വനവിഭവങ്ങളിലൂടെ മികച്ച വരുമാനം; എന്താണ് ഗോത്രവിഭാഗക്കാരെ രക്ഷിക്കുന്ന 'വന്‍ ധന്‍'

HIGHLIGHTS
  • സ്വയം സഹായസംഘങ്ങള്‍ക്കായി 16,579 ലക്ഷം കോടിയുടെ ഫണ്ട്
  • 14 സംസ്ഥാനങ്ങളിലായി 26 മോഡല്‍ വന്‍ധന്‍ വികാസ് കേന്ദ്രങ്ങള്‍
van-dhan-1
SHARE

ഈ മാസം 17നാണ് ഗോത്ര വര്‍ഗക്കാര്‍ക്കുള്ള സുസ്ഥിര ഉപജീവന പദ്ധതിയായ 'സങ്കല്‍പ് സെ സിദ്ധി- മിഷന്‍ വന്‍ ധന്‍' സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്ര ഗോത്രവര്‍ഗക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട ഉദ്ഘാടനം ചെയ്തത്. ട്രൈബല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡവലപ്‌മെന്റ് ഫെഡറേഷനു (ട്രൈഫെഡ്) കീഴിലാണു മിഷന്‍ വന്‍ ധന്‍ പദ്ധതി ആരംഭിക്കുന്നത്. അധികമാര്‍ക്കും അറിയില്ല എന്താണ് ട്രൈഫെഡ് എന്നും വന്‍ധന്‍ പദ്ധതി എന്തെന്നും. 

ഗോത്രവിഭാഗങ്ങളുടെ തനതു കലകളും കരകൗശല വസ്തുക്കളും സംരക്ഷിച്ചു മികച്ച വിപണി കണ്ടെത്തുക എന്നതാണു വന്‍ ധന്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ദേശീയ നോഡല്‍ ഏജന്‍സിയാണു ട്രൈഫെഡ്. ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പന്നങ്ങളും വനവിഭവങ്ങളുമടക്കം മാര്‍ക്കറ്റ് ചെയ്തു മികച്ച വില ഉറപ്പാക്കുന്നതിനും കൂടിയാണ് 1987ല്‍ കേന്ദ്ര ഗോത്രവര്‍ഗമന്ത്രാലയത്തിനുകീഴില്‍ ട്രൈഫെഡ് ആരംഭിക്കുന്നത്. രാജ്യത്താകെ 1.25ലക്ഷം ഗോത്രവര്‍ഗകുടുംബങ്ങള്‍ ട്രൈഫെഡിനു കീഴിലുണ്ട്. ഒരു ലക്ഷത്തോളം ഉല്‍പന്നങ്ങളാണു വിപണിയിലെത്തിക്കുന്നത്. 140 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവര്‍ഷം ഏകദേശം 91 കോടിയുടെ വിറ്റുവരവും ഉണ്ട്. 

മൈനര്‍ഫോറസ്റ്റ് പ്രൊഡ്യൂസ് അഥവാ വനവിഭവങ്ങളുടെ താങ്ങുവില ഉറപ്പാക്കിയതിലൂടെ മികച്ച വരുമാന വര്‍ധനയാണു വിവിധഗോത്രവിഭാഗങ്ങള്‍ക്കുണ്ടായത്. കാട്ടുതേന്‍, കറുവയില, കിരിയാത്ത് അഥവാ നിലവേപ്പ് തുടങ്ങിയവയാണു കേരളത്തില്‍നിന്നു ട്രൈഫെഡ് പട്ടികയില്‍പ്പെട്ട വനവിഭവങ്ങള്‍. രണ്ടു വര്‍ഷത്തിനിടെ 821.48 കോടിയാണ് ഇത്തരത്തില്‍ ലഭിച്ചത്. 2013-14 കാലത്ത് 10 ഇനം വനവിഭവങ്ങളും ഒരുലക്ഷത്തോളം കുടുംബങ്ങളുമാണു പദ്ധതിയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 87 ഇനം വനവിഭവങ്ങളും 22 സംസ്ഥാനങ്ങളിലായി 25 ലക്ഷത്തോളം ഗോത്രവര്‍ഗ കുടുംബങ്ങളുമാണ്. 2014-15 വര്‍ഷത്തില്‍ 30 കോടിയുടെ വിഭവങ്ങളാണു സമാഹരിച്ചു വിപണിയിലെത്തിച്ചതെങ്കില്‍ ഇപ്പോഴത് 1870 കോടിയായി ഉയര്‍ന്നു. 

വരുമാനം ഉറപ്പാക്കാന്‍ വന്‍ധന്‍  

ട്രൈഫെഡിന്റെ നേതൃത്വത്തിലാണു വന്‍ധന്‍ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലെ 307 ജില്ലകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. വനവിഭവങ്ങളുടെ ലഭ്യത, ഗോത്രവിഭാഗങ്ങളുടെ സാന്നിധ്യം എന്നിവ പരിഗണിച്ചാണു തിരഞ്ഞെടുപ്പ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി സംരംഭകര്‍ക്ക് ലാഭം നല്‍കുകയാണു വന്‍ധന്‍ പദ്ധതിയുടെ ലക്ഷ്യം. വനവിഭവങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്നതിലൂടെയാണു രാജ്യത്തെ ഗോത്രവര്‍ഗവിഭാഗങ്ങളുടെ പ്രധാന വരുമാനം. മികച്ച വില വിപണിയില്‍ ലഭ്യമാണെങ്കിലും ഇടനിലക്കാരുടെ ഇടപെടല്‍ മൂലം ഗോത്രവര്‍ഗക്കാര്‍ക്കു വിലയുടെ ആനുകൂല്യം ലഭിക്കാറില്ല. ഇതൊഴിവാക്കി, മികച്ച രീതിയില്‍ മൂല്യവര്‍ധനകൂടി ഉറപ്പുവരുത്തിയാണു ട്രൈഫെഡ് ഇവയുടെ വില്‍പന ഒരുക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ വനവിഭവങ്ങള്‍ക്കു താങ്ങുവിലയും ഉറപ്പാക്കിയിട്ടുണ്ട്. 

വനവിഭവങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പരമ്പരാഗത തുണിത്തരങ്ങളുമടക്കം ട്രൈബ്‌സ് ഇന്ത്യ എന്ന ബ്രാന്‍ഡിനുകീഴിലാണ് വിപണിയിലെത്തുന്നത്. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമടക്കം ഇവ ലഭ്യമാണ്. മുളയും തേനും ശതാവരിയും മെഴുകും അടക്കം 55ലധികം വനവിഭവങ്ങളെ ഉള്‍പ്പെടുത്തി ട്രൈഫെഡ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഏകദേശം 20,000 കോടിയാണ് ഇവയുടെ വിപണിമൂല്യം കണക്കാക്കിയിരിക്കുന്നത്. 

സ്വയം സഹായസംഘങ്ങള്‍ക്കായി 16,579 ലക്ഷം കോടിയുടെ ഫണ്ട്

രാജ്യത്താകെ 3.7 ലക്ഷം പേരാണു പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെടുന്നത്. 1205 വന്‍ധന്‍ വികാസ് കേന്ദ്രങ്ങളുണ്ട്. ഇവയ്ക്കു കീഴില്‍ 18,075 സ്വയംസഹായ സംഘങ്ങളുണ്ട്. 

വന്‍ ധന്‍ പദ്ധതിക്കു കീഴില്‍ 300 ഗുണഭോക്താക്കളടങ്ങുന്ന സ്വയം സഹായസംഘങ്ങളാണു രൂപീകരിക്കുക. ഇത്തരത്തില്‍ 15 സംഘങ്ങള്‍ ചേര്‍ത്ത് വന്‍ധന്‍ വികാസ് കേന്ദ്ര രൂപീകരിച്ചാണു പ്രവര്‍ത്തനം. ഓരോ സംസ്ഥാനത്തും ഇത്തരംകേന്ദ്രങ്ങള്‍ ചേര്‍ത്തു ക്ലസ്റ്ററുകളും രൂപീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വയനാട്ടിലാണ് വന്‍ധന്‍ വികാസ് കേന്ദ്രയുള്ളത്. ഒഡീഷയിലാണ് ഏറ്റവുമധികം സംഘങ്ങള്‍. 2340 സംഘങ്ങളാണിവിടെ. 15 സംഘങ്ങളുള്ള ഗോവയിലാണ് ഏറ്റവും കുറവ്. 

മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ക്ലാസുകളും പരിശീലനങ്ങളും ഓരോ സംഘത്തിനും നല്‍കും. ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക സഹായവും ഉറപ്പാക്കും. സംഭരണത്തിനും ചരക്കുനീക്കത്തിനും ട്രൈഫെഡ് വഴി സഹായമെത്തിക്കും. ആദ്യഘട്ടത്തില്‍ ഓരോ സ്വയംസഹായ സംഘത്തിനും ഓരോ ലക്ഷം രൂപയാണു നല്‍കുക. പ്രാരംഭ പരിശീലനത്തിനും സൗകര്യങ്ങള്‍ ഉറപ്പാക്കാനും ഇതുപയോഗിക്കാം. 20 അംഗങ്ങള്‍ക്കായാണ് ഒരുലക്ഷം രൂപ നല്‍കുക. 

ട്രൈബല്‍ ക്രാഫ്റ്റ് മാര്‍ക്ക് സഹിതമാണ് ഉല്‍പന്നങ്ങള്‍വിപണിയിലെത്തിക്കുക. ബിഐഎസ്, എഫ്എസ്എസ്എഐ അംഗീകാരവും ഉറപ്പാക്കും. ചന്ദേരി സാരി, മൈസൂര്‍സില്‍ക്, മൈസൂര്‍ വെറ്റില, കച്ച് എംബ്രോയ്ഡറി തുടങ്ങിയവയ്ക്ക് ജിഐ(ജിയോഗ്രഫിക്കന്‍ ഇന്‍ഡെക്‌സ്)അടക്കം നല്‍കും. സൗകര്യങ്ങള്‍ ഗുണഭോക്താക്കളില്‍ ഒരാളുടെ വീട്ടിലോ വീടിന്റെ ഭാഗമായോ ആരംഭിക്കാം. ഇതിനു സൗകര്യമില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ കെട്ടിടസൗകര്യം പ്രയോജനപ്പെടുത്താം. ഗോത്രവര്‍ഗങ്ങളുടെ സവിശേഷ ഭക്ഷണവിഭവങ്ങളുള്‍പ്പെടുത്തി ട്രൈഫുഡ് എന്ന പേരില്‍ ഭക്ഷ്യവിഭവങ്ങളും ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 

മോഡല്‍ കേന്ദ്രങ്ങള്‍

14 സംസ്ഥാനങ്ങളിലായി 26 മോഡല്‍ വന്‍ധന്‍ വികാസ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ വയനാട്ടിലെ പൂതാടി വന്‍ധന്‍ വികാസ് കേന്ദ്ര, തവിഞ്ഞാല്‍ വന്‍ധന്‍ വികാസ് കേന്ദ്ര എന്നിവയാണു മാതൃകാ കേന്ദ്രങ്ങള്‍. 

കേരളത്തില്‍ 28 ക്ലസ്റ്ററുകള്‍

28 ക്ലസ്റ്ററുകളാണു കേരളത്തിലുള്ളത്. ഇവയ്ക്കു കീഴില്‍ 435 വന്‍ധന്‍ വികാസ് കേന്ദ്രങ്ങളുണ്ട്. 7732 സംരംഭകരാണു പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇതുവരെ സംസ്ഥാനത്തിനായി 38.55 കോടിയാണ് അനുവദിച്ചിരിക്കുന്നത്. 990 കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനാണു ലക്ഷ്യം. ഇതില്‍ 43.9% ആണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് രണ്ട് റീട്ടെയില്‍ സ്റ്റോറുകളും എറണാകുളത്തു നാലു റീട്ടെയില്‍ ഔട്ട്‌ലെറ്റും ട്രൈഫെഡിന് ഉണ്ട്.

English summary: Sankalp Se Siddhi: Mission Van Dhan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA