ADVERTISEMENT

പന്നിവളര്‍ത്തല്‍ മുഖ്യതൊഴിലായി ഉപജീവനം നടത്തുന്ന മലേഷ്യയിലെ കബൂങ് ബാറു സുന്ഗയി നിപ മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ 1998 - 99 കാലഘട്ടത്തില്‍ തീവ്രതയുള്ള രോഗവും വ്യാപകമരണവും വിതച്ച അജ്ഞാതരോഗാണുവിനെ തേടി പ്രദേശത്തെ ഡോക്ടറായിരുന്ന ലാം സായ് കിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രാന്വേഷണമായിരുന്നു നിപ വൈറസ് എന്ന മാരകരോഗകാരിയിലേക്ക് വെളിച്ചം വീശിയത്. രോഗാണുവിന്റെ റിസര്‍വോയര്‍ അഥവാ സ്രോതസ്സുകളായ റ്റീറോപസ് (Pteropsu) എന്ന വലിയ പഴംതീനി വവ്വാലുകളില്‍നിന്നും പന്നികളിലേക്കും, പന്നികളില്‍നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു വൈറസ് പകര്‍ച്ച സംഭവിച്ചത്. പിന്നീട് സിംഗപ്പൂരിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. രോഗപകര്‍ച്ചയുടെ വഴികള്‍ സമാനമായിരുന്നു. 

ബംഗ്ലാദേശിലെ മെഹര്‍പൂര്‍ ജില്ലയില്‍ നിപ വൈറസ് രോഗം കണ്ടെത്തിയത് 2001ല്‍ ആയിരുന്നു. ഏറെ താമസിയാതെ ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടര്‍ന്നു. തൊട്ടടുത്ത വര്‍ഷങ്ങളിലും ബംഗ്ലാദേശില്‍ പലയിടങ്ങളിലായി നിപ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2012 മാര്‍ച്ച് വരെ ബംഗ്ലാദേശില്‍ 263 പേരെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധിച്ചവരില്‍ 75 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങി.    ഇന്ത്യയില്‍ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് 2001ല്‍ പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ആയിരുന്നു. 71 പേരെ വൈറസ് ബാധിക്കുകയും 50 പേര്‍ മരണമടയുകയും ചെയ്തു. പശ്ചിമബംഗാളിലെ നാദിയയില്‍ 2007ല്‍ 30 പേര്‍ക്ക് നിപ രോഗബാധയുണ്ടാവുകയും വൈറസ് 5 പേരുടെ ജീവന്‍ കവരുകയുമുണ്ടായി. 

കേരളത്തില്‍ 2018 മേയ് 2 മുതല്‍ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തില്‍ 23 പേര്‍ക്ക് വൈറസ് ബാധിക്കുകയും ആരോഗ്യപ്രവര്‍ത്തകയുള്‍പ്പെടെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയുമുണ്ടായി, തൊണ്ണൂറ്റിരണ്ട് ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവര്‍ക്കിടയില്‍ മരണനിരക്ക്. തൊട്ടടുത്ത വര്‍ഷം വീണ്ടും കേരളത്തില്‍ നിപ രോഗം കണ്ടെത്തി. എറണാകുളത്തെ 21 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുന്‍വര്‍ഷത്തോളം തീവ്രമായില്ലെന്ന് മാത്രമല്ല രോഗം ഒരാളില്‍ മാത്രം ഒതുക്കി നിര്‍ത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് സാധിച്ചു. കോവിഡ് മഹാമാരിക്കെതിരായ നമ്മുടെ അതിജീവനപോരാട്ടം ഒന്നരവര്‍ഷം പിന്നിട്ടും തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ നിപ വൈറസിന്റെ മൂന്നാം വരവുണ്ടായിരിക്കുന്നത്.

nipah-2

നിപ വൈറസ് മനുഷ്യനില്‍ എത്തിയ വഴി 

മലേഷ്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ പെറാക്കിലെ കബൂങ് ബാറു സുന്ഗയി നിപ പ്രദേശത്തോട് ചേര്‍ന്ന് 1998-99 കാലഘട്ടത്തില്‍ ഉണ്ടായ ശാസ്ത്രചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ നിപ രോഗവ്യാപനത്തില്‍ ജീവന്‍ നഷ്ടമായത് നൂറിലധികം ആളുകള്‍ക്കായിരുന്നു. മലേഷ്യയില്‍ നിപ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയ ശാസ്ത്രപഠനങ്ങള്‍ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളിലാണ് ഒടുവിലെത്തിയത്. നിപ വൈറസ് രോഗം കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ മലേഷ്യയിലും അയല്‍ രാജ്യമായ ഇന്തോനേഷ്യയിലും കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു വനനശീകരണം നടന്നത്. 1995-2000 കാലഘട്ടത്തില്‍ മാത്രം മൊത്തം വനവിസ്തൃതിയുടെ 14.4 ശതമാനത്തോളമായിരുന്നു മലേഷ്യയ്ക്ക് നഷ്ടമായത്. വനം കയ്യേറ്റവും നശീകരണവും വനങ്ങളിലെ മഹാമരങ്ങളില്‍ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി. 

ആവാസവ്യവസ്ഥയും ആഹാരസ്രോതസ്സും നഷ്ടമായ സ്റ്റെറോപസ് ജീനസ്സിലെ വലിയ പഴംതീനി വവ്വാലുകള്‍ തീരപ്രദേശങ്ങളില്‍നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍നിന്നും പുതിയ വാസസ്ഥാനങ്ങള്‍ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേക്കും അവിടെയുള്ള വലിയ ഫലവൃക്ഷങ്ങളിലേയ്ക്കും കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. അതുവരെ വവ്വാലുകളുടെ ശരീരത്തില്‍ നേരിയ അളവില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഏല്‍പ്പിക്കാതെ സഹവര്‍ത്തിത്വത്തോടെ പാര്‍ത്തിരുന്ന നിപ വൈറസുകള്‍, ആഹാരവും ആവാസവും നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലാവുകയും പലായന ഭീതിയില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുകയും ചെയ്ത വവ്വാലുകളില്‍ എളുപ്പം പെരുകി. വവ്വാലുകളുടെ വിസര്‍ജ്യങ്ങളിലൂടെ വിനാശകാരികളായ വൈറസുകള്‍ പുറത്തെത്തി. ഒരേ ചുറ്റുപാടില്‍ നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടായതോടെ വവ്വാലുകളില്‍നിന്നും നിപ വൈറസുകള്‍ വളര്‍ത്തുപന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമാണുണ്ടായതെന്ന് നിപ മനുഷ്യരില്‍ എത്തിയ വഴികണ്ടെത്താന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ സംശയലേശമന്യേ വ്യക്തമാക്കുന്നു. രോഗനിയന്ത്രണത്തിനായി ഒരു ദശലക്ഷത്തിലധികം പന്നികളെയാണ് അക്കാലത്ത് മലേഷ്യയില്‍ മാത്രം കൊന്നൊടുക്കി സുരക്ഷിതമായി കുഴിച്ചുമൂടിയത്. മനുഷ്യരില്‍ കടന്നുകയറിയ നിപ വൈറസുകള്‍ രോഗബാധയേറ്റവരില്‍ നിന്നും മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ എളുപ്പം വ്യാപിച്ചു. 

വവ്വാലുകളില്‍നിന്നും നിപ വൈറസുകള്‍ ഇടനിലയായി നിന്ന പന്നികളിലൂടെ മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലേഷ്യയിലും സിംഗപ്പൂരും മാത്രമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ ഉണ്ടായ നിപ രോഗബാധകളില്‍ ഒന്നും തന്നെ വവ്വാലിനും മനുഷ്യര്‍ക്കുമിടയില്‍ വൈറസിനെ വ്യാപിക്കാന്‍ ഇടനിലയായി ഒരു ജീവിയുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളില്‍ ഉണ്ടായിട്ടുള്ള നിപ രോഗബാധകള്‍ എല്ലാം തന്നെ വവ്വാലുകളില്‍നിന്നും മനുഷ്യരിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങള്‍ വിലയിരുത്തുന്നത്. ബംഗ്ലാദേശില്‍ ഉണ്ടായ രോഗബാധകളില്‍ ചിലത് വവ്വാലുകളുടെ വിസര്‍ജ്യം കലര്‍ന്ന് മലിനമായ പനംകള്ള് കുടിച്ചതിലൂടെയും തുറന്നുവച്ച കള്ളിന്‍ കുടങ്ങളുള്ള പനകളില്‍ കയറിയതിലൂടെയുമായിരുന്നെന്ന നിഗമനങ്ങളില്‍ ഗവേഷകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കോഴിക്കോടും എറണാകുളത്തും ഇതുവരെ ഉണ്ടായ നിപ രോഗബാധകളില്‍ ഒന്നും തന്നെ ആദ്യ രോഗിക്ക് (Index case)  എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

nipah-3

കേരളത്തില്‍ നിശബ്ദമായി പറന്നുനടക്കുന്നുണ്ട് നിപയെന്ന വില്ലന്‍ വൈറസ്

നിപ വൈറസ് മനുഷ്യനിലേക്ക് കടന്നുകയറിയ വഴിയും വൈറസ് ഉറവിടവും കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഏറെ നമുക്ക് മുന്നിലുണ്ട്. ഈ ശാസ്ത്രീയ കണ്ടെത്തലുകളാണ് വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത്. 2018ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സുപ്പിക്കടയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് വൈറോളജി, പൂണെയിലെ ദേവേന്ദ്ര ടി. മൗര്യ എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ ഗവേഷണസംഘം പഠനം നടത്തിയിരുന്നു. 

ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ നിന്നും വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. നെറ്റുകള്‍ ഉപയോഗിച്ച് 52 വവ്വാലുകളെ പിടികൂടുകയും വൈറസ് സാന്നിധ്യം കണ്ടൈത്തുന്നതിനായി അവയുടെ തൊണ്ടയില്‍ നിന്നും, മലദ്വാരത്തില്‍ നിന്നുമുള്ള സ്രവങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ആര്‍ടിപിസിആര്‍ ( Real-time reverse transcriptase-polymerase chain reaction (qRTPCR) ഉപയോഗിച്ച് നടത്തിയ വൈറസ് സാന്നിധ്യപരിശോധനയില്‍ പത്തൊന്‍പത്  ശതമാനം വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിപ രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളിലേയും പേരാമ്പ്ര ഭാഗത്തുനിന്നു ശേഖരിച്ച വവ്വാലുകളില്‍നിന്നു കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7%-100% ആയിരുന്നു. ബംഗ്ലാദേശില്‍നിന്ന് കണ്ടെത്തിയ വൈറസുമായി ഇവയ്ക്കുള്ള സാമ്യം 96% മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ അവസരത്തില്‍ നടന്ന മറ്റൊരു പഠനം കേരളത്തില്‍  പഴംതീനി വവ്വാലുകള്‍ക്കിടയില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം 22-33% വരെയാണെന്ന അനുമാനത്തിലെത്തിയിരുന്നു. വൈറസിന്റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനകാലമായ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാവാനിടയുണ്ടെന്ന മുന്നറിയിപ്പ് ഗവേഷകര്‍ അന്നേ നല്‍കിയിരുന്നു.

എറണാകുളത്ത് 2019ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാനമായ ഒരുഎപ്പിഡെമിയോളജി പഠനം നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട്  വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യ യാദവിന്റെ നേതൃത്വത്തിലള്ള ഐസിഎംആര്‍ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീടിനും, യുവാവ് പഠിച്ചിരുന്ന  ഇടുക്കിയിലെ കോളേജിന്റെയും ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നിന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പഠനത്തിനായി പ്രധാനമായും സാംപിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍നിന്ന് ശേഖരിച്ച മറ്റൊരു വവ്വാലിന്റെയും ആന്തരിക അവയവങ്ങളില്‍ വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV IgG antibodies ) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തില്‍ വൈറസ് ബാധയുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 

കേരളത്തില്‍ പല ജില്ലകളിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും നിശബ്ദമായ സംക്രമണം നടക്കുന്നുണ്ടെന്നുമുള്ള നിഗമനത്തിലാണ് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം ഒടുവിലെത്തിയത്. മാത്രമല്ല, കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുകള്‍  ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകളില്‍നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവും വൈറസിന്റെ ജനിതക ശ്രേണികരണപഠനത്തിലൂടെ ഗവേഷകര്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ വവ്വാലുകളില്‍ നിശബ്ദമായി സംക്രമണം ചെയ്യുന്ന നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ വണ്‍ സ്ട്രയിന്‍  (NiV strain 'India (I) )  ആണെന്ന അനുമാനവും ഗവേഷകര്‍ പങ്കുവച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പഠനം നടത്തേണ്ടതും നിരീക്ഷണ, ജാഗ്രത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതാണെന്നുമുള്ള  മുന്നറിയിപ്പും രണ്ടുവര്‍ഷം മുന്നെ തന്നെ ഗവേഷകര്‍ നല്‍കിയിട്ടുള്ളതാണ്. 

വേണ്ടത് കൂടുതല്‍ കരുതല്‍: മുന്‍കരുതലിനെക്കാള്‍ വലിയ പ്രതിരോധമില്ല 

മേല്‍ സൂചിപ്പിച്ച ഗവേഷണ പഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായി സഹവര്‍ത്തിത്വം ഉള്ളതിന്റെ തെളിവും, നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ ഉയര്‍ന്ന സാന്നിധ്യം ഉണ്ടെന്ന മുന്നറിയിപ്പും നമുക്ക് നല്‍കുന്നുണ്ട്. വവ്വാലുകളെ ഇല്ലാതാക്കി വൈറസിനെ പ്രതിരോധിക്കാന്‍ നമുക്കാവില്ല. അത്തരം വിവരക്കേടുകളല്ല നിപ പ്രതിരോധത്തില്‍ നമുക്ക് വേണ്ടത്. പരിസ്ഥിതിയുമായുള്ള ഇടപെടലുകളില്‍ ജാഗ്രതയും കരുതലുമാണ് വേണ്ടത്. പരാഗണം, കീടനിയന്ത്രണം ഉള്‍പ്പെടെ പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ജീവികളാണ് വവ്വാലുകള്‍.എങ്കിലും വവ്വാലുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ വേണ്ട. വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള  മേഖലകളില്‍ ഫാമുകള്‍ നടത്തുന്നതു കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കുക. വവ്വാലുകളുമായും വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള പ്രദേശങ്ങളുമായും ഇടപെടേണ്ടിവരുന്ന അടിയന്തിരസാഹചര്യങ്ങളില്‍ വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ മുഖ്യം. 

വവ്വാല്‍ സ്പര്‍ശം ഏറ്റതായി സംശയമുള്ള പഴങ്ങളും പച്ചക്കറികളും തീര്‍ച്ചയായും  ഒഴിവാക്കുക. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കാതിരിക്കുക. വവ്വാല്‍ കടിച്ചുപേക്ഷിച്ചവയാവാന്‍ സാധ്യതയുള്ള പഴങ്ങള്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ചെടികളില്‍ നിന്നും പറിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക. ഈ കാര്യങ്ങള്‍ വീട്ടിലെ കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കുക. വാഴയുടെ കൂമ്പിലെ തേന്‍ പഴംതീനി വവ്വാലുകളുടെ ഇഷ്ട ആഹാരമാണ്. അതിനാല്‍ വാഴയില, കൂമ്പ്, പഴക്കുല എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ കരുതലാവാം. ജലസ്രോതസ്സുകള്‍ വവ്വാലുകളുടെ കാഷ്ഠം വീണു മലിനമാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. കിണറുകള്‍ക്കും ജലടാങ്കുകള്‍ക്കും വലകള്‍ സ്ഥാപിച്ച് ഭദ്രമാക്കുക. തുറന്നുവച്ച കള്ളിന്‍ കുടങ്ങളുള്ള തെങ്ങില്‍ കയറുന്നതിലും തുറന്നുവെച്ച കുടങ്ങളില്‍നിന്നും ശേഖരിക്കുന്ന കള്ള് കുടിക്കുന്നതിലും അപകടസാധ്യത ഏറെയുണ്ടെന്ന് അറിയുക, ജാഗ്രത പുലര്‍ത്തുക. കാരണം വിനാശകാരികളായ വൈറസുകളെ പ്രതിരോധിക്കാന്‍ ജാഗ്രതയെക്കാളും മുന്‍കരുതലിനെക്കാളും മികച്ച മറ്റൊരു വഴി നമുക്ക് മുന്നിലില്ല.

English summary: Nipah virus: Impact, origins, and causes of emergence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com