ചെയ്തത് 16 ഏക്കറില്‍ മത്സ്യക്കൃഷി; പക്ഷേ ആലപ്പുഴക്കാര്‍ സമ്മാനിച്ചത് 22 ലക്ഷം കടം

HIGHLIGHTS
  • സത്യത്തില്‍ എന്തിനാണ് ഈ കൊള്ള?
  • അങ്ങനൊരു അവകാശമുണ്ടോ?
fish-farmer-alapuzha
മൈക്കിളിന്റെ കൃഷിയിടത്തിൽനിന്ന് മത്സ്യങ്ങളെ പിടിക്കുന്നവർ. മൈക്കിൾ (ഇടത്ത്) - ഫയല്‍ ചിത്രം
SHARE

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 7

മത്സ്യക്കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നവരുടെ നാട് ഏതെന്നു ചോദിച്ചാല്‍ കര്‍ഷകര്‍ ഒന്നടങ്കം പറയുക ആലപ്പുഴ എന്നായിരിക്കും. ആലപ്പുഴ ജില്ലയിലെ മിക്ക മത്സ്യക്കര്‍ഷകരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം പ്രകൃതിക്ഷോഭവും ജീവികളുമൊന്നുമല്ല, മനുഷ്യര്‍തന്നെയാണ്. നിശ്ചിത തീയതിക്കുള്ളില്‍ വിളവെടുക്കാത്ത മത്സ്യങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടവയാണെന്ന് വാദിക്കുന്നവര്‍ കൃഷിയിടങ്ങളില്‍ കടന്ന് മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോകുകയാണ്. തന്റെ അധ്വാനവും വിയര്‍പ്പും സമ്പത്തുമെല്ലാം ഒരുകൂട്ടം ജനം കവര്‍ന്നുകൊണ്ടുപോകുന്നത്, കൊള്ളയടിക്കുന്നത് നിസ്സഹായതോടെ നോക്കിനില്‍ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ.

ആലപ്പുഴ തുറവൂര്‍ വളമംഗലത്ത് മത്സ്യക്കൃഷി ചെയ്തിരുന്ന കണ്ണമാലി കാട്ടുപറമ്പില്‍ കെ.ജെ. മൈക്കിളിന്റെ കൃഷിയിടത്തില്‍ വീണ്ടും കൊള്ള നടന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് മൈക്കിളിന്റെ കൃഷിയിടത്തില്‍ ഒരുകൂട്ടം ആളുകള്‍ അധിക്രമിച്ചുകയറി മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോയത് വലിയ വാര്‍ത്തയായിരുന്നു. ഫിഷറീസ് വകുപ്പു മന്ത്രി വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തെങ്കിലും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസവും കൊള്ള നടന്നിരിക്കുന്നത്.

കോവിഡ് ബാധിച്ച മൈക്കിള്‍ കഴിഞ്ഞ 10 മുതല്‍ വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞു തിരികെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് അതിക്രമം. മൈക്കിളിന്റെ എതിര്‍പ്പു വകവയ്ക്കാതെ മീന്‍ പിടിച്ചുകൊണ്ടു പോയെന്നാണു പരാതി. 5 മാസം മുന്‍പാണ് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പാക്കേജ് വഴി 40% സബ്‌സിഡിയായി ലഭിച്ച 5000 കരിമീന്‍ കുഞ്ഞുങ്ങളെയും സ്വന്തം പണംമുടക്കി 50,000 തിലാപ്പിയകളെയും കുളത്തില്‍ നിക്ഷേപിച്ചത്. നിലവില്‍ 15 ലക്ഷത്തിലേറെ രൂപയുടെ കടമുണ്ട് മൈക്കിളിന്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു ലഭിച്ച ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ചായിരുന്നു മൈക്കിള്‍ മത്സ്യക്കൃഷി ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ കടബാധ്യത മാത്രമാണ് ബാക്കി.

മൈക്കിളിനൊപ്പം കഴിഞ്ഞ വര്‍ഷം ഒരു പറ്റം ആളുകളുടെ തേര്‍വാഴ്ചയ്‌ക്കെതിരേ ഒന്നും ചെയ്യാനാവാതെ നോക്കിനില്‍ക്കേണ്ടിവന്ന കര്‍ഷകനാണ് ആലപ്പുഴ സ്വദേശിയായ മാലിക്. പാട്ടത്തിനെടുത്ത 16 ഏക്കര്‍ സ്ഥലത്തായിരുന്നു മത്സ്യക്കൃഷി. ഞണ്ട്, പൂമീന്‍, തിലാപ്പിയ, കാര-നാരന്‍ ചെമ്മീനുകള്‍ എന്നിവയായിരുന്നു ഇവിടെ വളര്‍ത്തിയിരുന്നത്. ഫിഷറീസിന് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന ആളുമായിരുന്നു മാലിക്. കഴിഞ്ഞ വര്‍ഷം മേയ് ഒന്നിനാണ് മാലിക്കിന്റെ  കൃഷിയിടത്തില്‍ ആളുകള്‍ കൊള്ള നടത്തിയത്.

ഞണ്ടുകളുടെ കയറ്റുമതിയും മാലിക്കിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുഴകളില്‍നിന്ന് മത്സ്യബന്ധനക്കാര്‍ക്ക് ലഭിക്കുന്ന ഞണ്ടുകളെ ഇവിടെക്കൊണ്ടുവന്ന് സംരക്ഷിച്ചുപോരുന്നുണ്ടായിരുന്നു. കോവിഡ് മൂലം കയറ്റുമതി തടസപ്പെട്ടതിനാല്‍ ഇവ കൃഷിയിടത്തില്‍ കിടന്നുപോകുകയും ചെയ്തു. ഈ അവസരത്തിലാണ് ആളുകള്‍ കൂട്ടത്തോടെയെത്തി കൊള്ള നടത്തിയത്. രണ്ടു കിലോവരെയുള്ള ഞണ്ടുകള്‍ അന്ന് കൃഷിയിടത്തിലുണ്ടായിരുന്നതായി മാലിക്. കൊള്ള നടക്കുമ്പോള്‍ ഒരു കിലോ ഞണ്ടിന് 2000 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന കാലമായിരുന്നു. 20 ലക്ഷം രൂപയുടെ മത്സ്യങ്ങളാണ് അന്ന് കൊള്ള ചെയ്യപ്പെട്ടതെന്നും മാലിക് പറയുന്നു.

ഒരു വര്‍ഷം പിന്നിടുമ്പോല്‍ മാലിക് ഒരു മത്സ്യക്കര്‍ഷകനല്ല, ചെമ്പക്കരയില്‍നിന്നും ചെല്ലാനത്തുനിന്നുമെല്ലാം മത്സ്യങ്ങളെ എടുത്ത് വില്‍പന നടത്തുന്ന ഒരു സാധാ മത്സ്യക്കച്ചവടക്കാരന്‍ മാത്രം. പുലര്‍ച്ചെ രണ്ടിന് എഴുന്നേറ്റ് ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകാന്‍ പണിപ്പെടുന്ന ഒരു സാധാരണക്കാരന്‍. ബാധ്യത തീര്‍ക്കാന്‍ വാഹനങ്ങള്‍ വിറ്റു. എങ്കിലും തലയ്ക്കു മുകളില്‍ തൂങ്ങുന്നത് 22 ലക്ഷം രൂപയുടെ കടം. രണ്ടു ബാങ്കുകളിലുമായാണ് അത്രയേറെ കടം. വീട് വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ ബുദ്ധിമുട്ടുകള്‍ മനസിലായപ്പോള്‍ എല്ലാവര്‍ക്കും ചുളുവിലയ്ക്ക് കിട്ടണമെന്ന ചിന്തയാണെന്നും മാലിക്. 

സത്യത്തില്‍ എന്തിനാണ് ഈ കൊള്ള?

ഉള്‍നാടന്‍ മത്സ്യക്കര്‍ഷകര്‍ക്ക് ഭീഷണിയാകും വിധത്തിലാണ് ഇത്തരം ആളുകളുടെ കടന്നുകയറ്റവും കൊള്ളയും. സ്വകാര്യ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കൃഷിയാണ് ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ പേരും പറഞ്ഞ് ഇത്തരം സംഘങ്ങള്‍ കവരുന്നത്. കര്‍ഷകര്‍ ലക്ഷങ്ങള്‍ മുടക്കി, ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടി, വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുക്കുന്ന മത്സ്യങ്ങള്‍ തങ്ങളുടെ അവകാശമാണെന്നു പറഞ്ഞാണ് കൊള്ളസംഘങ്ങള്‍ പിടിച്ചെടുക്കുന്നത്. 

അങ്ങനൊരു അവകാശമുണ്ടോ?

1960കളില്‍ ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത് കേരളത്തില്‍ പ്രധാനമായും നെല്‍കൃഷിയെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. അന്ന് മത്സ്യക്കൃഷിക്ക് വേണ്ടത്ര പ്രചാരം പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അന്ന് നെല്‍ക്കൃഷിക്കു മുമ്പ് പാടശേഖരങ്ങളിലെ മത്സ്യങ്ങളെ പിടിക്കാന്‍ പ്രദേശവാസികള്‍ക്ക് അനുമതി കൊടുക്കാറുണ്ടായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 15 ദിവസത്തേക്ക് അവിടങ്ങളിലെ കരിമീനും പള്ളത്തിയും ചെമ്മീനും കൊഞ്ചുമൊക്കെ നാട്ടുകാര്‍ യഥേഷ്ടം പിടിച്ചെടുത്തു. ഏപ്രില്‍ 15നു ശേഷം ഇവിടെ മത്സ്യക്കൃഷി പാടില്ല എന്നും ഉണ്ടായിരുന്നു. ഈ മീന്‍ പിടിത്തം ഒരു ശീലമാക്കി. ഈ രീതിയാണ് കാലം മാറിയപ്പോള്‍ തങ്ങളുടെ അവകാശം എന്ന പേരില്‍ കൊള്ളയായി മാറിയത്.

കാലം മാറി, മറ്റേതു കൃഷിയും പോലെ മത്സ്യക്കൃഷിക്കും പ്രധാന്യമുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ വിത്തിറക്കി (മത്സ്യക്കുഞ്ഞുങ്ങള്‍) ആണ് കൃഷി ചെയ്യുക. പണ്ട് പാടങ്ങളില്‍ വളരുന്നതോ പുഴകളിലും തോടുകളിലും നിന്ന് വരുന്നതോ ആയ മത്സ്യങ്ങളായിരുന്നു പാടശേഖരങ്ങളിലുള്ളതെങ്കില്‍ ഇന്ന് കര്‍ഷകര്‍ ഇറക്കുന്ന മത്സ്യങ്ങളാണുള്ളത്. അതും സ്വകാര്യമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയില്‍. 

സ്വകാര്യഭൂമിയിലെ കൃഷിയുടെ അവകാശം ഭൂവുടമയ്‌ക്കോ അദ്ദേഹം നിശ്ചയിച്ചിട്ടുള്ള വ്യക്തിക്കോ ആണെന്ന് കോടതി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തരവിട്ടിട്ടുള്ളതാണ്. ഏതെങ്കിലും രാഷ്ട്രീയ നേതാവ് അനുമതി നല്‍കി എന്ന പേരില്‍ സ്വകാര്യ ഭൂമിയില്‍ കയറി കൊള്ള ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അതായത് വ്യക്തികളുടെ ജീവനും സ്വത്തിനുംമേലുള്ള കടന്നുകയറ്റത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇതുകൂടാതെ 2010ല്‍ കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട് പാസാക്കിയിരുന്നു. ഇതിന്റ നിയമങ്ങളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത് 2013-15 കാലഘട്ടത്തിലാണ്. ഏതൊരു സ്വകാര്യ വെള്ളക്കെട്ടിലെയും മത്സ്യം പിടിക്കാനുള്ള അവകാശം ആ ഭൂമിയുടെ ഉടമയ്ക്ക് (അദ്ദേഹം നിശ്ചയിച്ചിരിക്കുന്ന ആള്‍ക്ക്, പാട്ടത്തിനെടുത്ത വ്യക്തിക്ക്) മാത്രമായിരിക്കും എന്ന് അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പണ്ടുണ്ടായിരുന്ന ഉത്തരവിന് അടിവരയിട്ടു എന്നതാണ് ഇതിലൂടെ ചെയ്തത്. എന്നാല്‍, ഇക്കാര്യം ഇപ്പോഴും വകവയ്ക്കാന്‍, അല്ലെങ്കില്‍ സമ്മതിച്ചുനല്‍കാന്‍ ചില തല്‍പര കക്ഷികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കഴിയില്ല. 

കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട്-2010 വരുന്നതിനു മുമ്പ്, ഒരു തര്‍ക്കമുണ്ടായപ്പോള്‍ 2002ല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് ഒരു ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 14നു ശേഷം നാടന്‍ കെട്ട് നടത്താന്‍ പാടില്ലെന്നും ലൈസന്‍സുള്ള മത്സ്യത്തൊഴിലാളികള്‍ മാത്രമേ പൊതു ജലാശയങ്ങളില്‍നിന്നോ പുമ്പോക്കില്‍നിന്നോ മത്സ്യം പിടിക്കാന്‍ പാടുള്ളൂവെന്നുമാണ് ആ ഉത്തരവില്‍ പറഞ്ഞിരുന്നത്. അതിനര്‍ഥം സ്വകാര്യ ഭൂമിയിലെ മത്സ്യങ്ങള്‍ പിടിക്കാമെന്നായിരുന്നില്ല. ഏപ്രില്‍ 14നു ശേഷം നാടന്‍ കെട്ട് പാടില്ല എന്ന് ഉത്തരവില്‍ പറയുമ്പോള്‍ അതിനുശേഷം അവിടുത്തെ മത്സ്യങ്ങള്‍ അതായത് സ്വകാര്യ ഭൂമിയിലെ മത്സ്യങ്ങള്‍ തങ്ങള്‍ക്ക് പിടിക്കാമെന്ന രീതിയില്‍ അവര്‍ വ്യാഖ്യാനിച്ചു. എന്നാല്‍, ഈ കടന്നുകയറ്റത്തിനെതിരേ കര്‍ഷകര്‍ സംഘടിച്ചപ്പോള്‍ വിരോധംവച്ചുള്ള കൊള്ളയായിരുന്നു പിന്നീട് നടന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന കൊള്ളയെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടരും

English summary: Problems of Kerala Inland Aqua Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA