പഠനം, ആസൂത്രണം, വിപണനം എന്നിവ അടിസ്ഥാനം; എന്നിട്ടു മതി അക്വാപോണിക്‌സ്

aquaponics-2
SHARE

അക്വാകള്‍ച്ചര്‍, ഹൈഡ്രോപോണിക്‌സ് എന്നിവ സംയോജിപ്പിച്ചുള്ള കൃഷിരീതിയാണ് അക്വാപോണിക്‌സ്. മത്സ്യക്കൃഷിയും അതിനു സമാന്തരമായി മത്സ്യവിസര്‍ജ്യം കലര്‍ന്ന പോഷകസമൃദ്ധമായ ജലത്തില്‍ പച്ചക്കറിക്കൃഷിയും ചെയ്യുന്ന ആധുനിക കൃഷിമാര്‍ഗം. അതിസാന്ദ്രതാരീതിയില്‍, അതായത്, കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍, മത്സ്യവിസര്‍ജ്യത്തില്‍നിന്നു രൂപപ്പെടുന്ന വലിയ അളവിലുള്ള അമോണിയ മത്സ്യങ്ങള്‍ക്കു ദോഷകരമാകും. അതൊഴിവാക്കാനായി മത്സ്യക്കുളത്തിലെ വെള്ളം ബയോഫില്‍റ്ററുകളിലൂടെ അരിച്ചിറക്കി തിരികെ മത്സ്യക്കുളത്തിലെത്തിക്കുന്നു. അമോണിയയെ നൈട്രേറ്റാക്കി മാറ്റാന്‍ കഴിവുള്ള ബാക്ടീരിയകളുടെ ആവാസവ്യവസ്ഥയാണ് ഈ ബയോഫില്‍റ്ററുകള്‍. ചെറിയ മെറ്റല്‍ ചിപ്‌സ് നിറച്ച ഗ്രോബെഡുകളെ ബയോഫില്‍റ്ററുകളാക്കി അതില്‍ പച്ചക്കറിക്കൃഷി നടത്തുന്ന രീതിയാണ് അക്വാപോണിക്‌സില്‍ പൊതുവേ അവലംബിച്ചിരിക്കുന്നത്. 

നൈട്രജന്‍ സൈക്കിള്‍ എന്നാണ് ഗ്രോബെഡില്‍ നടക്കുന്ന പ്രവര്‍ത്തനത്തെ പറയുന്നത്. മത്സ്യവിസര്‍ജ്യത്തില്‍നിന്നും തീറ്റയുടെ അവശിഷ്ടങ്ങളില്‍നിന്നും രൂപപ്പെടുന്ന അമോണിയ മത്സ്യങ്ങള്‍ക്കു ദോഷകരമാകുമെന്നു പറഞ്ഞുവല്ലോ. അക്വാപോണിക്‌സ് കൃഷിയിടത്തിന്റെ ഭാഗമായ ബയോഫില്‍റ്ററു(ഗ്രോബെഡ്)കളില്‍ നൈട്രിഫയിങ് ബാക്ടീരിയ(നൈട്രൊമൊണാസ്) അമോണിയയെ ആദ്യ ഘട്ടത്തില്‍ നൈട്രൈറ്റാക്കി മാറ്റുന്നു. തുടര്‍ന്ന് നൈട്രോ ബാക്ടര്‍ ബാക്ടീരിയ നൈട്രൈറ്റിനെ നൈട്രേറ്റാക്കുന്നു. നൈട്രൈറ്റ് മത്സ്യങ്ങള്‍ക്ക് ഒരു പരിധിവരെ, 50 ppm(parts per million)വരെ, ദോഷകരമല്ല. അതേസമയം അതു ചെടികള്‍ക്ക് ആവശ്യവുമാണ്. ഫലത്തില്‍ മത്സ്യവും പച്ചക്കറിയും ഒപ്പത്തിനൊപ്പം വളരുന്ന സാഹചര്യം. എന്നാല്‍ ഈ പ്രക്രിയ സദാ സന്തുലിതമായി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ മത്സ്യം, പച്ചക്കറി, ബാക്ടീരിയ എന്നിവ  സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കുകയുള്ളൂ.

ഖര രൂപത്തിലുള്ള അവശിഷ്ടങ്ങള്‍ ബയോഫില്‍റ്ററുകളില്‍ അടിഞ്ഞുകൂടിയാല്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യും. അതിനാല്‍ ടാങ്കുകളില്‍ രൂപപ്പെടുന്ന ഖര രൂപത്തിലുള്ള അവശിഷ്ടങ്ങള്‍ പ്രത്യേകം ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ദിവസവും മാറ്റേണ്ടതുണ്ട്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറയാതെ സൂക്ഷിക്കുന്നതിനുള്ള എയറേഷന്‍ സൗകര്യവും പ്രധാനം. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം.

വെയിലും മഴയും നേരിട്ട് ഗ്രോബെഡുകളില്‍ പതിച്ച് പിഎച്ച്, താപനില എന്നിവയില്‍ വ്യതിയാനം സംഭവിക്കാതെയും ശ്രദ്ധിക്കണം. ഗ്രോബെഡുകള്‍ക്കു മുകളില്‍ ഗ്രീന്‍നെറ്റുകള്‍ നല്‍കുകയാണ് പരിഹാരം. കുളത്തിന്റെ അടിത്തട്ടില്‍ അവശിഷ്ടങ്ങള്‍ കൂടുതലായി അടിഞ്ഞുകൂടാതിരിക്കാന്‍ അടിത്തട്ടിലെ സ്ലറി ദിവസവും പമ്പ്‌ചെയ്തു കളയേണ്ടിവരും. ഇങ്ങനെ ചെയ്യുമ്പോള്‍ കുറയുന്ന വെള്ളത്തിനു പകരമായി നല്ല വെള്ളം എത്തിച്ച് കുളത്തിലെ വെള്ളത്തിന്റെ അളവ് താഴാതെ നിലനിര്‍ത്തുകയും വേണം. ഇങ്ങനെ സാങ്കേതികമായ സങ്കീര്‍ണതകള്‍ ഒട്ടേറെയുള്ളതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ അക്വാപോണിക്‌സ് ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രാരംഭച്ചെലവു വരും. അതുകൊണ്ടുതന്നെ കൃത്യമായ പശ്ചാത്തലപഠനവും ആസൂത്രണവും വിപണനതന്ത്രവും സ്വായത്തമാക്കിയതിനു ശേഷം മാത്രമേ മുതല്‍മുടക്കിനു തുനിയാവൂ. 

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. പി.എ. വികാസ്. കൃഷി വിജ്ഞാനകേന്ദ്രം, എറണാകുളം

English summary: How to Set Up Successful Aquaponics Farm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA