പശുക്കളിലൂടെ മാസലാഭം 2.5 ലക്ഷത്തിനു മുകളില്‍: ബിജുമോന്റെ ലാഭവഴികള്‍ ഇങ്ങനെയെല്ലാമാണ്

HIGHLIGHTS
  • ലാഭസംരംഭം എന്ന നിലയില്‍ എടുത്തുചാടേണ്ട ഒന്നല്ല
  • എച്ച്എഫ്, ജഴ്‌സി ഇനങ്ങളുടെ സങ്കരമാണ് ബിജുമോന്റെ പശുക്കള്‍
dairy-farm-biju
SHARE

വര്‍ധിച്ച കാലിത്തീറ്റ വില, ഉല്‍പാദനച്ചെലവിന് ആനുപാതികമല്ലാത്ത പാല്‍വില തുടങ്ങി പരാതികള്‍ ഏറെയുണ്ട് ക്ഷീരകര്‍ഷകര്‍ക്ക്. അതിനിടയില്‍, മാസം രണ്ടര ലക്ഷം രൂപയോളം ലാഭമുണ്ടാക്കുന്ന സാധാരണ ക്ഷീരകര്‍ഷകനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പശുവളര്‍ത്തലുകാര്‍ പലരും നെറ്റി ചുളിക്കും. ഈ കര്‍ഷകന്‍ മുന്‍ പ്രവാസിയാണ് എന്നറിയുമ്പോള്‍ പ്രവാസം വിട്ട് ഡെയറി ഫാം തുടങ്ങി വന്‍ നഷ്ടം നേരിട്ട ചിലരെങ്കിലും കഠിനമായി വിയോജിക്കും. ലാഭക്കണക്കുകള്‍ ഇഴകീറി ചോദ്യം ചെയ്യാനും അവര്‍ മുതിരും.  

എന്നാല്‍, ഇവരാരും ചോദിക്കാനിടയില്ലാത്ത ഒരു ചോദ്യത്തിലാണ് കോട്ടയം ജില്ലയില്‍ കുറവിലങ്ങാടിനടുത്ത് കുര്യനാട് വട്ടമുകളേല്‍ ബിജുമോന്‍ തോമസ് എന്ന ക്ഷീരസംരംഭകന്റെ സത്യം ഒളിഞ്ഞിരിക്കുന്നത്. എത്ര വര്‍ഷത്തെ അധ്വാനംകൊണ്ടാണ് ഇന്നത്തെ ഈ വരുമാനത്തിലെത്തിയത് എന്ന ചോദ്യം. നീണ്ട 13 വര്‍ഷം എന്ന് ബിജുമോന്റെ ഉത്തരം. ആദ്യം 2 പശുക്കള്‍, പടിപടിയായി 10-15. 20 പശുക്കളെ വരെ താന്‍ ഒറ്റയ്ക്കു കറന്നിട്ടുണ്ടെന്ന് ബിജുമോന്‍.

ആത്മവിശ്വാസവും ലാഭവും വര്‍ധിക്കുന്നതിനനുസരിച്ച് പശുക്കളുടെ എണ്ണം പിന്നെയും കൂടി, തൊഴുത്ത് വിശാലമായി. 10 വര്‍ഷംകൊണ്ട് പശുക്കളുടെ എണ്ണം നാല്‍പതിനുമേല്‍. പശുവളര്‍ത്തലിന്റെ പാഠങ്ങളെല്ലാം പഠിച്ച ബിജുമോന്‍, അടുത്ത 3 വര്‍ഷംകൊണ്ട് കറവപ്പശുക്കളുടെ എണ്ണം 70 എത്തിച്ചു. കിടാവുകളും കിടാരികളും ചെന നിറഞ്ഞതുമുള്‍പ്പെടെ നിലവില്‍ തൊഴുത്തിലെ അംഗബലം 100ന് മുകളില്‍. ദിവസം 2 നേരവും കൂടി 800 ലീറ്റര്‍ ഉല്‍പാദനം. മുഴുവന്‍ പാലും വില്‍ക്കുന്നത് കുര്യനാട് ക്ഷീരസംഘത്തില്‍. പാലില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളൊന്നുമില്ല, കാരണം, സമയമില്ല. സ്വന്തം ബ്രാന്‍ഡില്‍ പാല്‍ വിപണിയിലെത്തിക്കാനുള്ള ലക്ഷ്യത്തോടെ ഇനിയൊരു 100 പശുക്കളെക്കൂടി വാങ്ങി ഫാം വിപുലമാക്കാന്‍ ഒരുങ്ങുകയാണ് ബിജുമോന്‍.

dairy-farm-biju1
ബിജുമോൻ ഫാമിൽ

തുടങ്ങും മുന്‍പ്

വന്‍ വരുമാനം ഉടന്‍ ലഭിക്കുന്ന ലാഭസംരംഭം എന്ന നിലയില്‍ എടുത്തുചാടേണ്ട ഒന്നല്ല ഡെയറി ഫാമെന്നു ബിജുമോന്‍. ദീര്‍ഘവര്‍ഷങ്ങള്‍ ഗള്‍ഫില്‍ ചെലവിട്ടു തിരിച്ചുവന്നശേഷം തുടങ്ങിയ പുതു സംരംഭമാണെങ്കിലും കാര്‍ഷിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബിജുമോന് കാലിവളര്‍ത്തലിനെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നു. മുന്‍പരിചയമുണ്ടായിട്ടും സംരംഭം തുടങ്ങിയത് രണ്ടേ രണ്ടു പശുക്കളില്‍. 

മുന്നറിവുകളൊന്നുമില്ലാതെ ഈ രംഗത്തേക്കു വരുന്നവര്‍ സംരംഭം തുടങ്ങും മുന്‍പ് നല്ലൊരു ഫാമില്‍ ചുരുങ്ങിയത് 10 ദിവസം ചെലവിടണമെന്നു ബിജുമോന്‍. പശുക്കളുടെ ആരോഗ്യം, രോഗസാധ്യതകള്‍, ശീലങ്ങള്‍, തീറ്റക്രമം, തീറ്റയിലെ ചേരുവകള്‍, കറവ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അങ്ങനെ സാമാന്യമായി മനസ്സിലാക്കണം. തുടര്‍ന്ന് രണ്ടു പശുക്കളെ വാങ്ങി അറിവും അനുഭവവും വര്‍ധിപ്പിക്കാം. ക്രമേണ എണ്ണം കൂട്ടാം. 

നിശ്ചിത പാലുല്‍പാദനം നിലനിര്‍ത്തുന്ന രീതിയില്‍ പശുക്കളെ ക്രമീകരിക്കുക എന്നതാണ് സുപ്രധാന കാര്യമെന്ന് ബിജുമോന്‍. ചെനയുള്ളതും അതേസമയം കറവയിലുള്ളതുമായ പശുക്കള്‍, ചെന ഏഴു മാസമെത്തി കറവ നിര്‍ത്തിയവ, 5-6 പ്രസവം കഴിഞ്ഞതോടെ ഉല്‍പാദനശേഷി കുറഞ്ഞവ, കന്നിപ്രസവത്തിനു കാത്തിരിക്കുന്നവ എന്നിങ്ങനെ, ഓരോ ഫാമിലും വിവിധ ഘട്ടങ്ങളിലുള്ള പശുക്കളുണ്ടാവും. ഓരോ ഘട്ട ത്തിലുമായി പശുക്കളെ കൃത്യമായി ക്രമീകരിച്ചെങ്കില്‍ മാത്രമേ, നിശ്ചിത അളവ് പാലുല്‍പാദനം നിത്യവും നിലനിര്‍ത്താന്‍ കഴിയൂ. 

പുതുതായി വരുന്ന സംരംഭകന്‍ അയാള്‍ വാങ്ങുന്ന പശുക്കള്‍ കറവ തുടങ്ങി എത്ര മാസമെത്തിയവയെന്നു മനസ്സിലാക്കണം. രണ്ട് കറവപ്പശുക്കളുമായി തുടങ്ങുന്ന ഒരാള്‍ക്ക് ദിവസം ശരാശരി 30 ലീറ്റര്‍ പാല്‍ കിട്ടുമെന്നു  വയ്ക്കുക. ഈ 30 ലീറ്റര്‍ നിത്യവും കിട്ടണമെങ്കില്‍ ഇടയ്ക്ക് പുതിയ പശുവിനെ വാങ്ങേണ്ടി വരുമെന്നു തീര്‍ച്ച. രണ്ടും ഒരുമിച്ച് ചെന നിറഞ്ഞ് കറവ നിര്‍ത്തിയാല്‍ ഉല്‍പാദനം നിലയ്ക്കുകയും പുതുതായി രണ്ടെണ്ണത്തിനെത്തന്നെ വാങ്ങേണ്ടിയും വരും. ഒരേ സമയം രണ്ടെണ്ണം കറവയിലും ഒരെണ്ണം കറവനിന്ന് ചെനയിലും എന്ന രീതിയില്‍ കറവയും പ്രസവവും ക്രമീകരിക്കാനായാല്‍ ഉല്‍പാദനസ്ഥിരത സാധ്യമാകും. പശുക്കളുടെ എണ്ണവും പാലുല്‍പാദനവും വര്‍ധിപ്പിക്കുന്നത് ഈ രീതിയിലാവണമെന്നു ബിജു മോന്‍. 

dairy-farm-biju-3
ബിജുമോന്റെ ഫാമിലെ പശുക്കൾ

ഗുണമേന്മ

എച്ച്എഫ്, ജഴ്‌സി ഇനങ്ങളുടെ സങ്കരമാണ് ബിജുമോന്റെ പശുക്കള്‍. ഈയിനങ്ങളുടെ ശുദ്ധ ജനുസ്സുകള്‍ തിരഞ്ഞു പോകുന്നതിനു പകരം ഉല്‍പാദന മികവിനും ആരോഗ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബിജുമോന്റെ രീതി. വിദേശങ്ങളില്‍ വിശാലമായ പുല്‍മേടുകളില്‍ (റാഞ്ച്) അഴിച്ചുവിട്ടു വളര്‍ത്തുന്ന രീതി ഇവിടെ സാധ്യമല്ല. ഫാമില്‍നിന്നു പുറത്തിറക്കാതെ കൗമാറ്റില്‍ നിര്‍ത്തി വളര്‍ത്തുന്ന നമ്മുടെ നാട്ടില്‍ ശുദ്ധ ബ്രീഡുകള്‍ക്കു രോഗസാധ്യത കൂടും. 

ഫാമിലെ 60 ശതമാനം പശുക്കളും ഇവിടെത്തന്നെ ജനിച്ചു വളര്‍ന്നവയാണ്. നിലവില്‍ ഒരു പശുക്കിടാവിനെ വളര്‍ത്തിയെടുക്കാന്‍ 50,000-60,000 രൂപ ചെലവു വരും. എങ്കിലും അത് മൊത്തം ഫാമിന്റെ ചെലവില്‍ അധിക ബാധ്യതയില്ലാതെ നടന്നുപോകുമെന്ന് ബിജുമോന്‍. മികച്ച തീറ്റയും പരിപാലനവും ലഭിക്കുന്നതിനാല്‍ ഒരു വയസ്സ് പിന്നിടുമ്പോള്‍തന്നെ കുത്തിവയ്ക്കാം. പാലുല്‍പാദനവും മോശമല്ല. ദിവസം ശരാശരി 25 ലീറ്റര്‍ പാലുണ്ട് അവയ്ക്ക്. അതേസമയം 8-10 പശുക്കള്‍ ഒരുമിച്ച് പ്രായമെത്തി ഉല്‍പാദനക്ഷമത കുറയുന്ന സാഹചര്യത്തില്‍ മാത്രം പൊള്ളാച്ചിയില്‍നിന്നോ കൃഷ്ണഗിരിയില്‍നിന്നോ പകരം പശുക്കളെ വാങ്ങും. നാട്ടിലെത്തിച്ച് അവയുടെ പഴയ തീറ്റശീലങ്ങള്‍ മാറ്റി നമ്മുടെ രീതികളുമായി ഇണങ്ങുന്നതുവരെ അവയ്ക്ക് കാര്യമായ കരുതല്‍ വേണം.    

എല്ലാ പശുക്കള്‍ക്കും വര്‍ഷത്തിലൊരു പ്രസവം ഉറപ്പാക്കിയെങ്കില്‍ മാത്രമെ ഫാം ലാഭകരമാകൂ എന്നു ബിജുമോന്‍. മദിയെത്താത്തവയുടെ കാര്യത്തില്‍ ഹോര്‍മോണ്‍ പ്രയോഗത്തിലൂടെ മദിയിളക്കും. കുത്തിവയ്ക്കുന്നത് അതിരാവിലെയോ രാത്രിയിലോ ആണെങ്കില്‍ ചെന പിടിക്കാനുള്ള സാധ്യത വളരെ കൂടുതലെന്നു ബിജുമോന്റെ നിരീക്ഷണം. പശുക്കുട്ടിയെത്തന്നെ ഉറപ്പാക്കുന്ന, കെഎല്‍ഡി ബോര്‍ഡിന്റെ സെക്‌സ്ഡ് സെമന്‍ മാര്‍ഗവും ബിജുമോന്‍ ഫാമില്‍ പരീക്ഷിച്ചിട്ടുണ്ട്. 

dairy-farm-biju-2
ബിജുമോന്റെ ഫാമിലെ പശുക്കൾ

ലാഭത്തീറ്റ

കാലിത്തീറ്റവില ചാക്കിന് 1330 രൂപ എത്തിയതോടെ ലാഭത്തില്‍ കാര്യമായ കുറവു വന്നു എന്ന് ബിജുമോന്‍. വരുമാനത്തിന്റെ 50 ശതമാനത്തില്‍ തീറ്റവില ഒതുങ്ങിയാല്‍ മാത്രമേ ഫാം മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കൂ. നിലവിലത് 65 ശതമാനം അപഹരിക്കുന്ന സ്ഥിതിയുണ്ട്. അതേസമയം സമൃദ്ധമായും സൗജന്യമായും ലഭ്യമാകുന്ന പൈനാപ്പിള്‍ ഇല ലാഭത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ പൈനാപ്പിള്‍കൃഷി വ്യാപകമായതിനാല്‍ വിളവെടുപ്പു കഴിഞ്ഞ തോട്ടങ്ങളില്‍നിന്ന് ഇല ലഭിക്കാനും പ്രയാസമില്ല. കറവയുള്ള പശുക്കള്‍ക്ക് പെല്ലറ്റിനു പുറമെ നല്‍കുന്ന ഏക തീറ്റയും ഇതു തന്നെ. ചാഫ്കട്ടറില്‍ അരിഞ്ഞെടുത്തത് പശുവൊന്നിന് 30 കിലോ എന്ന കണക്കില്‍ നല്‍കും. ദിവസം 3 ടണ്‍ ഇല എത്തിക്കാനായി വാഹനവും തൊഴിലാളികളുമുണ്ട്. തീറ്റപ്പുല്ലിനെക്കാള്‍ പശുക്കളുടെ ആരോഗ്യത്തിനും പാലുല്‍പാദനത്തിനും മികച്ചത് പൈനാപ്പിള്‍ ഇല തന്നെയെന്ന് ബിജുമോന്‍. ചെലവാകട്ടെ തുച്ഛവും.

മികച്ച ഉല്‍പാദനമുള്ള പശുവിന് രണ്ടു നേരമായി ശരാശരി 10-12 കിലോ പെല്ലറ്റ് നല്‍കും. ദിവസം 12 ചാക്ക് കാലിത്തീറ്റ വേണ്ടിവരും. യീസ്റ്റും കാത്സ്യപ്പൊടിയും പെല്ലറ്റില്‍ കലര്‍ത്തി നല്‍കുന്നത് ഏറെ ആരോഗ്യപ്രദമെന്നും ബിജുമോന്‍. പുറമെ മറ്റൊരു പോഷകമിശ്രിതവുമുണ്ട്. 20 കിലോ ശര്‍ക്കരയും 2 കിലോ യീസ്റ്റും 60 ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ശേഷം 100 മി.ലീ. ഒരു പശുവിന് എന്ന കണക്കില്‍ തീറ്റയില്‍ ചേര്‍ത്തു നല്‍കും. ദഹനത്തിനും ഉല്‍പാദനവര്‍ധനയ്ക്കും ഇതു സഹായകം.

കറവയന്ത്രം വഴി അധ്വാനം ലാഭിക്കാമെങ്കില്‍പോലും കൈക്കറവ തന്നെ ബിജുമോനു താല്‍പര്യം.   അകിടുവീക്കം ഉള്‍പ്പെടെ പശുക്കളുടെ ആരോഗ്യകാര്യങ്ങള്‍ അടുത്തറിയാന്‍ അതുപകരിക്കും. 9 തൊഴിലാളികളുണ്ട് ഫാമില്‍ സഹായത്തിന്. ഒപ്പം ഭാര്യ ഷൈനി, വിദ്യാര്‍ഥികളായ മക്കള്‍ അലീന, സ്റ്റീവ് എന്നിവരും.

dairy-farm-biju-4
ബിജുമോനും കുടുംബവും

കുര്യനാട് സംഘത്തില്‍നിന്ന് രാവിലത്തെ പാലിന് ശരാശരി 38 രൂപയും ഉച്ചയ്ക്കത്തേതിന് ശരാശരി 40 രൂപയും വില ലഭിക്കുന്നു. ഒരു ലീറ്റര്‍ പാലിന്  തനിക്ക് 30 രൂപ ഉല്‍പാദനച്ചെലവുണ്ടെന്ന് ബിജുമോന്‍. ചെറുകിട ക്ഷീരകര്‍ഷകരെ സംബന്ധിച്ച് ഉല്‍പാദനച്ചെലവ് ഇതിലും ഉയരും. വിപുലമായ രീതിയില്‍, കൃത്യമായ മാനേജ്‌മെന്റ് മികവോടെ ഫാം നടത്തുമ്പോള്‍ ഉല്‍പാദനച്ചെലവ് കുറയുന്നു, ലാഭം ഉയരുന്നു. അതു തന്നെ ബിജുമോന്റെ വിജയതന്ത്രവും.

കുളമ്പിന് കരുതല്‍

പശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ നല്ല പങ്കും വരുന്നത് കുളമ്പു വഴിയെന്നു ബിജുമോന്‍. കുളമ്പ് ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ഒരു പൊടിക്കയ്യുണ്ട്. 250 മി.ലീ. കരി ഓയില്‍, മിക്‌സിയില്‍ നന്നായി പൊടിച്ചെടുത്ത 200 ഗ്രാം തുരിശ്, 50 ഗ്രാം ഉപ്പുപൊടി എന്നിവ യോജിപ്പിച്ച് ബ്രഷ് ഉപയോഗിച്ച് കുളമ്പു മുഴുവന്‍ പുരട്ടുന്നു. പുരട്ടും മുന്‍പ് പവര്‍ വാഷ് ശക്തി കുറച്ച് ഉപയോഗിച്ചോ ബ്രഷ്‌കൊണ്ട് ഉരച്ച് തേച്ചു കഴുകിയോ കുളമ്പു വൃത്തിയാക്കണം. 3-4 ദിവസം അടുപ്പിച്ചു പുരട്ടാം. പിന്നെ 3-4 മാസം കൂടുമ്പോള്‍.  

പ്രാഥമിക മൃഗചികിത്സകളില്‍ കര്‍ഷകന് സാമാന്യമായ അറിവുണ്ടായിരിക്കണമെന്നും ബിജുമോന്‍ പറയുന്നു. രാത്രികാല ചികിത്സ ലഭ്യമല്ല എന്നതുള്‍പ്പെടെ പല പരിമിതികളുണ്ട് മൃഗാശുപത്രികള്‍ക്ക്. അതിനെ മറികടക്കണമെങ്കില്‍ പശുക്കള്‍ക്ക്  ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുള്ള അടിയന്തര പരിചരണത്തെക്കുറിച്ചും കര്‍ഷകനു ധാരണയുണ്ടാവണം.

ഫോണ്‍: 6238224582

English summary: successful dairy farming business in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA