നാട്ടിലെ പ്രധാന പയ്യൻമാരൊക്കെ ബൂട്ട് കെട്ടാതെ പാടത്ത്; ഗോളടിക്കാനല്ല, വിളവെടുക്കാൻ

HIGHLIGHTS
  • ഒരു ഫുട്ബോൾ ടീമിന്റെ ഒരുമയുണ്ടായിരുന്നു ഈ യുവകർഷക സംഘത്തിന്
malappuram-youth-farming-1
യുവാക്കൾ പാടം കൊയ്യുന്നു
SHARE

ഒഴിഞ്ഞ റോ‍ഡ് കിട്ടിയാൽ പോലും ഫുട്ബോൾ ഗ്രൗണ്ട് ആക്കുന്ന കൂട്ടരാണ് മലപ്പുറത്തുകാർ. എന്നാൽ ഗോളടിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ വിത്തിറക്കി കൃഷി ചെയ്യാനുമറിയാം ഡിജിറ്റൽ തലമുറയിലെ ഈ ചെറുപ്പക്കാർക്ക് എന്നു തെളിയിച്ചിരിക്കുകയാണ് മലപ്പുറത്തെ പൂക്കോട്ടൂർ പഞ്ചായത്തിലെ പള്ളിമുക്ക് എന്ന സ്ഥലത്തെ ഒരു കൂട്ടും യുവാക്കൾ. ‘നാട്ടിലെ പ്രധാന പയ്യൻമാരൊക്കെ’ ഇരിപ്പുറപ്പിച്ച സ്ഥലത്തിനടുത്താണ് വർഷങ്ങളായി തരിശു കിടന്നിരുന്ന വയലുണ്ടായിരുന്നത്. അതു കണ്ടുകണ്ടങ്ങിരിക്കെയാണ് അവിടെ കൃഷിയിറക്കിയാലോയെന്ന ആലോചന വരുന്നത്. പിന്നീട് ഒട്ടും താമസിച്ചില്ല വയലിന്റെ ഉടമ നാട്ടുകാരൻ തന്നെ ആയതിനാൽ ചെന്നു  കാര്യം പറഞ്ഞു. പാട്ടത്തിനെടുത്തു കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലം ഉഴുതു, വിത്ത് നാട്ടിലെ കർഷകരിൽ നിന്നു സംഘടിപ്പിച്ചു. ഞാറു പറിയും നടലും എല്ലാം ഈ ചെറുപ്പക്കാർ തന്നെ.

malappuram-youth-farming-2
ഞാറു നട്ട നെൽപ്പാടം

പാടത്ത് നിന്ന് ഒരു ‘കിക്ക് ഓഫ്’

ഒരു ഫുട്ബോൾ ടീമിന്റെ ഒരുമയുണ്ടായിരുന്നു ഈ യുവകർഷക സംഘത്തിന്. പരസ്പരം കാര്യങ്ങൾ കൈമാറാനും സംശയം തീർക്കാനുമായി കൃഷി ഓഫിസർ കൂടി അംഗമായ ‘അഗ്രികൾച്ചർ’ എന്ന വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. കൃത്യമായ ഇടവേളയിൽ വളമിടലും പരിപാലനവുമൊക്കെ ഇവർ മാറി മാറി ചെയ്തു. നാട്ടുകാരും കൂട്ടുകാരും കട്ടയ്ക്ക് കൂടെ നിന്നതുകൊണ്ട് പരിചയക്കുറവിന്റെ പ്രശ്നം വലിയ രീതിയിൽ ബാധിച്ചില്ല. എല്ലാവർക്കും പുതിയ അനുഭവമായിരുന്നു സംരംഭം. ബിരുദ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ മുതൽ ചെറിയ ബിസിനസ് നടത്തുന്നവർ വരെയുണ്ടായിരുന്നു സംഘത്തിൽ. ഇതിനിടയിലെ ഒഴിവു സമയമാണ് കൃഷിക്കായി മാറ്റിവച്ചത്. എന്തായാലും ചെയ്ത പണിയിൽ പൂർണ സംതൃപ്തരാണ് ഇവരെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരായ ആസിഫും സാബികും പറയുന്നു. ആദ്യമായിട്ടായതിനാൽ അതിന്റേതായ വെല്ലുവിളികളും  നേരിടേണ്ടി വന്നതായി പറയുന്നു. രാത്രി മലയിറങ്ങി വന്നിരുന്ന പന്നികളെ വിരട്ടിയോടിക്കാൻ വയൽവക്കത്ത് ടെന്റ് വരെ കെട്ടി നിന്നിരുന്നു. ആസ്വദിച്ചു ചെയ്യുമ്പോൾ പ്രതിസന്ധികൾ വലിയ തടസ്സമായി തോന്നിയില്ല. ഇത് പറയുമ്പോൾ എല്ലാവർക്കും ഒരു ഗോളടിച്ചതിന്റെ ആവേശം.

malappuram-youth-farming-3
ഞാറു നടുന്നു

സംഗതി കൊള്ളാം പക്ഷേ...

2019ലായിരുന്നു ആദ്യമായി പാടത്തേക്കിറങ്ങിയത്. അഞ്ച് കിന്റലോളം നെല്ല് വിളവു കിട്ടി. വിളഞ്ഞ നെല്ല് പഞ്ചായത്തു വഴി സപ്ളൈകോയിലേക്ക്  ആയിരുന്നു നൽകിയത്. കൊയ്ത്തും മെതിയുമൊക്കെ ഇവർ തന്നെ കൂട്ടിന്  സുഹൃത്തുക്കളും നാട്ടിലെ ഏതാനും കർഷകരും. കൊയ്ത്തിനു ശേഷം ഇടവിളയായി പയർ കൃഷി ചെയ്തു. പിന്നീട് കോവിഡ് കാലത്തും കൃഷിയിറക്കി വിളവെടുത്തു. ഇനിയിപ്പോൾ മൂന്നാമത്തെ വിത്തിറക്കലിനു നിലമൊരുക്കി കൊണ്ടിരിക്കുന്നു. പുറത്തു നിന്നു ജോലിക്കാരില്ലാത്തതിനാലും എല്ലാം സ്വയം ചെയ്തതുകൊണ്ടും മോശമല്ലാത്ത വരുമാനം കിട്ടി. എന്നാൽ ഇതിനു  വേണ്ടി  നടത്തിയ ഒരുക്കങ്ങളും അധ്വാനവും വച്ചു നോക്കുമ്പോൾ കിട്ടിയ വരുമാനം അത്ര ആദായകരമല്ലെന്ന പരിഭവം യുവാക്കൾ മറച്ചു വയ്ക്കുന്നില്ല. എങ്കിലും ഇൻസ്റ്റാഗ്രാമും  പന്തുകളിയുമൊന്നുമല്ലാതെ നിങ്ങൾക്കെന്തറിയാമെന്ന ‘ചിലരുടെ’ ചോദ്യത്തിനു നേരെ തകർപ്പൻ ‘ബൈസിക്കിൾ കിക്ക്’ അടിച്ചതിന്റെ ആഹ്ളാദം യുവാക്കളുടെ വാക്കുകളിൽ നിറയുന്നു.

malappuram-youth-farming-4
പാടം തയാറാക്കുന്നു
malappuram-youth-farming

English summary: Story of youths at paddy fields

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA