ADVERTISEMENT

പ്രോട്ടോസോവ വിഭാഗത്തില്‍പ്പെട്ട ആന്തരപരാദങ്ങളായ ലീഷ്മാനിയ (Leishmania), മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാക്കുന്ന രോഗമാണ് ലീഷ്മാനിയാസിസ് (Leishmaniasis) എന്ന് അറിയപ്പെടുന്നത്. 23ല്‍പ്പരം ലീഷ്മാനിയ ഇനങ്ങളുണ്ടെങ്കിലും മനുഷ്യരില്‍ ലീഷ്മാനിയ ഡൊണോവാനി ( Leishmania donovani) എന്ന പ്രോട്ടോസോവയാണ് രോഗകാരി.

ഇന്ന് ലോകത്ത് അഞ്ചു ഭൂഖണ്ഡങ്ങളില്‍ 98 രാജ്യങ്ങളിലായി ഈ രോഗം വ്യാപിച്ചിരിക്കുന്നു. മനുഷ്യര്‍ ഉള്‍പ്പെടെഎഴുപതോളം ഇനത്തില്‍പ്പെട്ട സസ്തനികളില്‍ ലീഷ്മാനിയോസിസ് കാണപ്പെടുന്നുണ്ട്. ദാരിദ്ര്യം, ശോചനീയമായ പാര്‍പ്പിട സൗകര്യങ്ങള്‍, അനാരോഗ്യം, മറ്റു സാമ്പത്തീക - സാമൂഹിക പിന്നോക്കാവസ്ഥ തുടങ്ങിയവയും വനനശീകരണം, ഡാം നിര്‍മാണം, ജലസേചന പദ്ധതികള്‍, നഗരവല്‍ക്കരണം തുടങ്ങിയവയുമാണ് ലീഷ്മാനിയോസിസ് രോഗവ്യാപനത്തിന് അനുകൂലമായ ഘടകങ്ങള്‍. ഇന്ത്യയിലും ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലും മനുഷ്യരില്‍ മാത്രമായി രോഗം ഒതുങ്ങി നില്‍ക്കുമ്പോള്‍, ചൈന, മധ്യ ഏഷ്യ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ ഇത് ജന്തുജന്യ രോഗമായാണ് പ്രകടമാകുന്നത്. അതായത്, ആദ്യം മൃഗങ്ങള്‍ക്കിടയില്‍പകരുന്ന രോഗം, പിന്നീട് മൃഗങ്ങളില്‍നിന്ന് മനുഷ്യനിലേക്കും പ്രാപിക്കുന്നു.

1903ല്‍ ലീഷ്മാന്‍, ഡോണോവാന്‍ എന്നീ ശാസ്ത്രജ്ഞരാണ് ലീഷ്മാനിയ എന്ന പരാദത്തെ കണ്ടെത്തിയത്. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഇല്ലാത്തപക്ഷം വളരെ അപകടകരമായ രീതിയില്‍ ഈ രോഗം കരള്‍, പ്ലീഹ, അസ്ഥിമജ്ജ എന്നിവയെ ബാധിക്കുന്നു. ഓരോ വര്‍ഷവും രോഗം ബാധിക്കുന്ന 70,000 മുതല്‍ ഒരു മില്ല്യണ്‍ മനുഷ്യരില്‍ 20,000 മുതല്‍ 30,000 വരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത് ഗൗരവകരമായ വസ്തുതയാണ്. 

ലീഷ്മാനിയോസിസ് പകരുന്നതെങ്ങനെ?

ഫ്‌ലിബോട്ടോമിന്‍ ഇനത്തില്‍പെട്ട പെണ്‍ മണ്ണീച്ചകളാണ്(Sand fly) മനുഷ്യരിലും മൃഗങ്ങളിലും ഈ രോഗം പകരാന്‍ ഇടയാക്കുന്നത്.രോഗബാധയുള്ള മൃഗങ്ങളെ കടിക്കുന്ന മണ്ണീച്ചകള്‍ മറ്റ് മൃഗങ്ങളെയോ മനുഷ്യരേയോ കടിക്കുമ്പോഴാണ് രോഗം വ്യാപിക്കുന്നത്. ഇവ രാത്രി കാലങ്ങളിലാണ് പ്രവര്‍ത്തനനിരതരാകുന്നത്. 

ഏകദേശം 800 ഇനത്തില്‍പെട്ട മണ്ണീച്ചകള്‍ ഭൂമിയിലുണ്ടെങ്കിലും അവയില്‍ 98 ഇനങ്ങളാണ് ലീഷ്മാനിയോസിസ് പകരുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത്. മരങ്ങളിലും വീടുകളുടെ ചുവരുകളിലും മാലിന്യങ്ങളിലും അവശിഷ്ടങ്ങളിലും കാണപ്പെടുന്ന മൂന്നു മുതല്‍ ആറ് മില്ലിമീറ്റര്‍മാത്രം വലുപ്പമുള്ള ചെറിയ ഈച്ചകളാണ് ഇവ. ആയതിനാല്‍ ഇവയെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതും പ്രയാസകരമാണ്. 

പ്രധാനമായും രണ്ടു തരത്തിലാണ് ഈ രോഗം പ്രകടമാകുന്നത്. സ്വയം ഭേദമാകുന്നതരത്തിലുള്ള ചര്‍മരോഗവും ആന്തരികാവയവങ്ങളെ ബാധിക്കുന്ന അതിഗുരുതരമായ രോഗവും (Visceral Leishmaniosis).മനുഷ്യരില്‍ ഇത് കരിമ്പനി അഥവാ കാലാ ആസാര്‍ (കാലാ = കറുപ്പ്, ആസാര്‍ = രോഗം) എന്ന പേരിലാണ് അറിയപ്പെടുന്നത്. 

ഏതെല്ലാം മൃഗങ്ങള്‍ക്ക് ഈ രോഗം വരും?

പ്രധാനമായും നായ്ക്കളിലാണ് രോഗം കാണപ്പെടുന്നത്.കുറുക്കനിലും പെരുച്ചാഴി വര്‍ഗത്തില്‍പ്പെട്ട ജീവികളിലും കാണാറുണ്ട്. കൂടാതെ പൂച്ചകള്‍ കുതിരകള്‍ എന്നിവയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂച്ചകളില്‍ ഗുരുതരമല്ലാത്ത ചര്‍മ്മരോഗങ്ങളാണ് പ്രകടമാകുന്നത്. 

എന്നാല്‍, ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും ഇന്ത്യയിലും പശുക്കള്‍, ആടുകള്‍ എന്നിവയുടെ ശരീരത്തില്‍നിന്നും രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. 

ലീഷ്മാനിയോസിസ് നായ്ക്കളില്‍ 

ലീഷ്മാനിയ ഇന്‍ഫാന്റം (Leishmania infantum) എന്നയിനം രോഗാണുവാണ് നായ്ക്കളിലെ ലീഷ്മാനിയോസിസിനു കാരണമാകുന്നത്. 90 % നായ്ക്കളിലും ചര്‍മ്മരോഗമാണ് കാണപ്പെടുന്നത്. മൃഗങ്ങളില്‍നിന്നും നേരിട്ടു മനുഷ്യരിലേക്ക് രോഗം പകരാറില്ല. എന്നാല്‍, മണ്ണീച്ചകളിലൂടെ രോഗം പകരാം.

രോഗബാധ കൂടുതലായി നിലനില്‍ക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് മനുഷ്യര്‍ക്ക് മണ്ണീച്ചകളുടെ കടിയേല്‍ക്കുന്നതും രോഗമുണ്ടാവുന്നതും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ചിലപ്പോള്‍ മാസങ്ങളെടുക്കും.കരള്‍, പ്ലീഹ, അസ്ഥിമജ്ജ, വൃക്ക എന്നീ അവയവങ്ങളെ ബാധിച്ചാല്‍ മരണം വരെ സംഭവിക്കാറുണ്ട്. 

ഇണചേരല്‍ പ്രക്രിയയിലൂടെയും, നായ്ക്കളുടെ ഗര്‍ഭപാത്രത്തിലൂടെ നവജാത കുട്ടികളിലേക്കും രോഗം പകരാറുണ്ട്. അവയവദാനം, രക്തദാനം, കുത്തിവയ്പ് നല്‍കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ എന്നിവയാണ് രോഗം പകരാനുള്ള മറ്റു സാധ്യതകള്‍. 

നായ്ക്കളിലെ രോഗ ലക്ഷണങ്ങള്‍ 

രോഗബാധയുള്ള 50% നായ്ക്കളും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ചിലപ്പോള്‍ മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാം. രോഗം ബാധിച്ച 90% നായ്ക്കളിലും ചര്‍മ്മരോഗങ്ങളാണ് കാണുന്നത്. 

ആദ്യം ഉള്ളം കാലില്‍ തുടങ്ങുന്ന ലക്ഷണങ്ങള്‍, മൂക്ക്, കണ്ണിനു ചുറ്റും, ചെവി എന്നിങ്ങനെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ചര്‍മ്മം വരണ്ട് കാണപ്പെടുന്നു. ചിലപ്പോള്‍ രോമം കൊഴിഞ്ഞു പോകാറുമുണ്ട്. പൊതുവെ, ചൊറിച്ചില്‍ അനുഭവപ്പെടാറില്ല. പനി, ക്ഷീണം, ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ തളര്‍ച്ച തുടങ്ങിയവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. 

നീണ്ടുനില്‍ക്കുന്ന വയറിളക്കം, കരള്‍ വീക്കം, പ്ലീഹ വീക്കം എന്നിവ അത്ര സാധാരണമല്ലെങ്കിലും ചില നായ്ക്കളില്‍ കാണാറുണ്ട്. സന്ധിവീക്കം നാഡീസംബന്ധമായ ലക്ഷണങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയും പ്രകടിപ്പിക്കാം. വിളര്‍ച്ചയാണ് രോഗലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കാഴ്ചവൈകല്യങ്ങള്‍, മൂക്കില്‍നിന്ന് രക്തമൊലിക്കുക, ഛര്‍ദ്ദി, മുടന്ത്, കാഷ്ഠത്തില്‍ രക്തം കാണുക, നഖങ്ങള്‍ അസാധാരണമായി വളരുക തുടങ്ങിയവ മറ്റു ലക്ഷണങ്ങളാണ്. 

രോഗനിര്‍ണ്ണയം 

ഭൂരിഭാഗം നായ്ക്കളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ലാബ് പരിശോധനയാണ് രോഗനിര്‍ണയത്തിന് സഹായകരമാകുന്നത്. അസ്ഥിമജ്ജ, കരള്‍, പ്ലീഹ എന്നീ അവയവങ്ങളില്‍നിന്നും ബയോപ്‌സി പരിശോധന, രക്തപരിശോധന, ക്യുപിസിആര്‍ (ക്വാണ്ടിറ്റേറ്റീവ് പോളിമറൈസ്ഡ് ചെയില്‍ റിയാക്ഷന്‍ ) എലിസ, ഇമ്മ്യൂണോഫ്‌ലൂറസന്‍സ് ആന്റിബോഡി ടെസ്റ്റ് എന്നിവ രോഗം നിര്‍ണയിക്കുന്നതിന് ഫലപ്രദമാണ്. 

രോഗസംക്രമണം എങ്ങനെ തടയാം?

  • ഫലപ്രദമായ മരുന്നുകളും വാക്‌സിനുകളും കുറവായതിനാല്‍ രോഗ പ്രതിരോധമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബ്രസീലില്‍ രക്തത്തില്‍ രോഗാണുബാധയുള്ള നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയുണ്ടായി. എന്നാല്‍ ഇത് ഫലപ്രദമല്ല എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 
  • മൃഗങ്ങളും മനുഷ്യരും മണ്ണീച്ചകളുമായുള്ള സമ്പര്‍ക്കം തടയുക എന്നതാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധമാര്‍ഗം. മണ്ണീച്ചകളുടെ വംശവര്‍ധനയ്ക്കു സഹായിക്കുന്ന എലി, പെരുച്ചാഴി തുടങ്ങിയ ജീവികളെ നിയന്ത്രിക്കുന്നതും രോഗ പകര്‍ച്ച തടയാന്‍ ഫലപ്രദമാണ്. 
  • അസ്തമയം മുതല്‍ സൂര്യോദയം വരെ അരുമ മൃഗങ്ങളെ പുറത്തുവിടാതിരിക്കുകയാണ് ഉചിതം. പ്രത്യേകിച്ച്, ലീഷ്മാനിയോസിസ് കൂടുതല്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോളും അവിടെ മൃഗങ്ങളെ താമസിപ്പിക്കുമ്പോഴും രാത്രി മുതല്‍ പ്രഭാതം വരെ വീടിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് നന്നായിരിക്കും.
  • ഡെല്‍റ്റാമെത്രിന്‍, സൈപ്പര്‍മെത്രിന്‍, ഡോറാമെത്രിന്‍ തുടങ്ങിയ ബാഹ്യ പരാദങ്ങള്‍ക്കെതിരെയുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നതും ഫലപ്രദമാണ്. 
  • ബാഹ്യ പരാദങ്ങളെ ചെറുക്കുന്ന കോളറുകള്‍ നായ്ക്കളെ ധരിപ്പിക്കുക. 
  • വളരെ ചെറിയ കണ്ണികളുള്ള കൊതുകുവലകള്‍ ഉപയോഗിക്കുക. കാരണം മണ്ണീച്ചകള്‍ വളരെ ചെറുതായതിനാല്‍ സാധാരണ കൊതുകുവലയുടെ കണ്ണികളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. 
  • വാതിലും ജനലുകളും രാത്രികാലങ്ങളില്‍ അടച്ചിടുക. 
  • ലീഷ്മാനിയോസിസിന് എതിരെയുള്ള വാക്‌സിനുകള്‍അത്ര ഫലപ്രദമല്ല. 

നായ്ക്കളില്‍ ലീഷ്മാനിയോസിസ് കൂടുതല്‍ കാണപ്പെടുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലും അവയില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 54 ജില്ലകളിലായി 130 ദശലക്ഷത്തോളം ആളുകള്‍ രോഗ സാധ്യത പട്ടികയിലുണ്ട്. കരിമ്പനി നിര്‍മാര്‍ജനം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട് 2005ല്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ഉടമ്പടി ഒപ്പിടുകയുണ്ടായി. 2014 ആയപോഴേയ്ക്കും ഭൂട്ടാന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും കൂടി പ്രസ്തുത ഉടമ്പടി വ്യാപിപ്പിച്ചു. അതോടു കൂടി 2019 ആയപ്പോഴേക്കും രോഗനിരക്ക് 90 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് . ദേശീയ - അന്തര്‍ദേശീയ തലത്തില്‍, വിവര വിനിമയം, ഗവേഷണം, സാങ്കേതിക സഹായം, പരിശീലനം തുടങ്ങിയ രംഗങ്ങളില്‍ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന പരിപാടികളാണ് രോഗ നിയന്ത്രണം സാധ്യമാക്കിയത്.

English summary: Leishmaniosis in Human And Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com