ADVERTISEMENT

കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ് കേരളത്തിലെ മലയോര കര്‍ഷകര്‍. വന്യജീവികളുടെ ആക്രമണങ്ങള്‍ മാത്രമല്ല അവകാശപ്പെട്ട ഭൂമി തട്ടിപ്പറിക്കുന്ന വിധത്തില്‍വരെയാണ് മലയോര മേഖലയില്‍ വനംവകുപ്പിന്റെ ഇടപെടലുകളെന്ന് കര്‍ഷകര്‍ പറയുന്നു. വനംവകുപ്പിന്റെ ജൈവായുധമാണ് വന്യമൃഗങ്ങളെന്നും കര്‍ഷകര്‍ പറയുന്നു. വന്യജീവികളുടെ ആക്രമണങ്ങളില്‍ നടപടി എടുക്കാതെയും പരാതി പറയുന്നവരെ കുറ്റവാളിയാക്കുകയും ചെയ്യുന്ന മനോഭാവമാണ് വനംവകുപ്പിന് കര്‍ഷകരോടുള്ളത്. വന്യജീവികളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ ഭൂമിയൊഴിയാന്‍ നിര്‍ബന്ധിതരാകും. അതുകൊണ്ടുതന്നെ അടുത്ത ജന്മത്തിലെങ്കിലും ഒരു കാട്ടുപോത്തായി ജനിക്കണമെന്നാണ് ഓരോ കര്‍ഷകനും ആഗ്രഹിക്കുന്നതെന്ന് ഇടുക്കി സ്വദേശിയും കര്‍ഷകനുമായ ക്രിസ് കുര്യാക്കോസ് പറയുന്നു. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നു.

രണ്ട് ലോകമഹായുദ്ധങ്ങളാണ് മനുഷ്യരാശി കണ്ടിട്ടുള്ളത്. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ ജൈവായുധങ്ങള്‍ ആകും ഉപയോഗിക്കുക എന്ന മുന്‍വിധി പല യുദ്ധതന്ത്രജ്ഞര്‍ക്കും ഇടയിലുണ്ട്. മറ്റുള്ളവര്‍ എങ്ങനെ ജീവിച്ചാലും മരിച്ചാലും കുഴപ്പമില്ല സ്വന്തം ടെറിട്ടറി വിസ്തീര്‍ണ്ണം വര്‍ധിപ്പിച്ചാല്‍ മതി എന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പല ഭരണാധികാരികളെയും ലോകം കണ്ടുകഴിഞ്ഞു. അത് മുഗള്‍ രാജവംശമായാലും ഹിറ്റ്‌ലര്‍ ആയാലും സദ്ദാം ഹുസൈന്‍ ആയാലും ചെയ്യുന്നത് ഒരേ തെറ്റു തന്നെയാണ്.

ഒരു ജനവിഭാഗത്തെ അപ്പാടെ ഉന്മൂലനം ചെയ്യാനും അവരുടെ വസ്തുവകകള്‍ തകര്‍ത്തുകളയാനും അവരെ അടിമകളാക്കി അടക്കി ഭരിക്കാനും അവര്‍ക്കു ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ പോലും ഇല്ലാതാക്കാനുമായി  തന്ത്രങ്ങള്‍ മെനയുകയും അത് വിദഗ്ധമായി നടപ്പിലാക്കുകയും ആയിരുന്നു ഇവര്‍ ഓരോരുത്തരും ചെയ്തുപോന്നത്. ആ നിരയിലേക്ക് ചേര്‍ത്തുവയ്ക്കുവാന്‍ ഇതാ ഒരു പുതിയ വാര്‍ത്ത കൂടി വരുന്നു. ഇവിടെ ഏകാധിപതി ഇതുവരെയും മറ നീക്കി പുറത്തുവന്നിട്ടില്ല. പടയാളികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. ഉപയോഗിക്കുന്ന ജൈവായുധം ആകട്ടെ വന്യമൃഗങ്ങളും.

wild-animal-attack-KS-4

ഈ യുദ്ധത്തില്‍ ഇരയാക്കപ്പെടുന്നതാകട്ടെ മലയോരങ്ങളില്‍ ജീവിക്കുന്ന കുറച്ച് കര്‍ഷകരും. ഇപ്പോള്‍ ആരാണ് കൃഷി ചെയ്യുന്നത്? വെറും മണ്ടന്മാര്‍ മാത്രം. ബുദ്ധിമാന്മാരൊക്കെ മേലങ്ങാതെ കാശ് കിട്ടുന്ന പണികള്‍ ചെയ്യും. വെയിലത്തും മഴയത്തും പാടത്തും പറമ്പിലും അധ്വാനിക്കുന്നവന് ബുദ്ധി കുറവാണ് എന്ന പൊതുബോധത്തിന്റെ മനപ്പായസവും നുകര്‍ന്ന് അവന്റെ വസ്തുവകകള്‍ പിടിച്ചെടുക്കാനും

അവനെ ആട്ടിപ്പായിച്ച് അവന്റെ കൃഷിയിടങ്ങള്‍ മുഴുവന്‍ വനമാക്കി മാറ്റാനുമായി പ്രവര്‍ത്തിക്കുന്ന ഗൂഢ സംഘത്തിന്റെ പടയാളികളായി ആരോഹണം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി അറിഞ്ഞോ അറിയാതെയോ കുറെ കപട പരിസ്ഥിതി വാദികളും പ്രകൃതി സ്‌നേഹികളും അടിമപ്പണി ചെയ്യുന്നു.

പശ്ചിമഘട്ട മലനിരകള്‍, മഹാരാഷ്ട്രയിലെ രത്നഗിരി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി 1600 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഈ മലനിരകള്‍ക്ക് അടിയില്‍ കോടിക്കണക്കിന് ടണ്‍ ധാതുലവണങ്ങളുടെ നിക്ഷേപമുണ്ട് എന്നറിയുമ്പോള്‍ മാത്രമാണ് ഖനി രാജാക്കന്മാര്‍ ഈ മലനിരകളില്‍ കണ്ണ് വയ്ക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം മനസിലാവുകയുള്ളൂ. ലക്ഷ്യം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ വേണ്ടത് മാര്‍ഗമാണ്. കുറെ പരിസ്ഥിതി നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുക വഴി കുറച്ച് വര്‍ഷങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ ഇവിടം ഉപേക്ഷിച്ച് പൊയ്‌ക്കൊളും. 

wild-animal-1

പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്. പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ സാധിക്കാതെ വരിക, റോഡുകള്‍ നന്നാക്കാന്‍ പറ്റാതെ വരിക, ആശുപത്രികള്‍ പോലെയുള്ള സൗകര്യങ്ങള്‍ ഇല്ലാതാവുക (വാണിജ്യ ബില്‍ഡിംഗുകള്‍ പണിയാന്‍ പറ്റില്ലല്ലോ?) വീടിന്റെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ പറ്റാതെ വരിക (അറ്റകുറ്റപ്പണികള്‍ക്ക് വനം വകുപ്പിന്റെ NOC നിര്‍ബന്ധം), കൃഷിക്ക് നിയന്ത്രണം, ചെരിവ് തലങ്ങളില്‍ മണ്ണ് ഇളക്കിയുള്ള കൃഷികള്‍ പാടില്ല (പശ്ചിമഘട്ടം മുഴുവന്‍ നിരപ്പായ സ്ഥലം അല്ലല്ലോ?), വ്യവസായിക കൃഷി പാടില്ല (കൃഷിക്കാരന്‍ കൃഷി ചെയ്യുന്നത് അവന് പുഴുങ്ങി കഴിക്കാന്‍ മാത്രമല്ലല്ലോ? ഉല്‍പ്പന്നം വില്‍ക്കണമല്ലോ? അപ്പോള്‍ അത് വ്യവസായിക കൃഷി ആണല്ലോ?) ഇത്രയും ഒക്കെ പീഠനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും പിടിച്ചുനില്‍ക്കുന്ന കര്‍ഷകര്‍ക്ക് നേര്‍ക്കാണ് മൃഗങ്ങളുടെ രൂപത്തില്‍ ജൈവായുധങ്ങള്‍ അയയ്ക്കുന്നത്.

ആദ്യം ആന വരും. ആന ചവിട്ടിമെതിച്ച് വരുന്ന വഴി ആന ഒടിച്ചിടുന്ന മരങ്ങളുടെ തളിരിലകള്‍ തിന്നാന്‍ കാട്ടുപോത്ത് വരും. പിന്നാലെ മ്ലാവ് വരും, കേഴമാന്‍ വരും ഇതിനെ പിടിക്കാന്‍ കടുവയും പുലിയും കരടിയും വരും. തെങ്ങ് വച്ചാല്‍ ആന വന്ന് കുത്തിമറിച്ചിട്ട് കൂമ്പ് തിന്നിട്ട് പോകും. മലയണ്ണാന്‍ പകല്‍ വന്ന് തേങ്ങാ തുരന്ന് തിന്നിട്ട് പോകും. മച്ചിങ്ങാ രാത്രി പാറാന്‍ (പറക്കും അണ്ണാന്‍) വന്ന് കുത്തും. ആട് വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് കേഴമാന്‍. എന്തെങ്കിലും ചെടിയുടെ തലപ്പ് കണ്ടാല്‍ ഒരു ആവശ്യവും ഇല്ലെങ്കിലും അതില്‍ ഒന്ന് കടിച്ചിട്ട് പോകും. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഏതു വച്ചാലും പന്നി, മുള്ളന്‍പന്നി ഒക്കെ വന്ന് മാന്തും.

യുദ്ധം ആകുമ്പോള്‍ തിരിച്ച് ആക്രമിക്കാം. ഇവിടെ കര്‍ഷകന് അത് പറ്റില്ല. മൃഗങ്ങളുടെ ദേഹത്ത് ഒരു പോറലേറ്റാല്‍ മൃഗസംരക്ഷണ നിയമവും പൊക്കിപ്പിടിച്ച് ഏമാന്മാര്‍ എത്തുകയായി. ഒരു മനുഷ്യനെ കൊന്നാല്‍ ജാമ്യം കിട്ടും, കോടതി ജീവപര്യന്തം വിധിച്ചാല്‍ 12 കൊല്ലം ബിരിയാണിയും ചപ്പാത്തിയും തിന്നാം (ഇപ്പം ഗോതമ്പ് ഉണ്ട ഇല്ല എന്ന് കേല്‍ക്കുന്നു). എന്നാല്‍ പെരുച്ചാഴിക്ക് വയ്ക്കുന്ന കെണിയില്‍ കുടുങ്ങുന്നത് ഒരു മലയണ്ണാന്‍ ആണെങ്കില്‍ ജാമ്യവും കിട്ടില്ല 14 കൊല്ലം ചപ്പാത്തി തിന്നുകയും വേണം. അതേ, നിയമം അങ്ങനെയാണ്. വനം വകുപ്പിന്റെ ഷെഡ്യൂള്‍ ഒന്നില്‍ പെട്ട മൃഗങ്ങള്‍ക്ക് മനുഷ്യനേക്കാള്‍ വിലയുണ്ട്.

അടിക്കടി പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും എല്ലാം കൃത്യമായി ജനദ്രോഹപരമായതായി തീരുകയും ചെയ്യുമ്പോള്‍ (അബദ്ധത്തില്‍ പോലും ഒരു നിയമം കര്‍ഷകന് അനുകൂലമായി വരാറില്ല) കര്‍ഷകര്‍ക്ക് തീര്‍ച്ചയായും ആശങ്കയുണ്ട്. ഒരിക്കല്‍ ഈ പശ്ചിമഘട്ടത്തില്‍ നിന്ന് കുടിയൊഴിഞ്ഞ് പോകേണ്ടി വരിക തന്നെ ചെയ്യും. ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് ആണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഉദ്യോഗസ്ഥരുടെയും മുകളില്‍ തന്നെയാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സ്ഥാനം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഇപ്പോള്‍ കസേരകളി കഴിഞ്ഞ് ഭരിക്കാന്‍ സമയം കിട്ടാറില്ല. രാഷ്ട്രീയ കിടമത്സരം നിമിത്തം ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും അധികാര കസേര കൂടെ കൊണ്ടുപോകേണ്ടി വരും. ഇല്ലെങ്കില്‍ ആ സമയംകൊണ്ട് എതിരാളി അവിടെ കയറി ഇരിപ്പുറപ്പിക്കും.

ഇപ്പോള്‍ കര്‍ഷകര്‍ക്ക് രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി. സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പായിച്ച് അത് സ്വന്തമാക്കാന്‍ വരുന്ന ശത്രുക്കള്‍ ഒരു വശത്ത്. അറിഞ്ഞോ അറിയാതെയോ അവര്‍ക്ക് ഒത്താശ ചെയ്യുന്ന പരിസ്ഥിതി വാദികള്‍ മറുവശത്ത്. ഒന്നിലും ശ്രദ്ധിക്കാതെ രാഷ്ട്രീയക്കാരും ഹോട്ട് ന്യൂസുകള്‍ക്കും സെന്‍സേഷണല്‍ ന്യൂസുകള്‍ക്കും പിന്നാലെ മീഡിയയും. 

അടുത്ത ജന്മത്തിലെങ്കിലും ഏതെങ്കിലും വനാന്തരത്തില്‍ കാട്ടുപോത്തായി ജനിച്ചാല്‍ ഈ ജന്മത്തില്‍ ലഭിച്ചതിലും പരിഗണന ലഭിക്കുമല്ലോ എന്നാണ് ഇപ്പോള്‍ ഓരോ മലയോര കര്‍ഷകനും ചിന്തിക്കുന്നത്.

English summary: Farmers and Forest Department Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com