ADVERTISEMENT

പാൽ, ഇറച്ചി, മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ തയാറാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം കർഷകസമൂഹം സ്വാഗതം ചെയ്തുവെങ്കിലും കർഷകരുടെ ആകുലതകൾക്കും പ്രതിസന്ധികൾക്കും പരിഹാരമായിട്ടില്ല. കടമ്പകൾ ഇനിയും കടക്കാനുണ്ട്.

മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ലൈസൻസ് ഇല്ലാതെ വളർത്താവുന്ന വളർത്തുജീവികളുടെ എണ്ണത്തിൽ വർധന വരുത്തണമെന്നുള്ളത്. കഴിഞ്ഞ വർഷം കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പന്നിവളർത്തൽ എന്നൊരു വിഭാഗം അതിൽ ഉൾപ്പെട്ടിരുന്നില്ല. 20 പശുക്കളെയും 1000 കോഴികളെയും 50 ആടുകളെയുമൊക്കെ വളർത്തുന്ന ഷെഡ്ഡുകൾക്ക് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് ലഭിച്ചുവെങ്കിലും ‌5 പശു/എരുമകളിൽ കൂടുതലുള്ള കന്നുകാലി ഫാമുകൾ, 20 ആടുകളിൽ കൂടുതലുള്ള ആട് ഫാമുകൾ, 25 മുയലിൽ കൂടുതലുള്ള മുയൽ ഫാം, 100 കോഴികളിൽ  കൂടുതലുള്ള കോഴിഫാം, 5 പന്നികളിൽ കൂടുതലുള്ള പന്നിഫാം എന്നിവയുടെ നടത്തിപ്പിന് അതാത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ഇളവ് വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഈ ഇളവുകൾ ചട്ടങ്ങളായി ഇതുവരെ പുറത്തുവന്നിട്ടില്ല. അക്കൂട്ടത്തിൽ പാടേ അവഗണിക്കപ്പെട്ട ഒരു വിഭാഗമാണ് പന്നിവളർത്തൽ. ബാക്കി എല്ലാ വിഭാഗങ്ങളിലും ഇളവുകൾ നൽകിയെങ്കിലും 5 പന്നിയെന്ന എണ്ണം തദ്ദേശസ്വയംഭരണ വകുപ്പ് മാറ്റിയില്ല. ഇതിൽ ഇളവ് നൽകണമെന്ന് മൃഗസംരക്ഷണ വകുപ്പ് അന്നേ അഭ്യർഥിച്ചിരുന്നു. എങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നു മാത്രമല്ല കർഷകരുടെ പ്രതിസന്ധി ഏറിവരികയാണുണ്ടായത്. 

മാലിന്യനിർമാർജനത്തിൽ സജീവ പങ്കാളികളും അതേസമയം ഏറ്റവുമധികം ആളുകളാൽ വെറുക്കപ്പെടുന്നവരുമായ കർഷകരുടെ സമൂഹമാണ് പന്നിവളർത്തൽ മേഖല. ഹോട്ടലുകളിലെയും ഹോസ്റ്റലുകളിലെയും അറവുശാലകളിലെയുമെല്ലാം മിച്ചഭക്ഷണവും അവശിഷ്ടങ്ങളും ശേഖരിച്ച് അതുവഴി മികച്ച ഉറച്ചി ഉൽപാദിപ്പിക്കുകയും ചെയ്യുന്നവരാണ് പന്നിക്കർഷകർ. പലപ്പോളും വഴിവക്കിൽ തള്ളപ്പെടുന്ന അറവുമാലിന്യങ്ങൾക്കു കാരണം ഇത്തരത്തിൽ മാലിന്യസംസ്കരണം നടത്തുന്ന ഫാമുകൾ ഇല്ലാത്തതാണ്. എന്നാൽ, ഇത്തരം പ്രവൃത്തികളിൽ പലപ്പോഴും കുറ്റക്കാരാകുന്നത് പന്നിക്കർഷകരാണ്. കേരളത്തിലെ പുതിയ മാലിന്യ സംസ്കരണ പദ്ധതികൾക്കു പിന്നിലുള്ളവർക്ക് പ്രചോദനമാകുന്നതും ഇത്തരത്തിലുള്ള പ്രവൃത്തികൾത്തന്നെ. പക്ഷേ, ചിലരുടെ അലംഭാവംകൊണ്ട് ബാധിക്കപ്പെടുന്നത് കർഷകരെയാണ്.

കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്നതുകൊണ്ടുതന്നെ പന്നിവളർത്തൽ ലാഭകരമാണെങ്കിലും, കർഷകന് അവന്റെ അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്നു പറയുന്നതാകും ശരി. ഹോട്ടലുകളിലെ മിച്ച ഭക്ഷണവും അറവുമാലിന്യങ്ങളും ശേഖരിക്കുകയും അത് പന്നികൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യുന്നതിനുതന്നെ ഇതിനോടെല്ലാം താൽപര്യം ഉള്ള വ്യക്തിയാണെങ്കിൽ മാത്രമേ സാധിക്കൂ. കാരണം, ഇവയുടെ മണവും അവസ്ഥയും അറപ്പില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കണം. പല കർഷകരും രാപകലില്ലാതെ അധ്വാനിച്ചാണ് പന്നിവളർത്തലിലൂടെ ലാഭമുണ്ടാക്കുന്നത്. പലരും ഉറങ്ങുന്നതുതന്നെ അർധരാത്രി ആകുമ്പോഴാണ്. മാത്രമല്ല അതിരാവിലെതന്നെ കൂട് വൃത്തിയാക്കി സൂക്ഷിക്കുന്നവരുമുണ്ട്. 

കേരളത്തിൽ 12,000 പന്നിക്കർഷകരുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. എന്നാൽ, ഇത്രയേറെ പന്നിക്കർഷകർ ഇവിടുണ്ടെങ്കിലും കേരളത്തിലെ ഇറച്ചിയാവശ്യത്തിനുള്ള പന്നികൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒഴുകുകയാണ്. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും വാഹനത്തിൽ വലിയ തോതിൽ പന്നികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. കാനകളിൽനിന്നും മറ്റും ഭക്ഷണം തേടുന്ന, അതേസമയം വൃത്തിയും ആരോഗ്യവും ഒട്ടുംതന്നെയില്ലാത്ത ഇത്തരം പന്നികളിലൂടെ കുളമ്പുരോഗം പോലുള്ള അസുഖങ്ങളും കേരളത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇറച്ചിയായി മാർക്കറ്റിലെത്തിയാൽ ഏതിനം പന്നിയാണെന്ന് അന്വേഷിക്കാൻ ആർക്കാണ് നേരം! 

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് മുട്ടയും പന്നിയും പോത്തും പാലുമെല്ലാം കടന്നുവരുന്നു. എന്നാൽ, ഇവിടേക്ക് എത്തുന്നതിന്റെ പകുതിയെങ്കിലും സ്വയം ഉൽപാദിപ്പിക്കാൻ കേരളത്തിലെ കർഷകർക്ക് കഴിയുന്നുണ്ടോ? വർധിച്ചുവരുന്ന തീറ്റച്ചെലവും വിലയിടിവുമെല്ലാം വലിയ പ്രതിസന്ധിയാണ് ഓരോ കർഷകനും നൽകുന്നത്. അതിൽത്തന്നെ പന്നിക്കർഷകരുടെ കാര്യം കുറേക്കൂടി തീവ്ര പ്രതിസന്ധിയാണെന്നു പറയാതിരിക്കാനും വയ്യ. അറവുമാലിന്യങ്ങൾ പന്നികൾക്ക് നൽകാൻ പാടില്ലെന്ന പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നിർദേശം കർഷകർ ഞെട്ടലോടെതന്നെയാണ് ശ്രവിച്ചത്. റെൻഡറിങ് പ്ലാന്റുകളിലൂടെ മാത്രമേ അറവുമാലിന്യങ്ങൾ സംസ്കരിക്കാൻ പാടുള്ളൂ എന്ന തീരുമാനം ചിലരെ സഹായിക്കാൻ മാത്രമാണെന്ന് കർഷകർ പറയുന്നു. ഇത്രയും നാൾ കർഷകർ ചെയ്തിരുന്ന മാലിന്യ നിർമാർജന സംവിധാനത്തിൽ പുതിയ രീതികൾ വരുമ്പോൾ കർഷകരോട് കൂടിയാലോചിക്കേണ്ടതായിരുന്നു. സുസ്ഥിരമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ തകർത്ത് ആവരുത് പുതിയ സംവിധാനങ്ങൾക്ക് തുടക്കം കുറിക്കേണ്ട്. പന്നിക്കർഷകർക്ക് ആവശ്യമായ അറവ് മാലിന്യങ്ങൾ ഉറപ്പാക്കിയശേഷമുള്ളവ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കും എന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. ഭക്ഷണത്തിനൊപ്പം ലൈസൻസ് ഇളവുകൾകൂടി കർഷകർക്ക് ലഭിച്ചാൽ മൃഗസംരക്ഷണ മേഖല ഏറെ ശക്തിയാർജിക്കുമെന്നതിൽ സംശയമില്ല.

അതേസമയം, ‌പന്നിക്കർഷകർക്കുമേൽ ചുമത്തപ്പെടുന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ടവയാണ് പരിസര മലിനീകരണവും ദുർഗന്ധവും. ഭക്ഷണകാര്യങ്ങളിലും വൃത്തിയിലും കുറേക്കൂടി ശ്രദ്ധ ചെലുത്തിയെങ്കിൽ മാത്രമേ ഈ ആരോപണങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയൂ. വളിച്ചതും പുളിച്ചതുമായ ഭക്ഷണം ഒഴിവാക്കുകയും നല്ല മിച്ചഭക്ഷണം നൽകുകയും ചെയ്താൽ ഫാമിലെ ദുർഗന്ധം ഒരു പരിധിവരെ തടയാം. അതുപോലെ കോഴിയവശിഷ്ടങ്ങളും മറ്റ് അറവുമാലിന്യങ്ങളും വേവിച്ച് മാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ബാക്കിയാകുന്നവ അഴുകി ദുർഗന്ധം വരുത്തും. കൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.

മിച്ചഭക്ഷണവും മറ്റും ഹോട്ടലുകളിൽനിന്ന് ഏറ്റെടുക്കുന്നവർ അജൈവ മാലിന്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇത്തരം അജൈവ മാലിന്യങ്ങൾ ഫാമിന് ചുറ്റും നിക്ഷേപിച്ചാൽ അത് പരിസരമലിനീകരണം ഉണ്ടാക്കും. പല കർഷകരും പൊതു സമൂഹത്തിൽനിന്നും ഒറ്റപ്പെടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം അജൈവ മാലിന്യങ്ങളുടെ നിക്ഷേപമാണ്. മിച്ചഭക്ഷണം ശേഖരിക്കുന്ന ഉറവിടത്തിൽത്തന്നെ ഇതു സംബന്ധിച്ചുള്ള ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി എന്നിവ മാലിന്യ നിർമാർജനത്തിന് ഫാമിൽ ആവശ്യമാണ്. അതോടൊപ്പം കാക്കപോലുള്ള പക്ഷികൾ കടക്കാതിരിക്കാനുള്ള മുൻകരുതലുകളും ഫാമിൽ ആവശ്യമാണ്.

English summary: Pig Farmer's Problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com