ADVERTISEMENT

മൂവാറ്റുപുഴ ആയവനയിലെ നീലനാല്‍ വീടിന്റെ മുന്‍പിലെത്തിയാല്‍ ആരുമൊന്ന് അതിശയിച്ചുപോകും. മൂത്തു പഴുത്തു ചുവന്നിരിക്കുന്ന റംബുട്ടാന്‍ മരങ്ങളുടെ മായിക കാഴ്ചയാണ് നീലനാല്‍ വീടിന്റെ ചുറ്റുമുള്ളത്. അതുപോലെതന്നെ കോണ്‍ക്രീറ്റ് കാലുകളെ പുണര്‍ന്നു കയറി ഫലം നല്‍കിനില്‍ക്കുന്ന പിറ്റായച്ചെടിയെയും കാണാം. യഥാര്‍ഥ നാമം പിറ്റായ എന്നാണെങ്കിലും ഡ്രാഗണ്‍ഫ്രൂട്ട് എന്നു പറഞ്ഞെങ്കില്‍ മാത്രമേ ഈ ചെടിയെക്കുറിച്ച് എല്ലാവര്‍ക്കും മനസിലാകൂ. പഴത്തിന് വ്യാളിയുടെ പുറത്തെ ശല്‍ക്കങ്ങള്‍ക്കു സമാനമായ തൊലിയുള്ളതുകൊണ്ടാണ് ഈ കള്ളിച്ചെടിപ്പഴത്തിന് വ്യാളിപ്പഴം എന്നു പേരു ലഭിച്ചത്.

2015ല്‍ തൊടുപുഴയിലുള്ള ഒരു സുഹൃത്തിന്റെ തോട്ടം കണ്ടുള്ള പ്രചോദനമാണ് ജോസഫ് നീലനാലിനെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് തിരിച്ചത്. കാഴ്ചയില്‍ത്തന്നെ ഈ കള്ളിച്ചെടിയെയും അതിന്റെ പഴത്തെയും ജോസഫിന് നന്നായി ബോധിച്ചു. 150 തൈകളുമായാണ് അന്ന് വീട്ടിലേക്ക് തിരിച്ചത്. അകക്കാമ്പിന് വെള്ള നിറമുള്ള ഇനമായിരുന്നു ആദ്യം കൃഷി ചെയ്തിരുന്നതെങ്കിലും പിന്നീട് അത് ചുപ്പിലേക്കു വഴിമാറ്റി. കൂടുതല്‍ രുചിയും വിപണിയിലെ സ്വീകാര്യതയും ചുവപ്പിനാണെന്ന തിരിച്ചറിവാണ് വാണിജ്യാടിസ്ഥാനത്തിലുള്ളകൃഷിക്ക് ജോസഫ് ഈ ഇനം തിരഞ്ഞെടുത്തത്.

ഏതു കര്‍ഷകനും അനായാസം വളര്‍ത്താന്‍ കഴിയുന്നവയാണ് ഡ്രാഗണ്‍ഫ്രൂട്ടെന്ന് ജോസഫ് പറയുന്നു. വെയില്‍ ലഭ്യതയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലത്തായിരിക്കണം കൃഷി ചെയ്യേണ്ടത്. തൈകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ ഉല്‍പാദനത്തിനായുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കാം. 7 അടി നീളവമുള്ള കോണ്‍ക്രീറ്റ് കാലുകളാണ് ഡ്രാഗണ്‍ഫ്രൂട്ട് കൃഷിക്കായി ഉപയോഗിക്കേണ്ടത്. ഒരു കാലില്‍ നാലു വശത്തുനിന്നായി നാലു തൈകളാണ് നടേണ്ടത്. തടമെടുത്ത് അടിവളം നന്നായി നല്‍കിവേണം തൈകള്‍ നടാന്‍. 

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഡ്രാഗണ്‍ഫ്രൂട്ടുകളുടെ ഉല്‍പാദനകാലം. ഒരു പൂ വിരിഞ്ഞാല്‍ 28-ാം ദിവസം അത് വിളവെടുക്കാം. ഒരു കാലില്‍നിന്ന് വര്‍ഷം 15 കിലോവരെ പഴം ലഭിക്കും. കിലോഗ്രാമിന് 150-175 രൂപ മൊത്തവില ലഭിക്കുമെന്ന് ജോസഫ്. റീട്ടെയില്‍ വില്‍പന 200 രൂപയ്ക്കാണ്. 

joseph-rambutan-1
ഡ്രാഗൺ ഫ്രൂട്ട്

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഒരേക്കര്‍ സ്ഥലത്ത് 450 കോണ്‍ക്രീറ്റ് കാലുകളില്‍വരെ ഡ്രാഗണ്‍ഫ്രൂട്ട് തൈകള്‍ നടാന്‍ സാധിക്കും. മൂന്നു വര്‍ഷംകൊണ്ട് മുടക്കുമുതല്‍ തിരികെ ലഭിക്കും. മൂന്നു വര്‍ഷം പ്രായമായ ചെടികളില്‍നിന്നുവേണം നടീല്‍വസ്തു ശേഖരിക്കേണ്ടത്, അതായത് നന്നായി മൂത്ത തണ്ടായിരിക്കണം നടീല്‍ വസ്തു. ഒരടി നീളത്തിലുണ്ട തണ്ട് കൂടയ്ക്കുള്ളിലോ മണ്ണില്‍ നോരിട്ടോ നട്ട് വളര്‍ത്തിയെടുക്കാം. ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന തൈകള്‍ ഡിസംബറിനു മുന്‍പ് നട്ടുപിടിപ്പിച്ചാല്‍ അടുത്ത ജൂണില്‍ ഉല്‍പാദനം തുടങ്ങുമെന്നും ജോസഫ് പറയുന്നു.

പഴങ്ങള്‍ മാത്രമല്ല ജോസഫ് തന്റെ കൃഷിയിടത്തില്‍നിന്നു വില്‍ക്കുന്നത്. മൂന്നു സ്റ്റെപ് എത്തിയ തൈകളുടെ വിതരണത്തിലും ജോസഫ് ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി ഒരു നഴ്‌സറിയും നീലനാല്‍ വീടിന്റെ മുറ്റത്തുണ്ട്.

joseph-rambutan-6
ഡ്രാഗൺ ചെടിക‌ൾ

ഡ്രാഗണ്‍ഫ്രൂട്ട് മാത്രമല്ല ജോസഫിന് വരുമാനം. കാലാവധി പൂര്‍ത്തിയാക്കി വെട്ടിമാറ്റിയ രണ്ടര ഏക്കര്‍ റബര്‍ത്തോട്ടത്തില്‍ ഇപ്പോള്‍ വളര്‍ന്നു വിളവ് നല്‍കി നില്‍ക്കുന്നത് എന്‍18 ഇനം റംബുട്ടാന്‍ മരങ്ങളാണ്. കാഞ്ഞിരപ്പള്ളി ഹോംഗ്രോണ്‍ നഴ്‌സറിയില്‍നിന്ന് തൈകള്‍ എത്തിച്ച് നടുകയായിരുന്നു. കൂടുതല്‍ എണ്ണം നടുന്നതിലും നല്ലത് നിശ്ചിത അകലത്തില്‍ തൈകള്‍ നടുന്നതാണ് മികച്ച ഉല്‍പാദനത്തിനു നല്ലത്. രണ്ടര ഏക്കറില്‍ 160 തൈകളാണ് നട്ടിരുന്നതെങ്കിലും മരങ്ങള്‍ തമ്മിലുള്ള ഇടയകലം കുറഞ്ഞതിനാല്‍ ഉല്‍പാദനം കുറഞ്ഞു. അതിനാല്‍ കഴിഞ്ഞ വര്‍ഷം 30 മരങ്ങള്‍ വെട്ടിനീക്കി. അതിന്റെ ഫലം ഈ വര്‍ഷത്തെ ഉല്‍പാദനത്തില്‍ കാണാനുണ്ടെന്നും ജോസഫ്. മരങ്ങള്‍ തമ്മില്‍ 40 അടിയെങ്കിലും അകലം ഉണ്ടായിരിക്കണമെന്നാണ് ജോസഫിന് പുതിയ കര്‍ഷകരോടു പറയാനുള്ളത്. ആദ്യ വര്‍ഷങ്ങളില്‍ ഇടവിളക്കൃഷിയും ഇതിലൂടെ സാധ്യമാകും. 

joseph-rambutan-4
റംബുട്ടാൻ മരങ്ങൾ

വാണിജ്യക്കൃഷി ആയതിനാല്‍ പഴങ്ങള്‍ മൊത്തമായും വില്‍ക്കുന്ന രീതിയാണ് ജോസഫിന്റേത്. റംബുട്ടാന്റെ പൂക്കാലം ആകുന്നതോടെ കച്ചവടക്കാര്‍ എത്തും. മുന്‍ കാലങ്ങളില്‍ തോട്ടത്തില്‍ വിളയുന്ന പഴങ്ങള്‍ നിശ്ചിത വിലയില്‍ മൊത്തവ്യാപാരികള്‍ ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. അമിതമായ കായ്‌പൊഴിച്ചിലാണ് അതിനു കാരണം. കായ് വളര്‍ന്നശേഷം വലയിട്ട് കായ്കള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതും വിളവെടുക്കുന്നതും വ്യാപാരികള്‍ത്തന്നെ. കിലോ 110-125 രൂപയാണ് ഇപ്പോഴത്തെ മൊത്തവിലയെന്നും ജോസഫ്.

joseph-rambutan-2
ജോസഫ് നീലനാൽ റംബുട്ടാൻ പഴങ്ങളുമായി

മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് റംബുട്ടാന്‍ മരങ്ങളില്‍ കായ് പൊഴിച്ചില്‍ കൂടുതലാണ്. ഫലപ്രദമായ പ്രതിവിധികളൊന്നും നിര്‍ദേശിച്ചുതരാന്‍ ആര്‍ക്കും കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഫലവൃക്ഷക്കൃഷിക്ക് പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ റംബുട്ടാനില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടത് ആവശ്യമാണെന്നാണ് ജോസഫിന്റെ അഭിപ്രായം.

മധ്യഅമേരിക്കന്‍ സ്വദേശിയായ ഡ്രാഗണും മല്യേഷ്യയില്‍നിന്നുള്ള റംബുട്ടാനുമെല്ലാം ഇന്ന് കേരളത്തിലെ പഴവിപണിയിലെ സ്ഥിരസാന്നിധ്യമാണ്. ആരോഗ്യമൂല്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുരയിടത്തില്‍ ഒരു ഫലവൃക്ഷമെങ്കിലും നട്ടുവളര്‍ത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. അതേ, നല്ല ഭക്ഷണത്തിനൊപ്പം ആരോഗ്യം ചിട്ടപ്പെടുത്തുന്ന ഇക്കാലത്ത് പഴവിപണി കുതിച്ചുയരുകയാണ്, വ്യാളിയെപ്പോലെ...

ഫോൺ: 7907449919

English summary: Dragon fruit and Rambutan farming success story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com