വന്യമൃഗങ്ങളുടെ വിലപോലും മനുഷ്യജീവനില്ലേ? എങ്കിൽ ഞങ്ങളെയും വന്യജീവികളായി കരുതൂ

wild-boar
SHARE

മനുഷ്യജീവനേക്കാളേറെ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്ന നാട്ടിൽ ജീവിക്കാൻ ബുദ്ധിമുട്ടി കർഷകർ. വന്യജീവികൾ കൊല്ലപ്പെട്ടാൽ കൃഷിയിടത്തിന്റെ ഉടമയെ പ്രതിചേർക്കുകയും കർഷകർ കൊല്ലപ്പെട്ടാൽ അവഗണിക്കുകയും ചെയ്യുന്ന നാട്ടിൽ എങ്ങനെ ജീവിക്കുമെന്ന് കർഷകർ ചോദിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂർ പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സൈനുദീൻ മരിച്ച സ്ഥലത്തെത്തിയ എലിക്കോട് വെള്ളിക്കുഴങ്ങര റേഞ്ച് ഓഫീസറെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ തേർവാഴ്ചയിൽ ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ കർഷകരും നാട്ടുകാരും രോഷത്തിലാണ്. ഇത് കേവലം തൃശൂരിൽ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനവ്യാപകമായി കർഷകർ സംഘടിച്ചു രംഗത്തെത്തിയിട്ടുണ്ട്.

2 ആഴ്ച മുൻപ് സോളർ വൈദ്യുത വേലിയിൽ കുടുങ്ങി കാട്ടുപോത്ത് ചത്തപ്പോൾ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ എലിക്കോട് കോളനി റോഡിൽ സൈനുദ്ദീന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ പൊലീസ് ഉദ്യോഗസ്ഥരെത്തിയ എത്തിയ ഉടനെ സ്ഥലത്തുനിന്നും റേഞ്ച് ഓഫിസർ തിരിച്ചുപോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ വാഹനം തടഞ്ഞത്. 'സർ, കാട്ടുപോത്തിന്റെ വില പോലും ഞങ്ങൾ മനുഷ്യർക്കില്ലേ...' എന്നു ചോദിച്ചുകൊണ്ടായിരുന്നു നാട്ടുകാരുടെ വികാരനിർഭരമായ പ്രതിഷേധം. തുടർന്ന് എംഎൽഎ കെ.കെ. രാമചന്ദ്രൻ സ്ഥലത്തെത്തി ഇടപെട്ടു. ഉദ്യോഗസ്ഥരുടെ വീഴ്ചയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം മുൻകരുതലുകൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചു.

മുപ്പതിലേറെ കാട്ടാനകൾ പശുക്കളെ പോലെ മേഞ്ഞ് നടക്കുന്ന  പാലപ്പിള്ളി മേഖലയിലെ ജനങ്ങൾ ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.  കഴിഞ്ഞ ജനുവരി 29ന് ഒളനപ്പറമ്പ് ആദിവാസി കോളനിയിലെ ഊരുമൂപ്പനായിരുന്ന ഉണ്ണിച്ചെക്കനും 15നു ശാസ്താംപൂവം ആദിവാസി കോളനിയിലെ സുബ്രനും കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ചൊക്കന സ്വദേശിനി അസ്‌ന, മുറ്റത്ത് കാട്ടാനയെ കണ്ടതിനെത്തുടർന്ന് കുഴഞ്ഞുവീണ് പിന്നീട് മരിച്ചിരുന്നു.

പലപ്പോഴായി തോട്ടം തൊഴിലാളികളായ 9 പേർക്ക് വന്യമൃഗങ്ങളിൽനിന്നു പരുക്കേറ്റു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചിമ്മിനി, കുണ്ടായി റോഡുകളിൽ ഏതുസമയവും കാട്ടാനകളെ കാണുമെന്ന അവസ്ഥയാണ്. കൂട്ടത്തിൽ പത്തിലേറെ കുട്ടിയാനകളുണ്ട്. ഇവയുടെ അടുത്തേക്ക് അബദ്ധത്തിലെങ്ങാനും മനുഷ്യർ എത്തിയാൽ കൂട്ടമായ ആക്രമണം നേരിടേണ്ടി വരാം. ബൈക്കോ ആളുകളെയോ കണ്ടാൽ പാഞ്ഞടുക്കുന്നവയാണ് ചില കൊമ്പന്മാർ. പടക്കം എറിഞ്ഞാൽ  ആ ഭാഗത്തേക്ക് പോലും  പാഞ്ഞടുക്കുന്നവയാണ് ഇതിൽ ചില ആനകൾ.

ഇപ്പോൾ നാട്ടിലിറങ്ങിയ ആനകൾ ശബ്ദമുണ്ടാക്കിയാൽ തിരിച്ചു പോകുന്നവയല്ലെന്നു വനം വകുപ്പ് ജീവനക്കാർ തന്നെ പറയുന്നു. കൃഷി ന‌ശിപ്പിക്കുന്നതിനു കയ്യും കണക്കുമില്ല. പുലർച്ചെ ആനകൾ സജീവമായി തോട്ടത്തിലുണ്ടാകുമെന്നതിനാൽ തോട്ടം തൊഴിലാളികൾ ജീവൻ കയ്യിൽപിടിച്ചാണു ജോലി ചെയ്യുന്നത്.  ചൊക്കനയിൽ മരിച്ച വീട്ടമ്മയുടെയോ പലപ്പോഴായി വന്യമൃഗ ആക്രമണത്തിൽ പരുക്കേറ്റവരുടെയോ കുടുംബാംഗങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല.

തോട്ടങ്ങളിൽ ജനവാസ മേഖലയോട് ചേർന്ന് ആനകൾ തമ്പടിച്ചാൽ, വിവരം നാട്ടുകാർ വിളിച്ചു പറഞ്ഞാലും വനപാലകർ യഥാസമയം എത്തുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ആക്രമണത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞ് എത്തിയിട്ട് കാര്യമില്ല. പാലപ്പിള്ളി മേഖലയിലെ പ്രശ്‌നങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ട്. ഇവിടെ റേഞ്ച് ഓഫിസർ പോലും ഇല്ലാത്ത അവസ്ഥയാണെന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. ജലാൽ പറയുന്നു.

ആനമാത്രമല്ല പന്നിയും കുരങ്ങും മയിലുമെല്ലാം കർഷകർക്ക് ദിനംപ്രതി തലവേദനയായി മാറിയിരിക്കുകയാണ്. കൃഷിയിടത്തിൽ കയറുന്ന പന്നിയെ കൊല്ലാൻ സ്ഥല ഉടമയായ കർഷകന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും ആ അനുമതിയുടെ ഫലം ലഭിക്കുന്നത് കേവലം 12 കർഷകർക്ക് മാത്രമാണ്. ആറു പേർ നൽകിയ ഹർജിയിലായിരുന്നു കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഏതു വിധേനെയും കൊല്ലാനുള്ള അനുമതി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. പിന്നീട് ഈ കേസിൽ കക്ഷി ചേർന്ന ആറു പേർക്കുകൂടി അനുമതി ലഭിച്ചു. എന്നാൽ, കൊല്ലാൻ അനുമതി ലഭിച്ചെങ്കിലും ഇങ്ങനെ കൊല്ലപ്പെടുന്ന പന്നികൾ കർഷകർക്കുതന്നെ ബാധ്യതയാകുന്ന നിയമപ്രശ്നങ്ങളാണുള്ളത്. ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം കർഷകർ കൊന്നൊടുക്കുന്ന പന്നിയെ അധികൃതർ എത്തുന്നതുവരെ സുരക്ഷിതമായി സംരക്ഷിക്കണം. 

കർഷകർ കൊന്നൊടുക്കുന്ന പന്നികൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാവൽ നിൽക്കണമെന്നത് അപ്രായോഗികമാണെന്ന് കർഷകർ പറയുന്നു. പലപ്പോഴും രാത്രിയാണ് അവയുടെ അക്രമണമുണ്ടാവുക. രാത്രിയിൽ കൊല്ലപ്പെടുന്ന പന്നികൾക്ക് വനംവകുപ്പ് അധികൃതർ എത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും. മറ്റു ജീവികളോ മനുഷ്യരോ കടത്തിക്കൊണ്ടുപോയാലും ഉത്തരവാദി കർഷകൻതന്നെയാവും. വ്യാപകമായി കൃഷി നശിപ്പിക്കുകയും ജീവനു ഭീഷണിയാവുകയും ചെയ്യുന്ന പന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കർഷകർ നിരന്തരം ഉന്നയിക്കുന്നതാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് റോഡിനു കുറുകെ പറന്ന മയിൽ ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരന് ജീവൻ നഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബൈക്ക് യാത്രികനെ കുറ്റപ്പെടുത്തുന്ന വിധത്തിലുള്ള ചർച്ചകളാണ് ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചപ്പോൾ അയാൾ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നായിരുന്നു മൃഗസ്നേഹികളുടെ ആരോപണം. അപകടത്തിൽ മയിലും ചത്തിരുന്നു. വാഹനം ഓടിക്കുമ്പോൾ അപ്രതീക്ഷിതമായി എന്തു വന്ന് ശരീരത്തിൽ ഇടിച്ചാലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം. അതുപോലെ വലിയൊരു പക്ഷി വന്നിടിക്കുമ്പോൾ അത്യാഹിതം ഉറപ്പാണ്. ജനവാസമേഖലയിൽ ഇത്തരം ജീവികൾ വ്യാപകമാകുന്നത് സാധാരണ ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. 

English summary: Farmers and Wildlife Conflict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS