ഹോമിലൂടെ കേരളത്തില്‍ ട്രെന്‍ഡ് ആയി ആല്‍ബിനോ ജയന്‌റ് ഗൗരാമി; പ്രശ്‌നം ഗുരുതരം

HIGHLIGHTS
  • പ്രായപൂര്‍ത്തിയാകാന്‍ കൂടുതല്‍ കാലം വേണ്ടിവരുന്ന മത്സ്യമാണ് ജയന്‌റ് ഗൗരാമികള്‍
  • അക്വേറിയത്തിന് അനുയോജ്യം ചെറിയ മത്സ്യങ്ങള്‍
  • അരുമയായി മാറാന്‍ മിടുക്കര്‍
giant-gourami-home-movie
SHARE

ഹോം എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയത് ആല്‍ബിനോ ജയന്റ് ഗൗരാമി എന്ന മത്സ്യം കൂടിയാണ്. ചുവന്ന കണ്ണുകളും ചുവപ്പിന്റെ സാന്നിധ്യമുള്ള വെള്ള-സ്വര്‍ണ മേനിയുമാണ് ആല്‍ബിനോ ജയന്‌റ് ഗൗരാമികളുടെ പ്രത്യേകത. വളര്‍ത്തുമത്സ്യങ്ങളില്‍ ഏറ്റവും വളര്‍ച്ചയുള്ളതും അതുപോലെതന്നെ മനുഷ്യരോട് ഇണങ്ങുന്നതുമായ ഇനം കൂടിയാണ് ഇവ. 'ഹോമി'ല്‍ ഉള്ളത് ആല്‍ബിനോ ഇനം ആണെങ്കിലും കേരളത്തില്‍ ഇവ കൂടാതെ ബ്ലാക്ക്, പിങ്ക്, റെഡ് ടെയില്‍ എന്നിങ്ങനെ മൂന്നിനം ജയന്‌റ് ഗൗരാമികള്‍ക്കൂടി പ്രചാരത്തിലുണ്ട്.

ഹോം സിനിമയ്ക്കു ശേഷം അകത്തളങ്ങളിലെ ചില്ലു ടാങ്കുകളില്‍ വളര്‍ത്താന്‍ ജയന്‌റ് ഗൗരാമികളെ അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍, ഇത്തരക്കാരില്‍ നല്ലൊരു ശതമാനം ആളുകളും വലിയ മത്സ്യങ്ങളെത്തന്നെയാണ് അന്വേഷിക്കുക. ഇതിനു പിന്നില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ജയന്‌റ് ഗൗരാമികളെ വാങ്ങുമ്പോഴും വളര്‍ത്തുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ആഗ്രഹിച്ചു മോഹിച്ചു വാങ്ങിയ മത്സ്യം നഷ്ടപ്പെടുകയും അതോടൊപ്പം മാനസിക വിഷമവും സാമ്പത്തിക നഷ്ടവും ഉണ്ടാവുകയും ചെയ്യും. ഈ ലേഖനത്തില്‍ ജയന്‌റ് ഗൗരാമികളെ വാങ്ങുമ്പോളും അക്വേറിയത്തില്‍ പാര്‍പ്പിക്കുമ്പോളും എന്തെല്ലാം ശ്രദ്ധിക്കണമെന്ന് പരാമര്‍ശിക്കുന്നു.

giant-gourami-1
തിരുവനന്തപുരത്തെ ഒരു ഇൻഡോർ അക്വേറിയം

കുറഞ്ഞ സ്ഥലത്തുപോലും വളര്‍ത്താമെന്നതാണ് ജയന്‌റ് ഗൗരാമികളുടെ പ്രത്യേക. അതായത് ചില്ലു ടാങ്കുകളിലും വലിയ ജലാശയങ്ങളിലും ഒരുപോലെ വളര്‍ത്താം. അതുപോലെ, അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ വെള്ളത്തില്‍ പ്രാണവായുവിന്റെ അളവ് കുറഞ്ഞാല്‍ പോലും ഇവയ്ക്കു പ്രശ്‌നമില്ല. അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കുന്നതാണ് ഇവരുടെ രീതി. മാത്രമല്ല, വെള്ളത്തിലെ അമോണിയ, അമ്ല-ക്ഷാരനില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ പോലും ഒരു പരിധിവരെ തരണം ചെയ്യാന്‍ ഇവയ്ക്കു കഴിയും. 

മുകളില്‍ പറഞ്ഞവയൊക്കെ ജയന്‌റ് ഗൗരാമി മത്സ്യങ്ങളുടെ പ്രധാന മേന്മകളാണെങ്കിലും സമ്മര്‍ദ്ദം (Stress) പ്രതികൂലമായി ബാധിക്കുന്ന മത്സ്യങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയാണ് ജയന്‌റ് ഗൗരാമികള്‍. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ മരണത്തിലേക്കാണ് മത്സ്യത്തിന്‌റെ സഞ്ചാരമുണ്ടാവുക.

giant-gourami--3

മത്സ്യത്തെ വാങ്ങുമ്പോള്‍

ശരാശരി 1.5 ഇഞ്ച് വലുപ്പത്തിനു മുകളിലുള്ള ജയന്‌റ് ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് ഉത്തമം. വലുപ്പം കുറയുന്തോറും അതിജീവന നിരക്ക് കുറയും. അതുപോലെതന്നെ ആല്‍ബിനോ, പിങ്ക് ഇനങ്ങളെ വാങ്ങുമ്പോള്‍ കുറഞ്ഞത് 2 ഇഞ്ച് വലുപ്പമുള്ളതിനെയെങ്കിലും വാങ്ങിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഈ രണ്ട് ഇനങ്ങള്‍ക്കും മറ്റുള്ളവയെ അപേക്ഷിച്ച് പ്രതിരോധശേഷി അല്‍പം കുറവാണ്.

ശക്തമായി മഴയുള്ള സമയങ്ങളില്‍ വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വെള്ളത്തിലെ താപനില താഴുന്നതിനാല്‍ മത്സ്യങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. അതുകൊണ്ടുതന്നെ വീണ്ടുമൊരു ജലാശയ മാറ്റം സംഭവിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുകയും ബാക്ടീരിയ, ഫംഗസ് പോലുള്ള രോഗകാരികളുടെ ആക്രമണം മത്സ്യങ്ങളില്‍ ഉണ്ടാവുകയും ചെയ്യുന്നു. 

ജയന്‌റ് ഗൗരാമികളെ ബ്രീഡ് ചെയ്യുന്നവരില്‍നിന്നോ അക്വേറിയം ഷോപ്പുകളില്‍നിന്നോ വാങ്ങാം. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് വാങ്ങുന്നതാണ് രോഗങ്ങളില്ല, ആരോഗ്യമുള്ളതാണ് തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പു വരുത്താന്‍ നല്ലത്. രോഗകാരികളായ മത്സ്യങ്ങള്‍ പുതിയ ടാങ്കിലേക്ക് എത്തിയാല്‍ രോഗം മൂര്‍ച്ഛിക്കുകയേയുള്ളൂ. ക്രമേണ ചാവുകയും ചെയ്യും. അതിനാല്‍ ചുറുചുറുക്കുള്ള, ശരീരത്തില്‍ പാടുകളില്ലാത്ത കുഞ്ഞുങ്ങളെ വേണം വാങ്ങാന്‍.

അക്വേറിയത്തില്‍ വളര്‍ത്താന്‍

കമ്യൂണിറ്റി മത്സ്യമായി വളര്‍ത്താന്‍ കഴിയുമെങ്കിലും ചെറിയ ടാങ്കുകളില്‍ ഇവയെ വളര്‍ത്തുമ്പോള്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കുന്നതാണ് നല്ലത്. അകത്തളങ്ങളില്‍ 4 നീളം, 2 അടി വീതി, 2 അടി ഉയരമുള്ള ചില്ലു ടാങ്കില്‍ ഒരു വലിയ മത്സ്യത്തെ വളര്‍ത്താം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ രണ്ടു മത്സ്യങ്ങളെ ഒരുമിച്ച് പാര്‍പ്പിക്കാന്‍ ശ്രമിക്കരുത്. പരസ്പരം ആക്രമിച്ച് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തും. ചെറിയ മത്സ്യമാണെങ്കിലും വലിയ മത്സ്യമാണെങ്കിലും ഒരു ടാങ്കില്‍ ഒരു മത്സ്യമാണ് നല്ലത്. അതുപോലെ വലിയ കുളങ്ങള്‍ക്ക് സമാനമായ ഇന്‍ഡോര്‍ അക്വേറിയങ്ങളില്‍ ജയന്‌റ് ഗൗരാമികളെ വളര്‍ത്തുന്ന ഹോബിയിസ്റ്റുകള്‍ കേരളത്തിലുണ്ട്. വലുപ്പം കൂടുതലുള്ള ടാങ്ക് ആയതിനാല്‍ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം. പക്ഷേ, എല്ലാ മത്സ്യങ്ങളെയും ഒരേ സമയം നിക്ഷേപിക്കുന്നത് പരസ്പരമുള്ള ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. 

ഇന്‍ഡോര്‍ അക്വേറിയങ്ങള്‍ക്കാണ് ഗൗരാമി എറ്റവും അനുയോജ്യം. പുതുതായി എത്തിക്കുമ്പോള്‍ അധികം പ്രകാശം ലഭിക്കാത്ത വിധത്തിലായിരിക്കണം ടാങ്ക് സജ്ജീകരിക്കേണ്ടത്. ക്രമേണ 2-3 ആഴ്ചകള്‍ക്കൊണ്ട് പ്രകാശത്തിന്‌റെ തോതുയര്‍ത്താം. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായിരിക്കണം അക്വേറിയം സ്ഥാപിക്കേണ്ടത്. ഭയം ഗൗരാമികളുടെ കൂടെപ്പിറപ്പാണ്. അത് മാറ്റി പുതിയ ടാങ്കുമായി ഇണങ്ങുന്നതിനാണ് പ്രകാശം കുറയ്ക്കണമെന്ന് പറയുന്നത്. പ്രകാശമുള്ളത് മത്സ്യങ്ങളെ സമ്മര്‍ദത്തിലാക്കും. ചെറിയ മത്സ്യങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ പ്രത്യേക ഹൈഡിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതും നല്ലതാണ്. പുതുതായി നിക്ഷേപിക്കുന്ന ടാങ്കില്‍ മെത്തിലിന്‍ ബ്ലൂവോ, അക്രിഫ്‌ളാവിനോ അടങ്ങിയ ലായനികള്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇവ അക്വേറിയം ഷോപ്പുകളില്‍ ലഭ്യമാണ്. ഈ ലായനികളുടെ ചെറിയ നിറം മത്സ്യങ്ങളെ നിക്ഷേപിക്കുന്ന വെള്ളത്തിന് ലഭിച്ചാല്‍ മതി.

giant-gourami

ഭക്ഷണം

സസ്യാഹാരികളാണ് ജയന്‌റ് ഗൗരാമികളെങ്കിലും ചെറു മത്സ്യങ്ങളെയും പ്രാണികളെയും ഇറച്ചിയുമെല്ലാം കഴിക്കാന്‍ ഇവര്‍ക്ക് മടിയില്ല. എന്നാല്‍, പൂര്‍ണമായും സസ്യാഹാരം നല്‍കുന്നതാണ് ആരോഗ്യത്തിനും ആയുസിനും നല്ലത്.

ചേമ്പില, അസോള, ഡക്ക് വീഡ്, മള്‍ബറിയില, ചേനയില, ചീര, പയര്‍ തുടങ്ങി എല്ലാത്തരം ഇലവര്‍ഗങ്ങളും ഗൗരാമികള്‍ക്ക് പ്രിയപ്പെട്ടതാണ്. കപ്പ, പപ്പായ എന്നിവയുടെ ഇല ഒഴിവാക്കുന്നത് വെള്ളം മോശമാകാതിരിക്കാന്‍ നന്ന്. അതുപോലെ പച്ചക്കറികളും മത്സ്യങ്ങളുടെ വലുപ്പം അനുസരിച്ച് അരിഞ്ഞു നല്‍കാം. ഏതു ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിലും അല്‍പാല്‍പം നല്‍കി ശീലിപ്പിച്ചെടുക്കണം. സ്ഥിരമായി ഒരിനം ഭക്ഷണം നല്‍കുന്നതിലും നല്ലത് മാറിമാറി നല്‍കുന്നതാണ്. അതുപോലെ ദിവസത്തില്‍ ഒരു നേരം മാത്രം മതി ഭക്ഷണം. ശരീരവലുപ്പം അനുസരിച്ചുള്ള വലുപ്പം ഇവയുടെ വയറിനും ദഹനവ്യൂഹത്തിനുമില്ല. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിച്ചാല്‍ ദഹനപ്രശ്‌നം, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് എത്തും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പെല്ലറ്റ് തീറ്റകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പെല്ലെറ്റ് തീറ്റ സ്ഥിരമായി കഴിക്കുന്ന മത്സ്യങ്ങളില്‍ ഉദരരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. പെറ്റ് എന്ന രീതിയില്‍ വളര്‍ത്തുമ്പോള്‍ ആരോഗ്യത്തിനും ആയുസിനുമായിരിക്കണം മുഖ്യ പ്രാധാന്യം നല്‍കേണ്ടത്. പെല്ലെറ്റ് നല്‍കാന്‍ താല്‍പര്യമുള്ളവര്‍ കുറഞ്ഞപക്ഷം അത് കുതിര്‍ത്തതിനുശേഷം മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ഹോം എന്ന മലയാളം സിനിമയിൽ മിക്കി എന്ന വിളിപ്പേരിലെത്തിയ വലിയ മത്സ്യം. ആൽബിനോ ജയന്റ് ഗൗരാമി എന്ന മത്സ്യമാണ് സിനിമയിലുള്ളത്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ഷിബു സുശീലന്റെ വീട്ടിലാണ് സിനിമയിൽ ഉണ്ടായിരുന്ന മത്സ്യം ഇപ്പോഴുള്ളത്

ആയുസ്

വളര്‍ത്തുമത്സ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാന്‍ കൂടുതല്‍ കാലം വേണ്ടിവരുന്ന മത്സ്യമാണ് ജയന്‌റ് ഗൗരാമികള്‍. 4 വര്‍ഷത്തിലാണ് ഇവ പ്രായപൂര്‍ത്തിയാവുക. അതുകൊണ്ടുതന്നെ ആയുര്‍ദൈര്‍ഘ്യത്തിലും ഗൗരാമി മുന്‍പന്തിയിലാണ്. കൃത്യമായ പരിചരണമുണ്ടെങ്കില്‍ ശരാശരി 15 വര്‍ഷം ആയുസ് ലഭിക്കും. അതേസമയം, 30 വയസിനു മുകളില്‍ പ്രായമുള്ള ജയന്‌റ് ഗൗരാമി മത്സ്യങ്ങള്‍ കേരളത്തിലെ കര്‍ഷകരുടെ പക്കലുണ്ട്. നല്ല സാഹചര്യം, നല്ല ഭക്ഷണം എന്നിവയെല്ലാമാണ് ആരോഗ്യത്തിന്റെയും ആയുസിന്റെയും അടിത്തറ.

വളര്‍ച്ച

ആദ്യത്തെ 2 വര്‍ഷം (മുട്ട വിരിഞ്ഞതു മുതല്‍) അതിവേഗ വളര്‍ച്ച ഗൗരാമികള്‍ക്ക് ലഭിക്കില്ല. അക്വേറിയത്തില്‍ വളരുമ്പോള്‍ വലിയ ജലാശയങ്ങളിലെ വളര്‍ച്ചയുടെ തോത് ലഭിക്കുകയുമില്ല. എങ്കിലും, 2 വര്‍ഷംകൊണ്ട് അക്വേറിയത്തിലെ അഴകായി മാറാന്‍ ഗൗരാമികള്‍ക്കാകും. 

അക്വേറിയത്തിന് അനുയോജ്യം ചെറിയ മത്സ്യങ്ങള്‍

വലിയ ജലാശയത്തില്‍ കിടന്നു ശീലിച്ച വലിയ മത്സ്യങ്ങളെ പെട്ടെന്ന് ചെറിയ ടാങ്കുകളിലേക്ക് മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വിശാലമായ ജലാശയത്തില്‍ നീന്തിത്തുടിച്ചുനടന്ന മത്സ്യം ചെറിയ ടാങ്കിലേക്ക് വരുമ്പോള്‍ സമ്മര്‍ദത്തില്‍ അകപ്പെടും. ഇത് ക്രമേണ അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകും. മാത്രമല്ല പുറത്തേക്ക് ചാടാനുള്ള പ്രവണതയും ഭയവും ഇവരില്‍ കൂടുതലായിരിക്കും. ഇണക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. 

അരുമയായി മാറാന്‍ മിടുക്കര്‍

കൈയില്‍നിന്ന് തീറ്റയെടുക്കാനും മനുഷ്യരോട് അടുക്കാനും ഗൗരാമികള്‍ മിടുക്കരാണ്. അതുകൊണ്ടുതന്നെ ആഗോവ്യാപകമായി അകത്തളങ്ങളിലെ ചില്ലുടാങ്കിലെ രാജാക്കന്മാരാണ് ജയന്‌റ് ഗൗരാമികള്‍. എല്ലാ ഇനങ്ങളും അക്വേറിയത്തില്‍ വളര്‍ത്താന്‍ അത്യുത്തമം തന്നെ.

giant-gourami--2

രോഗങ്ങള്‍

സമീപകാലത്ത് ജയന്‌റ് ഗൗരാമി മത്സ്യങ്ങളില്‍ ബാക്ടീരിയ മൂലമുള്ള മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രാജീവ് ഗാന്ധി സെന്‌റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്‌റെ എറണാകുളം വല്ലാര്‍പാടത്തുള്ള മള്‍ട്ടി സ്പീഷിസ് അക്വാകള്‍ച്ചര്‍ സെന്ററിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കേരളത്തിലെ ജയന്‌റ് ഗൗരാമികളില്‍ മോട്ടില്‍ എയ്‌റോമൊണാസ് സെപ്റ്റിസീമിയ (MAS) എന്ന ബാക്ടീരിയ കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. മഴ കൂടുതലുള്ള സമയങ്ങളില്‍ തീറ്റ എടുക്കാതിരിക്കുക, ജലാശയോപരിതലത്തില്‍ പൊങ്ങിനില്‍ക്കുക, ചലനം കുറയുക, ശരീരം വിളറുകയും ചുവപ്പു നിറത്തില്‍ കാണുകയും ചെയ്യുക, ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുക, ശല്‍ക്കങ്ങള്‍ ദ്രവിക്കുക തുടങ്ങിയവയെല്ലാം ഈ ബാക്ടീരിയല്‍ രോഗത്തിന്‌റെ ലക്ഷണങ്ങളാണ്. കൃത്യമായ പരിചരണം നല്‍കി രോഗം വരാതെ കാത്തുസൂക്ഷിക്കുക എന്നതാണ് രോഗം വന്നശേഷം ചികിത്സിക്കുന്നതിലും നല്ലത്.

മത്സ്യങ്ങള്‍ അല്‍പപ്രാണികളാണ്. അസുഖങ്ങള്‍ പിടിപെട്ടാല്‍ അതിവേഗം മൂര്‍ച്ഛിക്കും. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ നല്‍കിയിരിക്കണം. മത്സ്യങ്ങളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ആന്റിബയോട്ടിക് ചികിത്സ നല്‍കേണ്ടിവരും. ജലാശയം വൃത്തിയാക്കാനുള്ളവര്‍ മഴക്കാലം തുടങ്ങുമ്പോള്‍ത്തന്നെ വെള്ളം മാറി കുളം വൃത്തിയാക്കി മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കണം. ശേഷം കുളത്തിന്‌റെ വിസ്തൃതി അനുസരിച്ച് കല്ലുപ്പ് വിതറുകയും ചെയ്യണം. ഒരു സെന്‌റ് കുളത്തില്‍ 5 പായ്ക്കറ്റ് കല്ലുപ്പ് 2 ഘട്ടമായി വിതറിക്കൊടുക്കുന്നതാണ് നല്ലത്. അക്വേറിയങ്ങളില്‍ ഒരു ലീറ്റര്‍ വെള്ളത്തിന് 0.5 ഗ്രാം കല്ലുപ്പ് മുന്‍കരുതല്‍ എന്ന തോതില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്.

അക്വേറിയങ്ങളില്‍ വളരുന്ന ജയന്‌റ് ഗൗരാമികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് കണ്ണിന് ക്ഷതം. വാതായനത്തിനു വേണ്ടി സ്ഥാപിച്ചിരിക്കുന്ന പമ്പില്‍നിന്നുള്ള ശക്തിയായ ജലപ്രവാഹവും വായുകുമിളകളും കണ്ണുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ ശക്തിയായി കുമികളകള്‍ പുറത്തേക്കു വിടാത്ത തരത്തിലുള്ള വാതായന സംവിധാനങ്ങളായിക്കണം ഒരുക്കേണ്ടത്. അതുപോലെ ടാങ്കിനു പുറത്തു വയ്ക്കുന്ന വിധത്തിലുള്ള ജലശുദ്ധീകരണ സംവിധാനങ്ങളുമാണ് ഉത്തമം.

പ്രധാന രോഗങ്ങള്‍ ഒറ്റനോട്ടത്തില്‍

1. ബാക്ടീരിയ: മഴ കൂടുതലുള്ള സമയങ്ങളില്‍ തീറ്റ എടുക്കാതിരിക്കുക, ജലാശയോപരിതലത്തില്‍ പൊങ്ങിനില്‍ക്കുക, ചലനം കുറയുക, ശരീരം വിളറുകയും ചുവപ്പു നിറത്തില്‍ കാണുകയും ചെയ്യുക, ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുക, ശല്‍ക്കങ്ങള്‍ ദ്രവിക്കുക.

2. ഫംഗസ്: ശരീരം പൊതിഞ്ഞ് വെളുത്ത ആവരണം, വെള്ളത്തിന് ഉപരിതലത്തില്‍ പൊങ്ങി നില്‍ക്കുക, ശരീരത്തില്‍ മുറിവുകള്‍, ചെതുമ്പലുകള്‍ ദ്രവിക്കുക, ഭക്ഷണം എടുക്കാന്‍ മടി തുടങ്ങിയവ ലക്ഷണങ്ങള്‍.

3. ഉദരരോഗം: വയര്‍ വീര്‍ക്കുക, ഭക്ഷണം കഴിക്കാന്‍ മടി, വയര്‍ മുകളിലേക്ക് ആവുക (ഇങ്ങനെ സംഭവിച്ചാല്‍ ശ്വസിക്കാന്‍ കഴിയില്ല, പെട്ടെന്ന് മരണം സംഭവിക്കും).

4. പോപ് ഐ: കണ്ണുകള്‍ക്ക് ക്ഷതം സംഭവിച്ചാലോ, വെള്ളത്തില്‍ മര്‍ദ്ദം ഉയര്‍ന്നാലോ, ബാക്ടീരിയ അണുബാധ മൂലമോ കണ്ണുകള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ.

കൂടുതൽ വിവരങ്ങൾക്ക്: ibinjoseph@mm.co.in

English summary: Giant gourami fish in home movie, Giant Gourami, #Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA