ADVERTISEMENT

ഒരു രാജ്യം രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുകയെന്നത് അതിന്റെ ചരിത്രത്തിലെ തിളക്കമാർന്ന നാഴികക്കല്ലാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലെത്തുമ്പോൾ നമ്മൾ നമ്മുടെ  മണ്ണിൽ കൃഷി തുടങ്ങിയതിന്റെ പ്ലാറ്റിനം ജൂബിലി കൂടിയാണതെന്നോർക്കാം. നേട്ടങ്ങളും കോട്ടങ്ങളും ഉയർച്ചകളും താഴ്ചകളും കണ്ടുകൊണ്ടാണ് 74 കാർഷികവർഷങ്ങൾ സ്വതന്ത്ര ഇന്ത്യ നടന്നു തീർത്തത്.

കൗതുകകരമായ വൈരുധ്യങ്ങൾ

കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന, വിരോധാഭാസങ്ങൾ നിറഞ്ഞ ഒന്നായാണ് ഇന്ത്യയിലെ കൃഷിയെ വിദഗ്ധനിരീക്ഷകർ വിശേഷിപ്പിക്കുന്നത്.  സ്വാതന്ത്ര്യലബ്ധിയുടെ തിളക്കമാർന്ന വർഷങ്ങളിൽ രാജ്യത്തെ വലിയൊരു ജനവിഭാഗം ഭയാനകമായ തോതിലുള്ള ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും പിടിയിലായിരുന്നു. വിദേശത്തുനിന്ന് ഭക്ഷ്യസഹായവുമായെത്തുന്ന കപ്പലുകകളെ കാത്തിരിക്കേണ്ട ഗതികേടും ഉണ്ടായിരുന്ന കാലം. കടുത്ത ഭക്ഷ്യക്ഷാമം മൂലം പൗരന്മാരോട് ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ അഭ്യർഥിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കിയ കാലവും സ്വതന്ത്ര ഇന്ത്യ കണ്ടു. ഇങ്ങനെ സ്വരുക്കൂട്ടിയ ഭക്ഷണം സാമൂഹികവും സാമ്പത്തികവുമായി  പിന്നോക്കമുള്ളവർക്ക് നൽകാനായിരുന്നു ഒരു നേരം പട്ടിണിയുടെ ഉദ്ദേശ്യം. ഭക്ഷണത്തിനായി എന്നും പിച്ചച്ചട്ടിയെടുക്കേണ്ടി വരുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് വിദഗ്ധർ വിധിയെഴുതി.

എന്നാൽ, സ്വാതന്ത്ര്യലബ്ധിയുടെ 74 വർഷങ്ങൾക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ഉൽപാദകരാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മുന്നിലുള്ളത് ചൈന മാത്രം. ഭക്ഷണവുമായെത്തുന്ന കപ്പൽ കാത്തിരുന്ന നമ്മുടെ രാജ്യം ഇന്ന് കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ലോകത്തെ മികച്ച പത്തു രാജ്യങ്ങളിൽ ഒന്നായിരിക്കുന്നു. കൃഷിശാസ്ത്രത്തിന്റെ കൃത്യമായ പ്രയോഗത്തിലൂടെ ഉൽപാദനക്ഷമതയിൽ സൃഷ്ടിച്ച കുതിച്ചുചാട്ടത്തിലൂടെ  ഉൽപാദനത്തിൽ മുൻപിലെത്താനും ഭക്ഷ്യധാന്യ സ്വയംപര്യാപ്തത നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. നിറഞ്ഞു കവിഞ്ഞ കളപ്പുരകൾക്കപ്പുറത്ത്  വൈരുധ്യത്തിന്റെ മറ്റൊരു ലോകം ഇന്നും നിലനിൽക്കുന്നു. ലോകത്തിൽ പോഷകാഹാരക്കുറവും ദാരിദ്ര്യവും അനുഭവിക്കുന്ന ജനങ്ങളുടെ വലിയൊരു പങ്ക് ഇന്ത്യയിലാണ്. ആഗോള വിശപ്പ് സൂചികയിൽ (2019), 117 രാജ്യങ്ങളിൽ ഇന്ത്യ 102-ാം സ്ഥാനത്താണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ  പട്ടിണി കിടക്കുമ്പോഴും ഭക്ഷ്യധാന്യങ്ങൾ ചീഞ്ഞഴുകുകയോ എലികൾ തിന്നുതീർക്കുകയോ ചെയ്യുന്നതിന്റെ ക്രൂരമായ വിരോധാഭാസം ചൂണ്ടിക്കാട്ടിയിട്ടുള്ളവരിൽ രാജ്യത്തിന്റെ സുപ്രീം കോടതി വരെയുണ്ട്.

കാർഷിക ശാസ്ത്രജ്ഞർക്ക് പോലും പൂർണമായി  വിശദീകരിക്കാനാവാത്ത മറ്റൊരു വിരോധാഭാസവുമുണ്ട്.  ഭക്ഷ്യോൽപാദനത്തിൽ നമുക്കുണ്ടായ സമൃദ്ധിയുടെ കഥകൾ ഏറെ പാടിപ്പുകഴ്ത്തപ്പെടുമ്പോഴും, ആ വിജയത്തിന്റെ ഫലങ്ങൾ  ഇന്ത്യയിലെ കർഷകർക്ക്, പ്രത്യേകിച്ച് 80 ശതമാനത്തിലധികം വരുന്ന ചെറുകിട നാമമാത്ര കർഷകർക്ക് ലഭിച്ചുവെന്ന് പറയാനാവുന്നില്ല. മാർ - കാർഷിക കമ്യൂണിറ്റിയുടെ 80 ശതമാനത്തിലധികം വരുന്ന ജൈനൽ കർഷകർ. ഇന്ത്യൻ ഉപഭോക്താവിന്റെ പ്ലേറ്റിലെ ഭക്ഷണം കർഷകരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും കണ്ണുനീരിന്റെയും ഫലമാണ് നമ്മുടെ തീൻമേശയിലെ സമൃദ്ധിയെങ്കിലും  കൃഷിക്കാർ ഭൂരിഭാഗവും അനിശ്ചിതമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അടുത്തകാലത്തായി കർഷകരുടെ ആത്മഹത്യയുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും കർഷകർ നേരിടുന്ന ഓരോ ദുരന്തങ്ങളും ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയെക്കുറിച്ചുള്ള പ്രശംസാ വാക്കുകൾക്ക് കളങ്കമാകുന്നു.

paddy

കാർഷികനയങ്ങൾ പിഴയ്ക്കുമ്പോൾ

പതിറ്റാണ്ടുകളായി  തുടർച്ചയായുള്ള സർക്കാരുകൾ കാർഷികരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമങ്ങൾ തുടർന്നിരുന്നു. ഇന്നും തുടരുകയും ചെയ്യുന്നു. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ഒട്ടേറെ നയപരിപാടികൾക്കിപ്പുറവും കാർഷിക പ്രതിസന്ധി അയവില്ലാതെ തുടരുന്നു. 

കർഷകരുടെ പ്രശ്നങ്ങൾ ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നതിൽ ആർക്കും തർക്കമൊന്നുമില്ല. സ്വാതന്ത്ര്യത്തിന്റെ 74 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 14.6 ശതമാനം മാത്രമാണ്  കൃഷിയുടെ സംഭാവനയെങ്കിലും ഇപ്പോഴും ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേരുടെ ഉപജീവനമാർഗം കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് സുപ്രധാനവും അവഗണിക്കാനാവാത്തതുമായ യാഥാർഥ്യമാണ്. അതിനാൽ ക്രിയാത്മകവും പുരോഗമനപരവും  സുവ്യക്തവുമായ പുതിയ കാർഷിക പരിപാടികളാവണം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ ആഘോഷങ്ങളിൽ കർഷകർക്ക് മുന്നിൽ വയ്ക്കേണ്ടത്. കാർഷികമേഖലയിലെ  75 വർഷങ്ങളുടെ വ്യതിരിക്തമായ അനുഭവങ്ങളുടെ പാഠങ്ങൾ ഉപയോഗിച്ച്  പ്രശ്നത്തിന്റെ സങ്കീർണതകൾ മനസിലാക്കി, താഴെത്തട്ടിലുള്ള നേർകാഴ്ച്ചകൾ  നൽകുന്ന പുത്തൻ കർമ്മ പരിപാടി അത്യന്താപേക്ഷിതമാണ്. നേട്ടങ്ങളെ അംഗീകരിച്ചും  പരാജയങ്ങളെ വിമർശിച്ചുമുള്ള പുതുകാല തന്ത്രങ്ങളും ആവശ്യമായ നയപരമായ ഇടപെടലുകളും നടത്തി  കർഷകഉൽ‌പാദകർക്കും വ്യവസായ പങ്കാളികൾ‌ക്കും മുന്നിൽ കൃഷിയുടെ ഉത്തമവഴികൾ ചൂണ്ടിക്കാണിക്കപ്പെടണം.

paddy

വഴിത്തിരിവാകട്ടെ 75ന്റെ ആഘോഷങ്ങൾ

ഇന്ത്യയിലെ കാർഷിക മേഖലയെ ഉത്തമമായ പ്രവർത്തനക്ഷമതയിൽനിന്ന് തടയുന്ന പ്രശ്നങ്ങൾ ബഹുമുഖമാണ്. കർഷകരുടെ ക്ഷേമത്തെയാവണം കാർഷിക വികസനത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കേണ്ടത്. കൃഷി നൽകുന്നത്  ഭക്ഷണവും ഉപജീവനമാർഗവുമാണ്. കർഷകരും ഉപഭോക്താക്കളാണെന്നതോർക്കുക. കാർഷിക ഉൽപാദനക്ഷമത ഉറപ്പാക്കുന്നതിന് അവരുടെ  ആരോഗ്യവും പോഷണവും നന്നായിരിക്കണം. ലോകപ്രശസ്ത കാർഷിക വിദഗ്ധനായ ഡോ. എം.എസ്. സ്വാമിനാഥന്റെ അഭിപ്രായത്തിൽ കർഷകക്ഷേമവും സകലജനങ്ങളുടെയും പോഷകസുരക്ഷയും ഉറപ്പാക്കുന്ന ഒരു ചലനാത്മക കാർഷിക സമ്പ്രദായം വികസിപ്പിക്കേണ്ടിയിരിക്കുന്നു.

അന്താരാഷ്ട്ര വാണിജ്യ വേദികളിൽ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ  കടുത്ത നിലപാടുകൾ എടുക്കാൻ നാം പരമാവധി ശ്രമിക്കണം. ദാരിദ്ര്യം ഇപ്പോഴും ദേശത്തെ ബാധിക്കുമ്പോൾ നിറഞ്ഞ കളപ്പുരകൾ അർഥശൂന്യമാകുന്നു. കാർഷിക വളർച്ചയെന്നാൽ  ഭക്ഷ്യധാന്യങ്ങൾ വളർത്തുകയെന്നതു മാത്രമല്ലെന്നും കൃഷിക്കാർക്ക് മാന്യമായ വരുമാനമാർഗം സൃഷ്ടിക്കുന്നതാണെന്നും മറക്കാൻ പാടില്ല.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണല്ലോ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ സർക്കാരുകളുടെ പ്രഖ്യാപിതലക്ഷ്യം. കാർഷിക വിള ഇൻഷുറൻസ് പദ്ധതിയായ  പ്രധാൻമന്ത്രി ഫസൽ ബിമ യോജന, കാർഷിക വിപണനത്തിനായുള്ള ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (eNAM), കൃഷിക്കാർക്ക് വരുമാനസഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (PM- KISAN) തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ പ്രമുഖ പദ്ധതികളെല്ലാം കാർഷിക പരിതസ്ഥിതിയുടെ ഘടനാപരമായ ബലഹീനതകൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കാർഷിക സമ്പദ്ഘടനയുടെ എല്ലാ മേഖലകളെയും, കാർഷിക മൂല്യശൃംഖലയിലെ എല്ലാ കണ്ണികളെയും ഉൾക്കൊള്ളുന്ന പുതിയ കാർഷിക വികസന നയം ഉണ്ടാവേണ്ടതുണ്ട്. 

കൃഷിയുടെ സഹജപ്രശ്നമായ പ്രതിസന്ധികൾ പരിഹരിക്കാൻ പുതുതന്ത്രങ്ങൾ ആവശ്യമാണ്. ഫലപ്രദമായ വിള ഇൻഷുറൻസ്, നിയമപരമായ കരാർ കൃഷി സംരംഭങ്ങൾ, മൃഗസംരക്ഷണ / മത്സ്യ ബന്ധന മേഖലകൾ ഉൾപ്പെടുത്തിയുള്ള കൃഷിയുടെ വൈവിധ്യവൽകരണം എന്നിവ നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കും. കാർഷിക വിഭവങ്ങളുടെ ഉത്തമ ഉപയോഗം, മികച്ച ജലവിനിയോഗം (ഉദാഹരണത്തിന് ഡ്രിപ്പ് ഇറിഗേഷൻ ), കാർഷിക വായ്പാ സംവിധാനത്തിന്റെ ലാളിത്യം  എന്നിവ പ്രധാനമാകും.  കർഷകർക്ക് വിപണികളിലേക്കുള്ള പ്രവേശനം തുറക്കുക, കാർഷിക രീതികൾ നവീകരിക്കുക, പരമ്പരാഗതവും സുസ്ഥിരവുമായ സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുക, കയറ്റുമതി വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുമുള്ള തന്ത്രങ്ങൾ രൂപീകരിക്കുക എന്നിവയ്ക്കും പ്രാധാന്യം ലഭിക്കണം. ഇത്തരത്തിൽ പുതിയൊരു കാർഷിക വികസന പദ്ധതിക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉചിതമായ സമയമാണ് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാകാൻ പോകുന്ന ഈ വർഷം.

English summary: Problems in Indian Agriculture Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com