ADVERTISEMENT

എറണാകുളം ജില്ലയിൽ അങ്കമാലി പീച്ചാനിക്കാട് പരിയാട് വീട്ടിൽ ജോർജും രാജിയും മുന്നു വർഷം മുൻപാണ് മറ്റു ജോലികൾ വിട്ട് മുഴുവൻസമയ കൃഷിക്കാരാകാം എന്നു തീരുമാനിക്കുന്നത്. പ്രളയവും കോവിഡുമെല്ലാം പിന്നാലെയെത്തി. എന്നാൽ രാജി–ജോർജ് ദമ്പതിമാർക്ക് ലോക്ഡൗൺ കാലത്തുപോലും വിപണനം പ്രശ്നമായില്ല. വിളയിക്കുന്ന ഒരുൽപന്നംപോലും വിൽക്കാൻ വിപണി തേടി അലയേണ്ടി വരുന്നില്ല ഈ കുടുംബത്തിന്. ഫാം ഫ്രഷ് മുട്ടയും മത്സ്യവും ഇറച്ചിയുമെല്ലാം വാങ്ങാൻ ആവശ്യക്കാർ നേരിട്ടെത്തും. അതുകൊണ്ടുതന്നെ പ്രാദേശികമായി സൃഷ്ടിച്ചെടുത്ത വിപണിയുടെ കരുത്തിൽ ഈ ദമ്പതിമാർ കോവിഡ് കാലത്തും ആത്മവിശ്വാസത്തോടെ കൃഷി തുടരുന്നു.

വിപണി കയ്യിലൊതുങ്ങാൻ രണ്ടു കാരണങ്ങളുണ്ടെന്ന് രാജി. ആദ്യത്തേത് വാട്സാപ്, രണ്ടാമത്തേത്  100ശതമാനം ശുദ്ധമായ ഉൽപന്നങ്ങൾ എന്ന മേന്മ. ആദ്യത്തേതിന്റെ തുടർച്ചയാണ് രണ്ടാമത്തേത്. വിൽക്കാനുള്ളവയെ സംബന്ധിച്ച് വാട്സാപ്പിലെ കൃഷി ഗ്രൂപ്പുകളിൽ പോസ്റ്റിട്ടാൽ സ്വാഭാ വികമായും കുറച്ച് അന്വേഷണങ്ങളും ആവശ്യക്കാരും വരും. ഇങ്ങനെ വന്നെത്തുന്ന ഉപഭോക്താക്കളെ തുടർന്നും ചേർത്തു നിർത്തണമെങ്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മുടങ്ങാതെ ലഭ്യമാക്കണം. അതിനു കഴിയുന്നതുകൊണ്ടാണ് 52 സെന്റ് മാത്രം വരുന്ന പുരയിടത്തിൽനിന്നും ഏറെ ക്കാലം പാഴായിക്കിടന്ന പറമടയിൽനിന്നും കോവിഡ് കാലത്തും ഈ കുടുംബത്തിന് സുസ്ഥിര വരുമാനം ലഭിക്കുന്നത്.

കൂട്ടിലുണ്ട് നേട്ടം

നിത്യവരുമാനത്തിന് ഉതകുന്ന കൃഷികളിലാണ് രാജിയുടെയും ജോർജിന്റെയും ശ്രദ്ധയത്രയും. കൃഷികൊണ്ടു മാത്രം കുടുംബം നടത്തുന്ന ചെറുകിടക്കാരെ സംബന്ധിച്ച് വരുമാനത്തിനു വേണ്ടി മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കുക വയ്യല്ലോ. നിത്യം വിളവെടുപ്പ്, നിത്യം വരുമാനം; അതാണ് ആവശ്യം.

രാജി–ജോർജ് ദമ്പതിമാരുടെ കൃഷിയിടത്തിലെ ഏറ്റവും ആകർഷകമായ കാഴ്ച പാറമടയിലെ കൂടുമത്സ്യക്കൃഷിയാണ്. ആവശ്യക്കാർക്ക് നിത്യവും മത്സ്യം, മത്സ്യത്തിൽനിന്ന് നിത്യവും വരുമാനം; അതാണ് കൂടുമത്സ്യക്കൃഷിയിലൂടെ സാധിക്കുന്നതെന്ന് ജോർജ്. പാറമട സ്വന്തം. പാറപൊട്ടിക്കൽ നിലച്ച് ഏറെ വർഷങ്ങൾ പാഴായിക്കിടന്ന പാറമടയിലെ ഒന്നേകാൽ ഏക്കർ വരുന്ന കുളത്തിൽ 2018 ൽ മത്സ്യക്കൃഷി തുടങ്ങാൻ ആലോചിച്ചപ്പോൾ തുണയായത് എറണാകുളം കെവികെയിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ. പി.എ. വികാസ്. സാധാരണ മത്സ്യക്കൃഷി എന്ന ആശയത്തെ കൂടുമത്സ്യക്കൃഷിയുടെ സാധ്യതകളിലേക്കു തിരിച്ചു വിട്ടതും അദ്ദേഹം തന്നെ. ഫിഷറീസ് വകുപ്പിന്റെ സബ്സിഡിയോടെ തുടങ്ങിയ കൂടുകൃഷിയിൽ തിലാപ്പിയ ഇനങ്ങളായ ഗിഫ്റ്റ്, എം എസ്ടി(മോണോ സെക്സ് തിലാപ്പിയ) എന്നിവയും പംഗേഷ്യസു(വാള)മാണ് വളരുന്നത്. കൂടിനു പുറത്ത് വിശാലമായ ജലാശയത്തിൽ കാർപ്പിനങ്ങളായ കട്‍ല, രോഹു, മൃഗാൽ എന്നിവയും. 

ആണ്ടിൽ ഒന്നോ ഏറിയാൽ രണ്ടോ തവണ മാത്രം വിളവെടുപ്പും വരുമാനവും എന്ന രീതിയിൽനിന്ന് ഇന്ന് മത്സ്യക്കൃഷി ഏറെ മാറിയിട്ടുണ്ട്. ചെറുകുളങ്ങളിലും ടാങ്കുകളിലുമായി അതിസാന്ദ്രത രീതിയിലുൾപ്പടെ മത്സ്യക്കൃഷി വിപുലമായതോടെ നിത്യവും മത്സ്യം ലഭ്യമാക്കുക എന്ന രീതിയിലേക്കു കർഷകകർ പലരും തിരിഞ്ഞിട്ടുണ്ട്. രാജി–ജോർജ് ദമ്പതിമാരുടെ കൂടുമത്സ്യക്കൃഷിയും ഈ രീതിയിൽത്തന്നെ. ഫോൺ വിളിച്ചെത്തുന്ന ആവശ്യക്കാർക്ക് കുളത്തിൽനിന്നു നേരിട്ടു പിടിച്ചു കൊടുക്കും. ഒന്നും രണ്ടുമായി വ്യത്യസ്ത സമയങ്ങളിൽ ആവശ്യക്കാരെത്തുന്നതുകൊണ്ട് കോവി ഡ് നിയന്ത്രണങ്ങളും പ്രശ്നമല്ല. 

തുറസ്സായ ജലാശയങ്ങളിൽ കൂടുകൾ സ്ഥാപിച്ച് അതിനുള്ളിലെ നിയന്ത്രിത സാഹചര്യത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃത്രിമ തീറ്റ നൽകി പരിപാലിക്കുന്ന രീതിയാണ് കൂടുമത്സ്യക്കൃഷിയില്‍. വലിയ പാറമടക്കുളങ്ങളിൽ മാത്രമല്ല കടൽ, കായൽ, പുഴ എന്നു തുടങ്ങി പൊക്കാളിപ്പാടങ്ങളിലും ചെമ്മീൻകെട്ടുകളിലുമെല്ലാം ഇന്നു കൂടുമത്സ്യക്കൃഷി നടക്കുന്നുണ്ട്. ഒരു ജലാശയത്തിൽത്തന്നെ വിവിധ ഇനം മത്സ്യങ്ങളെ വ്യത്യസ്ത കൂടുകളിലായി തരം തിരിച്ചു വളർത്താം എന്നതാണ് ഈ രീതിയുടെ മുഖ്യ പ്രയോജനം. ഓരോ കൂടിലും വിവിധ വളർച്ചഘട്ടങ്ങളിലുള്ള മത്സ്യ ങ്ങളായതിനാൽ വർഷം മുഴുവൻ വരുമാനവും.

ജിഐ പൈപ്പ് ചട്ടത്തില്‍ ഘടിപ്പിച്ച 5 വലിയ കൂടുകളും പിവിസി ചട്ടത്തില്‍ ഉറപ്പിച്ച 3 ചെറിയ കൂടുകളുമാണ് ഈ പാറമടയിലുള്ളത്. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് ബാരലുകളിലാണ് ഓരോ കൂടും ഉറപ്പിച്ചിരിക്കുന്നത്. 4X4 മീറ്റർ സമചതുരത്തിൽ നിർമിച്ച ചട്ടത്തിൽനിന്ന് രണ്ടര മീറ്റർ ആഴത്തിലേക്ക് വിടർന്നു കിടക്കുന്ന നൈലോൺ വലക്കൂടുകളിൽ ഓരോന്നിലും 1500 മത്സ്യങ്ങൾ വീതം വളരുന്നു. കൂടിനു പുറത്തുനിന്ന് വലിയ മത്സ്യങ്ങളുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ നിശ്ചിത അകലത്തിൽ രണ്ടു പാളികളായാണ് നൈലോൺ വല ക്രമീകരിച്ചിരി ക്കുന്നത്. കൂടുകളിൽ ഓക്സിജൻ ലഭ്യത കൂട്ടാനായി എയറേറ്റർ സംവിധാനമുണ്ട്. 

വലിയ കൂടുകളോട് ചേർത്തു ബന്ധിച്ചിരിക്കുന്ന ചെറിയ, പിവിസി ഫ്രെയിം കൂടുകളിലെ മത്സ്യങ്ങള്‍  നിത്യവിൽപനയ്ക്കുള്ളതാണ്. വലിയ കൂടുകളിൽനിന്ന് ഇടയ്ക്ക് വലിയ മത്സ്യങ്ങളെ പിടിച്ച് ഈ ചെറു കൂടുകളിലിടും. അതുവഴി എല്ലാ കൂടുകളിലെയും മത്സ്യങ്ങൾക്ക് തീറ്റ തുല്യമായി ലഭിക്കുകയും വേഗം വളരുകയും ചെയ്യും. വിളവെടുപ്പും എളുപ്പം.

കൃത്രിമത്തീറ്റ മാത്രം നൽകിയാണ് കൂടുമത്സ്യക്കൃഷി. 6 മാസംകൊണ്ട് അരക്കിലോ എത്തും ഗിഫ്റ്റ്. കൂടിനുള്ളിൽ പംഗേഷ്യസിനെ വളർത്തുന്നവർ നാമമാത്രമാണ് കേരളത്തിൽ. വെയ്സ്റ്റ് ഒട്ടും നൽകാതെ കൃത്രിമത്തീറ്റ മാത്രം നൽകി വളർത്തുന്ന വാളയ്ക്ക് മികച്ച രുചിയെന്നു ജോർജ്. കൂടിനു പുറത്തുള്ള മത്സ്യങ്ങൾക്ക് വിശേഷിച്ച് തീറ്റയൊന്നും നൽകുന്നില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണം വലവീശിപ്പിടിക്കുന്ന കാർപ്പിനങ്ങളെ ബോണസായി മാത്രം കാണുന്നെന്ന് ജോർജ്. 

എല്ലാ മത്സ്യയിനങ്ങൾക്കും ഒറ്റവില; കിലോ 250 രൂപ. രുചിയും ഗുണവും ഒട്ടും ചോരാതെ മത്സ്യോല്‍പാദനം സാധിച്ചാൽ വിലയുടെ കാര്യത്തിലും വിട്ടുവീഴ്ചയും വേണ്ടി വരില്ലെന്ന് രാജി പറയുന്നു. വില പേശാതെ നിത്യവും മത്സ്യം വാങ്ങാൻ എത്തുന്നവർ വിപണിയും സുരക്ഷിതമാക്കും.

raji-george
സകുടുംബം കൃഷി

പശു–പക്ഷി വരുമാനം

മത്സ്യത്തിനു പുറമെ, മുന്നു പശുക്കളും അമ്പതോളും നാടൻകോഴികളും നൂറ് കാടയുമെല്ലാം നിത്യ വരുമാനത്തിനുള്ള  മാർഗങ്ങൾ. ക്ഷീരസംഘത്തിലും ചുറ്റുവട്ടത്തെ വീടുകളിലുമായി പാൽ വിൽപന. ഫാം ഫ്രഷ് പാലുതന്നെ താൽപര്യപ്പെടുന്നവർ കൂടുതലായതിനാൽ പശുക്കളുടെ എണ്ണം വർധിപ്പിക്കനൊരുങ്ങുകയാണെന്ന് രാജി. നാടൻ കോഴിമുട്ടയും നാടൻ കോഴിയിറച്ചിയുമാണ് കൂടു തൽ ആവശ്യക്കാരുള്ള മറ്റിനങ്ങൾ. പാലും മുട്ടയുമൊന്നും ചിലപ്പോള്‍ വീട്ടാവശ്യത്തിനുപോലും ബാക്കിയുണ്ടാവാറില്ലെന്ന് രാജി. വിപണി കാണാതെ വിപുലമായി ഉൽപാദിപ്പിച്ച് വിറ്റഴിക്കാൻ കഴിയാതെ വിഷമിക്കുന്നതല്ല തങ്ങളുടെ രീതിയെന്നു ജോർജും കൂട്ടിച്ചേർക്കുന്നു. വിപണി വളരുന്നതിന് അനുസരിച്ചു മാത്രമെ ഉൽപാദനവും വർധിപ്പിക്കൂ. ഉൽപന്നങ്ങളിൽ നല്ല പങ്കും ആവശ്യക്കാർ നേരിട്ടെത്തി വാങ്ങുന്നതിനാൽ വിപണി തേടി നടക്കുന്ന സമയവും ലാഭം. സമ്മിശ്രക്കൃഷിയിടങ്ങളിലേക്കാണ് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കള്‍ കൂടുതലായി എത്തുകയെന്ന് രാജി പറയുന്നു. പാലും മുട്ടയും മത്സ്യവുമെല്ലാം ഒരിടത്തുനിന്നു ലഭിക്കുന്നതാണു കാരണം.  എല്ലായിനങ്ങളും ഒരുമിച്ചു വളരുന്ന സമ്മിശ്രക്കൃഷിയിടത്തിൽനിന്നുള്ള വിഭവങ്ങൾ കൂടുതൽ ആരോഗ്യകരമാണ് എന്ന അറിവും ആളുകളെ ആകർഷിക്കുന്നു.

raji-george-2
കാടയും വരുമാനം

ജോർജും രാജിയും മാത്രമല്ല, സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളും കൃഷിയിൽ ഒപ്പത്തിനൊപ്പ മുണ്ട്. വിപണിയെക്കുറിച്ചു ആശങ്കകളൊന്നുമില്ലാതെ അഞ്ചുപേരും കൃഷിയിടത്തിൽ സജീവം.

വിപണിയറിയാൻ വാട്സാപ്

ഒട്ടേറെ ഉപഭോക്താക്കളെ ലഭിക്കാൻ ഉപകരിക്കുന്നു എന്നതു മാത്രമല്ല,  വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള നേട്ടമെന്നു ജോർജ്. ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകൾ ശ്രദ്ധിച്ചാൽ ഒരോ ഉൽപന്നത്തി നും നിലവില്‍ വില എത്രയെന്നും ഡിമാൻഡ് എങ്ങനെയെന്നും മനസ്സിലാക്കാനാവും. പലപ്പോഴും ഉൽപന്നത്തിന്റെ അതതു സമയത്തെ വിലയോ ഡിമാൻഡോ അറിയാത്തതു മൂലം കർഷകർക്കു  കച്ചവടക്കാരും ഇടനിലക്കാരും പറയുന്ന വില വിശ്വസിക്കേണ്ടിവരും.  എന്നാൽ വാട്സാപ്പ് ഗ്രൂപ്പു കളിലെ പോസ്റ്റുകൾ നിരന്തരം നിരീക്ഷിച്ച് വിപണിവില നിശ്ചയിക്കാൻ കർഷകർ ശ്രദ്ധിച്ചാൽ  ഇടനിലക്കാരുടെ ചൂഷണം കുറേയെങ്കിലും ഒഴിവാക്കാനാകുമെന്നു ജോർജ് ഓർമിപ്പിക്കുന്നു.

ഫോൺ: 9645212385, 9946508184

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com