ADVERTISEMENT

ദിനംപ്രതി മലയോര കാർഷികമേഖലയിൽ വന്യജീവികൾ സംഹാരതാണ്ഡവം ആടുകയാണ്. കണ്ണിൽക്കണ്ടതെല്ലാം തകർത്തെറിഞ്ഞ് ആനക്കൂട്ടവും കുരങ്ങുകളും പന്നികളും തോട്ടങ്ങളിൽ പൂണ്ടു വിളയാടുകയാണ്. ഇവയുടെ സംഹാരതാണ്ഡവത്തിൽ തകരുന്നത് കർഷകരുടെ കൃഷിയിടം മാത്രമല്ല മനസുകൂടിയാണ്. ചോദിച്ചു ചോദിച്ചു മടുത്തെങ്കിലും കർഷകർ വീണ്ടും ചോദിക്കുകയാണ്, ഞങ്ങളെ ജീവിക്കാൻ അനുവദിക്കാൻ പറ്റ്വോ?

കർഷകരുടെ തോട്ടങ്ങളാണ് വന്യമൃഗങ്ങൾക്ക് ഇപ്പോൾ പ്രിയം. ഏതെങ്കിലും ഒരു തോട്ടത്തിൽ കയറിയാൽ സുഭിക്ഷമായ ഭക്ഷണം ഉറപ്പ്. വാഴയും തെങ്ങും ചേനയും ചേമ്പും കാച്ചിലും കപ്പയുമെല്ലാം ആനയ്ക്കും പന്നിക്കുമെല്ലാം ഇഷ്ട വിഭവങ്ങൾത്തന്നെ. കാടുകളിൽ തീറ്റ തേടി അലയേണ്ട അവസ്ഥ വരുന്നില്ല, തോട്ടത്തിൽ കയറിയാൽ എല്ലാം അടുത്തടുത്തു തന്നെ ലഭിക്കും. ഒരു തോട്ടത്തിൽനിന്ന് അടുത്ത തോട്ടത്തിലേക്ക്. കാടിനുള്ളിൽ ലഭ്യമായതിനേക്കാൾ വൈവിധ്യമാർന്ന ഭക്ഷണം ലഭിക്കുമ്പോൾ എങ്ങനെ കാടു കയറാൻ അവയ്ക്കു തോന്നും? ബുദ്ധിമുട്ടി ഭക്ഷണം കണ്ടെത്തുന്നതിലും എളുപ്പം ഇത്തരം തോട്ടങ്ങളിൽനിന്ന് വയറു നിറയ്ക്കുന്നതാണല്ലോ! വന്യമൃഗങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവയെ കാടിനുള്ളിൽ പിടിച്ചു നിർത്തേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?

wldlife-and-farmers-2
കുരങ്ങുകൾ തിന്ന് ഉപേക്ഷിച്ച കരിക്കുകൾ

കഴിഞ്ഞ ദിവസം സിബി സഖറിയാസ് എന്ന കർഷകൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാണ്. ഒരു കൂട്ടം കുരങ്ങുകൾ അദ്ദേഹത്തിന്റെ കൺമുന്നിൽവച്ച് തേങ്ങയും കരിക്കുമെല്ലാം പൊട്ടിച്ചുതിന്ന് താഴേക്ക് എറിഞ്ഞു. വെറും രണ്ടേ രണ്ടു മിനിറ്റിനുള്ളിൽ തെങ്ങിന്റെ മണ്ടയുടെ കാര്യത്തിൽ തീരുമാനമായി. ഇതെല്ലാം നിസ്സഹായനായി താഴെനിന്ന് നോക്കിക്കാണാനേ സിബിക്ക് കഴിഞ്ഞുള്ളൂ. ‘രണ്ടോ മൂന്നോ വർഷമേ ആയുള്ളൂ ഇവിടെ കുരങ്ങുകൾ ഇറങ്ങാൻ തുടങ്ങിയിട്ട്. അതിനുമുമ്പ് 50 വർഷത്തോളം ഇവിടെ ഒരു വന്യജീവികളെയും കണ്ടിട്ടില്ല. വന്യജീവികൾ പെരുകുന്നു എന്നതിന് വനംവകുപ്പിന്റെ ഒരു സ്റ്റാറ്റിസ്റ്റിക്സും മലയോര കർഷകന് ആവശ്യമില്ല. ഇങ്ങനെ പോയാൽ വന്യജീവികൾ പെരുകി ഒരുനാൾ  മനുഷ്യൻ എന്ന ജീവി ലോകത്തിൽനിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടേക്കാം എന്നത് തിരിച്ചറിയാൻ വലിയ ശാസ്ത്രീയപഠനം ഒന്നും ആവശ്യമില്ല’– സിബി പറയുന്നു.

ഇന്നലെ പാലക്കാട് ജില്ലയിലെ മണ്ണാർകാട്ട് ആനകൾ ഉഗ്രരൂപത്തിലാണ് തോട്ടങ്ങളിൽ വിഹരിച്ചത്. 700ൽപ്പരം വാഴകൾ അവ നശിപ്പിച്ചു. തീർന്നില്ല, 10 തെങ്ങുകൾ, 30 കമുകുകൾ എന്നിവയും ജനവാസമേഖലയിലിറങ്ങി ആനകൾ തകർത്തിട്ടുണ്ട്. വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള വൈദ്യുത വേലി തകർത്താണ് ആനകൾ കൃഷിയിടത്തിലിറങ്ങിയിട്ടുള്ളതെന്നാണ് കർഷകർ പറയുന്നത്. ഇത്തരം സാഹചര്യങ്ങൾ ദിനംപ്രതി സംഭവിക്കുമ്പോൾ സാധരണക്കാർ എങ്ങനെ ജീവിക്കും? 

wldlife-and-farmers-1
ആന നശിപ്പിച്ച വൈദ്യുത വേലി

വന്യജീവികളുടെ സംരക്ഷണവും ആവാസകേന്ദ്രവും സുരക്ഷിതമായി സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാണ് വനംവകുപ്പുള്ളത്. എന്നാൽ, വന്യജീവികൾ നശിപ്പിക്കുന്ന കർഷകരുടെ കൃഷിയിടത്തിന് ആരു സമാധാനം പറയും? കൃഷിയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാധാരണ കർഷകർ എങ്ങനെ ജീവിക്കും? ഉദ്യോഗസ്ഥർക്ക് മാസാമാസം കൃത്യമായി ശമ്പളം ലഭിക്കും. എന്നാൽ, കർഷകന് മണ്ണിൽ പണിയെടുത്ത് മാസങ്ങൾ കാത്തിരുന്ന് വിളവെടുത്ത് അത് വിറ്റശേഷം വേണം വരുമാനം നേടാൻ. വരുമാനമാർഗത്തിന് എന്തെങ്കിലും പ്രശ്നം വന്നാൽ കർഷകൻ ബുദ്ധിമുട്ടിലാകും. 

wldlife-and-farmers-3
പന്നി നശിപ്പിച്ച കൃഷിയിടം

മനുഷ്യരേക്കാൾ പ്രാധാന്യം മൃഗങ്ങൾക്കു നൽകുന്ന കാലമാണിതെന്ന് ഇപ്പോൾ കർഷകർ ഒന്നടങ്കം പറയുന്നു. കാരണം, കർഷകന്റെ വിള നശിപ്പിക്കുന്ന വന്യമൃഗങ്ങൾ ‘പാവങ്ങളാ’ണ്, എന്നാൽ, കർഷകന്റെ കൃഷിയിടത്തിൽ മൃഗങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ കർഷകൻ കുറ്റക്കാരനാകും. അതുപോലെ വന്യമൃഗങ്ങളുടെ ആക്രണത്തിൽ മനുഷ്യർ മരിച്ചാൽ തിരിഞ്ഞു നോക്കാൻപോലും ആരും ഉണ്ടാവില്ല, എന്നാൽ മൃഗങ്ങൾ കൊല്ലപ്പെടുകയോ അപകടത്തിൽപ്പെടുകയോ ചെയ്താലോ... അധികൃതർ ഉടനടി സ്ഥലത്തെത്തുമെന്നു മാത്രമല്ല കുറ്റക്കാരെ ഉടൻ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 30ന് കർഷകർ വനം വകുപ്പ് അധികൃതരോട് ചോദിച്ചത് ‘കാട്ടുപോത്തിന്റെ വിലപോലുമില്ലേ മനുഷ്യജീവന്’ എന്ന്. അതുതന്നെയല്ലേ ഈ സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ചോദിക്കാനുള്ളത്?

wldlife-and-farmers-4
പന്നി നശിപ്പിച്ച കൃഷിയിടം

കർഷകർക്കെതിരേയുള്ള സമൂഹമാധ്യമ വിചാരണ തുടങ്ങിയത് കഴിഞ്ഞ വർഷം ഗർഭിണിയായ ആന ചരിഞ്ഞതോടെയാണ്. സ്ഫോടക വസ്തു കടിച്ചാണ് ആനയ്ക്ക് പരിക്കേറ്റതെന്ന് പറയപ്പെടുന്നു. അന്ന് മുതൽ മലയോര മേഖലയിലെ കർഷകർ ചിലർക്ക് ശത്രുക്കളാണ്. വനം നശിപ്പിച്ചുവെന്നും വന്യജീവികളുടെ ആവാസവ്യവസ്ഥ തകർത്തെന്നുമെല്ലാം കർഷകനുനേരെ വിരൽചൂണ്ടി ആക്രോശിക്കമ്പോൾ അത് മൊബൈൽ ആപ് തുറന്നാൽ ഭക്ഷണം മുന്നിലെത്തുന്ന പുതു സംസ്കാര രീതിയുടെ ഭാഗമായി മാത്രമേ കർഷകർക്ക് കാണാനാകൂ. ടൗണിലെ ഫ്ലാറ്റിലിരുന്ന് അകലങ്ങളിലെ പച്ചപ്പ് ആസ്വദിക്കുന്ന, പച്ചപ്പ് കാണാൻ ടൂറ് പോകുന്ന സംസ്കാരത്തിന് ഉടമകളോട് മലയോര കർഷകന്റെ ബുദ്ധിമുട്ട് പറഞ്ഞ് മനസിലാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം ആളുകൾ കർഷകർക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ടേയിരിക്കും, ഒപ്പം സമൂഹമാധ്യമങ്ങളിൽ ലൈക്കും ഷെയറും ലഭിക്കാൻ മൃഗങ്ങൾക്കുവേണ്ടി കണ്ണീർ പൊഴിച്ചുകൊണ്ടേയിരിക്കും.

English summary: Human Wildlife Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com