ADVERTISEMENT

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 8

കേരളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് ഏതാനും ചിലർക്കു മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് മുൻപ് പറഞ്ഞിരുന്നല്ലോ. ഒട്ടേറെ കർഷകരുടെയും വിതരണക്കാരുടെയും ലൈസൻസ് അപേക്ഷ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. വൈകാതെ അതിൽ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. 

ലൈസൻസ് ലഭിച്ച പലരും ലൈസൻസ് ദുർവിനിയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. തിലാപ്പിയ ഇറക്കുമതി ചെയ്യാൻ ലൈസൻസ് ലഭിച്ചിരിക്കുന്നരെക്കൂടാതെ മറ്റു മത്സ്യങ്ങളുടെ ലൈസൻസ് ലഭിച്ചവരും തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. വാളയ്ക്കും അനാബസിനുമൊക്കെ ലൈസൻസ് ലഭിച്ചവർ ഒപ്പം തിലാപ്പിയയെയും ഇറക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യാൻ ലൈസൻസ് വേണമെന്നിരിക്കേ മറ്റു മത്സ്യങ്ങളുടെ ലൈസൻസ് സമർപ്പിച്ചാണ് ഈ നീക്കം. അതായാത് മത്സ്യക്കുഞ്ഞുങ്ങളെ പായ്ക്ക് ചെയ്ത ബോക്സിനു പുറത്ത് പൻഗേഷ്യസ് അല്ലെങ്കിൽ അനാബസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ, ഉള്ളിൽ തിലാപ്പിയ ആയിരിക്കും. മത്സ്യവിത്ത് നിയമത്തിന്റെ പരസ്യമായ ലംഘനമാണിത്. ഫിഷറീസ് സ്ക്വാഡിന്റെ പരിശോധന ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമമാകണം. നിയമം എല്ലാവർക്കും ബാധകമാണ്.

ലൈസൻസ് ലഭിച്ചവർ എത്ര മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കി എന്നുള്ള കണക്ക് ശേഖരിക്കാൻ മത്സ്യവിത്ത് കേന്ദ്രത്തിന് കഴിയില്ലാ എന്നാണ് അതികൃതർ പറയുന്നത്. ലൈസൻസിൽ എത്ര കുഞ്ഞുങ്ങളെ ഒരു വർഷം ഇറക്കാം എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ, അതിലും വലിയ സംഖ്യ കേരളത്തിലേക്ക് പറന്നിറങ്ങുന്നുണ്ടെന്നാണ് കണക്ക്. വിമാനക്കമ്പനികൾ ലൈസൻസ് ഇല്ലാത്തവർക്ക് മത്സ്യക്കുഞ്ഞുങ്ങൾ ഇറക്കിനൽകില്ല എന്ന് തീരുമാനിച്ചതിനുശേഷം കേരളത്തിലേക്ക് 20 ലക്ഷത്തിനു മുകളിൽ തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 500 ബോക്സിനു മുകളിലാണ് തിലാപ്പിയക്കുഞ്ഞുങ്ങൾ എത്തിയത്. തൂക്കം കണക്കാക്കിയാൽ 8 ടണ്ണിന് മുകളിൽ. മറ്റു മത്സ്യങ്ങൾ വേറെ. 

മത്സ്യവിത്ത് ഫാമിന്റെയോ ഹാച്ചറിയുടെയോ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ലൈസൻസോ കൈവശമുള്ള ഒരാൾക്ക് ചില ഉത്തരവാദിത്തങ്ങൾ മത്സ്യവിത്ത് നിയമം നിഷ്കർഷിക്കുന്നുണ്ട്. 

  1. മത്സ്യവിത്ത് ഫാമിന്റെയോ ഹാച്ചറിയുടെയോ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള ഒരാൾ മത്സ്യവിത്ത്, ബ്രൂഡ് മത്സ്യം എന്നിവയുടെ സ്രോതസ്, അവ എത്തിക്കുന്ന മാർഗം, ഉപയോഗിക്കുന്ന ആഹാരത്തിന്റെ ഇനവും അളവും, മരുന്നുകളുടെ ഉപയോഗക്രമം, ചികിത്സാ കാലയളവ്, ചികിത്സാ തീയതി, മത്സ്യഇനത്തിന്റെ വിവരം, സ്റ്റോക്കിങ് നിരക്ക്, മരണനിരക്കിന്റെ വിവരം എന്നിവയുടെ രേഖകളും ദിവസവും വിൽക്കുന്ന ഓരോ ഇനം മത്സ്യവിത്തിന്റെ എണ്ണവും ഭാരവും ഓരോ വിൽപനയുടെ സ്ഥലവും ഉൾപ്പെടെയുള്ള വിൽപനയുടെ രേഖകൾ ഫോം 15 പ്രകാരമുള്ള റജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള ഒരാൾ പ്രാദേശിക മത്സ്യവിത്ത് കേന്ദ്രത്തിന്റെയോ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെയോ അഭ്യർഥനയിൻമേൽ മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള രേഖകൾ, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള ആൾ കുറഞ്ഞത് 5 വർഷമെങ്കിലും സൂക്ഷിക്കേണ്ടതാണ്.
  2. മത്സ്യ ഇറക്കുമതി, കയറ്റുമതി, വിപണനകേന്ദ്രം എന്നിവയുടെ ലൈസൻസ് കൈവശമുള്ള ആൾ ഫോം നമ്പർ 16 പ്രകാരമുള്ള റജിസ്റ്ററിൽ വിവരം സൂക്ഷിക്കണം.
  3. അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥർ നിർദേശിക്കാവുന്ന അത്തരം സമയത്തിനുള്ളിലും അപ്രകാരമുള്ള രീതിയിലും ഈ ചട്ടങ്ങൾ പ്രകാരം സൂക്ഷിക്കുന്ന ഏതൊരു രേഖയും അല്ലെങ്കിൽ വിവരവും ഒരു ലൈസൻസി നൽകേണ്ടതാണ്. (കൂടുൽ വിവരങ്ങൾക്ക് സംസ്ഥാന മത്സ്യവിത്ത് കേന്ദ്രവുമായി ബന്ധപ്പെടണം).

ലൈസൻസ് നേടിയവർ കൃത്യമായി രേഖകൾ സൂക്ഷിക്കുന്നുണ്ടോ എന്നും ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും അധികം കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കാൻ മത്സ്യവിത്ത് കേന്ദ്രത്തിനും ഫിഷറീസ് വകുപ്പിനും ഉത്തരവാദിത്തമുണ്ട്. കർഷകർക്കും വിതരണക്കാർക്കും ഇതുമായി ബന്ധപ്പെട്ട് അവബോധം സൃഷിക്കാനും സർക്കാർ ഏജൻസികൾ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, തൽപരകക്ഷികൾ ആനുകൂല്യം നേടുകയും അർഹതപ്പെട്ടവർക്ക് പരിരക്ഷ ലഭിക്കാതെവരികയും ചെയ്യും. ഫലത്തിൽ സർക്കാരിനും വകുപ്പിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യും. 

വളർത്തുമത്സ്യങ്ങളെക്കൂടാതെ കേരളത്തിലേക്കെത്തുന്ന അലങ്കാര്യമത്സ്യങ്ങളും സീഡ് ആക്ടിന്റെ പരിധിയിൽ പെടുന്നവയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഫിഷറീസ് സ്ക്വാഡ് പരിശോധന നടത്തുകയും മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയവർക്ക് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വാളയാർ ചെക്ക് പോസ്റ്റിലും മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. ലൈസൻസ് ഉള്ളവർ മാത്രം മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയാൽ മതി എന്നാണ് വിതരണക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഫലത്തിൽ റോഡ്, വ്യോമ, റെയിൽ ഗതാഗത സംവിധാനങ്ങൾ വഴിയുള്ള ചരക്കുനീക്കം നിരോധിച്ചു.

fish-seed
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസ്

അലങ്കാരമത്സ്യങ്ങളുടെ ലൈസൻസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വളർത്തുമത്സ്യങ്ങൾക്കുള്ള റജിസ്ട്രേഷൻ, ലൈസൻസ്, ഇറക്കുമതി ഫോമുകൾത്തന്നെയാണ് അലങ്കാരമത്സ്യങ്ങൾക്കുമുള്ളത്. എന്നാൽ, വളർത്തുമത്സ്യങ്ങളുടെ എണ്ണം വിരലിൽ എണ്ണാവുന്നവ മാത്രമാണെങ്കിൽ അലങ്കാരമത്സ്യങ്ങൾ ഒട്ടേറെയാണ്. നൂറിലധികം ഇനം അലങ്കാരമത്സ്യങ്ങൾ കേരളത്തിലെ അലങ്കാരമത്സ്യവിപണിയിലുണ്ട്. എന്നാൽ, അപേക്ഷ സമർപ്പിക്കുന്നവർക്ക് വിരലിലെണ്ണാവുന്ന മത്സ്യങ്ങൾക്ക് മാത്രം ലൈസൻസ് അനുവദിക്കുന്ന രീതിയാണുള്ളതെന്നും വ്യാപാരികൾ പറയുന്നു. ലൈസൻസ് ഇല്ലാതെ മറ്റു മത്സ്യങ്ങളെ ഇറക്കുമതി ചെയ്താൽ നിയമലംഘനമാകുമെന്നും ലൈസൻസിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. വളർത്തുമത്സ്യവും അലങ്കാരമത്സ്യവും ഒരുപോലെ കാണാതെ രണ്ടിനും വ്യത്യസ്ത മാർഗനിർദേശങ്ങളും അപേക്ഷാ രീതികളും ആവിഷ്കരിക്കുന്നതാണ് ഉചിതം.

നിയമം കർശനമായാൽ കേരളത്തിലെ അലങ്കാരമത്സ്യക്കർഷകർക്ക് വലിയ സാധ്യത തുറന്നുതരുന്നുണ്ട്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങൾത്തന്നെ കേരളത്തിലെ അലങ്കാരമത്സ്യവിപണിയിലെത്തും. ഇവിടെ താരതമ്യേന ഉൽപാദനച്ചെലവ് കൂടുതലായതിനാലാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങൾ കടന്നുവരാൻ കാരണം. കേരളത്തിനെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ അലങ്കാരമത്സ്യക്കൃഷി സർക്കാർ പിന്തുണയുള്ള കുടിൽവ്യവസായങ്ങളാണ്. മാത്രമല്ല, അവിടങ്ങളിലെ ഉൽപാദകർക്ക് ലൈസൻസോ റജിസ്ട്രേഷനോ പോലും ആവശ്യമില്ല. കേരളത്തിൽ ലൈസൻസ് ലഭിച്ചവർ റജിസ്ട്രേഷനോ ലൈസൻസോ ഉള്ള ഉറവിടങ്ങളിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കണം എന്ന് നിബന്ധനയുള്ളപ്പോൾ അതും വെല്ലുവിളിയാകും.

fish-seed-1
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ മത്സ്യക്കുഞ്ഞുങ്ങൾ അടങ്ങിയ ബോക്സുകൾ ഫിഷറീസ് ഉദ്യോഗസ്ഥ പരിശോധിക്കുന്നു

തുടരും

English summary: Fish Seed Act Violations in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com