തിലാപ്പിയ എന്ന വന്മരം വീണു! പകരം ആര്? അതാണ് ചോദ്യം

HIGHLIGHTS
  • പകരം വയ്ക്കാനൊരു മത്സ്യമുണ്ടോ?
  • ഉയര്‍ന്ന ജന്തുജന്യ മാംസ്യമുള്ള പെല്ലെറ്റ് തീറ്റയാണ് ഇവയ്ക്ക് ആവശ്യം
tilapia-1
SHARE

കേരളത്തിലെ കാര്‍ഷികമേഖലയെ നയിക്കുന്നത് ട്രെന്‍ഡുകളാണ്. ആദ്യം ഒന്ന്, അത് പ്രചാരത്തിലാകുമ്പോള്‍ പുതിയത്. അങ്ങനെയാണ് റബറും വനിലയും തുടങ്ങി ഇപ്പോള്‍ ഏലത്തില്‍ എത്തിനില്‍ക്കുന്ന ആ കാര്‍ഷിക ട്രെന്‍ഡ്. നാണ്യവിളകളില്‍ മാത്രമല്ല കാര്‍ഷികമേഖലയിലെ ഓരോ വിഭാഗത്തിലും ട്രൈന്‍ഡ് പലപ്പോഴായി കടന്നുകൂടിയിട്ടുണ്ട്. കേരളത്തില്‍ മുന്‍പെങ്ങും കാണാത്ത വിധത്തില്‍ മത്സ്യക്കര്‍ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. അതുമാത്രമല്ല, ഏറ്റവുമധികം മത്സ്യക്കൃഷി വളര്‍ന്നത് കോവിഡ് കാലത്തുമാണ്. കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകളുടെ പദ്ധതികള്‍ കൂടുതല്‍ പേരെ മത്സ്യക്കൃഷിയിലേക്ക് ആകര്‍ഷിച്ചു.

പക്ഷേ, സംഭവിച്ചത്

ഒരു പതിറ്റാണ്ട് മുന്‍പ് കേരളത്തിലെ മത്സ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടായിരുന്ന മത്സ്യം ഇപ്പോള്‍ നിരോധിത വിഭാഗത്തിലാണ്. നട്ടറെന്നും രൂപ്ചന്ദെന്നും കര്‍ഷകര്‍ വിളിക്കുന്ന റെഡ് ബെല്ലീഡ് പാക്കു എന്ന മത്സ്യം മത്സ്യക്കര്‍ഷകരുടെ ഇടയിലേക്കെത്തിയത് വലിയ നേട്ടത്തോടെയാണ്. അതുവരെ കാര്‍പ്പിനങ്ങളും ആസാം വാളയുമായിരുന്നു പ്രധാന വളര്‍ത്തുമത്സ്യങ്ങള്‍. ഈ മത്സ്യങ്ങളുടെ ഇടയിലേക്ക് നട്ടര്‍ വന്നതോടെ പുതിയൊരു തുടക്കമായി. കുറഞ്ഞ കാലംകൊണ്ട് ഉറപ്പുള്ള രുചിയേറിയ മാംസം ലഭിക്കുന്നുവെന്നതായിരുന്നു നട്ടറിന്റെ പ്രത്യേകത. മനുഷ്യരുടെ പല്ലുകള്‍ക്ക് സമാനമായ പല്ലുകള്‍ ഉണ്ടായിരന്നതിനാല്‍ പലരും പാക്കുവിനെ പിരാന എന്നു വിളിച്ചു. പിന്നാലെ സമീപ കാലത്ത് നിരോധനവും വന്നു. വിദേശ ഇനം ആയതിനാലും നാടന്‍ മത്സ്യങ്ങളെ നശിപ്പിക്കുമെന്നതിനാലും പൊതുജലാശയങ്ങളില്‍ എത്തിയാല്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുമെന്നതിനാലും ഇവയെ വളര്‍ത്താനോ വില്‍ക്കാനോ നിയമം അനുശാസിക്കുന്നില്ല. അതോടെ, കര്‍ഷകര്‍ക്ക് നേട്ടമായിരുന്ന ഒരു മത്സ്യം ഇല്ലാതാകുകയും ചെയ്തു. 

2012ല്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ (ആര്‍ജിസിഎ) വേള്‍ഡ് ഫിഷുമായി സഹകരിച്ച് ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ (ഗിഫ്റ്റ്) എന്ന തിലാപ്പിയ വിഭാഗം ഇന്ത്യയില്‍ എത്തിച്ചതോടെ വളര്‍ത്തുമത്സ്യ മേഖല വീണ്ടും കരുത്താര്‍ജിച്ചു. ആര്‍ജിസിഎയുടെ ഉല്‍പാദനശേഷി രാജ്യത്തിന്റെ മുഴുവന്‍ ആവശ്യം നിര്‍വഹിക്കാന്‍ കഴിയുന്നതിലും കുറവായതിനാല്‍ ഗിഫ്റ്റ് എന്ന പേരില്‍ പലരും മത്സ്യക്കുഞ്ഞുങ്ങളെ വിറ്റു. മുന്‍പ് കേരളത്തില്‍ കണ്ടുവന്നിരുന്ന തിലാപ്പിയ മുതല്‍ ഗിഫ്റ്റ് മത്സ്യങ്ങളില്‍നിന്നുണ്ടായ കുട്ടികളെ വരെ ഗിഫ്റ്റ് എന്ന പേരില്‍ പലരും പലര്‍ക്കും കൈമാറി. ഗിഫ്റ്റിനു പിന്നിലെ സയന്‍സ് പലര്‍ക്കും അജ്ഞമായിരുന്നതിനാല്‍ പലരും കബളിപ്പിക്കപ്പെട്ടു. പിന്നാലെ ബെംഗാളില്‍നിന്നും ബെംഗ്ലാദേശില്‍നിന്നുമെല്ലാം എംഎസ്ടി (മോണോ സെക്‌സ് തിലാപ്പിയ) എന്ന പേരില്‍ തിലാപ്പിയ വിമാനം കയറി ഇവിടെത്തി. പിന്നാലെ, ചിത്രലാഡ എന്ന തിലാപ്പിയ ഇനവും ഇവിടെത്തി. അര പതിറ്റാണ്ടിലധികം കേരളത്തില്‍ തിലാപ്പിയ മത്സ്യങ്ങള്‍റ ശ്രദ്ധിക്കപ്പെട്ടു. കുറഞ്ഞ കാലംകൊണ്ട് വിളവെടുപ്പിന് തയാറാകുമെന്നതായിരുന്നു പ്രധാന നേട്ടം. 

തിലാപ്പിയയുടെ കുതിപ്പ് ഏറെക്കുറെ പരിസമാപ്തിയില്‍ എത്തിയ സ്ഥിതിയാണ് സമീപനാളുകളില്‍ കാണാന്‍ സാധിക്കുന്നത്. തിലാപ്പിയ മത്സ്യക്കൃഷി-കുഞ്ഞുങ്ങളുടെ വിതരണം തുടങ്ങിയവ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ലൈസന്‍സ് ലഭിച്ചവര്‍ മാത്രമായിരിക്കണം വിതരണം ചെയ്യേണ്ടതെന്നുമുള്ള നിയമം എത്തിയതോടെ തിലാപ്പിയയുടെ ഇറക്കുമതിയും വിതരണവും ചില വ്യക്തികളിലേക്കു മാത്രമായി ഒതുങ്ങി. മാത്രമല്ല, തിലാപ്പിയക്കുഞ്ഞുങ്ങളുടെ വിതരണത്തിലൂടെ വരുമാനം കണ്ടെത്തിയിരുന്ന ഒട്ടേറെ ഇടനിലക്കാര്‍ മേഖലയില്‍നിന്ന് പിന്മാറി. പിന്മാറാന്‍ ഒരുക്കമല്ലാത്തവരാവട്ടെ, പകരം മത്സ്യക്കുഞ്ഞുങ്ങളെ വിപണിയില്‍ അവതരിപ്പിച്ചു. ഏതാണ് ആ മത്സ്യം?

ഒരു തിരിഞ്ഞുനോട്ടം

ആ മത്സ്യത്തിന്റെ പേരിലേക്ക് കടക്കുന്നതിനു മുന്‍പ്  കേരളത്തിലെ തിലാപ്പിയക്കൃഷിയുടെ ഇപ്പോഴത്തെ സ്ഥിതിയിലേക്കൊരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 മുതല്‍ കേരളത്തില്‍ മത്സ്യക്കര്‍ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കര്‍ഷകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്വാഭാവികമായും ഉല്‍പാദനവും വര്‍ധിച്ചു. ഫലമോ, വില്‍പന കുറഞ്ഞു. പലേടത്തും വിളവെടുക്കേണ്ട സമയം കഴിഞ്ഞ ടണ്‍ കണക്കിന് തിലാപ്പിയ മത്സ്യങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നത്. പലരും നഷ്ടം സഹിച്ചും കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാണ് തുടക്കത്തില്‍ പറഞ്ഞ ട്രെന്‍ഡിന്റെ പ്രസക്തി. കിലോയ്ക്ക് 250 രൂപ വിലയും സര്‍ക്കാര്‍ സഹായങ്ങളും മുന്‍പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തിലാപ്പിയക്കൃഷി ട്രെന്‍ഡ് ആയി മാറുകയായിരുന്നു. ബയോഫ്‌ലോക്കും റാസുമെല്ലാം ഇതിന് അടിത്തറയിട്ടു. ആ ട്രെന്‍ഡാണ് ഇപ്പോള്‍ അസ്തമയത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

പകരം വയ്ക്കാനൊരു മത്സ്യമുണ്ടോ?

അതിവേഗം വളരുന്ന മത്സ്യം ഓരോ കര്‍ഷകന്റെയും വരുമാനമാര്‍ഗമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ തിലാപ്പിയയെ മാറ്റിനിര്‍ത്തിയാല്‍ ലാഭകരമായി വളര്‍ത്താന്‍ കഴിയുന്ന ഏതു മത്സ്യമാണ് നാട്ടിലുള്ളത്? പകരം വയ്ക്കാന്‍ ഒന്നില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ മത്സ്യക്കൃഷി മേഖല. ഇവിടേക്കാണ്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരാല്‍ കുഞ്ഞുങ്ങള്‍ എത്തുന്നത്. പരമ്പരാഗതമായി ചതുപ്പിലും പുഴയിലും കണ്ടുവരുന്ന വരാല്‍ അല്ല, മികച്ച വളര്‍ച്ചയും തീറ്റപരിവര്‍ത്തനശേഷിയുമുള്ള പെല്ലെറ്റ് തീറ്റ കഴിക്കുന്ന വരാല്‍ കുഞ്ഞുങ്ങള്‍. തിലാപ്പിയയില്‍ പരാജയപ്പെട്ട ഒട്ടേറെ പേര്‍ വരാലിലേക്ക് തിരിഞ്ഞു. 

bral
വരാൽ കുഞ്ഞുങ്ങൾ

മാംസഭുക്കായ വരാലിനെ പെല്ലെറ്റ് തീറ്റ നല്‍കി വളര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഹാച്ചറിയില്‍ വിരിയിച്ച് പെല്ലറ്റ് തീറ്റ നല്‍കി ശീലിപ്പിച്ച് വളര്‍ത്തിയെടുക്കുന്നവ മാത്രമേ പെല്ലറ്റ് എടുക്കാറുള്ളൂ. ഇറച്ചി കഴിക്കുന്ന ഒരു മത്സ്യഇനത്തിന് പെല്ലെറ്റ് നല്‍കാമെന്ന് പറയുമ്പോള്‍ത്തന്നെ ആരെയും ആകര്‍ഷിക്കും. അതുകൊണ്ടുതന്നെ തട്ടിപ്പുകളും കൂടുതലുണ്ട്. പൊതു ജലാശയങ്ങളില്‍നിന്നു ശേഖരിച്ച കുഞ്ഞുങ്ങളെ കുറഞ്ഞ വിലയ്ക്ക് പെല്ലെറ്റ് കഴിക്കുന്നവയാണെന്ന വ്യാജേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വിരുതന്മാരും മേഖലയില്‍ സജീവം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് അത്തരം കുഞ്ഞുങ്ങളും കേരളത്തില്‍ എത്തുന്നു. ഇത്തരം പൊതു ജലാശയത്തില്‍നിന്ന് പിടിക്കപ്പെടുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് പൊതുവായ ചില ന്യൂനതകളുണ്ട്.

ഇത്തരം കുഞ്ഞുങ്ങള്‍ എപ്പോഴും ആക്രമണ സ്വഭവമുള്ളവരായിരിക്കും. പരസ്പരം ആക്രമിച്ച് കഴിക്കും. പായ്ക്ക് ചെയ്തു വരുന്നവയില്‍ മരണനിരക്ക് ഉയര്‍ന്നതായിരിക്കും. കൂടാതെ പെല്ലറ്റ് തീറ്റ കഴിക്കാതെ ശരീരം ശോഷിച്ച് വലിയ തല മാത്രമായിരിക്കും മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുക. 

ഹാച്ചറിയില്‍ വിരിയിച്ചെടുക്കുന്ന വിയറ്റ്‌നാം വരാല്‍ എന്ന സങ്കര ഇനവും ഇവിടെ പ്രചാരത്തിലായി വരുന്നു. ഹാച്ചറിയില്‍ വളരുന്നതുകൊണ്ടുതന്നെ ലാര്‍വ ഘട്ടത്തില്‍ ജീവനുള്ള തീറ്റ നല്‍കി ക്രമേണ പെല്ലറ്റ് തീറ്റയിലേക്ക് പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുക. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പരസ്പരം ആക്രമിക്കുന്ന സ്വഭാവം കുറവായിരിക്കും. പെല്ലെറ്റ് തീറ്റകള്‍ നന്നായി കഴിക്കുകയും ചെയ്യും. നാടന്‍ ഇനങ്ങളെ അപേക്ഷിച്ച് വളര്‍ച്ചയും കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു. രുചി അറിയണമെങ്കില്‍ കുറച്ചുകാലംകൂടി കാത്തിരിക്കേണ്ടിവരും.

bral-3
വരാൽ കുഞ്ഞുങ്ങൾ

ഒരു സെന്‌റില്‍ 100-200 കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് അഭികാമ്യം. എട്ടു മാസംകൊണ്ട് ശരാശരി ഒരു കിലോഗ്രാം തൂക്കത്തിലേക്ക് സങ്കര ഇനം വരാല്‍ എത്തുന്നുവെന്നാണ് ഹാച്ചറികളുടെ അവകാശവാദം. നാച്ചുറല്‍ കുളങ്ങളിലോ അക്വാപോണിക്‌സ്, റാസ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യക്കൃഷി സംവിധാനത്തിലോ വെള്ളം കയറിയിറങ്ങി പോകുന്ന സംവിധാനത്തിലോ വരാലുകളെ വളര്‍ത്തുന്നത് അതിജീവനനിരക്ക് ഉയര്‍ത്തും. വെള്ളം ശുചീകരിക്കാന്‍ കഴിയുന്ന, 4 മീറ്റര്‍ വ്യാസമുള്ള ടാങ്കുകളില്‍ 400 എണ്ണം വരെ വളര്‍ത്താം. ശുചീകരണ സംവിധാനം ഇല്ലെങ്കില്‍ വെള്ളം മോശമാകുന്നത് അനുസരിച്ച് വെള്ളം പൂര്‍ണമായി മാറേണ്ടിവരും.

പെല്ലറ്റ് തീറ്റ കഴിക്കുന്ന വരാലുകള്‍ ട്രെന്‍ഡ് ആകുമ്പോള്‍

ട്രെന്‍ഡിനു പിന്നാലെയാണ് കേരളം. അതുകൊണ്ടുതന്നെ പെല്ലെറ്റ് കഴിക്കുന്ന വരാലിനു പിന്നാലെയും ആളുകളുണ്ട്. തിലാപ്പിയ വരുത്തിയ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം തിലാപ്പിയ വളര്‍ത്തിയ കര്‍ഷകരില്‍ പകുതിയിലധികം പേരും പുതിയ മത്സ്യത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പലരുടെയും ടാങ്കുകളില്‍ ഇപ്പോള്‍ തിലാപ്പിയയ്ക്കു പകരം വരാല്‍ കുഞ്ഞുങ്ങളാണ് വളരുന്നത്.

bral-2
ചത്തൊടുങ്ങിയ വരാൽ കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍

കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ വിലക്കുറവിന് പിന്നാലെ പോകാതെ ഗുണനിലവാരത്തിന് കര്‍ഷകര്‍ പ്രാധാന്യം കൊടുക്കണം. പെല്ലറ്റ് തീറ്റ കഴിക്കുന്ന വരാല്‍ കുഞ്ഞുങ്ങള്‍ക്ക് ശരാശരി 15 രൂപയാണ് ഇപ്പോഴത്തെ വിപണിവില എന്നാണ് റിപ്പോര്‍ട്ട്. അഞ്ചു രൂപയ്ക്കും ഇത്തരം വരാല്‍ കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ലാഭം നോക്കി വിലക്കുറവിനു പിന്നാലെ പോകുന്നവര്‍ക്ക് വലിയ നഷ്ടം വരുന്നുണ്ട്. അതുപോലെ വലിയ വില നല്‍കിയാലും ഗുണനിലവാരം ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ വാങ്ങുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്.

ഭക്ഷണം നല്‍കുമ്പോഴുള്ള ശ്രദ്ധയാണ് മറ്റൊന്ന്. ഉയര്‍ന്ന ജന്തുജന്യ മാംസ്യമുള്ള (40 ശതമാനത്തിനു മുകളില്‍) പെല്ലെറ്റ് തീറ്റയാണ് ഇവയ്ക്ക് ആവശ്യം. തിലാപ്പിയയ്ക്കു ഭക്ഷണം നല്‍കുന്നതുപോലെ ഒരുമിച്ച് ഭക്ഷണം നിക്ഷേപിക്കുന്ന രീതി ഇവയ്ക്കു പറ്റില്ല. ആക്രമിച്ചു ഭക്ഷിക്കുന്ന സ്വഭാവം പ്രകൃത്യാ ഉള്ളതുകൊണ്ടുതന്നെ അല്‍പാല്‍പം വിതറി കഴിക്കുന്നതനുസരിച്ചുവേണം വീണ്ടും നല്‍കാന്‍. അല്ലാത്തപക്ഷം അവ തീറ്റ എടുക്കില്ല. ചുരുക്കത്തില്‍ നല്ല ക്ഷമ ആവശ്യമായ ഒന്നാണ് ഈ തീറ്റ നല്‍കല്‍ സമയം. 

കുറഞ്ഞത് 4 തവണകളായി ഭക്ഷണം നല്‍കാം. പേടിയുള്ള പ്രകൃതം ആയതിനാല്‍ ഇരുട്ടിനെ ഇഷ്ടപ്പെടുന്നവരാണ് വരാലുകള്‍. ഭക്ഷണം എടുക്കാന്‍ കൂടുതല്‍ താല്‍പര്യവും അതിനാല്‍ ഇരുട്ടുള്ളപ്പോഴാണ്. സമ്മര്‍ദ സാഹചര്യം ഉണ്ടാവാതെ നോക്കുകയും വേണം. ഇതിന് വെള്ളത്തിന്‌റെ ഗുണനിലവാരം സ്ഥിരതയോടെ മെച്ചപ്പെടുത്തി നിര്‍ത്തണം. പിഎച്ച്, അമോണിയ എന്നിവ കൃത്യമായി പരിശോധിക്കണം.

വാങ്ങിയ മത്സ്യക്കുഞ്ഞുങ്ങള്‍ പെല്ലെറ്റ് കഴിക്കുന്നില്ലായെന്ന് തിരിച്ചറിഞ്ഞാല്‍ പകരം വഴി കര്‍ഷകര്‍ തേടിയിരിക്കണം. ചെറു മത്സ്യങ്ങളെയും മറ്റും നല്‍കിത്തുടങ്ങാം. അത്തരം സാഹചര്യമുണ്ടായാല്‍ കര്‍ഷകര്‍ക്ക് തീറ്റ ലഭ്യത വളരെ പ്രതിസന്ധി സൃഷ്ടിക്കും. കുഞ്ഞുങ്ങളെ നല്‍കുന്ന വിതരണക്കാരില്‍നിന്ന് അവ കഴിക്കുന്ന തീറ്റകൂടി ചോദിച്ചു വാങ്ങാന്‍ ശ്രദ്ധിക്കണം. അവര്‍ നല്‍കി ശീലിച്ച തീറ്റ പെട്ടെന്ന് മാറ്റുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സ്‌ട്രെസ് ഒഴിവാക്കുന്നതിനുവേണ്ടിയാണത്.

വരാല്‍ കേരളീയര്‍ക്ക് അന്യമല്ലെങ്കിലും ഇപ്പോള്‍ പെല്ലറ്റ് കഴിക്കുന്ന വരാല്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നല്ലതോ ചീത്തയോ, ലാഭമോ നഷ്ടമോ, വളരുമോ വളരില്ലയോ, രുചിയുണ്ടോ ഇല്ലയോ എന്നെല്ലാം അറിയുന്നതിനായി ഒരുമിച്ച് കാത്തിരിക്കാം.

English summary: Murrel Fish Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA