രക്ഷപെടാൻ വേണ്ടി തിമിംഗലം ആമാശയത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ആംബ്രെയിൻ (ambrein), എപ്പിക്കോപ്രോസ്തനോൾ (epicoprostanol) എന്നീ വസ്തുക്കൾ കണവച്ചപണ്ടുകളെ പൊതിഞ്ഞ് ഒരു വലിയ മെഴുകു കഷണം പോലെയാണ് രൂപപ്പെടുക. തിമിംഗലത്തിന്റെ ദഹന പ്രക്രിയ തടസപ്പെടുമ്പോഴാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത് എന്നും കരുതുന്നവരുണ്ട്. ഏതായാലും കട്ടിയായ മെഴുകു കഷണങ്ങൾ  പോലെയുള്ള ആംബർഗ്രിസ് തിമിംഗലങ്ങൾ വിസർജിക്കുകയാണ് ചെയ്യുക. ഛർദിക്കുന്നത് അപൂർവം. സ്പേം തിമിംഗലങ്ങളിൽ തന്നെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ആംബർഗ്രിസ് ഉൽപാദിപ്പിക്കുന്നുള്ളൂ.

ആംബർഗ്രിസ് ശരിക്കും ഇത്രയും വിലമതിക്കുമോ?

സുഗന്ധദ്രവ്യങ്ങളുടെ ഉൽപദന വ്യവസായത്തിലാണ് ആംബർഗ്രിസിന്റെ ഏറ്റവും വലിയ ഡിമാൻഡ്. സുഗന്ധം ദീർഘനേരം നിലനിർത്തുവാൻ ആംബർഗ്രിസിന്റെ ഉപയോഗം പണ്ടുകാലം തൊട്ടേ മനസ്സിലാക്കിയിരുന്നു. കൂടാതെ ലൈംഗിക ഉത്തേജന മരുന്നുകളിലും ഇതിന് സ്ഥാനമുണ്ട്. അപൂർവമായ ലഭ്യത മൂലം മാർക്കറ്റിൽ വൻവില നൽകേണ്ടി വരുന്ന ഒരു പ്രകൃതിവിഭവമായി ഇതു മാറിയിരുന്നു. എന്തായാലും തിമിംഗലത്തിന്റെ വിസർജ്യത്തിനൊപ്പം പുറന്തള്ളപ്പെടുന്ന  ആംബർഗ്രിസ്, കാലക്രമേണ വിസർജ്യത്തിൽ ദുർഗന്ധം വെടിഞ്ഞ്, കടലിൽ ഒഴുകി നടന്ന് കറുത്ത നിറം മാറി ഇളം നിറമാകുകയും, അപൂർവങ്ങളായ ഗന്ധങ്ങളുടെ സങ്കേതമാകുകയും ചെയ്യുന്നു. 

Ambergris in Reality is Whale Poop and Why it is So Valuable?

ആംബർഗ്രിസ് എങ്ങനെ തിരിച്ചറിയാം?

ഇതാണ് ശരിക്കുമൊരു വെല്ലുവിളി 'ചൂടാക്കിയ സൂചി കൊണ്ടുള്ള ഒരു കുത്ത്' ആണ് ആംബർഗ്രിസ് ആണോ എന്നുറപ്പിക്കാനുള്ള ടെസ്റ്റ്. അപ്പോൾ ആ വസ്‌തു ഉരുകുകയും ആകർഷകമായ ഗന്ധത്തോടു കൂടിയുള്ള ഒരു വെളുത്ത പുക പുറപ്പെടുവിക്കുകയും ചെയ്യണം. സംഗതി നിസ്സാരം. പക്ഷേ, മെഴുക്, പ്ലാസ്റ്റിക് പോലുള്ള വസ്‌തുക്കളിലും  ഈ മാറ്റങ്ങൾ ഉണ്ടാകും എന്നതിനാൽ തിരിച്ചറിയൽ വിദഗ്‌ധരുടെ സഹായം തേടേണ്ടി വന്നേക്കാം. 

പ്രകൃതിയുടെ ഈ വരദാനം സ്വീകരിക്കുന്നത് നിയമ വിരുദ്ധമാകുന്നതെങ്ങനെ ?

അതിനു മറുപടി മുൻതലമുറയോടാണ് ആരായേണ്ടത്. ചത്തടിഞ്ഞ ഏതോ സ്പേം തിമിംഗലത്തിന്റെ അവശിഷ്ടത്തിൽ നിന്നും ആംബർഗ്രിസ് കിട്ടിയതിനു ശേഷമാകണം തിമിംഗലങ്ങളെ വകഭേദമില്ലാതെയും തിരഞ്ഞു പിടിച്ചും കൊന്ന് ഈ നിധി കൈക്കലാക്കാൻ മുൻ തലമുറയിലെ കുറെ വിദ്വാന്മാർ ശ്രമിച്ചിരുന്നത്. ഏതായാലൂം അന്യം നിന്നു പോകുന്നതും ശ്രദ്ധാപൂർവം സംരക്ഷിക്കപ്പെടേണ്ടതുമായ ഒരു ജന്തുവായാണ് സ്പേം തിമിംഗലം ഇപ്പോൾ കണക്കാക്കപ്പെട്ടിരിക്കുന്നത് (Under Endangered Species Act). അതിനാൽ ഈ ജീവിയിൽ നിന്ന് കിട്ടുന്ന ഉൽപന്നമായ ആംബർഗ്രിസ് അതിൽ നിന്നുള്ള ഏതെങ്കിലും ഉപോൽപന്നങ്ങളോ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമലംഘനവും കടുത്ത ശിക്ഷകൾക്കു വിധേയമാക്കുന്നതും ആണ്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 2 പ്രകാരം ഇത് നിയമ ലംഘനമാണെന്ന് കേരളാ വനം വകുപ്പ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു. 

യൂറോപ്പ്, യുകെ തുടങ്ങിയ ഇടങ്ങളിൽ ഇതു നിയമവിധേയമാണെന്നും ഓസ്‌ട്രേലിയ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൊന്നുംതന്നെ ഇത് അനുവദനീയമല്ല എന്നും രേഖകളുണ്ട്. 

ഏതായാലും സുഗന്ധദ്രവ്യ വ്യവസായം ആംബർഗ്രിസിനു പകരമുള്ള കൃത്രിമ വസ്‌തുക്കൾ കണ്ടെത്തിയിട്ടു കാലമേറെയായി. പിന്നെയും ഈ പ്രകൃതിയുടെ അപൂർവ സൗരഭം തേടി നിയമക്കുരുക്കുകളിൽ ചാടാതിരിക്കയല്ലേ ബുദ്ധി?

English summary: What is Ambergris?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com