35 സെന്റിൽ 35 ഇനം പഴവർഗങ്ങളും മത്സ്യവും കോഴിയും ആടും; കോവിഡിൽ ബിബിന് തുണയായത് ഇവയൊക്കെ

HIGHLIGHTS
  • കോവിഡിൽ ആദായമാർഗമായത് പക്ഷി–മൃഗപരിപാലനം
  • പ്രധാന വരുമാനം ടർക്കിക്കോഴിക്കുഞ്ഞുങ്ങളുടെ വിൽപന
covid-surviver
ബിബിനും ഭാര്യ ബിനിതയും മക്കളുമൊത്ത് ഫലവൃക്ഷത്തോട്ടത്തിൽ
SHARE

ബിബിന്റെ 35 സെന്റ് ഭൂമിയിൽ 35 ഇനം പഴവര്‍ഗങ്ങളുണ്ട്. പെരുമ്പാവൂർ ഐമുറി ത്രിവേണിയില്‍ ഗ്രീൻവാലി പബ്ലി‌ക് സ്കൂളിനടുത്ത്   പാണാട്ടുമാലി  വീടിന്റെ വളപ്പില്‍ ഫലവൃക്ഷങ്ങള്‍ക്കൊപ്പം മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന, വാഴ തുടങ്ങി മിക്ക വിളകളുമുണ്ട്.

അഞ്ച് ഇനം പ്ലാവ്, 4 ഇനം മാവ്, 3 റംബൂട്ടാൻ,  സപ്പോട്ട, മുള്ളാത്ത, പേരയ്ക്ക, അത്തി, ദുരിയാൻ, പീനട്ട് ബട്ടർ, പാഷൻഫ്രൂട്ട്, ഞാവൽ, ബംബ്ലൂസ് നാരകം, ആത്ത,  സീതപ്പഴം, കുടമ്പുളി, ബാംഗ്ലൂർ ഓറഞ്ച്, നെല്ലി, പുളി നെല്ലിക്ക, ഇരുമ്പൻപുളി, സ്റ്റാർ ഫ്രൂട്ട്, മലേഷ്യൻ മൾബറി, നാടൻ മൾബറി, മങ്കോസ്റ്റിൻ, ജാതി, കൊടുക്കാപ്പുളി, മധുര അമ്പഴം എന്നിങ്ങനെ ഫലവൃക്ഷങ്ങളുടെ പട്ടിക നീളുന്നു. പച്ചക്കറിക്കൃഷിയും മത്സ്യം, കോഴി , ആടുവളർത്തലുമാണ്  ആദായമാര്‍ഗമെന്നു കൂവപ്പടി കൃഷി ഓഫിസർ ജയ മരിയ ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. ആട്, കോഴി, മത്സ്യങ്ങളുടെ കാഷ്ഠം പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും  വളമാക്കുന്നു.  സുഭിക്ഷകേരളം പദ്ധതിപ്രകാരമുള്ള ജൈവഗൃഹം കൂടിയാണ്  ഈ തോട്ടം. 

സ്കൂൾ യൂണിഫോം വിതരണ ബിസിനസ് നടത്തിയിരുന്ന ബിബിൻ കോവിഡ് കാലത്താണ്  മുഴുവൻ സമയ കൃഷിയിലേക്കു തിരിഞ്ഞത്. മുന്‍പ് കൃഷി ഹോബി ആയിരുന്നു. ഇന്നു വരുമാനമാർഗം കൂടിയാണ്. ഓരോ ഗൃഹവും ഭക്ഷണകാര്യത്തിൽ സ്വയംപര്യാപ്തമാവുകയാണ് ‘ജൈവഗൃഹം’ പദ്ധതിയുടെ ലക്ഷ്യം.  കൃഷിയും മൃഗപരിപാലനവും ഉൾപ്പെടെ ഏതെങ്കിലും അഞ്ച് ഇനങ്ങള്‍ ഒരു ഗൃഹത്തിലേക്കു തിരഞ്ഞെടുക്കാം. കൃഷി ഓഫിസറുടെ മേൽനോട്ടത്തിൽ  സാങ്കേതികസഹായം നല്‍കും.  സാമ്പത്തികസഹായവുമുണ്ട്. ബിബിന് 35,000 രൂപ ലഭിച്ചു. 

covid-surviver-1
കോഴിവളർത്തൽ പ്രധാന വരുമാനമാർഗം

ടർക്കി, ഗിനി, വാത്ത, കാട, കരിങ്കോഴി, തനി നാടൻകോഴികൾ, നേക്ക്ഡ് നെക്ക്, ഗ്രാമപ്രിയ ഇനം കോഴികൾ, ആട്, താറാവ്, മുയൽ, ലവ് ബേഡ്സ്, നായകൾ എന്നിവയും ആദായം നല്‍കുന്നു. രണ്ട് വർഷം മുൻപ് പിറവത്തുനിന്ന് കൗതുകത്തിനു വേണ്ടി വാങ്ങിയ ടർക്കിക്കുഞ്ഞുങ്ങൾ കഴിഞ്ഞ ലോക് ഡൗൺ കാലത്ത് പ്രധാന വരുമാനമാർഗമായെന്നു ബിബിന്‍.  ടർക്കിയുടെ ഒരാഴ്ചത്തെ മുട്ടകൾ സൂക്ഷിച്ചുവച്ച് ഒരു ഹാച്ചറിയിൽ കൊടുത്ത് വിരിയിച്ചു. ആ സമയത്ത് ആരുടെ പക്കലും ടർക്കി ഇല്ലാതിരുന്നതിനാൽ ഒരു ദിവസം പ്രായമായ കുഞ്ഞിന് 100 രൂപ നിരക്കിൽ 1000 എണ്ണം ഒന്നര വർഷം കൊണ്ടു വിറ്റഴിച്ചു. ഇപ്പോഴും ആവശ്യക്കാർ കാത്തു നിൽക്കുന്നു. മുട്ടക്കോഴിക്കുഞ്ഞുങ്ങളും വില്‍പനയ്ക്കുണ്ട്.   

അച്ഛൻ ശശിധരനും  അമ്മ വത്സയും സ്കൂൾ അധ്യാപികയായ ഭാര്യ ബിനിതയും, മക്കളായ അദ്വൈതും ആദിദേവുമെല്ലാം സംരംഭത്തില്‍ ബിബിനെ സഹായിക്കുന്നു.  

ഫോൺ: 9846393987

English summary: Jaiva Griham Project by Kerala Agriculture Department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA