പെല്ലറ്റ് കഴിക്കുന്ന കാളാഞ്ചി, കരിമീൻ കുഞ്ഞുങ്ങളെ വാങ്ങണോ? ഇവിടേക്കു പോകാം

HIGHLIGHTS
  • ഒറ്റനോട്ടത്തിൽ ലിംഗനിർണയം സാധ്യമാക്കാൻ കഴിയുന്ന മത്സ്യമല്ല കരിമീൻ
  • പരസ്പരം ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്വഭാവം കാളാഞ്ചിക്കുണ്ട്
rgca-3
SHARE

ഭാഗം രണ്ട്

മികച്ച വളർച്ച ലഭിക്കുന്ന ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളെക്കൂടാതെ കാരച്ചെമ്മീൻ, കാളാഞ്ചി, കരിമീൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെയും എംപിഇഡിഎ–ആർജിസിഎ മൾട്ടിസ്പീഷിസ് അക്വാകൾച്ചർ സെന്ററിൽ ഉൽപാദിപ്പിക്കുകയും കർഷകരിലെത്തിക്കുകയും ചെയ്യുന്നു. ഗിഫ്റ്റ് മത്സ്യങ്ങളേപ്പോലെതന്നെ അതീവ പ്രാധാന്യം നൽകിയാണ് ഓരോ ഇനവും ഇവിടെ വളർത്തി കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്. 

ഗിഫ്റ്റ് തിലാപ്പിയകളെ എങ്ങനെ ഉൽപാദിപ്പിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എംഎസിയിൽ കരിമീൻ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ തുടങ്ങിയത് അടുത്ത കാലത്താണ്. കേരളത്തിൽ കരിമീൻ കുഞ്ഞുങ്ങൾക്കുള്ള ആവശ്യകതയും അവയുടെ ലഭ്യതക്കുറവുമാണ് കരിമീൻ ദൗത്യം ആരംഭിക്കാൻ കാരണം. പൊതുജലാശയത്തിൽനിന്ന് വ്യാപകമായി കരിമീൻ കുഞ്ഞുങ്ങളെ ശേഖരിക്കുന്നത് അവയുടെ വംശനാശത്തിനു കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ നിയന്ത്രിത സാഹചര്യങ്ങളിൽ അവയുടെ പ്രജനനം സാധ്യമാക്കേണ്ടതിന്റെ ആവശ്യം ഉയർന്നിരിക്കുന്നുവെന്ന് എംപിഇഡിഎ–ആർജിസിഎ ഡപ്യൂട്ടി ഡയറക്ടറും  എംഎസി പ്രോജക്ട് മാനേജറുമായ ഡോ. ടി.ജി. മനോജ് കുമാർ. ഇത്തരത്തിൽ പ്രത്യേകം ഉൽപാദിപ്പിക്കുന്നതിനാൽ പെല്ലറ്റ് തീറ്റ നൽകി വളർത്താമെന്ന ഗുണവും കർഷകനു ലഭിക്കും. പൊതുജലാശയങ്ങളിൽനിന്ന് ശേഖരിക്കുന്ന കരിമീൻ കുഞ്ഞുങ്ങൾ പെല്ലറ്റ് തീറ്റ കഴിക്കാൻ വിമുഖത കാണിക്കുകയും തന്മൂലം മരണനിരക്ക് ഉയരുകയും ചെയ്യുന്നുവെന്നത് നിത്യ സംഭവമാണ്.

rgca-karimeen
ആൺ, പെൺ കരിമീൻ മത്സ്യങ്ങളുമായി കെ.വി. ഗംഗാധരൻ

പൊതുജലാശയത്തിൽനിന്ന് ശേഖരിക്കുന്ന മത്സ്യങ്ങളെയാണ് എംഎസിയിൽ പ്രജനനത്തിനായുള്ള മാതൃ–പിതൃ ശേഖരത്തിലേക്ക് ഉപയോഗിക്കുന്നതെന്ന് അസിസ്റ്റന്റ് ടെക്നിക്കൽ മാനേജരായ കെ.വി. ഗംഗാധരൻ. എന്നാൽ, ഇങ്ങനെ ശേഖരിക്കപ്പെടുന്ന മത്സ്യങ്ങളെ നേരിട്ട് പ്രജനനത്തിനായി ഉപയോഗിക്കില്ല. കൃത്യമായ ക്വാറന്റീൻ, രോഗപരിശോധന എല്ലാം പൂർത്തിയാക്കി രോഗാണുമുക്തമാണെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ ഹാച്ചറിക്കുള്ളിലേക്ക് പ്രവേശിപ്പിക്കൂ. തുടർന്ന് വലിയ ടാങ്കുകളിൽ ഇണയെ കണ്ടെത്തുന്നതിനായി നിക്ഷേപിക്കും. സ്വയം ഇണയെ കണ്ടെത്തി പ്രജനനം നടത്തുന്നവരാണ് കരിമീനുകൾ. അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ടിവരും. ഇണയെ കണ്ടെത്തിയാൽ അവ മറ്റു മത്സ്യങ്ങളിൽനിന്ന് മാറി ഒരുമിച്ച് നടക്കാൻ തുടങ്ങും. ഈ സാഹചര്യത്തിൽ അവയെ മറ്റൊരു ടാങ്കിലേക്ക് മാറ്റും. മുട്ടകൾ പതിപ്പിച്ചുവയ്ക്കുന്നതിനായി മൺചട്ടികളും കലങ്ങളും ഈ ടാങ്കുകളിൽ സജ്ജീകരിച്ചിരിക്കും.

rgca-2
കരിമീൻ

ഒറ്റനോട്ടത്തിൽ ലിംഗനിർണയം സാധ്യമാക്കാൻ കഴിയുന്ന മത്സ്യമല്ല കരിമീൻ. അതുകൊണ്ടുതന്നെ ജോടിയായി നടക്കുന്ന മത്സ്യങ്ങളിൽപ്പോലും ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ശരീരത്തിന്റെ നിറം സസൂക്ഷ്മം നിരീക്ഷിച്ചാൽ ഏറെക്കുറെ ആൺ പെൺ വ്യത്യാസം തിരിച്ചറിയാം. അതുപോലെ പെൺമത്സ്യങ്ങൾക്ക് ആൺമത്സ്യങ്ങളെ അപേക്ഷിച്ച് വലുപ്പക്കുറവും ഉണ്ടാവും. എന്നാൽ, പല പ്രായത്തിലുള്ള മത്സ്യങ്ങളാണെങ്കിൽ വലുപ്പം നോക്കി ആൺ–പെൺ ലിംഗനിർണയം സാധ്യമാകില്ല. അതുകൊണ്ടുതന്നെ ജനനേന്ദ്രിയം പരിശോധിച്ചുവേണം ലിംഗനിർണയം സാധ്യമാക്കാൻ. 

ചട്ടിയിൽ പതിപ്പിച്ചു വയ്ക്കപ്പെടുന്ന മുട്ടകൾ ചട്ടിയോടെതന്നെ പുറത്തെടുത്ത് ഹാച്ചറിയിൽ വിരിയിക്കുകയാണ് ഇവിടെ ചെയ്യുക. 70–72 മണിക്കൂർ വേണ്ടിവരും മുട്ട വിരിയാൻ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ലൈവ് ഫീഡും തുടർന്ന് വളർച്ച അനുസരിച്ച് ഘട്ടം ഘട്ടമായി പെല്ലെറ്റ് തീറ്റയിലേക്കും എത്തിക്കുന്നു. നന്നായി പെല്ലറ്റ് കഴിക്കുന്ന കരിമീൻ കുഞ്ഞുങ്ങളെയായിരിക്കും കർഷകർക്ക് ലഭിക്കുക.

മത്സ്യക്കർഷകർക്കിടയിലെ പ്രീമിയം മത്സ്യയിനമാണ് കാളാഞ്ചി. ശുദ്ധജലത്തിലും ഓരുജലത്തിലും സമുദ്രജലത്തിലും ഒരുപോലെ വളർത്താൻ കഴിയുന്ന കാളാഞ്ചിമത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയും എംഎസിയിൽ വളർത്തിയെടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ തൊടുവൈയിലുള്ള ആർജിസിഎയുടെതന്നെ ഹാച്ചറിയിലാണ് കാളാഞ്ചിക്കുഞ്ഞുങ്ങളുടെ ഉൽപാദനം നടക്കുന്നത്. അവിടെനിന്ന് കുഞ്ഞുങ്ങളെ ഇവിടെത്തിച്ച് വളർത്തിയെടുത്തശേഷമാണ് കർഷകർക്ക് നൽകുക. മാംസാഹാരികളായ കാളാഞ്ചിയുടെ പെല്ലറ്റ് തീറ്റ കഴിക്കുന്ന കുഞ്ഞുങ്ങളെയാണ് ഇവിടെനിന്ന് ലഭിക്കുക. 

rgca-canibalism
കാളാഞ്ചിയിലെ കനിബാലിസം പ്രവണത

മറ്റു മത്സ്യയിനങ്ങളെ അപേക്ഷിപ്പ് പരസ്പരം ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്വഭാവം കാളാഞ്ചിക്കുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേക ഗ്രേഡറുകൾ ഉപയോഗിച്ച് വേർതിരിക്കും. അതുകൊണ്ടുതന്നെ പരസ്പരം ആഹാരമാക്കുന്ന കനിബാലിസം എന്ന പ്രവണത കുറയ്ക്കാൻ സാധിക്കും. മാത്രമല്ല, വളരെയേറെ സമയമെടുത്താണ് ഇവർക്ക് ഭക്ഷണം നൽകുന്നത്.

rgca-1
ഗ്രേഡർ ഉപയോഗിച്ച് വർതിരിക്കുന്നു

മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം മാത്രമല്ല, മത്സ്യങ്ങളുടെ രോഗനിർണയത്തിനായി ഇവിടെയുള്ള ലബോട്ടറിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിച്ച ആധുനിക ലബോറട്ടറിയിൽ കർഷകർക്കും തങ്ങളുടെ മത്സ്യങ്ങളെയും മത്സ്യക്കുളങ്ങളിലെ വെള്ളവും പരിശോധിക്കാൻ സാധിക്കും. ഇതിന് നിശ്ചിത ഫീസുണ്ട്. മത്സ്യങ്ങളെ ആക്രമിക്കുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് രോഗാണുക്കളെ തിരിച്ചറിയാനും വെള്ളത്തിന്റെ നിലവാരം പരിശോധിക്കാനുമുള്ള സംവിധാനങ്ങളാണ് ഇവിടുള്ളത്. മത്സ്യങ്ങളുടെ രോഗനിർണയത്തിനായി സാംപിളുകൾ എത്തിക്കുമ്പോൾ ചില കാര്യങ്ങൾ കർഷകർ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവനുള്ള മത്സ്യങ്ങളെ, അവ കിടന്നിരുന്ന വെള്ളത്തിൽത്തന്നെ പ്രത്യേകം പായ്ക്ക് ചെയ്തുവേണം കൊണ്ടുവരാൻ. ജീവൻ നഷ്ടപ്പെട്ടാൽ രോഗനിർണയം കൃത്യമായിരിക്കില്ല. അതുപോലെ പരിശോധിക്കുന്നതിനുള്ള വെള്ളം എത്തിക്കുന്നതിന് മിനറൽ വാട്ടർ ബോട്ടിലുകളായിരിക്കണം ഉപയോഗിക്കേണ്ടത്. ശീതളപാനീയ കുപ്പികളോ മദ്യക്കുപ്പികളോ ഉപയോഗിക്കാൻ പാടില്ല.

കൂടുതൽ വിവരങ്ങൾക്കും മത്സ്യക്കുഞ്ഞുങ്ങളുടെ ബുക്കിങ്ങിനും 0484 2975595 

English summary: Rajiv Gandhi Centre for Aquaculture 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA