116 മുയലുകളിൽനിന്ന് 58ലേക്ക്: അതിജീവനത്തിന് മുയലുകളുടെ എണ്ണം കുറച്ച് മിനി

HIGHLIGHTS
  • പ്രജനനം നടത്താതെ മാതൃശേഖരത്തെ സംരക്ഷിക്കാമെന്നു കരുതിയാലും പ്രതിസന്ധി
rabbit-farming-mini
SHARE

വലിയൊരു മുയൽ ഫാം, അതിൽ നിറയെ മുയലുകൾ, അവയിൽനിന്ന് നൂറു കണക്കിന് കുഞ്ഞുങ്ങൾ... ഒരോ മുയൽ വളർത്തൽ സംരംഭകന്റെയും ആഗ്രഹങ്ങളാണിത്. കോവിഡ് ആരംഭിച്ചപ്പോൾ ഒട്ടേറെ പേർ മുയൽ വളർത്തൽ മേഖലയിലേക്ക് കടന്നുവന്നു. ആദ്യ ഘട്ടത്തിൽ മുയലുകളെ ആവശ്യത്തിനനുസരിച്ച് ലഭ്യമാകാത്ത സ്ഥിതിയായിരുന്നുവെങ്കിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ മുയൽ വിപണി കിതച്ചുതുടങ്ങി. ഒന്നാം തരംഗത്തിൽ മുയൽ വളർത്തിത്തുടങ്ങിയവരുടെയെല്ലാം മുയൽ കുഞ്ഞുങ്ങൾ വിപണയിലെത്തി. ഉൽപാദനം ഉയർന്നപ്പോൾ വിപണി കിതയ്ക്കുമെന്ന സ്വാഭാവിക പ്രതിഭാസം ഇവിടെയും നടന്നു.

ഇന്ന് ഒട്ടേറെ മുയൽ കർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. മുഴുവൻ സമയ മുയൽകർഷകരായിരുന്ന പലരും മുയലിനൊപ്പം മറ്റു വരുമാനമാർഗങ്ങളും തേടിത്തുടങ്ങി. മറ്റുചിലരാവട്ടെ മുയലുകളുടെ എണ്ണം കുറച്ച് വിപണിക്ക് അനുസൃതമായ ഉൽപാദനത്തിലേക്ക് എത്തിച്ചു. കുഞ്ഞുങ്ങൾ, ഇറച്ചി എന്നിങ്ങനെയുള്ള പ്രധാന വിപണിയെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

ഹോട്ടലുകൾ തുറന്നതും അവിടെ ഇരുന്നു കഴിക്കാനുള്ള അനുമതി ലഭിച്ചതും മുയൽ കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് മുയൽവിപണി തിരികെയെത്തണമെങ്കിൽ കുറച്ചുകാലംകൂടി കാത്തിരിക്കേണ്ടതായി വരും. അതുവരെ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നവർക്ക് ഭാവിയിൽ നേട്ടമുണ്ടാകും. 

മുയൽ വളർത്തൽ പ്രധാന വരുമാനമാർഗമായി കണ്ടിരുന്ന ഒട്ടേറെ കർഷകർ കേരളത്തിലുണ്ട്. എന്നാൽ, വിപണിയിലെ പ്രതിസന്ധി പലരെയും പ്രതിസന്ധിയിലാക്കി. ഈ പ്രതിസന്ധികളെ പുഞ്ചിരിയോടെ തരണം ചെയ്തു മുൻപോട്ടു പോകാൻ ശ്രമിക്കുകയാണ് തിരുവനന്തപുരം മലയിൻകീഴിലുള്ള അച്ചായൻസ് റാബിറ്റ് ഫാം ഉടമ മിനി ജോസഫ്. കോവിഡ് കാലം കർഷകർക്ക് നൽകിയ പ്രതിസന്ധിയിൽ മറ്റെല്ലാവരെയുംപോലെ അടിതെറ്റിയവരിൽ മിനിയും ഉൾപ്പെടും. ആറു പേർ അടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗം മുയൽക്കുഞ്ഞുങ്ങളുടെയും ഇറച്ചിയുടെയും വിൽപനയായിരുന്നു. കോവിഡിനെത്തുടർന്ന് വിൽപന ഇടിഞ്ഞപ്പോൾ മാതൃ–പിതൃ ശേഖരത്തിന്റെ എണ്ണം കുറച്ച് ഉൽപാദനം നിയന്ത്രിക്കുകയായിരുന്നു മിനി ചെയ്തത്. അതോടെ 116 മുയലുകളിൽനിന്ന് എണ്ണം 58 ആയി കുറഞ്ഞു. മാറ്റിയവയെ ഇറച്ചിയാക്കി വിപണിയിലെത്തിച്ചു.

മാതൃ–പിതൃ ശേഖരത്തിന്റെ വലുപ്പം കൂടുംതോറും കുഞ്ഞുങ്ങളുടെ ഉൽപാദനം ഉയരും. ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളെ കൃത്യമായി വിറ്റഴിക്കാൻ സാധിച്ചില്ലെങ്കിൽ ചെലവ് വീണ്ടും കൂടും. ഭക്ഷണമാണ് ഇവയുടെ പ്രധാന ചെലവ്. തീറ്റവില ക്രമാതീതമായി ഉയർന്നതോടെ കോവിഡിന് മുൻപ് ഒരു മുയലിന് ഒരു ദിവസം ശരാശരി 3 രൂപയാണ് ചെലവായിരുന്നതെങ്കിൽ ഇപ്പോൾ അത് 5–6 രൂപയിലെത്തി. തീറ്റയിലുണ്ടായ ഈ വർധന വലിയ പ്രതിസന്ധിയാണ് ഓരോ കർഷകനും വരുത്തുക. അതുകൊണ്ടുതന്നെ ഉൽപാദനം നിയന്ത്രിക്കാൻ എണ്ണം കുറയ്ക്കുക എന്ന വഴിയേ കർഷകർക്ക് മുൻപിലുള്ളൂ.

മുയൽ ചെറിയ ജീവിയായതുകൊണ്ടുതന്നെ പ്രജനനം നടത്താതെ മാതൃശേഖരത്തെ സംരക്ഷിക്കാമെന്നു കരുതിയാലും പ്രതിസന്ധിതന്നെയാണ് ഉണ്ടാവുക. പ്രസവങ്ങൾക്കിടയിൽ ദീർഘകാലത്തെ ഇടവേള സംഭവിച്ചാൽ പിന്നീട് മുയലുകൾ ഗർഭിണിയാവാനുള്ള സാധ്യത കുറയ്ക്കും. ഇടവേള കൂടുംതോറും ശരീരത്തിലെ കൊഴുപ്പുയരുകയും ഗർഭാശയവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വിൽപന അനുസരിച്ചുള്ള സ്റ്റോക്ക് സംരംക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ അഭികാമ്യം.

English summary: Problems in Rabbit Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA