ADVERTISEMENT

നത്തോലി ചെറിയമീനല്ല എന്നു പറയുന്നതുപോലെ ഗപ്പി ഒരു സാധാരണ മീനല്ല. ആള് ചെറുതാണെങ്കിലും നേടിത്തരുന്ന വരുമാനം വലുതാണ്. അയ്യായിരം രൂപ കയ്യിലുണ്ടെങ്കില്‍ മാസം അയ്യായിരം രൂപ വരുമാനമുണ്ടാക്കുന്ന ഗപ്പി വളര്‍ത്തല്‍ തുടങ്ങാം. 

അലങ്കാര മത്സ്യങ്ങളില്‍ ഏറ്റവും വില കുറഞ്ഞ മീനാണ് ഗപ്പിയെങ്കിലും ഗപ്പി വളര്‍ത്തലിനിറങ്ങിയവര്‍ക്കെല്ലാം ലഭിക്കുന്നതു നല്ല വരുമാനമാണ്. ഒരുകാലത്ത് ഏറ്റവുമധികം അവഗണിക്കപ്പെട്ടിരുന്ന കുഞ്ഞന്‍ മീന്‍. കൊതുകിന്റെ കൂത്താടിയെ പിടിക്കാന്‍ വളര്‍ത്തിയിരുന്ന മീന്‍. എന്നാല്‍, ഗപ്പിയുടെ തലവര തന്നെ മാറി. ജോടിക്ക് പതിനായിരം രൂപ വരെയുള്ള ഗപ്പിയുണ്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകുമല്ലോ ആളു പഴയ ഗപ്പിയല്ലെന്ന്.

അനുദിനം വലുതായി വരുന്ന ബിസിനസ്സാണ് ഇന്ന് ഗപ്പി വളര്‍ത്തല്‍. മീന്‍വളര്‍ത്തലിനു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരമാണ് ഗപ്പിയെ അതിഥി മുറിയിലെ കേമനാക്കിയത്. വിവിധ വര്‍ണങ്ങളിലുള്ള ഗപ്പികള്‍ മാത്രമുള്ള അക്വേറിയത്തിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. ഒരേ നിറത്തിലുള്ള ഗപ്പികള്‍ ഒന്നിച്ചു നീന്തുന്നതു കാണുന്നതു തന്നെ വലിയൊരലങ്കാരമാണ്. 

ദിവസവും അര മണിക്കൂര്‍ മാറ്റിവയ്ക്കാന്‍ പറ്റുമെങ്കില്‍ ആര്‍ക്കും കച്ചവട അടിസ്ഥാനത്തില്‍ ഗപ്പി വളര്‍ത്തല്‍ തുടങ്ങാം. വിദ്യാര്‍ഥികളും വീട്ടമ്മമാരുമാണ് ഇപ്പോള്‍ ഈ രംഗത്തു കൂടുതലുള്ളത്. ഗപ്പികളുടെ മാത്രം പ്രദര്‍ശനം പലയിടത്തും നടക്കുന്നുണ്ട്. ഗപ്പിയുടെ തലവര മാറ്റിയത് തായ്‌ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. ഇവിടെ വൈവിധ്യങ്ങളായ ഗപ്പികളുണ്ട്. ഇന്ത്യയിലേക്ക് പ്രധാന ഇറക്കുമതി ഇവിടെ നിന്നാണ്. 

വളരെ പെട്ടെന്നു പെറ്റുപെരുകുന്ന മത്സ്യമായതുകൊണ്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയതോതില്‍ ലാഭം ഉണ്ടാക്കാവുന്നതാണ് ഗപ്പി വളര്‍ത്തല്‍. മറ്റു മത്സ്യങ്ങള്‍ക്കുള്ളതുപോലെയുള്ള അസുഖങ്ങള്‍ കുറവാണ്. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും. വളര്‍ത്താന്‍ ചെറിയ സ്ഥലവും മതി. 

guppy-1

കുറഞ്ഞ ചെലവിലൊരു ഫാം

മറ്റു ജോലിക്കൊപ്പമോ വിനോദത്തിനോ ഗപ്പി വളര്‍ത്താന്‍ തുടങ്ങിയാല്‍ മാസത്തില്‍ ഇരുപതിനായിരം രൂപയോളം കുറഞ്ഞതു സമ്പാദിക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 

കുറഞ്ഞത് അയ്യായിരം രൂപയുണ്ടെങ്കില്‍ ഗപ്പി ഫാം തുടങ്ങാം. ഗപ്പിയെ വളര്‍ത്താനുള്ള ടാങ്കിന് അധികം പണം മുടക്കേണ്ടതില്ല. 

വലിയ വാട്ടര്‍ ടാങ്ക് വാങ്ങി നീളത്തില്‍ പകുതിയാക്കുക. അപ്പോള്‍ രണ്ട് ടാങ്ക് ലഭിക്കും. അതല്ലെങ്കില്‍ സാധാരണ സിമന്റ് തൊട്ടികള്‍ ഉപയോഗിക്കാം. തെര്‍മോകോള്‍ കൊണ്ടുള്ള ചതുരപ്പെട്ടികളില്‍ സിമന്റ് അകത്തു പൂശി പോലും ടാങ്ക് ആക്കി മാറ്റാവുന്നതേയുള്ളു. കേടു വന്ന ഫ്രിജ് കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ ലഭിക്കും. അതിന്റെ വാതില്‍ ഇളക്കി മാറ്റി മലര്‍ത്തിയിട്ടാല്‍ ഗപ്പി ടാങ്കായി. 

ആനച്ചെവിയന്‍ മുതല്‍ റെഡ് ചില്ലി വരെ

ഗപ്പിയുടെ ശരാശരി ആയുസ്സ് 2-3 വര്‍ഷമാണ്. ആണ്‍മത്സ്യങ്ങള്‍ക്കാണ് ഭംഗി. പെണ്‍മത്സ്യങ്ങള്‍ സാധാരണ പരല്‍മത്സ്യങ്ങള്‍പോലെയാണ്. ആണിന്റെ നീളന്‍ വാല്‍, കുറുകിയ വാല്‍ എന്നിവ നോക്കിയാണ് വിലയീടാക്കുന്നത്. ഗപ്പികളുടെ നിറവും വാലിന്റെ വലുപ്പവും അനുസരിച്ച് വിവിധ പേരുകളുണ്ട്. ആനച്ചെവിയന്‍, സില്‍വര്‍ റാഡോ, ജര്‍മന്‍ റെഡ്, റെഡ് ചില്ലി, ഗോള്‍ഡന്‍ കളര്‍, ഫുള്‍ ബ്ലാക്ക്, ഫുള്‍ റെഡ്, ആല്‍ബിനോ കൊയ്, ആല്‍ബിനോ റെഡ് ഐ, കിങ് കോബ്ര, വൈറ്റ് ടെക്‌സിഡോ, എമറാള്‍ഡ് ഗ്രീന്‍, ബ്ലൂ ഈഗിള്‍, പര്‍പ്പിള്‍ മൊസൈക്ക് തുടങ്ങിയ ഒട്ടേറെ ഗപ്പികള്‍ ഇപ്പോള്‍ ലോകത്തുണ്ട്. 10 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഇന്നത്തെ ഗപ്പിയുടെ വില.

സില്‍വര്‍ റാഡോയ്ക്കാണ് ജോടിക്ക് 10,000 രൂപ വില. ആല്‍ബിനോ കൊയ്, ഫുള്‍ ഗോള്‍ഡ്, റോയല്‍ റെഡ് ലെയ്‌സ് എന്നിവയ്ക്ക് 1200 രൂപയും റോയല്‍ ബ്ലൂ ലെയ്‌സിന് 800 രൂപയുമാണ് വില. 

വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

28 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം. പെണ്‍ മത്സ്യങ്ങള്‍ 20-100 വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. 3 പെണ്‍ഗപ്പികള്‍ക്ക് ഒരു ആണ്‍മത്സ്യം എന്ന തോതിലാണു  വളര്‍ത്തേണ്ടത്. ഒരേ കുടുംബത്തില്‍പ്പെട്ട ആണ്‍, പെണ്‍ മത്സ്യങ്ങളെ ഒന്നിച്ചു വളര്‍ത്തരുത്. 

ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഗപ്പികള്‍ ഇണചേര്‍ന്ന് അടുത്ത തലമുറയ്ക്ക് അവയുടെ ഗുണവും നിറവും നഷ്ടപ്പെട്ടും. ഇതു ഗപ്പിയുടെ പ്രകൃതമാണ്. ഇതിനെ ഇന്‍ബ്രീഡിങ് എന്നുപറയും. അതുകൊണ്ട് ഗപ്പിയെ വളര്‍ത്തുമ്പോള്‍ ഒറ്റപ്രസവത്തിലുണ്ടായ ആണ്‍, പെണ്‍ ഗപ്പികളെ വേവ്വേറെ വളര്‍ത്തണം. അതിലെ പെണ്‍ ഗപ്പികളുമായി ഇണചേരാന്‍ മറ്റൊരു കുടുംബത്തിലെ ആണ്‍ ഗപ്പിയെ കൊണ്ടുവരണം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇണചേരാത്ത ഗപ്പികളെ വേണം വളര്‍ത്താന്‍. രണ്ടര മാസം പ്രായമുള്ള ഇണ ചേരാത്ത ആണ്‍-പെണ്‍ ഗപ്പികളെ വാങ്ങണം. വിശ്വാസമുള്ള ബ്രീഡറുടെ കയ്യില്‍നിന്നു വേണം മീനിനെ വാങ്ങാന്‍.  കൈവശമുള്ള ഗപ്പികളുടെ നിറം വില്‍ക്കുന്ന മീനിനു ലഭിക്കാതിരിക്കാന്‍ ചില ബ്രീഡര്‍മാര്‍ കള്ളത്തരം ചെയ്യും. വിലകൂടിയ ഗപ്പികളെയാണ് ഇങ്ങനെ ചെയ്യുന്നത്. ബ്രീഡറുടെ കയ്യിലെ യഥാര്‍ഥ ഗുണമുള്ള ഗപ്പിയെ മറ്റൊരാളുടെ കൈവശം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.  ഇണ ചേര്‍ന്ന ഗപ്പികളെയാണ് ഇത്തരക്കാര്‍ വില്‍ക്കുക. മറ്റു വിഭാഗത്തില്‍പെട്ട ആണ്‍മത്സ്യത്തെക്കൊണ്ട് ഇണചേര്‍ക്കും. പിന്നെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ നേരത്തേ ഇണചേര്‍ത്ത ആണ്‍മത്സ്യത്തിന്റെതായിരിക്കും. 

പെണ്‍ഗപ്പിയുടെ ഉദരത്തില്‍ 8 മാസത്തോളം ഈ ആണ്‍ഗപ്പിയുടെ ബീജം ഉണ്ടായിരിക്കും. ഈ 8 മാസവും പെണ്‍ഗപ്പിക്ക് പ്രസവിക്കാന്‍ പിന്നീട് ഇണ ചേരേണ്ട ആവശ്യമില്ല. ഈ സമയത്തു പുതിയ ഇനത്തില്‍പെട്ട ആണ്‍ഗപ്പിയെക്കൊണ്ട് ഇണചേര്‍ത്തിട്ടും കാര്യമുണ്ടാകില്ല. ഇങ്ങനെ കബളിക്കപ്പെടാതെ ശ്രദ്ധിക്കണം. 

ഗപ്പികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. അക്വേറിയത്തിലെ വൃത്തി, വായു ലഭ്യത എന്നിവയൊക്കെ എന്നും ശ്രദ്ധിക്കണം.

കോവിഡിന്റെ തുടക്ക കാലത്ത് ഗപ്പികള്‍ക്ക് ഏറെ പ്രചാരമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വിപണിയില്‍ മാന്ദ്യമുണ്ടെന്നാണ് ഗപ്പിപ്രേമികള്‍ പറയുന്നത്. എന്നാല്‍, മികച്ച നിലവാരമുള്ള മത്സ്യങ്ങളെ വില്‍ക്കുന്നവര്‍ക്ക് വിപണിയൊരു പ്രശ്‌നമാകുന്നുമില്ല.

English summary: Guppy Breeding for Better Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com