മരം വളരുന്ന ഇടമെല്ലാം വനമാണെന്ന് ആര്‍ക്കു പറയാനാകും? കര്‍ഷകരാണോ കൊള്ളക്കാര്‍?

HIGHLIGHTS
  • മരം വളരുന്നത് വനത്തില്‍ മാത്രമാണെന്ന് ആരു പറഞ്ഞു
teak-1
SHARE

മരം വളരുന്നത് വനത്തില്‍ മാത്രമാണെന്ന് ആരു പറഞ്ഞു, അഥവാ മരം വളരുന്ന ഇടമെല്ലാം വനമാണെന്ന് ആര്‍ക്കു പറയാനാകും? നല്ല കൃഷിയിടങ്ങളിലെല്ലാം ഒരു ഭാഗത്തു മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ടാവും. മലയോരത്തെ കൃഷിയിടമാണെങ്കില്‍ വനതുല്യമായ ഇലച്ചാര്‍ത്ത് പ്രതീക്ഷിക്കാം. അവയില്‍ ഏറിയ പങ്കും കൃഷിക്കാരന്‍ സ്വമേധയാ നട്ടുവളര്‍ത്തിയതാവും. പാരിസ്ഥിതിക - സാമ്പത്തിക സുസ്ഥിര വളര്‍ച്ചയ്ക്ക് മരങ്ങള്‍ പ്രയോജനപ്പെടുമെന്ന് മറ്റാരെക്കാളും നന്നായി അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ആഗോളതാപനത്തെ ചെറുക്കാന്‍ മാത്രമല്ല, സാമ്പത്തിക കാലാവസ്ഥ തകരുമ്പോഴും മരമാണ് മറുപടി. തേക്കും മഹാഗണിയും മുതല്‍ മട്ടിയും ഈട്ടിയുംവരെ ദീര്‍ഘകാല നിക്ഷേപമാക്കുന്ന കൃഷിക്കാര്‍ക്ക് അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശ്രയിക്കാവുന്ന വരുമാന ഇന്‍ഷുറന്‍സ് സംരക്ഷണമായി അവ മാറുന്നു. ബഹുവിളക്കൃഷിയിടങ്ങളുടെ അതിരുകളില്‍ പരമ്പരാഗത ഇന്‍ഷുറന്‍സ് സംരക്ഷണംപോലെ നിന്നിരുന്ന മരങ്ങളെ വിപണിബന്ധിത ന്യൂജന്‍ പോളിസികളാക്കി മാറ്റുന്ന പുതുതലമുറ കര്‍ഷകരെയും ഇന്നു കാണാം. ധനകാര്യസ്ഥാപനങ്ങളുടെ, പത്തും ഇരുപതും വര്‍ഷത്തിനുശേഷം പിന്‍വലിക്കാവുന്ന നിക്ഷേപപദ്ധതികളില്‍ ലക്ഷങ്ങള്‍ മുടക്കുന്നവരുണ്ട്. വലിയ തുകകള്‍ മുടക്കാനില്ലാത്തവര്‍ക്കും തുച്ഛമായ ചെലവില്‍ സമാനമായ നിക്ഷേപം നടത്താന്‍ മരങ്ങള്‍ ഉപകരിക്കുന്നു. രണ്ടായാലും ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കണമെന്നു മാത്രം. 

മൂന്നും നാലും പതിറ്റാണ്ടുകള്‍ വളര്‍ത്തിയ ശേഷം മാത്രം വില്‍ക്കാനാവുന്ന തേക്കും മഹാഗണിയുമൊക്കെയാണ് പണ്ടുമുതല്‍ക്കേ കേരളത്തിലെ കര്‍ഷകരുടെ ഇഷ്ടപ്പെട്ട വൃക്ഷവിളകള്‍. വീടുനിര്‍മാണവും വിവാഹാവശ്യങ്ങളും അടിയന്തര ചികിത്സയുമൊക്കെ നടത്താന്‍ പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന തേക്ക് ഉപകരിച്ച കഥ പലര്‍ക്കും പറയാനുണ്ടാകും. എന്നാല്‍ അടുത്ത കാലത്തായി മറ്റു ചില മരങ്ങളുടെ തടിയും വലിയ വരുമാനസ്രോതസായി മാറിയിട്ടുണ്ട്. വലിയ അവകാശവാദങ്ങള്‍ക്കു പിന്നാലെ പോകാതെ സ്വന്തം ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും ചേരുന്ന വൃക്ഷവിളകള്‍ തിരഞ്ഞെടുക്കുകയേ വേണ്ടൂ.

ആറു വര്‍ഷം മുന്‍പ് നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ തടി ആവശ്യങ്ങളുടെ 95 ശതമാനവും നിറവേറ്റുന്നത് വീട്ടുവളപ്പുകളിലെയും റബര്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങളിലെയും മരങ്ങളാണെന്ന് കേരള വനം ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥനും സീനിയര്‍ സയന്റിസ്റ്റ് ഡോ. വി.ബി ശ്രീകുമാറും പറഞ്ഞു. വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങളാലും, സാമ്പത്തികപ്രാധാന്യമുള്ള തടിയിനങ്ങളാലും സമ്പന്നമായിരുന്നു നമ്മുടെ വീട്ടുവളപ്പുകളെന്നു അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അടുത്ത കാലത്ത് ധാരാളം വന്‍വൃക്ഷങ്ങള്‍ നമ്മുെട പുരയിടങ്ങളില്‍നിന്നു തടി ആവശ്യങ്ങള്‍ക്കായി വെട്ടിനീക്കിയിട്ടുണ്ട് ജൈവസമ്പത്ത് പുനരുജ്ജീവിപ്പിക്കാനും, മണ്ണൊലിപ്പ് തടഞ്ഞ് മണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കാനും  വൃക്ഷങ്ങളെ വീട്ടുവളപ്പുകളിലേക്ക്  തിരികെ കൊണ്ടുവരേണ്ടതുണ്ടെന്ന് ഇരുവരും നിര്‍ദേശിച്ചു. 

രണ്ടു രീതിയില്‍ വൃക്ഷങ്ങള്‍ വളര്‍ത്തുന്നവരുണ്ട്. തോട്ടമടിസ്ഥാനത്തിലും അല്ലാതെയും. ഒന്നോ രണ്ടോ ഏക്കര്‍ കൃഷിയിടമുള്ള ചെറുകിട കര്‍ഷകര്‍ക്ക് രണ്ടാമത്തെ രീതിയാവും പ്രായോഗികം. കൃഷിയിടത്തിന്റെ  അതിരുകളിലോ മൂലകളിലോ അത്ര കൃഷിയോഗ്യമല്ലാത്തതും തരിശു കിടക്കുന്നതുമായ ഭാഗങ്ങള്‍ വൃക്ഷവിളകള്‍ക്കായി മാറ്റാം. ആദ്യവര്‍ഷങ്ങളില്‍ പരിചരണം ഉറപ്പാക്കിയാല്‍ പിന്നെ അവയെ തിരിഞ്ഞു നോക്കേണ്ടതില്ല. നിശ്ചിത വളര്‍ച്ചയെത്തുമ്പോള്‍ നിങ്ങളുെട സീറോ ബജറ്റ് നിക്ഷേപം വലിയ മുതലായി മാറിയിട്ടുണ്ടാകും. 

കൃഷിയിടത്തിലെ മരം കര്‍ഷകനുമാത്രം സ്വന്തം

കേരളത്തിന്റെ മലയോരങ്ങളില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ് അഗ്രോ ഫോറസ്ട്രി അഥവാ കാര്‍ഷിക വനവല്‍ക്കരണം. ദൗര്‍ഭാഗ്യവശാല്‍ വിവിധതരം നിയമക്കുരുക്കുകള്‍ മൂലം ഈ രംഗത്ത് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പത്തോളം ചട്ടങ്ങള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ 1964ലെ ചട്ടങ്ങളാണ്. മുട്ടില്‍ മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം നിരപരാധികളായ കൃഷിക്കാര്‍ പീഡിപ്പിക്കപ്പെടുകയാണിപ്പോള്‍. റവന്യൂരേഖകളുടെ അടിസ്ഥാനത്തില്‍, വില്ലേജ് ഓഫിസറുടെ എന്‍ഒസി നേടി സ്വന്തം പട്ടയഭൂമിയിലെ മരം മുറിച്ച കൃഷിക്കാര്‍ക്കെതിരെ സംസ്ഥാനത്തുടനീളം കേസെടുക്കുകയാണ് .

റിസര്‍വ് ചെയ്യപ്പെടാത്ത ഭൂമിയിലെ മരങ്ങളില്‍ കൃഷിക്കാര്‍ക്ക് പൂര്‍ണഅവകാശം നല്‍കി 100 ശതമാനം മരങ്ങളും മുറിക്കാന്‍ അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിനു തടസ്സമായുള്ള നിയമക്കുരുക്കുകള്‍ നീക്കം ചെയ്യാന്‍ സമഗ്രമായ പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുകയോ വേണം. സര്‍ക്കാര്‍ കൃഷി ചെയ്യാനായി ഭൂമി പതിച്ചുകൊടുത്ത എല്ലാ കര്‍ഷകരും ഇപ്പോഴത്തെ നിയമങ്ങള്‍ മൂലം ഉദ്യോഗസ്ഥ പീഡനത്തിന് ഇരയാവുകയാണ്. റവന്യൂഭൂമിയില്‍ വനംവകുപ്പിന്റെ എല്ലാ അധികാരങ്ങളും എടുത്തുകളയണം. ചന്ദനമടക്കമുള്ള ഏതു മരവും ആവശ്യാനുസരണം വളര്‍ത്താനും യഥേഷ്ടം വില്‍ക്കാനും കൃഷിക്കാരനെ അനുവദിക്കണം. എങ്കില്‍ മാത്രമേ കേരളത്തില്‍ കാര്‍ഷികവനവല്‍ക്കരണം യാഥാര്‍ഥ്യമാകൂ. വനേതരപ്രദേശങ്ങളിലെ മരംവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 2005ല്‍ സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവന്നിരുന്നു. മറ്റു നിയമങ്ങള്‍ എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭൂമിയിലെ മരങ്ങള്‍ കര്‍ഷകനു മുറിക്കാവുന്നതാണെന്ന് അതില്‍ പറയുന്നു. എന്നിട്ടും കാലഹരണപ്പെട്ട നിയമങ്ങളുടെ പേരില്‍ വനംവകുപ്പുകാര്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളത്. ജന്മം പട്ടയങ്ങളില്‍ പോലും മരം മുറിക്കാന്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് പറയുന്നത്.  അഴിമതി നടത്താനുള്ള അവസരം സൃഷ്ടിക്കുകയാണ്  ഇതുവഴി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA