രണ്ടിനം എരുമകള്‍ക്കുകൂടി ബ്രീഡ് പദവി; കേരളത്തിലെ എരുമയ്ക്ക് അവഗണന മാത്രം

HIGHLIGHTS
  • കുട്ടനാടന്‍ എരുമകളിപ്പോഴും അവഗണനയുടെ പടുകുഴിയില്‍ തന്നെ
bufalow
SHARE

ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ മെഗാഡൈവേഴ്സിറ്റി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇരുപത് രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും ജലജീവികളുടെയും ഉഭയജീവികളുടേയും നമ്മുടെ ശാസ്ത്രാന്വേഷണങ്ങള്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ മറ്റനേകം രഹസ്യജീവജാലങ്ങളുടെയും വൈവിധ്യത്തില്‍ മാത്രമല്ല, ഉപജീവനോപാധിക്കായി പരിപാലിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍നിരയിലാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ സിഎആര്‍) കീഴില്‍ ഹരിയാണയിലെ കര്‍ണാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സസ് ബ്യൂറോയാണ് (എന്‍ബിഎജിആര്‍) രാജ്യത്തെ തനത് വളര്‍ത്തുമൃഗജനുസ്സുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്നത്. 

ബ്രീഡ് റജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം എന്‍ബിഎജിആര്‍ പുറത്തിറക്കുകയും പുതുക്കുകയും ചെയ്യുന്ന ദേശീയ ബ്രീഡ് റജിസ്റ്റര്‍ തദ്ദേശീയ ജനുസ്സുകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്ന അംഗീകൃതവും ഔദ്യോഗികവുമായ രേഖയാണ്. ഇക്കഴിഞ്ഞ മാസം ചേര്‍ന്ന ദേശിയ ബ്രീഡ് റെജിസ്‌ട്രേഷന്‍ കമ്മറ്റി രണ്ട് വളര്‍ത്തുമൃഗ ഇനങ്ങള്‍ക്ക് കൂടെ രാജ്യത്തെ അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. കര്‍ണാടകയുടെ ധാര്‍വാഡി, ഒഡീഷയുടെ മന്ദ എന്നീ തനത് എരുമയിനങ്ങളാണ് ബ്രീഡ് പദവി ലഭിച്ച പുതിയ വളര്‍ത്തുമൃഗയിനങ്ങള്‍.  

dharvadi-bufallow-2
ധാര്‍വാഡി

ധാര്‍വാഡി, മന്ദ എരുമയിനങ്ങളെ കൂടി ബ്രീഡ് ആയി അംഗീകരിച്ചതോടെ രാജ്യത്തെ ഇതുവരെ അംഗീകരിക്കപ്പെട്ട ആകെ വളര്‍ത്തുമൃഗ-പക്ഷി ജനുസ്സുകളുടെ എണ്ണം ഇരുനൂറ്റിരണ്ടായി വര്‍ധിച്ചു. ദേശീയ ബ്രീഡ് റജിസ്റ്ററില്‍ ഉള്‍പ്പെട്ട പശു, എരുമ, പന്നി, ആട്, ചെമ്മരിയാട്, കുതിര, കഴുത, ഒട്ടകം,യാക്ക്, കോഴി, താറാവ്, വാത്ത ജനുസ്സുകളുടെ എണ്ണം യഥാക്രമം 50, 19 , 10, 34 , 44, 7 ,3 , 9, 1 , 19, 2, 1  എന്നിങ്ങനെയാണ്.

manda-buffalo
മന്ദ

കഴിഞ്ഞ വര്‍ഷം സപ്റ്റംബറില്‍ മൂന്ന് തദ്ദേശീയ ഇനം നായകള്‍ക്കും ബ്രീഡ് എന്ന പദവി നല്‍കുകയുണ്ടായി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറെ പേരുകേട്ട രാജപാളയം നായ്ക്കള്‍, ചിപ്പിപ്പാറ നായ്ക്കള്‍, കര്‍ണാടകയില്‍ നിന്നുള്ള മുധോള്‍ ഹൗണ്ട് എന്നീ ഇനങ്ങളാണ് ബ്രീഡ് പദവി നേടിയത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു മൂന്ന് നായയിനങ്ങള്‍ക്ക് ബ്രീഡ് പദവി നല്‍കിയത്. 

ഇത്രയധികം തദ്ദേശീയ വളര്‍ത്തുമൃഗജനുസ്സുകള്‍ സ്വന്തമായുള്ള മറ്റൊരു രാജ്യം ഇന്ത്യയല്ലാതെ ഇന്നില്ല. ബ്രീഡ് റജിസ്റ്ററില്‍ ഇടനേടിയതും രാജ്യത്തിന്റെ തനത് പൈതൃകമായി കണക്കാക്കുന്നതുമായ ഈ വളര്‍ത്തുമൃഗജനുസ്സുകളുടെ പരിരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങള്‍ക്കും ജനിതകസംരക്ഷണത്തിനും സുസ്ഥിര പ്രജനനപ്രവര്‍ത്തങ്ങള്‍ക്കുമായി വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണ് രാജ്യം ചെലവിടുന്നത്. കൂടാതെ ബ്രീഡ് പട്ടികയില്‍ ഇടം നേടിയ മൃഗങ്ങളെ അവയുടെ ഉറവിടങ്ങളില്‍ തന്നെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവും പുരസ്‌കാരങ്ങളും നല്‍കിവരുന്നു. 

dharvadi-bufallow
ധാര്‍വാഡി

ഉത്തരകന്നഡയുടെ എരുമപ്പെരുമ- ധാര്‍വാഡി

രാജ്യത്തെ അംഗീകരിക്കപ്പെട്ട എരുമ ജനുസ്സുകളിലെ പതിനെട്ടാമത്തെ അംഗമാണ് ധാര്‍വാഡി എരുമകള്‍. ഉത്തര കര്‍ണാടകയുടെ ഭാഗമായ ധര്‍വാര്‍, ബെല്‍ഗാം, ബിജാപൂര്‍ എന്നീ പ്രദേശങ്ങളാണ് ധര്‍വാഡി എരുമകളുടെ ജന്മഭൂമിക. ബഗല്‍കോട്ട്, ഗഡ്ക് ,ബെല്ലാരി, ബിദാര്‍, വിജയപുര, ചിത്രദുര്‍ഗ, കല്‍ബുര്‍ഗി, ഹാവേരി, കോപല്‍, റായ്ച്ചൂര്‍, യദ്ഗിത് തുടങ്ങിയ കര്‍ണാടകയിലെ ജില്ലകളിലും ധാര്‍വാഡി എരുമകള്‍ വ്യാപകമായി കാണപ്പെടുന്നു. 

dharvadi-bufallow-3
ഉത്തരകർണാടകയിൽ പ്രാദേശികമായി നടക്കുന്ന കാർഷികാചരമായ പോത്തോട്ടമത്സരത്തിന് വേണ്ടി അണിയിച്ചൊരുക്കിയ ധാർവാഡി പോത്തുകൾ

ഹൊലിസാല്‍, മുണ്ടര്‍ഗി, ധര്‍വാരി തുടങ്ങിയ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്നതും  ധാര്‍വാഡി എരുമകള്‍ തന്നെ. മഹാരാഷ്ട്രയുടെ തനത് എരുമ ജനുസ്സായ പാന്താര്‍പുരി എരുമകളുടെ ഉപവിഭാഗമാണ് ധാര്‍വാഡി എരുമകളെന്നാണ് ഈയടുത്തകാലം വരെ കരുതപ്പെട്ടിരുന്നത്. പന്താര്‍പുരി എരുമകളുടേതിന് സമാനമായ നീണ്ട് വളര്‍ന്ന കൊമ്പുകള്‍ ഉള്‍പ്പെടെയുള്ള ശരീര ലക്ഷണങ്ങള്‍ ഈ കരുതലിനെ ബലപ്പെടുത്തി. എന്നാല്‍ ജനിതക താരതമ്യ പഠനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി നടന്ന ഗവേഷണങ്ങളാണ് ധാര്‍വാഡി എരുമകള്‍ വ്യത്യസ്തമായതും, സ്വന്തമായ ശാരീരിക ജനിതക പ്രത്യേകതകളുള്ളതുമായ ഒരു ജനുസ്സ് ആണെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.

ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി ഇപ്പോള്‍ കൈവന്നതിന് പിന്നില്‍ ചാലക ശക്തിയായതും ഈ പഠനങ്ങള്‍ തന്നെ. ധര്‍വാഡിലെ കാര്‍ഷിക കോളേജിലെയും, ഐസിഎആര്‍- എന്‍ഡിആര്‍ഐ ബംഗ്ലൂരുവിലെ ദക്ഷിണേന്ത്യന്‍ കേന്ദ്രത്തിലെയും ഗവേഷകരാണ് ധാര്‍വാഡി എരുമകളുടെ പെരുമ തേടിയുള്ള പഠനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 

dharvadi-bufallow-peda
ഭൗമസൂചിക പദവി നേടിയ ധാർവാഡ് പേഡ

ധാര്‍വാഡ് പേഡയ്ക്ക് രുചിപകരും ധാര്‍വാഡി എരുമകള്‍

ഉത്തര കര്‍ണ്ണാടകയില്‍ പരമ്പരാഗതമായി കാണപ്പെടുന്ന എരുമകളില്‍ 80 ശതമാനവും ധാര്‍വാഡി എരുമകളില്‍പ്പെട്ടവയാണ്. വരണ്ടപ്രദേശങ്ങളില്‍ വളരാനുള്ള ശാരീരിക ശേഷിയാവോളമുള്ളവയാണ് ഈ എരുമയിനം. പശ്ചിമഘട്ട മേഖലകളിലും ബല്‍ഗാം, ധര്‍വാര്‍, ദക്ഷിണ കാനറ എന്നീ ജില്ലകളില്‍ (സബര്‍ബന്‍) അധിവസിക്കുന്ന ഗവാലി ആദിവാസി സമൂഹമാണ് ധാര്‍വാഡി എരുമകളുടെ പ്രധാനപരിരക്ഷകര്‍. തീര്‍ത്തും പരമ്പരാഗത രീതിയിലാണ് അവ പരിപാലിക്കപ്പെടുന്നത്. ഗവാലി ആദിവാസി സമൂഹത്തിലെ സ്ത്രീകളും ധാര്‍വാഡി എരുമകളും തമ്മിലുള്ള  ഊഷ്മളബന്ധവും പാരസ്പര്യവും സബര്‍ബന്‍ മേഖലയിലെ ഹൃദ്യമായ കാര്‍ഷിക കാഴ്ചകളിലൊന്നാണ്. 

എരുമകളും, പോത്തുകളും കിടാക്കളുമൊക്കെയായി സമൂഹജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ധാര്‍വാഡി എരുമകള്‍. കൂട്ടത്തിന് നേതാവായി മുതിര്‍ന്ന ഒരു പോത്തുമുണ്ടാവും. പൊതുവെ ശാന്തസ്വഭാവക്കാരായ ധാര്‍വാഡി എരുമകള്‍ ഇടത്തരം വലുപ്പമുള്ളവയുമാണ്. കറുപ്പ് തന്നെയാണ് പൊതുവെയുള്ള നിറം. നെഞ്ചിലും അടിവയറിന്റെ ഭാഗത്തും,കാലിലും കട്ടിയുള്ള രോമാവരണം കാണും. നീണ്ട മുഖവും ഇരുവശങ്ങളിലേക്കും നീണ്ടു വളര്‍ന്ന ചെവികളും തോളെല്ലിനെ തൊട്ട് പിന്നോട്ട് അര്‍ദ്ധവൃത്താകൃതിയില്‍ പരന്നു പിരിഞ്ഞു വളര്‍ന്ന അറ്റം കൂര്‍ത്ത കൊമ്പുകളുമാണ് പ്രധാന പ്രത്യേകത. തോളെല്ലിനെ തൊട്ട് പിന്നോട്ട് അല്പം ചരിഞ്ഞ് വാള്‍പോലെ വളര്‍ന്ന കൊമ്പുള്ളവയും ധാര്‍വാഡി എരുമകള്‍ക്കിടയിലുണ്ട്. അവയുടെ നീണ്ട കൊമ്പുകളില്‍ ചായം പൂശി ചമയമൊരുക്കുന്നത് കര്‍ഷകരുടെ പരമ്പരാഗത രീതിയാണ്. വാലുകള്‍ മുട്ടറ്റം മാത്രമേയുണ്ടാവൂ. 

ആദ്യ പ്രസവം നടക്കാന്‍ നാല് നാലര വര്‍ഷം വരെ സമയമെടുക്കും. രണ്ട് പ്രസവങ്ങള്‍ തമ്മില്‍ ഇടവേള ഒന്നര വര്‍ഷത്തിലധികം നീളും. പാലുല്‍പ്പാദന കാലം 325 ദിവസം വരെ നീളുമെങ്കിലും ഉല്‍പ്പാദനം 500-1000 ലീറ്റര്‍വരെ മാത്രമാണ്. ഉല്‍പ്പാദനത്തില്‍ പിറകിലെങ്കിലും തങ്ങളുടെ പാരമ്പര്യവും പൈതൃകവുമാണ് ധാര്‍വാഡി എരുമകളെ ഗോത്രജനത പരിഗണിക്കുന്നത്. കര്‍ണാടകയുടെ ഏറെ പ്രശസ്തവും ഭൗമസൂചിക പദവി (Geographical Indication) നേടിയതുമായ തനത് ഭക്ഷ്യവിഭവമായ ധാര്‍വാഡ് പേഡ തയാറാക്കുന്നത് ധാര്‍വാഡി എരുമകളുടെ കൊഴുപ്പളവ് കൂടിയ പാലില്‍നിന്നാണ്.

kuttanadan
കുട്ടനാടന്‍ എരുമ

കേരളസമൂഹത്തിന് കണ്ണിന്‍ മുന്നിലൊരു വംശനാശം, അവഗണനയുടെ പടുകുഴിയില്‍ കുട്ടനാടന്‍ എരുമകള്‍

കേരളത്തില്‍ കാണപ്പെടുന്ന ഒരേ ഒരു നാടന്‍ എരുമകളാണ് കുട്ടനാടന്‍ എരുമകള്‍. ആകാരത്തില്‍ താരതമ്യേന ചെറുതായതിനാല്‍ രാജ്യത്തെ തന്നെ ഏറ്റവും കുറിയ എരുമ ഇനമായാണ് കുട്ടനാടന്‍ എരുമകളെ പരിഗണിക്കുന്നത്. പമ്പ, മണിമല, അച്ചന്‍കോവിലാര്‍, മീനച്ചിലാര്‍, മൂവാറ്റുപുഴ എന്നീ നദികളും വേമ്പനാട്ടുകായലും ചേര്‍ന്ന് രൂപപ്പെടുത്തിയ എക്കല്‍ത്തടമായ കുട്ടനാട് എന്ന ജലസംബന്ധിയായ പരിസ്ഥിതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാരീരിക-ജനിതക പ്രത്യേകതകളാണ് കുട്ടനാടന്‍ എരുമകള്‍ക്കുള്ളത്. 

ചുരുളി എന്ന പ്രാദേശിക പേരില്‍ വിളിക്കപ്പെടുന്ന ഈ എരുമകള്‍ ഒരു കാലത്ത് കുട്ടനാടന്‍ കാര്‍ഷിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായിരുന്നു. കട്ടിയില്‍ ചെളി നിറഞ്ഞ പുഞ്ചപ്പാടങ്ങള്‍ ഉഴുതുമറിക്കാന്‍ ഈ പോത്തുകള്‍ മാത്രമായിരുന്നു ആശ്രയം. ഒരുപ്പൂ കൃഷി ഒഴിഞ്ഞ പുഞ്ചപ്പാടങ്ങളാണ് കുട്ടനാടന്‍ എരുമകളുടെ വിഹാര കേന്ദ്രം. മഴയും വെയിലും ഒന്നും ഏശാതെ അവ കുട്ടനാടന്‍ പുഞ്ചയില്‍ വാഴും. പുഞ്ചയില്‍ വിളഞ്ഞ ആമ്പല്‍ തണ്ടും, താമരത്തണ്ടുമെല്ലാം തീറ്റയാക്കി വയറുനിറയ്ക്കുന്ന ഇവയുടെ പരിപാലനത്തില്‍ യാതൊരു ചെലവും കര്‍ഷകര്‍ക്കില്ലായിരുന്നു. പുഞ്ചയിലെ മേച്ചിലിനിടെ ഇണചേര്‍ന്ന് എരുമകള്‍ ഗര്‍ഭിണികളാവും. പ്രസവം അടുത്ത എരുമകളെ കര്‍ഷകര്‍ പുഞ്ചയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്ന പതിവ്. 

നല്ല പോത്തിന്‍ കുട്ടികളെ പാല്‍ കുടിപ്പിച്ച് മിടുക്കന്‍മാരായി വളര്‍ത്തി, വരിയുടച്ച് ഉശിരന്മാരാക്കി നിലമുഴല്‍ അടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് കൂടെ കൂട്ടുന്നതായിരുന്നു കര്‍ഷകരുടെ രീതി. എരുമകളില്‍ നിന്ന് അളവില്‍ കുറവെങ്കിലും നല്ല കൊഴുപ്പുള്ള പാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു. പുഞ്ചപ്പാടങ്ങളില്‍ ട്രാക്ടറുകളും, ടില്ലറുകളുമെത്തിയതോടെ പോത്തുകളുടെ ആവശ്യം കുറഞ്ഞു. അതോടെ കുട്ടനാടന്‍ എരുമകളുടെയും പോത്തുകളുടെയും വംശനാശവും ആരംഭിച്ചു. 

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കുട്ടനാട്ടില്‍ കേരളത്തിന് തനതായ ഒരു എരുമയിനം ഉണ്ടെന്ന ഓര്‍മ്മപോലും മാഞ്ഞുപോവുന്ന കാലമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എരുമ ഇനങ്ങള്‍ ഓരോന്നായി ബ്രീഡ് പദവിയുടെ വെള്ളി വെളിച്ചത്തിലേക്ക് നടന്നുകയറുമ്പോള്‍ അവഗണനയുടെ പടുകുഴിയില്‍ അടിത്തട്ടിലാണ്ട് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ഇന്ന് കുട്ടനാടന്‍ എരുമകള്‍.

ശാരീരികവും ജനിതകവും പരിസ്ഥിതികവുമായ സവിശേഷതകള്‍ ഒരുപാടുണ്ടെങ്കിലും കുട്ടനാടന്‍ എരുമകള്‍ക്ക് ബ്രീഡ് പദവി നേടിയെടുക്കാന്‍ കേരളത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. കുട്ടനാടന്‍ മേഖലയില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരളില്‍ എണ്ണാവുന്ന ഏതാനും കര്‍ഷകര്‍ മാത്രമാണ് പരമ്പരാഗതരീതിയില്‍ കുട്ടനാടന്‍ എരുമകളെ പരിപാലിക്കുന്നത്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പഠനത്തില്‍ കേവലം അഞ്ഞൂറ് എരുമകളെ മാത്രമാണ് കുട്ടനാട്ടില്‍ കണ്ടെത്തിയത്. ഇന്നതിലും കുറഞ്ഞിരിക്കും. മുറ പോത്തുകളുടെ  ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജദാനവും കുട്ടനാടന്‍ എരുമകളുടെ വംശനാശത്തിന് ആക്കം കൂട്ടി. അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കുട്ടനാടന്‍ എരുമകള്‍ക്ക് നമ്മുടെ കണ്‍മുന്നില്‍ വംശനാശം ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.

കേരളത്തില്‍ ബ്രീഡ് പദവി നേടാന്‍ സാധ്യതയുള്ള ഇനങ്ങളേറെ പക്ഷേ, 

കുട്ടനാടന്‍ എരുമകളെ കൂടാതെ കര്‍ഷകര്‍ വംശനാശത്തിന് വിട്ടുനല്‍കാതെ പരിപാലിക്കുന്ന പേരും പെരുമയും ഏറെയുള്ള ഒട്ടനേകം പ്രാദേശിക വളര്‍ത്തുമൃഗ പക്ഷി ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.  ചാര, ചെമ്പല്ലി താറാവ്, അങ്കമാലി പന്നി, കാസര്‍ഗോഡ് പശു, വടകര പശു, വയനാട് പശു, വില്വാദ്രി പശു, പെരിയാര്‍ പശു, ചെറുവള്ളി പശു തുടങ്ങിയവയെല്ലാം പ്രാദേശിക ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പെട്ടവയാണ്. ഈ ഇനങ്ങള്‍ എല്ലാം തന്നെ തനത് സ്വാഭാവസവിശേഷതകള്‍ ഉള്ളതും പ്രത്യേക ജൈവപരിസ്ഥിതികളുമായും ജനസമൂഹവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്.

നിര്‍ഭാഗ്യവശാല്‍ ഈ ഇനങ്ങള്‍ ഒന്നും തന്നെ രാജ്യത്തെ ഔദ്യോഗിക വളര്‍ത്തുമൃഗ ജനുസ്സ് പട്ടികയില്‍ ഇതുവരെയും ഇടം നേടിയിട്ടില്ല. ഈ ഇനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കാര്യമായി നടന്നിട്ടില്ലാത്തതിനാല്‍ നോണ്‍ ഡിസ്‌ക്രിപ്ട് (Non-descript) എന്നാണ് ഇവയെല്ലാം വിളിക്കപ്പെടുന്നത്. കൃത്യമായ ഗവേഷണങ്ങള്‍ നടന്നാല്‍ ഒരു പക്ഷെ നാളെ ഒരു ബ്രീഡ് എന്ന പദവി നേടാന്‍ സാധ്യയുള്ളവയാണ് ഇവയില്‍ പലതും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായിപ്പോലും പ്രത്യേക പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തതിനാല്‍ മിക്കയിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ചുരുക്കം ചില കര്‍ഷകര്‍ പ്രത്യേക താല്‍പര്യമെടുത്ത് ആത്മാര്‍ഥതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പോലുള്ള കേന്ദ്രതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളും സാമ്പത്തിക സഹായങ്ങളും അംഗീകാരങ്ങളുമെല്ലാം ഔദ്യോഗിക ജനുസ്സ് പട്ടികയില്‍ ഉള്‍പ്പെട്ട ജീവിയിനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുകയാണ് പതിവ്. ഇക്കാരണത്താല്‍  മറ്റ് തദ്ദേശീയ ഇനങ്ങളെ സംരക്ഷിക്കുന്ന കര്‍ഷകര്‍ എല്ലാ സഹായപദ്ധതികളില്‍ നിന്നും പ്രോത്സാഹനങ്ങളില്‍ നിന്നും  പുറത്താവുന്നുവെന്ന സാഹചര്യവുമുണ്ട്.

ചിലയിടങ്ങളില്‍ കര്‍ഷകരും വെറ്ററിനറി ഡോക്ടര്‍മാരും മുന്‍കൈയെടുത്തതിന്റെ ഫലമായി നമ്മുടെ തനത് ഇനങ്ങള്‍ക്ക് ബ്രീഡ് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് ആശാവഹമാണ്. പെരിയാറിന്റെ തീരമേഖലയിലെ പെരിയാര്‍ പശുക്കളെയും ചെറുവള്ളിയിലെ ചെറുവള്ളി പശുക്കളെയും പറ്റിയുള്ള ജനിതക വൈവിധ്യ പഠനങ്ങള്‍ക്ക് നാഷണല്‍ ആനിമല്‍ ജനറ്റിക്‌സ് റിസോര്‍സസ് ബ്യൂറോ ഈയിടെ തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ വളര്‍ത്തുമൃഗ ജനിതക സമ്പത്തിന്റെ മേന്മ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടാനും തദ്ദേശീയ ഇനങ്ങള്‍ക്ക് ബ്രീഡ് പദവി നേടിയെടുക്കാനും സുസ്ഥിര സംരക്ഷണം ഉറപ്പുവരുത്താനും അവയുടെ പരിരക്ഷകരായ കര്‍ഷകര്‍ക്ക് അര്‍ഹമായ അംഗീകാരങ്ങളും സഹായങ്ങളും  ഉറപ്പുവരുത്താനും സംഘടിതവും കാര്യക്ഷമവുമായ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. 

കുട്ടനാടന്‍ എരുമകളെ പോലെത്തന്നെ അങ്കമാലി പന്നികള്‍, അനങ്ങന്‍  മല പശുക്കള്‍ ,വയനാടന്‍ പശുക്കള്‍, വടകര പശുക്കള്‍ പോലെ പലയിനങ്ങളും ഈ ഉദാസീനതയുടെ ഫലമായി ഇന്ന് വംശനാശത്തോട് അടുത്തുകഴിഞ്ഞു. നമ്മുടെ തനത് നാടന്‍ ഇനങ്ങള്‍ക്ക് ബ്രീഡ് പദവി നേടിയെടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും അവ പ്രയോഗികമാക്കാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, കൃഷി മൃഗ സംരക്ഷണ പരിസ്ഥിതി വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൈവവൈവിധ്യ സംരക്ഷണ സമിതികള്‍ ( Biodiversity management committee )  തുടങ്ങിയ ഏജന്‍സികള്‍  ഈ ജനിതക സംരക്ഷണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതുണ്ട്.

English summary: New Buffalo Breeds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA