ഓരോ ഉരുളക്കിഴങ്ങിലേക്ക് നോക്കുമ്പോഴും ഈ വേദനയുടെ ചരിത്രം ഓര്‍ക്കാതെ പോകരുത്

HIGHLIGHTS
  • ഫംഗസ് വരുത്തിവച്ച വിന അത്രയും ഭയാനകമായിരുന്നു
irish-potato
SHARE

ഫംഗസ് വൈറസ് ബാക്ടീരിയ രോഗങ്ങള്‍ വളരെ പെട്ടെന്നു പടര്‍ന്നു വ്യാപിച്ച് സാമൂഹ്യജീവിതമപ്പാടെ താറുമാറാക്കാം എന്നത് കൊറോണക്കാലത്ത് പഠിച്ചു. മുന്‍‍കാല ചരിത്രങ്ങളില്‍ ഇത്തരം മാരക രോഗ ഭീതികള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.

ഇതേപോലെ കൃഷിയില്‍ വൈറസിന് സമാനമായ രീതിയിൽ ഫംഗല്‍ രോഗങ്ങള്‍ കടന്നുവന്നാലും നിത്യജീവിതം ഭയാനകമായ വിധത്തില്‍ താറുമാറാകാം എന്നതിന്റെ ഒരു ചരിത്രമുണ്ട്. അനേക ലക്ഷങ്ങളെ പട്ടിണിയിലാക്കിയ, അനേക ലക്ഷങ്ങളെ സ്വന്തം നാട്ടില്‍നിന്നും നാടുവിട്ടുപോകാൻ നിർബന്ധിതരാക്കിയ ഗതികേട് 1845ൽ ഐറിഷ് ജനങ്ങൾ അനുഭവിക്കുകയുണ്ടായി. ഒരു ഫംഗൽ രോഗം ഒരു തോട്ടത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെ ഗതികേടിലാക്കിയ ഒരു ദുരൂഹ ദുരന്തം!

ഫൈറ്റോഫ്തോറ ഇൻഫെസ്റ്റൻസ് (Phytophthora infestans) എന്ന ഫംഗസ് വരുത്തിവച്ച വിന അത്രയും ഭയാനകമായിരുന്നു. കർഷകരുടെ മാത്രമല്ല ജീവിതത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങളുടെ അന്നം മുട്ടിച്ച ചരിത്രം. വടക്കൻ അമേരിക്കയിൽനിന്നും കപ്പൽ വഴിവന്ന ചരക്കുകളിലൂടെ വായുവിലൂടെ വ്യാപിക്കാൻ കഴിവുള്ള ഈ ഫംഗസ് ഇംഗ്ലണ്ടില്‍ പടര്‍ത്തിയ ഐറിഷ് പോട്ടാറ്റോ ഫെമൈന്‍ (Irish potato famine) എന്ന മഹാ ദേശീയ ദുരന്തം!

പുതിയ സീസണിലെ ഉരുളക്കിഴങ്ങ് കൃഷിയിലെ സമൃദ്ധി സൂചകമായി തഴച്ചു വളര്‍ന്ന ഉരുളക്കിഴങ്ങു ചെടികളെ കണ്ടു കെട്ടിപ്പടുത്ത കര്‍ഷകരുടെ ആഹ്ളാദവും സ്വപ്നങ്ങളും വിരലില്‍ എണ്ണാവുന്ന ഏതാനും ദിവസങ്ങള്‍കൊണ്ടായിരുന്നു തകര്‍ന്നില്ലാതായത്. ഐറിഷ് ജനതയുടെ മാത്രമല്ല മിക്കവാറും യൂറോപ്യൻ സമൂഹത്തിന്റെ ഭക്ഷണത്തിലെ മുഖ്യ പങ്കും ഉരുളകിഴങ്ങ് തന്നെയായിരുന്നു. ഐറിഷ് ജനങ്ങളാകട്ടെ മൂന്നു നേരവും ഉരുളക്കിഴങ്ങ് പുഴുങ്ങിയും ചുട്ടും സൂപ്പ് ഉണ്ടാക്കിയും കഴിച്ചു ശീലിച്ചു ജീവിച്ചു വന്നവര്‍. അത്തരത്തില്‍ വിശപ്പുമാറ്റിയ ഒരു ജനവിഭാഗം ജീവിക്കുന്നിടത്തെ തോട്ടങ്ങളിലേക്കാണ് ഫംഗസ് ദുരന്തം കപ്പല്‍ കയറി വന്നത്. ഇത്രയും കനത്ത ദുരിതം ഉണ്ടായിട്ടുപോലും അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഇംഗ്ലീഷ് കച്ചവടക്കാരുടെ ലോബിക്ക് പിന്നാലെ നിന്ന് ഐറിഷ് ജനതയെ വട്ടം ചുറ്റിച്ച വേദനകൾ അനവധി. അതിനിടയില്‍ അന്നത്തെ ബ്രിട്ടീഷ് ഭൂ ഉടമകള്‍ക്ക് നല്‍കേണ്ടിയിരുന്ന കുടിശിക, വട്ടിപ്പലിശക്കാര്‍ക്ക് കൊടുക്കേണ്ടിയിരുന്ന കുടിശിക... എല്ലാം കൊണ്ടും നട്ടംതിരിഞ്ഞപ്പോള്‍ സ്വന്തം നാടുവിട്ടു അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കേണ്ട ഗതികേടിലായവര്‍! ഏകദേശം ഒരു ദശലക്ഷം പേര്‍ പട്ടിണിമൂലം മരിക്കുകയും മറ്റൊരു ദശലക്ഷം പേര്‍ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു.

ഫൈറ്റോഫ്തോറ ഇൻഫെസ്റ്റൻസ് (Phytophthora infestans (late blight) എന്ന തികച്ചും അപരിചിതമായ ഈ ഫംഗസ് ഇംഗ്ലണ്ടിന്റെ തെക്കന്‍ പ്രദേശത്തു നിന്നും വായു വഴി, തണുത്ത വായുവഴി, ഡബ്ലിന്‍ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു. ചെടികളില്‍ കടന്നുകൂടുകയും അനുകൂലമായ കാലാവസ്ഥ വന്നപ്പോള്‍ എല്ലായിടത്തെക്കും വ്യാപിക്കുകയും ചെയ്തു. ചെടികളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്ന കര്‍ഷകര്‍. ഭക്ഷണത്തിനായി സൂക്ഷിച്ച കിഴങ്ങുകളും കൃഷി തോട്ടങ്ങളും ഒരുമിച്ചു അഴുകാന്‍ തുടങ്ങി. ചെയ്ത പാപങ്ങളുടെ ഫലമാണെന്നും പാപങ്ങളുടെ ശിക്ഷയാണെന്നും വിധി വിശ്വാസങ്ങളിലുമൊക്കെയായി പിന്നെ പരിഹാരങ്ങളും തീര്‍പ്പുകല്‍പ്പിക്കലും മറ്റുമായി ഏകദേശം മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന ദുരന്തം.

ഇനി ഓരോ ഉരുളക്കിഴങ്ങിലേക്ക് നോക്കുമ്പോഴും ഈ വേദനയുടെ ചരിത്രം ഓര്‍ക്കാതെ പോകരുത്... കര്‍ഷകസമൂഹവും അവരുടെ പ്രയത്നവും അത്രമാത്രം സാമൂഹ്യ സുരക്ഷിതത്വമാണ് നല്‍കുന്നത്... അതും മറക്കരുത്..

English summary: The Irish potato famine pathogen Phytophthora infestans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA