ADVERTISEMENT

ഭൂമിയിലെ ഒരു വസ്തുപോലും വെറും വേസ്റ്റാകുന്നില്ലായെന്നും എല്ലാത്തിനും പുനഃരുപയോഗം സാധ്യമാണെന്നുമുള്ള തത്വത്തിലാണ് ഡോ. ജോണ്‍ ഏബ്രഹാമിന് വിശ്വാസം. അതിനാലാവണം ബ്രോയിലര്‍ കോഴിയുടെ അവശിഷ്ടങ്ങളും (ചിക്കന്‍ വേസ്റ്റ്) ചത്ത കോഴികളെയും ഉപയോഗിച്ച് ബയോഡീസല്‍ ഉണ്ടാക്കാനുള്ള ഗവേഷണ ദൗത്യം അദ്ദേഹം ഏറ്റെടുത്തത്. കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ അസോസ്യേറ്റ് പ്രഫസറായ ഡോ. ജോണ്‍ ഏബ്രഹാം വികസിപ്പിച്ചെടുത്ത, ബ്രോയിലര്‍ ചിക്കന്‍ വേസ്റ്റില്‍നിന്ന് ബയോഡീസല്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ വാണിജ്യ ഉപയോഗത്തിനായി സജ്ജമായിരിക്കുന്നു. 

ചിക്കന്‍ കടകളില്‍നിന്നും ഫാമുകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ റോഡരുകിലും പൊതുഇടങ്ങളിലും വലിച്ചെറിയാനുള്ള കേവലം വേസ്റ്റല്ലെന്നും, അതില്‍ ജൈവ ഊര്‍ജത്തിന്റെ വലിയ നിധിയുണ്ടെന്നും തെളിയിച്ച് മാലിന്യ ഉപയോഗത്തിന്റെ പുതു സന്ദേശവും ഈ ഗവേഷകന്‍ നല്‍കുന്നു. കോഴി അവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത (റെന്‍ഡര്‍) ചിക്കന്‍ ഓയിലില്‍നിന്ന് ബയോഡീസലുണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് ഇന്ത്യന്‍ പേറ്റന്റ് ഓഫീസിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഗ്രാന്റും ലഭിച്ചുകഴിഞ്ഞിരിക്കുന്നു.

bio-deisel-1
ബയോഡീസല്‍ വാഹനത്തില്‍ നിറയ്ക്കുന്നു

വെറ്ററിനറി കോളേജിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ അധ്യാപകനായ ഡോ. ജോണ്‍ ഏബ്രഹാം തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയില്‍നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണ പദ്ധതിയായി ഡോ. ജോണ്‍ തിരഞ്ഞെടുത്തത് ഇറച്ചിക്കോഴിയുടെ കൊഴുപ്പില്‍നിന്ന് ജൈവ ഡീസല്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയായിരുന്നു. ഈ മേഖലയിലെ ഗവേഷണത്തിന് തുടക്കംകുറിച്ച വ്യക്തിയായിട്ടാവും അദ്ദേഹം അറിയപ്പെടുക.

തമിഴ്‌നാട് നാമക്കല്‍ വെറ്ററിനറി കോളേജിലെ പ്രഫസറും വകുപ്പു മേധാവിയുമായിരുന്ന ഡോ. രമേഷ് ശരവണ കുമാറിന്റെ കീഴിലായിരുന്നു ഗവേഷണം. അദ്ദേഹവും ഡോ. ജോണും ചേര്‍ന്ന് തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ പേരില്‍ 2014ല്‍ സമര്‍പ്പിച്ച ടെക്‌നോളജിക്കാണ് ഇപ്പോള്‍ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. 

ഡോക്ടറല്‍ പഠനശേഷം വയനാട്ടിലെ വെറ്ററിനറി കോളജില്‍ തിരിച്ചെത്തിയ ഡോ. ജോണ്‍ തുടര്‍ പരീക്ഷണങ്ങള്‍ക്കായി അവിടെയൊരു ഒരു പൈലറ്റ് പ്ലാന്റ് സ്ഥാപിച്ചു. നാടിനും നാട്ടുകാര്‍ക്കും വലിയ ശല്യമായിത്തീരാവുന്ന ഇറച്ചിക്കോഴി വേസ്റ്റില്‍നിന്നും ലാഭകരമായി ബയോഡീസല്‍ ഉല്‍പാദിപ്പിക്കാമെന്ന് ഡോ. ജോണ്‍ ഏബ്രഹാം തെളിയിക്കുകയായിരുന്നു. പൈലറ്റ് പ്ലാന്റില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ജൈവ ഡീസലിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സാധൂകരണം നല്‍കിയതും വലിയാരു നേട്ടമായി മാറി. പിന്നീട് വെറ്ററിനറി കോളജ് ഫാമിലുള്ള ഒരു വാഹനം ബയോഡീസല്‍  ഉപയോഗിച്ച് പ്രദര്‍ശന ഓട്ടം നടത്തി ഇന്ധനത്തിന്റെ  ഉയര്‍ന്ന എന്‍ജിന്‍ കാര്യക്ഷമതയും കുറഞ്ഞ ബഹിര്‍ഗമനതോതും തെളിയിച്ചു. കോയമ്പത്തൂരുള്ള ഒരു റെന്‍ഡറിങ് പ്ലാന്റ് തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ജൈവ ഡീസല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ഇറച്ചിക്കോഴിയില്‍നിന്ന് ലഭിക്കുന്ന ജൈവ ഡീസലിന് ഉയര്‍ന്ന സീറ്റേയ്ന്‍ വാല്യു (cetane value) ഉണ്ടെന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമാണെന്നതും ശ്രദ്ധേയമാണ്. പെട്രോളിയം ഡീസലിന്റെ സീറ്റേയ്ന്‍ നമ്പര്‍ 64 ആകുന്നു. അതേസമയം ജൈവ ഡീസലിന്റെ നമ്പര്‍ 72 ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ലീറ്റര്‍ ബയോ ഡീസല്‍ ഉല്‍പാദനത്തിനുള്ള ചെലവ് 30.23 രൂപയാണെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. സാധാരണ എന്‍ജിനുകളില്‍ പെട്രോഡീസലും ബയോ ഡീസലും 80:20 എന്ന അനുപാതത്തില്‍ ഉപയോഗിക്കാം. ബയോ ഡീസല്‍ ഉപയോഗത്തിനായി പരിഷ്‌ക്കരിക്കപ്പെട്ട എന്‍ജിനുകളില്‍ പൂര്‍ണ്ണമായും ജൈവ ഡീസല്‍ ഉപയോഗിക്കാന്‍ കഴിയും. ചിക്കന്‍ കൊഴുപ്പില്‍നിന്ന് ബയോഡീസല്‍ ഉല്‍പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് നീതി ആയോഗിന്റെ 'അടല്‍ ഇന്ത്യ ചലഞ്ച്' പുരസ്‌ക്കാരം ഈയിടെ ഡോ. ജോണ്‍ ഏബ്രാഹമിന് ലഭിച്ചു. ഡോ. ജോണിന്റെ പിഎച്ച്ഡി ഗൈഡായിരുന്ന ഡോ. രമേഷ് ശരവണ കുമാര്‍ അടുത്തയിടെയാണ് അകാലത്തില്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്‌നേഹസ്മരണകള്‍ക്ക് മുന്‍പിലാണ് ഡോ. ജോണ്‍ തനിക്ക് ലഭിച്ച പേറ്റന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത്.

English summary: Biodiesel from broiler chicken waste gets ready for commercial production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com