ADVERTISEMENT

പുരയിടത്തിൽ ഒരുമിച്ചുണ്ടായ 2-3 വാഴക്കുലകൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച അനുഭവം എല്ലാവർക്കും പറയാനുണ്ടാകും. നാലുപേരുള്ള അണുകുടുംബത്തിനു വലിയ ഒരു വാഴക്കുലതന്നെ വേണ്ടതിലധികം. ബാക്കി രണ്ടെണ്ണവുമായി നാട്ടിലെ നാലു കടയിൽ ചെല്ലുന്നതോടെ കുല വെട്ടിയതിലുള്ള സന്തോഷം തീർന്നുകിട്ടും. അത്രയ്ക്കുണ്ടാവും പലരുടെയും പരിഹാസവും പുച്ഛവും: ഇതിന് ഒരു പരിഹാരം മാത്രം- സംസ്കരിച്ചു സൂക്ഷിക്കുക. ന്യായവില കിട്ടിയില്ലെങ്കിൽ നിത്യഭക്ഷണത്തിനുപയോഗിക്കുക. പഴമായും കറിയായും ഉപ്പേരിയായുമൊക്കെ ഉപയോഗിക്കുമെങ്കിലും  കായ പൊടിച്ചുപയോഗിക്കുന്ന ശീലം നമുക്ക് പണ്ടേയില്ല. കണ്ണൻകായയും നേന്ത്രനുമൊക്കെ ഉണക്കിപ്പൊടിച്ചു കുട്ടികൾക്കു നൽകുന്നതിൽ തീരും പൊടിച്ച വാഴക്കായ്കളുടെ ഉപയോഗം. എന്നാൽ  അരിപ്പൊടിക്കും ഗോതമ്പുപൊടിയ്ക്കുമൊപ്പം പച്ച വാഴക്കായ്കൾ പൊടിച്ചുപയോഗിക്കാനാകുമെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല.

സീസണിൽ അമിതമായുണ്ടാകുന്ന കായ്കൾ പൊടിരൂപത്തിലാക്കിയാൽ ഓഫ് സീസൺ വരെ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാമെന്ന മെച്ചമുണ്ട്.  ഗ്ലൂട്ടൻ രഹിത ഭക്ഷണമെന്ന നിലയിൽ ചപ്പാത്തിയിലും ദോശയിലും ഒട്ടേറെ മറ്റു പലഹാരങ്ങളിലുമൊക്കെ വാഴക്കാപ്പൊടി ചേർക്കാമെന്നു കാണിച്ചു തന്ന വനിതകളെ പ്രധാനമന്ത്രി പോലും അടുത്തകാലത്ത് അഭിനന്ദിക്കുകയുണ്ടായി. 

വാഴക്കുല മാത്രമല്ല കപ്പയും ചക്കയും കൂവയും  മറ്റു കിഴങ്ങുവിളകളുമൊക്കെ ഉണക്കിപ്പൊടിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളാക്കുന്നതിന്റെ സാധ്യതകൾ  കൂടുതൽ ഗൗരവത്തോടെ പഠിക്കേണ്ടിയിരിക്കുന്നു. വെറുതെ പൊടിക്കുക മാത്രമല്ല വിവിധ പോഷകാവശ്യങ്ങൾക്ക് യോജിച്ച വിധത്തിൽ അവയുടെ മിശ്രിതമുണ്ടാക്കാനും  കഴിയണം. എങ്ങനെയങ്കിൽ  ധാന്യമാവിന്റെ  ഉപയോഗം കുറയ്ക്കുന്നതിനും ഭക്ഷണക്രമത്തിലെ പോഷകവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കേരളത്തിൽ സമൃദ്ധമായി വളർത്താവുന്ന മുരിങ്ങിയില ഉണക്കിപ്പൊടിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.  പോഷകസമൃദ്ധമായ മുരിങ്ങപ്പൊടിയും ഇത്തരം മിശ്രിതങ്ങളുടെ ഭാഗമാക്കാവുന്നതേയുള്ളൂ. പ്രാദേശികവിഭവങ്ങൾ കൊണ്ടുള്ള ഇത്തരം ആട്ടയാവട്ടെ വരും വർഷങ്ങളിൽ പൊതുവിതരണ ശൃംഖലയിലൂടെ  നൽകുന്നത്. കേരളത്തിൽ വാഴക്കാപ്പൊടിയുടെ സാധ്യതകൾ തിരിച്ചറിയുകയും പരീക്ഷിക്കുകയും ചെയ്ത ഒരു കൃഷിക്കാരനെയും കർഷകസംഘത്തെയും പരിചയപ്പെടാം.

ചാരപ്പൂവന്റെ വക്കീൽ

‌ചക്കയായിരുന്നു പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ജയിംസ് മാത്യുവിന്റെ ഇഷ്ടവിഷയ‌ം. പാഴാക്കിക്കളയുന്ന ചക്കയെ നാട്ടുകാർക്കു വേണ്ടപ്പെട്ട വിഭവമാക്കാൻ വേണ്ടി മകന്റെ വിവാഹത്തിനു ചക്കസദ്യ നടത്തുവാൻ തക്ക തന്റേടം മറ്റാർക്കാണുണ്ടാവുക. ആർക്കും വേണ്ടാതെ പ്ലാവിൻചുവട്ടിൽ വീണുകിടന്നിരുന്ന ചക്ക ഇന്ന്  താരപദവി നേടിക്കഴിഞ്ഞു. ചക്കയിൽനിന്നുള്ള വൈൻ ഉൽപാദനമായിരുന്നു അടുത്ത വിഷയം. സർക്കാർ തലത്തിൽ അനുകൂലനയം രൂപപ്പെടുന്ന തലത്തിലേക്ക് അതും എത്തിക്കഴിഞ്ഞു. പിന്നീടാണ്  ചാരപ്പൂവൻ വാഴ അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തിയത്. പ്രതികൂലസാഹചര്യങ്ങളിൽ വളരുകയും വളപ്രയോഗമില്ലാതെ  വലിയ കായ്കൾ നൽകുകയും ചെയ്യുന്ന ചാരപ്പൂവൻ കൂടുതൽ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുണ്ടെന്ന് ജയിംസ് മാത്യു പറയുന്നു. പഴം വിപണിയുടെ  പ്രിയം പിടിച്ചുപറ്റാത്ത ചാരപ്പൂവനു മറ്റ് ഉപയോഗങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത് അങ്ങനെയാണ്.  ഈയിനത്തിന്റെ പച്ചക്കായ്കൾ പൊടിച്ചു വിവിധ പലഹാരങ്ങളുണ്ടാക്കാമെന്നു ചൂണ്ടിക്കാട്ടി പത്രമോഫീസ്മുതൽ മന്ത്രിമന്ദിരങ്ങൾ വരെ ജയിംസ് മാത്യു കയറിയിറങ്ങി. മറ്റു ചെറുവാഴ ഇനങ്ങളുടെ കായ്കളും ഇപ്രകാരം പൊടിയാക്കി സൂക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ കൃഷിക്കാരെ ഇത്തരം വിളകളിലേക്കു ചുവടു മാറാൻ കൃഷിവകുപ്പ് മുൻകൈയെടുക്കണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.  ഇതുസംബന്ധിച്ച നിവേദനത്തിനു കൃഷിവകുപ്പിനിന്ന് അനുകൂലമറുപടി കിട്ടിയെങ്കിലും കോവിഡ് ഭീഷണിമൂലം ഒന്നും നടപ്പാക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൊലി നീക്കിയശേഷം അരിഞ്ഞുണങ്ങി പൊടിച്ചാണ് ചാരപ്പൂവന്റെ പൊടി തയാറാക്കുന്നത്. വിദേശനിർമിത ഡ്രയർ ഉപയോഗിക്കുന്നതിനാൽ നിലവാരം ചോരാതെ ഉണങ്ങാൻ സാധിക്കുന്നു. ചാരപ്പൂവന്റെ പൊടിയും പഴവും ഉപയോഗിച്ച് ഇലയടയുണ്ടാക്കി പ്രചരിപ്പിക്കാനും താൻ ശ്രമിച്ചതായി ജയിംസ് മാത്യു പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ഒരു ബേക്കറിയിലൂടെ നടത്തിയ ഈ വിപണിപഠനം വലിയ വിജയമായി- 15 രൂപ വീതം ഈടാക്കിയിട്ടുപോലും 150 ഇലയടകൾ ഏതാനും മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. കർഷകഭവനങ്ങളിൽ എല്ലാ വാഴക്കുലകളും പഴമാക്കുന്നതിനുപകരം ഒരു ഭാഗം സംസ്കരിച്ച് വീട്ടാവശ്യത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ഗ്ലൂട്ടൻ രഹിത ഉൽപന്നമെന്ന നിലയിൽ വരുംവർഷങ്ങളിൽ വാഴക്കാ, ചക്ക എന്നിവയുടെ പൊടികൾക്ക് ഡിമാൻഡ് വർധിക്കാനാണ് സാധ്യത. ഗ്ലൂക്കോസ് ആഗിരണതോത്(ഗ്ലൈസിമിക്ഇൻഡക്സ്) താരതമ്യേന കുറവാണെന്നും ആരോഗ്യഭക്ഷണമെന്നനിലയിൽ രണ്ടിന്റെയും സാധ്യത വർധിപ്പിക്കുന്നു. വീടുകളിൽ അരിപ്പൊടിയുടെയും ഗോതമ്പുപൊടിയുടെയും ഉപയോഗത്തോത് കുറയ്ക്കാൻ നമ്മുടെ തൊടികളിലെ ചക്ക, വാഴയ്ക്കാ എന്നിവ ഉപയോഗപ്പെടുത്തുകയേ വേണ്ടൂ- അദേഹം പറഞ്ഞു. 

ഫോൺ: 9446294239 (മാത്യു)

banana-flour
ബാനാന ബഡ്സ് അംഗങ്ങൾ വാഴയ്ക്കാപ്പൊടി ഉൽപന്നങ്ങളുമായി

പഴമാക്കാതെ വാഴക്കുല വിൽക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കോട്ടയം പെരിങ്ങളത്തെ ഒരു സംഘം കർഷകരും അവരുടെ ഭാര്യമാരും. ബനാന ബഡ്സ് എന്ന പേരിൽ കുടുംബശ്രീ സ്വാശ്രയസംഘമായാണ് പ്രവർത്തനം. ഉണങ്ങിയും പൊടിച്ചുമൊക്കെ വിവിധ ഇനം വാഴക്കായ്കൾക്ക് മൂല്യവർധന നടത്താൻ അവർ പഠിച്ചുകഴിഞ്ഞു.  ആദ്യപരീക്ഷണം നേന്ത്രക്കായയിലായിരുന്നു. ആകെ 50 കിലോ നേന്ത്രക്കായ തൊലി നീക്കി ഡ്രയറിൽ ഉണക്കിപ്പൊടിച്ചപ്പോൾ 11.5 കിലോ പൊടി ലഭിച്ചു. അംഗങ്ങളായ 13 പേർ പൊടി വീതിച്ചെടുത്ത് വ്യത്യസ്തവിഭവങ്ങളുണ്ടാക്കി - അലുവ, കേക്ക്, മിക്സ്ചർ, പക്കാവട തുടങ്ങിയ പലഹാരങ്ങളാണ് ആദ്യമുണ്ടാക്കിയതെന്നു സംഘാംഗമായ സാബു പറഞ്ഞു. എന്നാൽ വാഴയ്ക്കാപ്പൊടിയുടെ ഉപയോഗം വർധിപ്പിക്കാൻ  അതു മതിയാകില്ലെന്നു മനസിലായതോടെ നിത്യഭക്ഷണത്തിന്റെ ഭാഗമായ ദോശ, അപ്പം, ചപ്പാത്തി തുടങ്ങിയവയിലും എത്തക്കാപ്പൊടി ഉപയോഗിച്ചുനോക്കി. ആകെ വേണ്ടി വരുന്ന മാവിന്റെ 30 ശതമാനം വരെ ഇപ്രകാരം കായ് പൊടിച്ചുചേർക്കാമെന്ന് അദ്ദേഹം പറഞ്ഞു. രുചിയിൽ നേരിയ വ്യത്യാസം മാത്രം: എന്നാൽ പോഷകഗുണം കാര്യമായി മെച്ചപ്പെടുകയും ചെയ്യും. ആട്ട ബ്രാൻഡുകൾക്കു നൽകേണ്ടിയിരുന്ന പണത്തിന്റെ 30 ശതമാനം സ്വന്തം കീശയിൽ കിടക്കുമെന്ന സന്തോഷം വേറെയും. നേന്ത്രക്കായ തൊണ്ടുനീക്കാതെ പൊടിക്കാനും വാഴച്ചുണ്ട് ഉണങ്ങിസൂക്ഷിക്കുന്നതിലും ഇവർ വിജയിച്ചിട്ടുണ്ട്.

ഫോൺ: 9961654198

English summary: Green Banana Flour 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com