ADVERTISEMENT

ഭക്ഷണം ഔഷധമാണ്. എന്നാൽ ഇപ്പോഴത്തെ ഭക്ഷണങ്ങളൊക്കെ അങ്ങനെയാണെന്നു പറയാമോ? ഭക്ഷണം കഴിച്ചാൽ രോഗം വരുമോ? ജീവിതശൈലീ രോഗങ്ങൾ വരുത്താത്ത ഭക്ഷണമുണ്ടോ?

വയനാട് മാനന്തവാടി ആറാട്ട്തറ ഇല്ലത്തുവയൽ കേദാരത്തിൽ ഷാജിക്ക് ഉത്തരമായി പറയാനുള്ളത് കിഴങ്ങുവിളകളുടെ പ്രാധാന്യത്തെക്കുറിച്ചാണ്. ഇപ്പോഴത്തെ ഒട്ടുമിക്ക ജീവിതശൈലീ രോഗങ്ങൾക്കെല്ലാം പരിഹാരമായി പലതരം കിഴങ്ങുവിളകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ടെന്നാണ് ഇരുന്നൂറോളം കിഴങ്ങ് ഇനങ്ങൾ കൃഷി ചെയ്യുന്ന ഷാജി പറയുന്നത്. ഷാജിയുടെ പ്രയത്നത്തിന് ദേശീയ അംഗീകാരം തേടിയെത്തി. വിവിധയിനം നാടൻ കിഴങ്ങുവിളകളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ 2 ലക്ഷം രൂപയുടെ പുരസ്കാരം.

വയനാടൻ മണ്ണിനെ ശരിക്കും അറിഞ്ഞുകൊണ്ടാണ് ഷാജി കൃഷി ചെയ്യുന്നത്. സ്വന്തം ഭൂമിയും പാട്ടത്തിനെടുത്തതുമായ 16 ഏക്കറിലാണ് ഷാജിയുടെ സമ്മിശ്രകൃഷി. ഇതിൽ 12 ഏക്കർ നെല്ലാണ്. കിഴങ്ങുവിളകൾ, സുഗന്ധവിളകൾ, നെല്ല്, വാഴ, കാപ്പി, പച്ചക്കറി, നാടൻ പശു, ആട്, കോഴി, മീൻ,തേനീച്ച, വിവിധയിനം പക്ഷികൾ എന്നുവേണ്ട തവളകളെ വരെ ഷാജി വളർത്തുന്നുണ്ട്. 

കാർഷിക കുടുംബത്തിലാണ് ഷാജി ജനിച്ചത്. പിതാവ് ജോസും അമ്മ മേരിയും ഇപ്പോഴും കൃഷിയിൽ സജീവമാണ്. മുത്തശ്ശനായ ജോസഫിന് നൂറു വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും കൃഷിയിടത്തിൽ ചെറു സഹായവുമായി എത്തും. മുത്തശ്ശി ഏലിയും അധ്വാനം മറന്നിട്ടില്ല. ഭാര്യ ജിജിയും മക്കളായ ആൻമറിയയും ഇമ്മാനുവലും അടങ്ങുന്ന ഷാജിയുടെ കുടുംബത്തിന് കൃഷിയുടെ മേന്മയെക്കുറിച്ചു മാത്രമേ പറയാനുള്ളൂ.

shaji
ഷാജി

നെല്ലും കിഴങ്ങും

സംയോജിത കൃഷിയാണെങ്കിലും ഔഷധ ഗുണമുള്ള നെല്ലിനും കിഴങ്ങുവിളകൾക്കാണ് ഷാജി പ്രാധാന്യം നൽകിയിരിക്കുന്നത്. ഇന്നത്തെ ജീവിതശൈലീ രോഗങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും നല്ലത് കിഴങ്ങുവിളകളാണെന്നാണ് ഷാജി പറയുന്നത്. വിശപ്പടക്കാൻ മാത്രമല്ല, രോഗങ്ങൾ ഇല്ലാതാക്കാനും കിഴങ്ങുകൾക്കു കഴിയും. ഉദാഹരണത്തിന് നീലകാച്ചിൽ കഴിച്ചാൽ രക്തം ശുദ്ധിയാക്കാൻ പറ്റും. സുഖപ്രസവത്തിന് കാച്ചിൽ കഴിക്കുന്നതു പതിവായിരുന്നു പണ്ട്. ആദിവാസി വിഭാഗങ്ങളുടെയും കുടിയേറ്റ കർഷകരുടെയും പ്രധാന ആഹരമായിരുന്ന നൂറോൻകിഴങ്ങ്, അരിക്കിഴങ്ങ്, പുല്ലെത്തിക്കിഴങ്ങ് തുടങ്ങിയവ ഷാജി നന്നായി കൃഷി ചെയ്യുന്നുണ്ട്. മാട്ടുകാച്ചിൽ, നീണ്ടിക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, നീലക്കാച്ചിൽ, ചോരക്കാച്ചിൽ, കടുവാക്കയ്യൻ തുടങ്ങിയിനം കാച്ചിലുകളും പാൽച്ചേമ്പ്, താമരക്കണ്ണൻ, ചെറുചേമ്പ്, കുഴിനിറയൻ, കരിഞ്ചേമ്പ്, മക്കളെപ്പോറ്റി തുടങ്ങിയ ചേമ്പിനങ്ങളും വേറെ. നാടൻചേന, നെയ്ച്ചേന, കാട്ടുചേന, ചെറുകിഴങ്ങ്, നനക്കിഴങ്ങ്, മുക്കിഴങ്ങ്, പലയിനം മധുരക്കിഴങ്ങുകൾ, പലയിനം മരച്ചീനികൾ. മഞ്ഞളിൽതന്നെ 40  ഇനം ഉണ്ട്. ഇഞ്ചിയിൽ 35 ഇനം. പലയിനം കൂവയും ഇവിടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ചവയാണ് ഇതെല്ലാം. കൃഷിയെക്കുറിച്ചു പഠിക്കാൻ ഷാജിയുടെ അടുത്തേക്കു വരുന്നവർ കൊണ്ടുവന്നതാണ് ഇതിൽ ഭൂരിഭാഗവും. ഷാജിയുടെ അടുക്കൽ വിത്തു വാങ്ങാൻ വരുന്നവരോട് ഒന്നേ ആവശ്യപ്പെടൂ. വിളവെടുപ്പ് കഴിഞ്ഞാൽ ഒരു കിലോ തിരികെ തരണം. ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടാണെങ്കിലും കൊണ്ടുപോകുന്നവർ കൃഷി ചെയ്യട്ടെ എന്നാണ് ഈ പറച്ചിലിനു പിന്നിലുള്ളത്. കൊണ്ടും കൊടുത്തും വളർത്തിയെടുത്തതാണ് ഷാജിയുടെ വിത്തുശേഖരം. 

കൈവശമുള്ള വിത്തുകൾ കൊണ്ട് വിത്ത് മ്യൂസിയം ഒരുക്കുകയാണ് ഷാജിയിപ്പോൾ. അന്യംനിന്നുപോകുന്ന കൃഷികളെ സംരക്ഷിക്കാനും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനുമാണ് മ്യൂസിയം. ചോദിച്ചെത്തുന്ന ആർക്കും വിത്ത് നൽകും. ഒരു കിലോ വിത്ത് നൽകിയാൽ തിരികെ ഒരു കിലോ വിത്തായി മടക്കി നൽകണം. 

മഞ്ഞളും ഇഞ്ചിയും ഒരേ ഏരിൽ തന്നെ കൃഷി ചെയ്യുന്നതാണു ഷാജിയുടെ രീതി. മഞ്ഞൾ കൂടെയുണ്ടാകുമ്പോൾ ഇഞ്ചിക്ക് അസുഖം കുറവായിരിക്കും. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടിനും വിളവും കൂടുതൽ ലഭിക്കും. 

വയനാടൻ തൊണ്ടി, ഗന്ധകശാല, ജീരകശാല, പാൽതൊണ്ടി, കുള്ളൻതൊണ്ടി എന്നിവയാണു കൂടുതലായി കൃഷി ചെയ്യുന്ന നെല്ലിനങ്ങൾ. വയനാടൻ തൊണ്ടിക്ക് കിലോഗ്രാമിന് 30 രൂപ, ഗന്ധകശാലയ്ക്ക് 50, ജീരകശാലയ്ക്ക് 60 എന്നിങ്ങനെയാണു വില. അന്യം നിന്നുപോകുന്ന പലതരം നെല്ലിനങ്ങൾ ഷാജി സംരക്ഷിച്ച് കൃഷി ചെയ്യുന്നുണ്ട്. 27 ദിവസം കൊണ്ടു വിളവെടുക്കാവുന്ന അന്നൂരിയും ഈ കൃഷിയിടത്തിലുണ്ട്.

ആടും കോഴിയും നാടൻ പശുവും ഉള്ളതിനാൽ വളത്തിന് പഞ്ഞമില്ല. പൂർണമായും ജൈവകൃഷിയാണ്. വളമെല്ലാം വീട്ടിൽ തന്നെയുണ്ടാക്കും. നാടൻ ഇനങ്ങളും ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, കട്‌ല, രോഹു തുടങ്ങിയ മീനുകളെയും വളർത്തുന്നുണ്ട്. കൃഷിയിടങ്ങളിലെല്ലാം തേനീച്ചപ്പെട്ടിയമുണ്ട്. 

വിവിധയിനം തവളകളെ ഷാജി സംരക്ഷിച്ചു വളർത്തുന്നുണ്ടായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ കുറേയേറെ ഒലിച്ചുപോയി. തവളകളെക്കുറിച്ചു പഠിക്കാൻ ഷാജിയുടെ അടുക്കൽ ഒട്ടേറെ ഗവേഷക വിദ്യാർഥികൾ എത്താറുണ്ടായിരുന്നു. പ്ലാന്റ് ജീനോം സേവിയർ അവാർഡും ഇന്ത്യൻ ബയോ ഡൈവേഴ്സിറ്റി പുരസ്കാരം, കേരള ബയോഡൈവേഴ്സിറ്റി പുരസ്കാരം തുടങ്ങിയവ അടക്കം ഒട്ടേറെ ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ ഷാജി നേടിയിട്ടുണ്ട്. കാർഷിക സർകലാശാലയിലെ ഡോ. എൽസിയായിരുന്നു ഷാജിയുടെ വൈവിധ്യകൃഷിയെ പുറംലോകത്തെ അറിയിച്ചത്. ഇതേ തുടർന്നാണ് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചതും. 

(ഫോൺ–9747853969)

English summary: Importance of Tuber Crops for Food and Nutritional Security 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com