കാട്ടാനയുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് ഒരമ്മ: കൊലക്കളമായി മലയോരം

elephant-2
SHARE

കാട്ടാനയുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന മാതാവിന്‌റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന മകനെ ഇന്നലെ ലോകം മുഴുവന്‍ കണ്ടതാണ്. നമ്മേപ്പോലെ ഒരു ഒരു മകന്‍. വനവും വന്യജീവികളും പ്രധാനികളാകുമ്പോള്‍ പ്രാധാന്യം നഷ്ടപ്പെടുന്ന ചില സാധാരണ ജന്മങ്ങള്‍. കര്‍ഷകര്‍ ചോദിക്കുന്നു, ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാരും അനുബന്ധ വകുപ്പുകളുമെല്ലാം നിലകൊള്ളുന്നത്, മനുഷ്യനുവേണ്ടിയോ അതോ മൃഗങ്ങള്‍ക്കുവേണ്ടിയോ?

വന്യമൃഗങ്ങളുടെ ആക്രമണം മലയോര മേഖലകളില്‍ തുടര്‍ക്കഥയാവുകയാണ്. മൃഗങ്ങള്‍ - പ്രത്യേകിച്ച് ആന - കാടു വിട്ട് കൃഷിയിടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു. കാട്ടിലേക്ക് തിരികെ കയറാന്‍ മടിക്കുന്ന ആനക്കൂട്ടങ്ങള്‍ കേരളത്തിലെ മലയോരങ്ങളിലെ നിത്യ സംഭവമാണ്. എന്തുകൊണ്ട് കാടുവിട്ട് വന്യമൃഗങ്ങള്‍ നാടിനെ ഇഷ്ടപ്പെടുന്നു? സംശയം ലവലേശമില്ലാതെ പറയാം, കാട്ടില്‍ അവയ്ക്ക് ആവശ്യമായ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നില്ല. അപ്പോള്‍പ്പിന്നെ അവ സുഭിക്ഷ ഭക്ഷണം ലഭ്യമാകുന്നിടത്തേക്ക് പലായനം ചെയ്യും. അത് എല്ലാ മൃഗങ്ങളുടെയും ജീവിതരീതിയാണ്.

വനഭൂമി വിട്ടുള്ള കൃഷിയിടങ്ങളില്‍ വാഴ, കപ്പ, ചേന, പ്ലാവ്, ചേമ്പ്, തെങ്ങ് എന്നുതുടങ്ങി വ്യത്യസ്ത രീതിയില്‍പ്പെട്ട ഭക്ഷണം ആനപോലുള്ള മൃഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കാട്ടിലെ പുല്ലു തിന്നു മടുത്ത വിരസതയകറ്റാന്‍ ആനകള്‍ കാടിറങ്ങിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

elephant-attack
ഇന്നലെ പൂപ്പാറയില്‍ തോട്ടം തൊഴിലാളിയെ ആന ആക്രമിച്ച സ്ഥലം. ആനയുടെ കാല്‍പ്പാടുകളാണ് ചിത്രത്തിലുള്ളത്‌

സംസ്ഥാനത്ത് അങ്ങിങ്ങായി മഴ പെയ്യുകയാണ്. മലയോര മേഖലയില്‍, പ്രത്യേകിച്ച് ഏലത്തോട്ടങ്ങളില്‍ മഞ്ഞ് പൊതുവെ കാണപ്പെടുന്ന സമയം. ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി പൂപ്പാറയില്‍ സംഭവിച്ചതും അതുതന്നെ. 45 വയസുള്ള വിമല എന്ന തോട്ടം തൊഴിലാളിയാണ് ഏലച്ചെടിയുടെ ചുവട്ടില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. സമീപത്ത് ആന ചവിട്ടിപ്പോയ മണ്ണില്‍ അതിന്റെ കാല്‍പാദം പതിഞ്ഞ കുഴികള്‍ കാണാം. അതില്‍നിന്നു മനസിലാക്കാം, ആ സ്ത്രീ അനുഭവിച്ച വേദന എന്തായിരിക്കുമെന്ന്. 

ഏലത്തോട്ടത്തില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യവേ കാട്ടാന വരുന്നത് കാണാന്‍ വിമലയ്ക്കു കഴിഞ്ഞില്ല. ഒഴിഞ്ഞു മാറുന്നതിനു മുന്‍പേ എല്ലാം കഴിഞ്ഞിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മലയോര മേഖലയിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കണ്ണുനീര്‍ കണ്ടെങ്കിലും കണ്ണ് തുറക്കൂ എന്ന് കര്‍ഷക സംഘടനകള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ട് നാളുകളേറെയായി. വനംവകുപ്പ്-കര്‍ഷക സംഘര്‍ഷങ്ങളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിച്ചുകഴിഞ്ഞു. 

വന്യജീവ സംരക്ഷണനിയമം 1972 Sec. 11 (a) പ്രകാരം സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൊലയാളി കാട്ടാനയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിടാന്‍ കഴിയുമെന്ന് കര്‍ഷക സംഘടനയായ കിഫയുടെ ലീഗല്‍ സെല്‍ ഡയറക്ടര്‍ അഡ്വ. ജോണി കെ. ജോര്‍ജ് പറയുന്നു. എന്നാല്‍, മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞാലും വന്യമൃഗങ്ങള്‍ക്ക് ഒന്നും സംഭവിക്കാതെ പരിപാലിക്കാന്‍ ശ്രമിക്കുന്ന വകുപ്പിനെയാണ് കാണുന്നത്.

ആനശല്യത്തിനെതിരേ കിഫ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ അമ്യാംമണ്ണ് കുമ്പിടിയാങ്കല്‍ സ്‌കറിയ(74)യുടെ കൃഷിയിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ കാട്ടാന കയറുകയും കുലച്ച വാഴകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും, മതിലിനു കേടുപാടു വരുത്തുകയും ചെയ്ത സംഭവത്തില്‍ പെരുവാണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ കിഫയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 425 പ്രകാരം കൃത്യവിലോപത്തിനും, നാശനഷ്ടം ഉണ്ടാക്കിയതിനുമേതിരെയാണ് കേസ്. പെരുവണ്ണാമൂഴി പോലീസ് പരാതി സ്വീകരിച്ചു രസീത് നല്‍കി. ഫോറെസ്റ്റ് വകുപ്പിന്റെ കൃത്യവിലോപത്തിനും, കര്‍ഷകരെ കയ്യേറ്റക്കാര്‍ എന്ന് ആക്ഷേപിക്കുന്നതിനുമെതിരെയുള്ള നിയമ യുദ്ധത്തിന്റെ തുടക്കം മാത്രമണിതെന്ന് കിഫ പറയുന്നു. വന്യമൃഗശല്യം മൂലം ദുരിതം അനുഭവിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും നിയമ സഹായം നല്‍കാന്‍ കിഫ തയ്യാറാണെന്നും, അത്തരം ദുരിതം അനുഭവിക്കുന്നവര്‍ kifalegalcell@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപെടണമെന്നും കിഫ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനിക്കല്‍ അറിയിച്ചു.

English summary: Woman dies in wild elephant attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA