അക്വാപോണിക്സിലൂടെ ശുദ്ധമത്സ്യവും ബ്രാൻഡഡ് പച്ചക്കറിയും; വിപണിയിൽ നേട്ടവുമായി മുൻ പ്രവാസി

HIGHLIGHTS
  • ദിവസവും മത്സ്യം, പച്ചക്കറി
  • ബ്രാൻഡ് ചെയ്ത് വിപണനം
aquaponics
അക്വാപോണിക്സിൽ വിളഞ്ഞ തക്കാളിയുമായി അബ്ദുൾ റഷീദ്
SHARE

മുപ്പത്തേഴു വർഷം വിദേശത്തു ചെലവിട്ട് മടങ്ങുമ്പോൾ നാട്ടിലൊരു സംരംഭം മനസിൽ കണ്ടിരുന്നു കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ റഷീദ്. പല സംരംഭങ്ങൾ പദ്ധതിയിട്ടെങ്കിലും അബ്ദുൾ റഷീദിന് ബോധിച്ചത് അക്വാപോണിക്സ്. നാട്ടിലെ ഇന്നത്തെ തൊഴിൽസാഹചര്യം നോക്കുമ്പോൾ തൊഴിലാളികളെ കൂടുതൽ ആശ്രയിക്കാതുള്ള സംരംഭമായി ഹൈടെക് കൃഷിയെ കണ്ടു. ഈ രംഗത്തുനിന്ന് ഒരു കൺസൽറ്റന്റിനെ ലഭിച്ചെങ്കിലും ഉപദേശങ്ങൾ അപ്പാടെ വിശ്വസിക്കാതെയും ആശ്രയിക്കാതെയും സ്വന്തം നിലയ്ക്ക് പഠിച്ചെടുത്തതുകൊണ്ട് പിഴവുകൾ തിരുത്താൻ കഴിഞ്ഞെന്നു റഷീദ്. 

ലക്ഷങ്ങൾ ചെലവിട്ട് വെല്ലുവിളികൾ പലതു കടന്ന് 2018ൽ റഷീദ് തുടങ്ങിയ 20 സെന്റ് അക്വാപോണിക്സ് അന്നു തൊട്ട് ഇന്നോളവും മുടങ്ങാതെ മത്സ്യവും ജൈവപച്ചക്കറിയും വിപണിയിലെത്തിക്കുന്നു. ഒരുപക്ഷേ ഇത്ര വിപുലമായ അക്വാപോണിക്സ് യൂണിറ്റ് കേരളത്തിൽ മറ്റൊന്നു കാണില്ലെന്നും റഷീദ്. അക്വാപോണിക്സ് തുടങ്ങിയ പലരും പിൽക്കാലത്ത് മത്സ്യക്കൃഷി മാത്രമായി ചുരുങ്ങിയപ്പോൾ മത്സ്യത്തെക്കാൾ പ്രാധാന്യം പച്ചക്കറിക്കു നൽകുന്നു എന്ന പ്രത്യേകതയും റഷീദിന്റെ യൂണിറ്റിനുണ്ട്.

കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിപ്രദേശമായ കൃഷ്ണപുരത്താണ് റഷീദിന്റെ ടുഡെയ്സ് അക്വാപോണിക്സ് ഫാം. 20 സെന്റ് മഴമറയ്ക്കുള്ളിലെ യൂണിറ്റിൽ 20 മീറ്റർ നീളം 2 മീറ്റർ വീതി 2 മീറ്റർ ആഴം വരുന്ന രണ്ട് ടാങ്കുകളാണുള്ളത്. മണ്ണിൽ കുഴിയെടുത്ത് പടുതാക്കുളമുണ്ടാക്കാനാണ് ആദ്യം തുനിഞ്ഞതെങ്കിലും കുഴിയെടുത്തപ്പോൾ വെള്ളക്കെട്ടുള്ള പ്രദേശമെന്നു കണ്ടതോടെ സിമന്റ് കട്ടകൊണ്ട് ടാങ്ക് നിർമിക്കുകയായിരുന്നു. അതുണ്ടാക്കിയ അധികച്ചെലവ് ചെറുതായിരുന്നില്ല. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ മുൻകൂട്ടി കാണാതെ പോകുന്നതാണ് പലപ്പോഴും കൃഷിയെ നഷ്ടത്തിലെത്തിക്കുന്നതെന്നും അബ്ദുൾ റഷീദ്.

aquaponics-1

ദിവസവും മത്സ്യം, പച്ചക്കറി

രണ്ടു ടാങ്കിനും അനുബന്ധമായി 12 മീറ്റർ നീളം വരുന്ന 17 പച്ചക്കറി ബെഡ്ഡുകൾ സ്ഥാപിച്ചു. സാധാരണഗതിയിൽ ബെഡ്ഡിൽ ബേബി മെറ്റലാണ് വിരിക്കുന്നതെങ്കിൽ അതിനു മുകളിൽ സിലിക്ക സാൻഡ് കൂടി വിരിച്ച് ബെഡ്ഡിനെ ബാക്ടീരിയകളുടെ പ്രവർത്തനത്തിന് കൂടുതൽ  യോജ്യമാക്കി.

രണ്ടു ടാങ്കിലും 4000 വീതം ചിത്രലാട മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കി തുടക്കം. അതിസാന്ദ്രതയിൽ കൃഷി ചെയ്യുമ്പോൾ വേഗത്തിൽ അഴുക്കാകുന്ന വെള്ളം ബെഡ്ഡിലൂടെ കയറിയിറങ്ങി ബാക്ടീരിയകളുടെ പ്രവർത്തനത്തിലൂടെ ചെടികൾക്കാവശ്യമായ പോഷകങ്ങൾ നൽകി, ശുദ്ധീകരിക്കപ്പെട്ട് വീണ്ടും മത്സ്യക്കുളത്തിലെത്തുന്ന നിരന്തര പ്രവർത്തനമാണല്ലോ അക്വാപോണിക്സ്. ആദ്യകൃഷി മുതൽതന്നെ മത്സ്യവും പച്ചക്കറികളും മികച്ച പ്രകടനം നൽകുന്നുണ്ടെന്ന് റഷീദ്.

aquaponics-2
മത്സ്യക്കൃഷിക്കുള്ള ടാങ്ക്

ദിവസവുമുള്ള മത്സ്യലഭ്യതയ്ക്കായി ടാങ്കിൽത്തന്നെ നഴ്സറി കൂടുകൾ ക്രമീകരിച്ച് വിവിധ പ്രായത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നു. വിളവെടുക്കുന്നതിന് അനുസൃതമായി ഈ കുഞ്ഞുങ്ങൾ കൂടുവിട്ട് കുളത്തിലേക്കിറങ്ങുന്നു. പച്ചക്കറികൾ ബ്രാൻഡ് ചെയ്താത് സൂപ്പർ മാർക്കറ്റുകൾ വഴിയും ഫാമിൽനിന്ന് നേരിട്ടും വിൽപന. അതത് ദിവസം ലഭ്യമായ ഇനങ്ങളുടെ വിവരം ഫാമിനു മുന്നിലെ ബോർഡിലുണ്ടാവും. ഫാമിൽ നേരിട്ടെത്തി, കൺമുന്നിൽ വിളവെടുത്ത് വാങ്ങാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾ വർധിക്കുന്നു എന്നതാണ് കൃഷിയെ ലാഭകരമാക്കുന്ന ഘടകമെന്നും അബ്ദുൾ റഷീദ്.

ഫോൺ: 9446109973  

English summary: Successful Aquaponics Farm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA