കൃഷി ഉപേക്ഷിച്ച പ്രസാദ് ചേട്ടന് എല്ലാവിധ ആശംസകളും: കർഷകർക്കിടയിൽ വൈറലായി കുറിപ്പ്

HIGHLIGHTS
  • മലയോര കർഷകർ പ്രസാദ് ചേട്ടനെ പോലെ പരാജയം സമ്മതിക്കണം
  • സ്വന്തം ആഹാരാവശ്യത്തിനു മാത്രമായി കൃഷി പരിമിതപ്പെടുത്തണം
farmer
SHARE

ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്നവരാണ് കേരളത്തിലെ മലയോര മേഖലയിലുള്ളവർ. കപ്പയും കുരുമുളകും ഏലവും പച്ചക്കറികളും മുഖ്യവിളയും ഇടവിളയുമൊക്കെയായി ചെയ്ത് വരുമാനം കണ്ടെത്തുന്നവർ. എന്നാൽ, പലപ്പോഴും പ്രതീക്ഷയോടെ നട്ടുനനച്ചു വളർത്തുന്നവ വന്യജീവികളുടെ സംഹാരതാണ്ഡവത്തിൽ ഇല്ലാതാവുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയും കർഷകർക്ക് വരുന്നുണ്ട്. ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യജീവികളുടെ ആക്രമണം കൃഷിയിടത്തിൽ ഉണ്ടാവുന്നുണ്ട്. വന്യജീവികളുടെ ആക്രമത്തിൽ മനംനൊന്ത് കൃഷി ഉപേക്ഷിക്കാൻ മുതിരുന്ന കർഷകരും ഏറെ. അത്തരത്തിൽ ഇനി കൃഷി ചെയ്യില്ല എന്ന പ്രഖ്യാപിച്ച കർഷകനെക്കുറിച്ച് ബിജു വി. ചാണ്ടി പങ്കുവച്ച കുറിപ്പ് കർഷകർക്കിടയിൽ വൈറലായിരിക്കുകയാണ്. കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ പമ്പാവാലിയിലെ പ്രസാദ് പാലക്കുഴയിൽ എന്ന കർഷകന് വന്യജീവികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജു വി. ചാണ്ടിയുടെ കുറിപ്പിന്റെ പൂർണരൂപം ചുവടെ.

പ്രിയപ്പെട്ട പ്രസാദ് പാലക്കുഴയിൽ (സുര)ചേട്ടൻ കൃഷി ഉപേക്ഷിക്കുന്നു എന്നു കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്. ആറു മാസം മുമ്പ് സംസാരിച്ചപ്പോൾ അദ്ദേഹത്തോട് കൃഷി ഒഴിവാക്കി മറ്റെന്തെങ്കിലും ജീവിത മാർഗ്ഗം അന്വേഷിക്കരുതോ എന്ന് ഞാൻ ആരാഞ്ഞിരുന്നു. അപ്പോൾ വൈകാരികമായാണ് അദ്ദേഹം മറുപടി നൽകിയത്.

ഇയ്യാംപാറ്റകളേപ്പോലെ വിളക്കിനു ചുറ്റം വലംവച്ച് ചിറകും ജീവനും നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ തന്നെയാണ് കേരളത്തിലെ മലയോരക്കർഷകരുടെ  കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കർഷകർക്കൊപ്പവും കേരളത്തിലെ ക്ഷുദ്രജീവികൾക്കൊപ്പവുമാണ് നമ്മുടെ ഭരണ, സാസ്കാരിക, ബുദ്ധിജീവി, പുരോഗമന വിഭാഗങ്ങളൊക്കെ നിലയുറപ്പിച്ചിരിക്കുന്നത്. അത്തരം കപട നാട്യങ്ങളെ  'ഊട്ടി ഉറക്കേണ്ട' ബാധ്യത ഏറ്റെടുക്കേണ്ടതില്ല എന്നു തീരുമാനിക്കാൻ ഇനിയും കാർഷിക വൃത്തികൊണ്ട് ജീവിക്കാമെന്നു വിചാരിക്കുന്ന മറ്റു കർഷകരും തയ്യാറാവണം.

മലയോര കർഷകർ പ്രസാദ് ചേട്ടനെ പോലെ പരാജയം സമ്മതിക്കണം. കാരണം കാട്ടുമൃഗങ്ങളോട് പൊരുതി ജയിച്ചാലും നിലവിലെ ഭരണ സാമൂഹ്യ വ്യവസ്ഥയെ തോൽപ്പിക്കാനാവില്ല എന്ന യാഥാർഥ്യം തിരിച്ചറിയണം. കർഷകർ നമ്മുടേത് എന്ന് കരുതിയ ഭൂമിയും ഗ്രാമവും ഒഴിഞ്ഞ് ഏതെങ്കിലും നഗരപ്രാന്തങ്ങളിൽ ചേക്കേറണം.

അവിടെ അന്തസായി മറ്റു തൊഴിലെടുത്തു ജീവിക്കണം. സാധിക്കാത്തവർ മക്കളെയെങ്കിലും കാർഷിക വൃത്തിയിൽ നിന്നു പിൻതിരിപ്പിച്ച് കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രാപ്തരാക്കണം. കാട്ടുപന്നിക്ക് കാവൽ കിടക്കാനുള്ളതല്ല അവരുടെ വിലപ്പെട്ട ജീവനും ജീവിതവുമെന്നു  ബോധ്യപ്പെടുത്തണം. 'കൃഷി മഹത്തരമാണ്' എന്ന കാൽപനിക വാചക കസർത്തുകളുടെ പൊള്ളത്തരങ്ങൾ മക്കളെ പറഞ്ഞു പഠിപ്പിക്കണം. 

കൃഷി ഇല്ലെങ്കിൽ കേരളമെങ്ങനെ ഉണ്ണും എന്ന ആശങ്കയൊന്നും കർഷകർ തലയിലിട്ടു പുണ്ണാക്കണ്ട കാര്യമൊന്നുമില്ല. നമുക്കൊന്നും എത്തി നോക്കാൻ പോലും കഴിയാത്ത ഭരണ ഉദ്യോഗസ്ഥ മേലാളന്മാർ ഞൊടിയിൽ മറ്റു മാർഗ്ഗം കണ്ടുകൊള്ളും. പറ്റുമെങ്കിൽ വനവൽക്കരണം കർശനമാക്കേണ്ടതിനേപ്പറ്റിയും ക്ഷുദ്രജീവികൾ സഹജീവികളാണെന്നും കപടമായി വിളിച്ചു പറഞ്ഞ് സാമൂഹ്യ അംഗീകാരം കൂടി നേടി എടുക്കാനും നമ്മൾ പരിശ്രമിക്കണം.

ജീവിതമാർഗ്ഗമായി  കൃഷിയെ കാണരുത്. സ്വന്തം ആഹാരാവശ്യത്തിനു മാത്രമായി കൃഷി പരിമിതപ്പെടുത്തണം. അതിനു തയ്യാറല്ലെങ്കിൽ കേരളത്തിലെ മലയോര കർഷകരെ  കണ്ണീരും, കടക്കെണിയുമുണ്ട് കാത്തിരിക്കുന്നത്. ഹൈറേഞ്ചിലെ പല ഗ്രാമങ്ങളും ശൂന്യമാകുന്ന കഴ്ചയുണ്ട്. നിർവ്വാഹമില്ലാത്ത നിരാലംബരായ മനുഷ്യർ മാത്രമാണ്  മലയോരങ്ങളിൽ അവശേഷിക്കുന്നത്. അവരെയാകട്ടെ പൊതുസമൂഹം വിലയിയിരുത്തുന്നത് കയ്യേറ്റക്കാരനെന്നും വനംകൊള്ളക്കാരനെന്നുമാണ്. 

പോരാട്ടം ഒഴിവാക്കുന്നത് രാജതന്ത്രമാണ്. പരാജയപ്പെട്ടു പോകും മുൻപ്  കർഷകർ യുദ്ധം ഒഴിവാക്കണം. അപ്പോൾ നഷ്ടത്തിന്റെ കാഠിന്യം കുറയും. 

ഒരു കാര്യം ഉറപ്പാണ്, കൃഷിയേക്കാൾ ലാഭകരമാണ് മറ്റേത് തൊഴിലും. ഒന്നുമല്ലെങ്കിലും എട്ടു മണിക്കൂർ സുഖമായി ഉറങ്ങാനെങ്കിലും സാധിക്കും. ക്ഷുദ്രജീവികളുടെയും ബുദ്ധിജീവികളുടെയും ശല്യവുമുണ്ടാകില്ല.

യാഥാർഥ്യബോധത്തോടെയാണ് ജീവിതത്തെ സമീപിക്കേണ്ടത്. ഭൂമി, മണ്ണ്, വിളവ്, വിയർപ്പ്, തഴമ്പ് എന്നിവയെല്ലാം വൈകാരികതയുടെ ഭാഗമായിരിക്കാം. പക്ഷേ അത്തരം വൈകാരികതകൾക്ക് യാതൊരു വിലയും നൽകാതെ, കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുമ്പോൾ, നമ്മുടെ ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാതാവുമ്പോൾ, കൃഷിക്കാരനേക്കാൾ അവന്റെ ജീവനേക്കാൾ, ജീവിതത്തേക്കാൾ പ്രാധാന്യം ക്ഷുദ്രജീവികൾക്ക് നൽകപ്പെടുമ്പോൾ, വനം വളർത്തി മനുഷ്യരെ ഓടിക്കാൻ അണിയറയിൽ തിരക്കഥകൾ രചിക്കപ്പെടുമ്പോൾ അതിൽനിന്നു കാലേക്കൂട്ടി രക്ഷപെടാനുള്ള ശ്രമമാണ് കർഷകരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. കൃഷി ഉപേക്ഷിച്ച  പ്രസാദ് ചേട്ടന് എല്ലാവിധ ആശംസകളും.

കഴിഞ്ഞ കാലത്തെ നിങ്ങളുടെ   അധ്വാനത്തിന്റെ നാലിലൊന്ന്  ചെയ്താൽ  മുന്നോട്ടുള്ള ജീവിതം സുഖകരമാകും. ഭഷ്യക്ഷാമത്തെ നേരിടാൻ നമ്മൾ മലയോര കർഷരുടെ  മുൻ തലമുറ കാണിച്ച പോരാട്ട വീര്യത്തിന്റെ  ചെറിയൊരംശം ഉള്ളിലുണ്ടെങ്കിൽ സംതൃപ്തമായ മറ്റൊരു ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും.  ജീവശ്വാസം പോലെ കരുതിയ കാർഷികവൃത്തി ഉപേക്ഷിക്കുന്നത് വ്യക്തിപരമായി വേദനാജനകമാണെന്നറിയാം. പക്ഷേ ക്ഷുദ്രജീവികൾക്കു കൊടുക്കുന്ന പ്രാധാന്യം പോലും കർഷകർക്ക് നൽകാത്ത ഈ സമൂഹത്തിന്  ഈ രാജി അതിശക്തമായ ഒരു സന്ദേശമാണ്.

ആശംസകൾ...

English summary: Human-Wildlife Conflict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA