ഗിഫ്റ്റ് തിലാപ്പിയകള്‍ ഉണ്ടാകുന്നത് ഇങ്ങനെ; വല്ലാര്‍പാടം ഹാച്ചറിയിലെ എക്‌സ്‌ക്ലൂസീവ് വിഡിയോ

HIGHLIGHTS
  • ആരോഗ്യമുള്ള തിലാപ്പിയ പെണ്‍മത്സ്യങ്ങള്‍ 21-28 ദിവസം കൂടുമ്പോള്‍ മുട്ടയിടും
tilapia-1
SHARE

മത്സ്യക്കൃഷിയെന്നാല്‍ തിലാപ്പിയ. തിലാപ്പിയ എന്നാല്‍ ഗിഫ്റ്റ് തിലാപ്പിയ... തിലാപ്പിയ മത്സ്യം കേരളത്തിലെ മത്സ്യക്കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരമായത് ഗിഫ്റ്റ് എന്ന ജെനറ്റിക്കലി ഫാംഡ് തിലാപ്പിയ എന്ന ഗിഫ്റ്റ് മത്സ്യങ്ങള്‍ ഇന്ത്യയില്‍ എത്തിയതോടെയാണ്. ലോകത്താകമാനമുള്ള മത്സ്യക്കര്‍ഷകര്‍ക്ക് വേള്‍ഡ് ഫിഷ് നല്‍കിയ സമ്മാനമാണ് ഗിഫ്റ്റ്. മലേഷ്യയിലെ വേള്‍ഡ് ഫിഷ് എന്ന ഗവേഷക സംഘടന വികസിപ്പിച്ചെടുത്ത ഗിഫ്റ്റ് മത്സ്യം ഇന്ത്യയില്‍ എത്തിയിട്ട് ഒരു പതിറ്റാണ്ട് ആകുന്നു. മത്സ്യക്കര്‍ഷകര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന ഗിഫ്റ്റിന്റെ ഔദ്യോഗിക ഉല്‍പാദകരും വിതരണക്കാരും കേന്ദ്ര സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ്. അടുത്ത കാലത്ത് കേരളത്തിലും ഗിഫ്റ്റ് കുഞ്ഞുങ്ങളുടെ ഉല്‍പാദനം ആര്‍ജിസിഎ ആരംഭിച്ചു. എറണാകുളം വല്ലാര്‍പാടത്തെ മള്‍ട്ടി സ്പീഷിസ് അക്വാകള്‍ചര്‍ കോംപ്ലെക്‌സിലാണ് (എംഎസി) ഗിഫ്റ്റിന്റെ ഉല്‍പാദനം.

2018ലാണ് വല്ലാര്‍പാടത്ത് മള്‍ട്ടി സ്പീഷിസ് അക്വാകള്‍ചര്‍ കോംപ്ലെക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതുവരെ 17 മില്യണ്‍ മത്സ്യക്കുഞ്ഞുങ്ങളെ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ എംഎസിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എംപിഇഡിഎ ഡപ്യൂട്ടി ഡയറക്ടറും വല്ലാര്‍പാടം എംഎസിയുടെ പ്രോജക്ട് മാനേജറുമായ ഡോ. ടി.ജി. മനോജ്കുമാര്‍ പറയുന്നു. മത്സ്യക്കൃഷിയില്‍ ഇന്നിന്റെ താരമായ ഗിഫ്റ്റ് മത്സ്യങ്ങളുടെ മാതൃശേഖരം ഓരോ തലമുറ പിന്നിടുമ്പോഴും അവയുടെ കുഞ്ഞുങ്ങള്‍ക്ക് എട്ടു ശതമാനം അധിക വളര്‍ച്ച നേടാന്‍ കഴിയുന്നുണ്ട്. അതായത് ഈ വര്‍ഷം ലഭിക്കുന്ന കുഞ്ഞുങ്ങളേക്കാളും കൂടുതല്‍ മികച്ച കുഞ്ഞുങ്ങളെയായിരിക്കും അടുത്ത വര്‍ഷം ലഭിക്കുകയെന്നും ഡോ. മനോജ്.

ഇന്ത്യയില്‍ ഗിഫ്റ്റിനെ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും ആര്‍ജിസിഎക്കു മാത്രമേ അധികാരമുള്ളൂ. മലേഷ്യയിലെ വേള്‍ഡ് ഫിഷുമായുള്ള കരാറിന്മേല്‍ ഇന്ത്യയിലെ ഗിഫ്റ്റ് മത്സ്യങ്ങളുടെ പ്രോജക്ട് പങ്കാളി ആര്‍ജിസിഎ ആണ്. വിജയവാഡയിലുള്ള ആര്‍ജിസിഎയുടെ ന്യൂക്ലിയസ് സെന്ററില്‍നിന്നാണ് പ്രജനനത്തിനായുള്ള മാതൃപിതൃ ശേഖരം വല്ലാര്‍പാടത്ത് എത്തിക്കുന്നത്. കുഞ്ഞുങ്ങളെ ഇവിടെ എത്തിച്ച് വളര്‍ത്തി പ്രജനനത്തിന് സജ്ജമാക്കുന്നു.

rgca-gift-parent-fishes
പെൺ(ഇടത്ത്), ആൺ (വലത്ത്) മത്സ്യങ്ങൾ

150 ഗ്രാമിനു മുകളില്‍ തൂക്കമെത്തുമ്പോള്‍ മത്സ്യങ്ങളെ ലിംഗനിര്‍ണയം നടത്തി പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കുന്നു. ഹാപ്പ അധിഷ്ഠിത ബ്രീഡിങ് ജലാശയങ്ങളാണ് എംഎസിയിലുള്ളത്. അതായത് വലിയ കുളങ്ങളില്‍ ഹാപ്പകളിലാണ് മാതൃപിതൃ ശേഖരത്തെ പ്രജനനത്തിനായി നിക്ഷേപിച്ചിട്ടുള്ളത്. 1:2 അനുപാതത്തിലാണ് ആണ്‍-പെണ്‍ നിക്ഷേപം. പ്രത്യേകം തയാറാക്കിയ പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് ഇവയ്ക്കു നല്‍കുക. ദിവസം രണ്ടു നേരം എന്ന രീതിയിലാണ് ഭക്ഷണം.

rgca-gift-hatchery-happa-pond-1
മാതൃ-പിതൃ മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്ന ഹാപ്പകൾ

മാതൃശേഖരത്തെ സംരക്ഷിക്കുന്ന ജലാശങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല. ജൈവസുരക്ഷാ മാര്‍ഗങ്ങളും പക്ഷികളും മറ്റും കടക്കാതിരിക്കാനുമുള്ള സംവിധാനങ്ങളും ഇവിടെ സ്വീകരിച്ചിട്ടുണ്ട്. കൈകാലുകള്‍ അണുവിമുക്തമാക്കിയശേഷം മാത്രമേ ജീവനക്കാര്‍ പോലും കുളങ്ങളുടെ ഭാഗത്തേക്ക് പ്രവേശിക്കൂ.

rgca-egg-collection
പെൺമത്സ്യത്തിന്റെ വായിൽനിന്ന് മുട്ട ശേഖരിക്കുന്നു

ഗിഫ്റ്റ് പിറക്കുന്നു

ആരോഗ്യമുള്ള തിലാപ്പിയ പെണ്‍മത്സ്യങ്ങള്‍ 21-28 ദിവസം കൂടുമ്പോള്‍ മുട്ടയിടും. ഓരോ ആഴ്ചയിലും മുട്ട ശേഖരിച്ച് ഹാച്ചറിയില്‍ വിരിയിച്ച് നഴ്‌സറിക്കുളങ്ങളില്‍ വളര്‍ത്തിയെടുക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് എംഎസിയിലെ മുട്ടശേഖരണം. ഹാപ്പയില്‍നിന്ന് മത്സ്യങ്ങളെ എടുത്ത് അവയുടെ വായില്‍ സംരക്ഷിച്ചിരിക്കുന്ന മുട്ട ബക്കറ്റിലേക്ക് ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മുട്ട എത്തിക്കുന്നത് ഹാച്ചറിയിലേക്കാണ്. 

rgca-gift-hatchery
മുട്ടകൾ അണുവിമുക്തമാക്കുന്നു

തിലാപ്പിയ മത്സ്യങ്ങള്‍ ഗിഫ്റ്റ് ആയി മാറാന്‍ തുടങ്ങുന്നത് ഇവിടെനിന്നാണ്. കുളത്തില്‍നിന്നു ശേഖരിച്ചെത്തിക്കുന്ന മുട്ടകള്‍ ശുദ്ധജലത്തിലും ഉപ്പുലായനിയിലും കഴുകി അണുവിമുക്തമാക്കി ഹാച്ചിങ് ജാറിലേക്കു മാറ്റും. 

rgca-hatching-jar-1
മുട്ടകൾ ഹാച്ചിങ് ജാറിലേക്ക് നിക്ഷേപിക്കുന്നു

മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ തനിയെ നീന്തിത്തുടങ്ങുമ്പോള്‍ അവയെ ഹാച്ചിങ് ജാറുകളില്‍നിന്ന് നഴ്‌സറി ടാങ്കുകളിലേക്ക് മാറ്റും. ഇതിനായി ഫൈബര്‍ ടാങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ടണ്‍ വെള്ളത്തില്‍ ഏകദേശം 5000 മുതല്‍ 6000 കുഞ്ഞുങ്ങളെ വരെ ഇങ്ങനെ സൂക്ഷിക്കുന്നു. എല്ലാ കുഞ്ഞുങ്ങളെയും ആണ്‍മത്സ്യമാക്കുന്നതിനുള്ള ഹോര്‍മോണ്‍ ഭക്ഷണം നല്‍കിത്തുടങ്ങുന്നത് ഇവിടെയാണ്. ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയില്‍ ഏറെ ശ്രദ്ധ വേണ്ട വിഭാഗമാണിത്. 11 ദിവസമാണ് ഇവിടുത്തെ ആദ്യഘട്ട നഴ്‌സറി ടാങ്കിലെ പരിചരണം.

rgca-hatching-jar
ഹാച്ചിങ് ജാർ

തനിയെ തീറ്റയെടുക്കുന്നതു മുതല്‍ 21 ദിവസത്തെ ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലൂടെയാണ് മോണോ സെക്‌സ് രീതിയിലേക്ക് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങള്‍ എത്തുന്നത്. 11 ദിവസം ഫൈബര്‍ ടാങ്കില്‍ വളരുന്ന കുഞ്ഞുങ്ങളെ തുറസായിട്ടുള്ള നഴ്‌സറി കുളത്തിലെ ഹാപ്പയിലേക്കു മാറ്റും. തുടര്‍ന്നുള്ള 10 ദിവസവും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നടക്കുന്നത് ഇവിടെയാണ്. 

rgca-fish
വിതരണത്തിന് തയാറായ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങൾ

ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റും അതുപോലെ സ്‌ക്രീനിങ്ങും കഴിഞ്ഞതിനു ശേഷമാണ് ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക. ഓരോ ആഴ്ചയും കുഞ്ഞുങ്ങളെ പരിശോധിച്ച് യാതൊരുവിധത്തിലുമുള്ള അണുബാധകള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി പ്രത്യേക ലബോറട്ടറിയും എംഎസിക്കുണ്ട്. നഴ്‌സറിക്കുളങ്ങളില്‍നിന്ന് പിടിച്ചെടുക്കുന്ന കുഞ്ഞുങ്ങളെ 24 മണിക്കൂര്‍ കണ്ടീഷന്‍ ചെയ്തതിനുശേഷമാണ് പായ്ക്ക് ചെയ്യൂ. ഈ സമയത്ത് ഭക്ഷണം നല്‍കില്ല.

rgca-counting
ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ പായ്ക്കിങ്ങിനായി എണ്ണി തിട്ടപ്പെടുത്തുന്നു

സംസ്ഥാന ഫിഷറീസ് വകുപ്പ് നല്‍കുന്ന ഗിഫ്റ്റ് മത്സ്യക്കൃഷിക്കുള്ള ലൈസന്‍സ് ഉള്ളവര്‍ക്കാണ് ഇവിടെനിന്ന് പ്രധാനമായും മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാകുക. അതേസമയം, ചെറുകിട മത്സ്യക്കര്‍ഷകര്‍ക്ക് ആധാര്‍ ഹാജരാക്കിയാല്‍ 500 മത്സ്യക്കുഞ്ഞുങ്ങള്‍ വരെ ലൈസന്‍സ് ഇല്ലാതെ ഇവിടെനിന്ന് ലഭ്യമാകുമെന്നും ആര്‍ജിസിഎ അധികൃതര്‍ പറയുന്നു. ആറു രൂപ മുതലാണ് വില. മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം.

തിലാപ്പിയയില്‍ ആണ്‍മത്സ്യങ്ങള്‍ക്കാണ് വളര്‍ച്ച കൂടുതല്‍. കാരണം ഒരു പ്രായംകഴിഞ്ഞാല്‍ പെണ്‍മത്സ്യങ്ങള്‍ തങ്ങളുടെ ഊര്‍ജം പ്രത്യുല്‍പാദനത്തിനായി ഉപയോഗിക്കുന്നു. അതായത്, ശരീരത്തില്‍ മുട്ടയുല്‍പാദനം തുടങ്ങിയാല്‍ അവയുടെ വളര്‍ച്ച കുറയും. അതുതന്നെയാണ് മോണോ സെക്‌സ് രീതിയിലേക്ക് ഇവയെ മാറ്റാന്‍ കാരണം. മത്സ്യങ്ങള്‍ വേഗത്തില്‍ വളരുകയും പെരുകാതിരിക്കുകയും ചെയ്യുക എന്നതാണ് വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യക്കൃഷിയുടെ അടിസ്ഥാന തത്വം. 

കൃത്യമായ സെലക്ടീവ് ബ്രീഡിങിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ഗിഫ്റ്റ് മത്സ്യങ്ങള്‍ 5 മാസംകൊണ്ടുതന്നെ 500 ഗ്രാം വളര്‍ച്ച കൈവരിക്കുന്നതായി ആര്‍ജിസിഎ പറയുന്നു. എന്നാല്‍, കേരളത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബയോഫ്‌ലോക്ക് പോലുള്ള സംവിധാനത്തില്‍ ഗിഫ്റ്റ് മത്സ്യങ്ങള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാത്തത് നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണക്കൂടുതല്‍ കൊണ്ടാണെന്നും ആര്‍ജിസിഎ. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ച് ഒരു ചതുരശ്ര മീറ്ററില്‍ 5 ഗിഫ്റ്റ് മത്സ്യങ്ങളെയാണ് വളര്‍ത്തേണ്ടത്. അതായത് രണ്ടു ചതുരശ്ര അടി സ്ഥലത്ത് ഒരു ഗിഫ്റ്റ് മത്സ്യം എന്ന കണക്കിലാണ് വളര്‍ത്തേണ്ടത്.

rgca-staff

ഓരോ മേഖലയിലും കൃത്യമായ പ്രവര്‍ത്തനപരിചയമുള്ള ടെക്‌നിക്കല്‍ സ്റ്റാഫും വര്‍ക്ക് അസിസ്റ്റന്‍സുമാണ് എംഎസിയുടെ പ്രവര്‍ത്തനങ്ങളുടെ അടിത്തറ. കോവിഡ്‌ലോക്ഡൗണ്‍ കാലത്തു പോലും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് കര്‍ഷകര്‍ക്കായി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ സഹായകമായി.  

എംപിഇഡിഎ ചെയര്‍മാന്‍ കെ.എസ്. ശ്രീനിവാസിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഡയറക്ടര്‍ ഡോ. എം. കാര്‍ത്തികേയന്റെയും സെക്രട്ടറി കെ.എസ്. പ്രദീപിന്റെയും ആര്‍ജിസിഎ പ്രോജക്ട് ഡയറക്ടര്‍ ഡോ. എസ്. കന്ദന്റെയും നേതൃത്വവും എംഎസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാണ്.

കേന്ദ്ര സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ വല്ലാര്‍പാടത്തുള്ള മള്‍ട്ടിസ്പീഷിസ് അക്വാകള്‍ച്ചര്‍ സെന്ററിലെ താരങ്ങള്‍ ഗിഫ്റ്റ് മാത്രമല്ല. കാളാഞ്ചിയുടെയും കരിമീനിന്റെയും കാരച്ചെമ്മീന്റെയുമെല്ലാം ഗുണനിലവാരമുള്ള കുഞ്ഞുങ്ങള്‍ കര്‍ഷകര്‍ക്കായി ഇവിടെ തയാറാകുന്നു. എംഎസിയിലെ മറ്റിനം മത്സ്യങ്ങളെക്കുറിച്ച് അടുത്ത വാരം.

തുടരും...

English summary: How to Produce Genetically Improved Farmed Tilapia?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA