ADVERTISEMENT

വാട്‌സാപ് ഗ്രൂപ്പില്‍നിന്നൊരു രാജ്യാന്തര കമ്പനി പിറക്കുക! അതും ചക്കയെ സ്‌നേഹിക്കുന്നവരുടെ വേറിട്ടൊരു വാട്‌സാപ് കൂട്ടായ്മയില്‍ നിന്ന്. പുതുമയാര്‍ന്ന സംരംഭങ്ങളിലൂടെ ലോകത്തിനുമുന്നില്‍ വിസ്മയം തീര്‍ത്ത അതേ കേരളത്തില്‍നിന്നുതന്നെയാണ് ഈ വേറിട്ട സംരംഭത്തിന്റെയും പിറവി. അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ഫാക്ടറിയില്‍നിന്ന് ചക്കയുടെ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. അതില്‍ നിങ്ങള്‍ ഇന്നോളം രുചിച്ചിട്ടില്ലാത്ത ഉല്‍പന്നങ്ങളും ഉള്‍പ്പെടും. വാട്‌സാപ് ഗ്രൂപ്പിന്റെ അതേ പേരില്‍ റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച കമ്പനി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സ്വന്തം ലോഗോയും തയാറാക്കിക്കഴിഞ്ഞു. ഒരു പ്രഫഷനല്‍ കമ്പനിയെ കെട്ടിപ്പടുക്കാന്‍ വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവരെ കണ്ടെത്തി 'ചക്കക്കൂട്ടം ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ കമ്പനി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

എല്ലാം മാറ്റിമറിച്ചത് രാജ്യാന്തര ചക്ക ദിനം

2019 ഏപ്രില്‍ 21നാണ് ചക്കക്കൂട്ടം എന്ന പേരില്‍ എറണാകുളം സ്വദേശി അനില്‍ ജോസ് വാട്‌സാപ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പരിസ്ഥിതിസ്‌നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ അനില്‍ സമാനമനസ്‌കരായവരുടെ പലവിധ വാട്‌സാപ് ഗ്രൂപ്പുകളും രൂപികരിച്ചിട്ടുണ്ട്. അതിലൊന്നാണ് ചക്കയെ ഇഷ്ടപ്പെടുന്നവരുടെ ഈ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ചക്കവിഭവങ്ങള്‍ തയാറാക്കി ചക്കസൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.

നൂറോളം അംഗങ്ങളുമായി സജീവമായി പോകുന്നതിനിടയിലാണ് 2021ലെ രാജ്യാന്തര ചക്ക ദിനം ജൂലൈ 4ന് കടന്നുവരുന്നത്. അപ്പോഴേക്കും ഗ്രൂപ്പ് അഡ്മിനായി ആര്‍.അശോകിനെ ചുമതലപ്പെടുത്തി. അനില്‍ ജോസ് പക്ഷേ, ഇപ്പോഴും ചക്കക്കൂട്ടത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്.

jackfruit-1

അന്ന് 'മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീയില്‍' ചക്കക്കൂട്ടത്തിന്റെ വേറിട്ട കൂട്ടായ്മയെക്കുറിച്ചൊരു വാര്‍ത്ത വന്നു. തുടര്‍ദിവസങ്ങളില്‍ മറ്റു പല മാധ്യമങ്ങളും ഈ സവിശേഷ കൂട്ടുകെട്ടിനെ ഏറ്റുപിടിച്ചു. പിന്നീട് കണ്ടത് ഈ ഗ്രൂപ്പിലേക്ക് ചക്കയെ ഇഷ്ടപ്പെടുന്നവരുടെ ഒഴുക്കാണ്. അതില്‍ വിദേശത്തും സ്വദേശത്തുമുള്ളവരുണ്ടായിരുന്നു. ചക്കവിഭവങ്ങള്‍ തയാറാക്കുന്ന സാധാരണ വീട്ടമ്മമാര്‍ മുതല്‍ ലക്ഷങ്ങള്‍ മുടക്കി ചക്ക വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്ന ചെറുകിടസംരംഭകര്‍ വരെയുണ്ടായിരുന്നു. ഫലമോ, ഏതാനും ദിവസങ്ങള്‍ക്കകം ചക്കക്കൂട്ടം ഇരുനൂറിലേറെ പേരുടെ കൂട്ടമായി വളര്‍ന്നു. ഇവര്‍ക്കിടയില്‍ തുടര്‍ന്നുവന്ന ചര്‍ച്ചയാണ് ഇന്ന് വാട്‌സാപ് ഗ്രൂപ്പിന്റെ പേരിലൊരു രാജ്യാന്തര കമ്പനിയായി വളര്‍ന്നതിലേക്കെത്തിച്ചത്.

ലക്ഷ്യമിടുന്നത് ആഗോള വിപണനം

എറണാകുളം ജില്ലയിലെ പട്ടിമറ്റത്ത് വാടകക്കെടുത്ത സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുക. ഡിസംബറോടെ ഫാക്ടറി പ്രവര്‍ത്തനക്ഷമമാവുകയും ജനുവരിയോടെ ചക്കക്കൂട്ടത്തിന്റെ ചക്ക ഉല്‍പന്നങ്ങള്‍ വിപണിയിലെക്കിക്കാനാകുമെന്നുമാണ് പ്രതീക്ഷ. 6 പേര്‍ ഡയറക്ടര്‍മാരായാണ് കമ്പനി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചക്കക്കൂട്ടം വാട്‌സാപ് ഗ്രൂപ്പ് അഡ്മിനായ ആര്‍.അശോക് ആണ് മാനേജിങ് ഡയറക്ടര്‍. ആരോഗ്യകരവും പ്രകൃതിദത്തവുമായ ഉല്‍പന്നങ്ങളായിരിക്കും ഈ ബ്രാന്‍ഡിന്റെ സവിശേഷത. രാജ്യത്തിനകത്തും വിദേശത്തുമുള്ള ഈ വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കമ്പനിയുടെ ഓഹരിയെടുക്കാനും ഉല്‍പന്നങ്ങള്‍ക്ക് വിപണനം കണ്ടെത്താനും അവസരമുണ്ട്. വാട്‌സാപ് ഗ്രൂപ്പ് അംഗങ്ങളിലൂടെ വിദേശത്തും വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ധാരാളം കുടുംബിനികള്‍ക്ക് തൊഴില്‍ കണ്ടെത്തനും ഈ സംരംഭം വഴിതുറക്കുമെന്നാണ് പ്രതീക്ഷ. 

കേരളത്തില്‍ നിലവിലുള്ള ചക്ക സംസ്‌കരണ യൂണിറ്റുകളില്‍ ഏറ്റവും വിപുലവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്ലാന്റാണ് ചക്കക്കൂട്ടത്തിനായി ഒരുങ്ങുന്നത്. പ്ലാന്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഉയര്‍ന്ന അളവിലുള്ള ചക്കയുടെ ആവശ്യകതയുണ്ടാകും. അതുകൊണ്ടുതന്നെ വിപണി മൂല്യം ഉയരുകയും വിവിധ മേഖലകളിലുള്ളവര്‍ക്ക് മികച്ച വരുമാനത്തിന് അവസരം ഒരുങ്ങുകയും ചെയ്യും. ചക്കയുടെ തനതായ സ്വാദും ഗുണവും നിലനിര്‍ത്തുന്ന തികച്ചും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനാണ് അണിയറയിലെ നീക്കം. നിലവില്‍ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഉല്‍പാദകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി ഒരുമിച്ചു നേട്ടമുണ്ടാക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നും സംഘാടകര്‍ പറയുന്നു.

വര്‍ഷം മുഴുവന്‍ ചക്ക ലഭ്യമാക്കാന്‍ ചക്ക ഡേറ്റാ ബാങ്ക്

ചക്ക ഉല്‍പന്നങ്ങളുടെ സ്ഥിരമായ വിപണനം ഉറപ്പാക്കാന്‍ ചക്കയുടെ ലഭ്യത എന്നുമുണ്ടാവാന്‍ അതിനാവശ്യമായ ഡേറ്റാ ബാങ്കും ഇവര്‍ തയാറാക്കിക്കഴിഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍നിന്നും ചക്ക ലഭ്യമാക്കാന്‍ ഈ ഡേറ്റാ ബാങ്ക് ഇവരെ സഹായിക്കും. പരമാവധി ചക്ക സംഭരിച്ച് 12 മാസവും ചക്ക ഉല്‍പന്നങ്ങളുടെ ഉല്‍പാദനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ചക്കയ്ക്കു പുറമേ നിലവില്‍ ലഭ്യമാകുന്ന ഫലവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതും പരിഗണനയിലുണ്ട്. കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണെന്ന് ആര്‍.അശോക് പറഞ്ഞു.

നിങ്ങള്‍ക്കും പങ്കാളികളാവാം

വിവിധ ഭക്ഷ്യോല്‍പാദന, സംസ്‌കരണ വിപണന, മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായാണ് ഇപ്പോള്‍ ഈ വാട്‌സാപ് ഗ്രൂപ്പ്. എല്ലാവര്‍ക്കും സഹകരിച്ചു മുന്നേറാനുള്ള അവസരമാണ് ചക്കക്കൂട്ടം തുറന്നിടുന്നത്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ പങ്കുവയ്ക്കാം. ഓഹരി പങ്കാളിത്തത്തിനും മറ്റും താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം; 9497496591

English summary: Chakkakoottam International Private Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com