ADVERTISEMENT

വാഴക്കായപ്പൊടി നിര്‍മാണവും അനുബന്ധ സംരംഭങ്ങളും കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്കിടയില്‍ തരംഗമായതിനു നിമിത്തമായത് ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം

ഉത്തര കന്നഡയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍ തുടക്കം കുറിച്ച പച്ചക്കായ്‌പ്പൊടി നിര്‍മാണം സമൂഹമാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വാരാന്ത്യ 'മന്‍ കി ബാത്തി'ലും ഇടംപിടിച്ചു. കര്‍ണാടകയിലെ 'അഡികെ പത്രികെ' കാര്‍ഷിക മാസികയുടെ പത്രാധിപരായ ശ്രീപദ്രേയുടെ ഒരു ഫെയ്‌സ്ബുക് പോസ്റ്റ് ആണ് എല്ലാറ്റിനും തുടക്കമിട്ടത്. 

banana-flour-nayana
നയന വാഴക്കായപ്പൊടിയുമായി

ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ സഹായത്താല്‍ ഏത്തയ്ക്ക ഉണക്കിപ്പൊടിച്ചു വിപണനം ചെയ്യുന്ന,  ആലപ്പുഴചിങ്ങോലി ഹരിതം ക്ലസ്റ്ററിലെ ജയാംബിക രാജപ്പന്‍ എന്ന വീട്ടമ്മയുടെ സംരംഭത്തെക്കുറിച്ചായിരുന്നു പോസ്റ്റ്. ഇതു വായിക്കാനിടയായ കര്‍ണാടകയിലെ തുംകുരുവിലുള്ള നയന ആനന്ദ് കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രീപദ്രേയെ വിളിച്ചു. അദ്ദേഹമാണ് ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റായ എനിക്കു നയനയെ പരിചയപ്പെടുത്തിയത്. ഭാഷാപ്രശ്‌നം തുടക്കത്തില്‍ ചെറിയ തടസ്സമായെങ്കിലും നയനയ്ക്ക് അത്യാവശ്യം ഇംഗ്ലിഷ് മനസ്സിലാകുമെന്നത് അനുഗ്രഹമായി. തുടര്‍ന്നു വാട്‌സാപ്പിലൂടെ കായ്‌പ്പൊടി നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍ പറഞ്ഞുകൊടുത്തു. വൈകാതെ തന്നെ വീട്ടുവളപ്പിലെ കറിക്കായ ഉപയോഗിച്ചു നയന കായ്‌പ്പൊടി നിര്‍മിച്ചു. വീട്ടില്‍ ഡ്രയര്‍ ഉണ്ടായിരുന്നത് അനുഗ്രഹമായെന്നു നയന. സംഗതി കൊള്ളാമെന്നു കണ്ടതോടെ കായ്‌പ്പൊടി നിര്‍മാണരീതികള്‍ കര്‍ണാടകയിലെ പത്തിലേറെ കര്‍ഷക വാട്‌സാപ് കൂട്ടായ്മകളിലേക്കു നയന ശബ്ദസന്ദേശമായി അയച്ചു. 

banana-flour-1
വിവിധ വാഴക്കായപ്പൊടിയുൽപന്നങ്ങൾ

കിലോയ്ക്ക് 4-5 രൂപ മാത്രം ലഭിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുതിയ ആശയം ആവേശകരമായിരുന്നു. പലരും പച്ചക്കായ്‌പ്പൊടി തയാറാക്കാനാരംഭിച്ചു. ഇതിനിടെ നയന കായ്‌പ്പൊടികൊണ്ടു തയാറാക്കാവുന്ന വിഭവങ്ങളെക്കുറിച്ചും എന്നോടു ചോദിച്ചു മനസ്സിലാക്കി. ബേബിഫുഡിനു പുറമെ, ബേക്കറി ഉല്‍പന്നങ്ങളും പ്രാതല്‍വിഭവങ്ങളും തയാറാക്കാനും ഇത് ഉത്തമമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ദോശ, ചപ്പാത്തി, പൂരി, റൊട്ടി, ഉപ്പുമാവ്, പുട്ട്, മുറുക്ക്, കാര, മിക്‌സ്ചര്‍ എന്നിങ്ങനെ ഉത്തര കന്നഡയിലെ ഒട്ടേറെ അടു ക്കളകള്‍ കായ്‌പ്പൊടിവിഭവങ്ങള്‍കൊണ്ടു സമൃദ്ധമായി. നൂറോളം വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള പാചകക്കൂട്ടുകളാണ് വീട്ടമ്മമാര്‍ ഉരുത്തിരിച്ചെടുത്തത്. ഇതില്‍ കെവികെയുടെ നിര്‍ദേശാനുസരണം തയാറാക്കിയ കുക്കീസ്, ബിസ്‌കറ്റ്, ഹെല്‍ത്ത് മിക്‌സ്, ചട്‌നിപ്പൊടി, സ്വീറ്റ്, മിഠായി, കേക്ക്  മുതല്‍ ബ്രഡ്, ബണ്‍, റെസ്‌ക്, മഫിന്‍സ്, ഗുലാബ്ജാമുന്‍വരെയുണ്ട്. 

തങ്ങള്‍ തയാറാക്കുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളും അവയുടെ ചിത്രങ്ങളും വീട്ടമ്മമാര്‍ ഫെയ്‌സ്ബു ക്കിലും വാട്‌സാപ്പിലും പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ ഇത് ഒരു തരംഗമായി മാറുകയായിരുന്നു. കര്‍ഷ കരും വീട്ടമ്മമാരും  ആവേശപൂര്‍വം അറിവുകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങളില്‍ ഇതു സജീവ ചര്‍ച്ചയായി മാറി. ഉത്തര കന്നഡയില്‍ ഡ്രയര്‍ ഉള്ള 1500ലേറെ കര്‍ഷക കുടുംബങ്ങളുണ്ടായിരുന്നത് ഈ രംഗത്തൊരു മുന്നേറ്റത്തിനുതന്നെ നിമിത്തമായി. അവരെല്ലാം തന്നെ  ഡ്രയറുകളില്‍ കായ് ഉണക്കി പൊടി തയാറാക്കാനാരംഭിച്ചു. വീട്ടിലിരുന്നു ജോലി ചെയ്യുന്ന ടെക്കികള്‍ മുതല്‍ വിശ്രമജീവിതം നയിക്കുന്ന പ്രഫസര്‍വരെ ഇക്കൂട്ടത്തിലുണ്ട്. കായ്‌പ്പൊടിക്കു കൂടുതല്‍ പ്രചാരം ലഭിക്കുന്നതിനു   കല്യാണസദ്യയിലെ ഏതെങ്കിലും രണ്ടു വിഭവം കായ്‌പ്പൊടി ഉപയോഗിച്ചു തയാറാക്കണമെന്നു നിര്‍ദേശമുയര്‍ന്നു. പല പാചക വിദഗ്ധരും അതനുസരിച്ചു പുതിയ വിഭവങ്ങള്‍ തയാറാക്കി അതിഥികള്‍ക്കു നല്‍കി. കായ്‌പ്പൊടികൊണ്ട് ഏതു വിഭവവും രുചികരമായി തയാറാക്കാമെന്ന സന്ദേശം വൈകാതെ പ്രചരിച്ചു. ഇതിനിടയ്ക്കു രണ്ടു ക്വിന്റലോളം കായ്‌പ്പൊടിക്ക് ഓര്‍ഡര്‍ ലഭിച്ച നയന, വീട്ടിലെ ചെറിയ ഡ്രയറും മിക്‌സിയും ഉപയോഗിച്ച് അത്രയും പൊടി തയാറാക്കി നല്‍കി.

ഉത്തര കന്നഡയിലെ ഈ നിശ്ശബ്ദ വിപ്ലവത്തെക്കുറിച്ചു കന്നഡയിലെ പ്രാദേശിക മാധ്യമങ്ങളും ചാനലുകളും ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. ഇതു ശ്രദ്ധിക്കാനിടയായ കെവികെ മേഖലാ മേധാവി ഡോ. വി. വെങ്കിട സുബ്രഹ്മണ്യന്‍ ഇത് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ അറിയിച്ചു. കര്‍ണാടകയില്‍ നടക്കുന്ന ഈ നിശ്ശബ്ദ  വിപ്ലവത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കി ബാത്തി'ലൂടെ രാജ്യത്തെ അറിയി ക്കാനിടയായതങ്ങനെ. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ പ്രവര്‍ത്തകരായ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു, ഞങ്ങള്‍ പകര്‍ന്ന ഒരു കൈത്തിരി രാജ്യമാകെ വെളിച്ചം പകരുന്ന സന്ദേശമായി മാറുന്നതില്‍. വാഴക്കൃഷിയിലും അനുബന്ധ മേഖലകളിലും ശ്രദ്ധേയ സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തിരുച്ചിറപ്പള്ളിയിലെ വാഴഗവേഷണകേന്ദം നല്‍കുന്ന പുരസ്‌കാരം  ഈ നേട്ടത്തിന്റെ പേരില്‍ ആലപ്പുഴ കൃഷിവിജ്ഞാനത്തിനു ലഭിച്ചുവെന്നതും ഞങ്ങള്‍ക്കു സന്താഷം പകരുന്നു. 

banana-flour-2
വാഴക്കായ സംസ്കരിക്കുന്നതിനായി തയാറാക്കുന്ന വീട്ടമ്മമാർ

ലോക്ഡൗണില്‍ ഒരുകൂട്ടം വീട്ടമ്മമാര്‍ രൂപം െകാടുത്ത എളിയ  ഗാര്‍ഹിക സംരംഭം ആണ് ഇത്രയേറെ ശ്രദ്ധ നേടിയത്. അറുപതിലേറെ വാഴയിനങ്ങളുള്ള കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണിത്. കറിക്കായ ഇനങ്ങള്‍പോലും പൊടിയുണ്ടാക്കാന്‍  യോജ്യമാണെന്ന് അറിയുക.  ഊര്‍ജ മൂല്യം കുറഞ്ഞ കായ്‌പ്പൊടി പ്രമേഹരോഗികള്‍ക്കും പ്രയോജനപ്രദമാണ്. കൂടാതെ മാണം, പിണ്ടി, കൂമ്പ്, പോള, കായ്‌ത്തൊലി, പഴം എന്നിങ്ങനെ സമസ്ത ഭാഗവും ഉപയോഗയോഗ്യമായ വാഴ ഒരു സംരംഭം തുടങ്ങുന്നതിനു സഹായകമായ വിളയാണ്. വാഴക്കൃഷിക്ക് അനുകൂലമായ  കാലാവസ്ഥ, 12 മാസവും വിളവു ലഭ്യമാകാനുള്ള സാധ്യത, നാനോ സംരംഭങ്ങളുടെ പരിധിയില്‍ ആരംഭിക്കാനുള്ള അവസരം, ഉല്‍പന്നത്തിന്റെ വൈവിധ്യവല്‍ക്കരണ സാധ്യത എന്നിവയെല്ലാം  നമുക്കുണ്ട്. കൃഷിവകുപ്പിന്റെ സ്മാം (SMAM)  പദ്ധതിയില്‍ ഇത്തരം ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള ചെറുകിട യന്ത്രങ്ങള്‍ വാങ്ങുന്നതിനു സബ്‌സിഡിയും ലഭ്യമാണ്. 

English summary: Karnataka Women are Making Waves With Banana Flour!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com