ADVERTISEMENT

വന്യജീവികളുടെ കടന്നുകയറ്റത്തില്‍ മനംനൊന്ത് കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പ്രസാദ് പാലക്കുഴയില്‍ എന്ന സുരയെക്കുറിച്ച് കേരളത്തിലെ കര്‍ഷക സമൂഹം അറിഞ്ഞത് അതേ നാട്ടുകാരനായ ബിജു വി. ചാണ്ടിയുടെ കുറിപ്പിലൂടെയായിരുന്നു. ഇക്കാര്യം കര്‍ഷകശ്രീയും ഇന്നലെ പങ്കുവച്ചിരുന്നു. ബിജുവിന്‌റെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട് ജിന്‍സ് ഒഴുകയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധാകേന്ദ്രമാവുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്‌റെ കുറിപ്പിന്‌റെ പൂര്‍ണരൂപം വായിക്കാം.

farmer

കാണാതെ പോകുന്ന കര്‍ഷക വിലാപം.

ഏറുമാടത്തിന്റെ മുകളില്‍ രാവും പകലും വന്യമൃഗങ്ങള്‍ക്ക് കാവലിരുന്ന് കൃഷി ചെയ്ത സുരച്ചേട്ടനെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുത്തിയത് സുഹൃത്തായ ബിജു വി. ചാണ്ടിയായിരുന്നു. ഇന്നലെ  അപ്രതീക്ഷമായി അദ്ദേഹം കൃഷി നിര്‍ത്തിയ വാര്‍ത്തയും വളരെ വികാരപരമായി ബിജു പങ്കുവയ്ക്കുകയുണ്ടായി.

മലയോര മേഖലയിലെ കര്‍ഷകര്‍ക്കും കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്കും ഇത്തരം വാര്‍ത്തകളെ വികാരപരമായേ കാണാന്‍ സാധിക്കൂ. മനുഷ്യ - വന്യജീവി സംഘര്‍ഷങ്ങള്‍ മനുഷ്യകുലത്തിന്റെ ആരംഭം മുതലുണ്ടെങ്കിലും, വനവും മനുഷ്യന്റെ ആവാസകേന്ദ്രങ്ങളും തമ്മില്‍  വേര്‍തിരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിലൂടെയാണ് മലയോര നിവാസികള്‍ കടന്നു പോകുന്നത്.

സ്വന്തം കഷ്ടപ്പാടിന്റെ ഫലം കാട്ടുപന്നിയും കുരങ്ങും ആനകളും നിര്‍ദാക്ഷിണ്യം ചവിട്ടി മെതിച്ചു കടന്നു  പോവുമ്പോള്‍ ഇല്ലാതാവുന്നത് ഒരു കര്‍ഷക കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ്. സമ്പത്തിനോടുള്ള ആര്‍ത്തികൊണ്ട്  കൃഷിചെയ്യാന്‍ ഇറങ്ങിയവരല്ല മലയോര കര്‍ഷകര്‍. കുടുംബം പോറ്റാന്‍ വേണ്ടി കൃഷി ചെയ്യുന്നവരാണ് അവരില്‍ ഭൂരിഭാഗവും. ഈ യാഥാര്‍ഥ്യം വേണ്ടപ്പെട്ടവര്‍ ഇതുവരെ മനസിലാക്കിയിട്ടില്ലെന്നു വേണം കരുതാന്‍.

ദിവസേന ആനയുടെയും കടുവയുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ത്തകള്‍ കാണുമ്പോള്‍  നിര്‍വികാരതയാണിപ്പോള്‍. ഒരു കാട്ടുപന്നി കൊല്ലപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പു ചുമത്താന്‍ വനം വകുപ്പുണ്ട്, മയില്‍ ചത്താല്‍ പുതപ്പിക്കാന്‍ ദേശീയ പതാകയുണ്ട്. കര്‍ഷകന്‍ കൊല്ലപ്പെട്ടാല്‍ വളരെ ലാഘവത്തോടെയുള്ള ഒരു ചെറിയ കോളം വാര്‍ത്ത, അതും വന്നാലായി. 

കൊല്ലപ്പെട്ടവരാരും വനത്തില്‍ കടന്നുകയറി മൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവരല്ല. സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നതിനിടയിലോ, വീട്ടു മുറ്റത്തോ ഒക്കെ വെച്ചാണ് മൃഗങ്ങള്‍ക്ക് ഇരയായത് എന്നത്  സമീപകാല ചരിത്രം.  

വനങ്ങളില്‍ മനുഷ്യ സാമിപ്യം പാടേ ഇല്ലാതായിരിക്കുന്നു. വന്യമൃഗങ്ങളുടെ എണ്ണം നാള്‍ക്കു നാള്‍  വര്‍ധിക്കുന്നു. കാര്യങ്ങളുടെ  പോക്ക് ഇത്തരത്തിലാണെങ്കില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്യജീവികള്‍ വനത്തിന്റെ അതിര്‍വരമ്പുകള്‍ മലയോര മേഖലയ്ക്കപ്പുറത്തേക്കും വ്യാപിപ്പിക്കും. 

ഇന്ത്യയില്‍ ആകെയുള്ളത്  27,000 ആനകളാണ് അതില്‍ ആറായിരത്തിനു മുകളില്‍ ആനകള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അവയുടെ എണ്ണം ചിലപ്പോള്‍ എണ്ണായിരം  കടന്നേക്കാം. 

എന്താണ് ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നയം? ഇവയെ എങ്ങനെ വനത്തിനുള്ളില്‍ നിയന്ത്രിച്ചു നിര്‍ത്തും? കിടങ്ങുകളും സംരക്ഷണ വേലികളും തീര്‍ക്കാന്‍ എത്ര ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി? വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അടിച്ചു മാറ്റാന്‍ കുത്തിവയ്ക്കുന്ന സോളാര്‍ വേലികള്‍വച്ച് കര്‍ഷകന്റെ ജീവന്‍ പന്താടരുത്.

ഏതെങ്കിലും ഒരു പ്രമുഖ  രാഷ്ട്രീയ നേതാവിന്റെ വീടിന്റെ മുറ്റത്തൊരു കടുവയോ ആനയോ എത്തുകയോ അല്ലെങ്കില്‍ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്താല്‍ അന്ന്  നിയമങ്ങള്‍ പൊളിച്ചെഴുതപ്പെടും. പക്ഷേ, അത്രയും നാള്‍ കര്‍ഷകനെയും അവന്റെ വിളകളും കുരുതി കൊടുക്കാനാവില്ല. കടുത്ത പ്രതിഷേധം   ഉയര്‍ന്നുവരണം രാഷ്ട്രീയ ഭേദമെന്യേ.  

മനുഷ്യന്റെ സ്വത്തിനും ജീവനും ഭീക്ഷിണിയാവുന്ന വന്യജീവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വികസിത രാജ്യങ്ങളില്‍ നോക്കി കണ്ടു പഠിക്കാം. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും ശാസ്ത്രീയ  രീതികളും അന്നാടുകളിലുണ്ട്.

തണ്ണീര്‍ത്തടങ്ങളോ പാടങ്ങളോ  കയ്യേറി കെട്ടിപ്പൊക്കിയ ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍  ഇരുന്ന് വനത്തിനും വന്യജീവികള്‍ക്കുവേണ്ടി  ആത്മരോക്ഷം കൊള്ളുന്ന പരിസ്ഥിതിവാദികളും , നിഷ്‌ക്രിയരായ വനംവകുപ്പും, ആര്‍ജ്ജവമില്ലാത്ത രാഷ്ട്രീയ നേതൃത്വവുമാണ് കര്‍ഷകന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ .

മലയോര കര്‍ഷകര്‍ കയ്യേറ്റക്കാരാണെന്ന മിഥ്യാ ധാരണ പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പരിസ്ഥിതിവാദികള്‍ വലിയൊരളവില്‍ വിജയിച്ചിട്ടുണ്ട്. ഇത്തരം പൊതുബോധങ്ങളും തിരുത്തപ്പെടണം.

മലയോര കര്‍ഷകര്‍ കാട് കയ്യേറ്റക്കാരല്ല,  സ്വന്തം ഭൂമിയില്‍ അര നൂറ്റാണ്ടിനു മുകളിലായി  കൃഷി ചെയ്തു ജീവിക്കന്നവരാണിവര്‍. രണ്ടു പതിറ്റാണ്ടിനു മുന്‍പെങ്കിലും വനവും കൃഷി സ്ഥലവും വനം വകുപ്പു കൃത്യമായി അളന്നു വേര്‍തിരിച്ചിട്ടുണ്ട് , ഒരിഞ്ചു വനഭൂമി പോലും കര്‍ഷകന് കൈക്കലാക്കാനാവില്ല . 

പരിസ്ഥിതി ബുദ്ധിജീവികള്‍ ഒന്നോര്‍ക്കണം നിങ്ങള്‍ ഇരിക്കുന്ന സ്ഥലവും ഒരു നാള്‍ വനമായിരുന്നു,  ആനയും കുരങ്ങും കാട്ടുപോത്തുകളുമെല്ലാം വിഹരിച്ച കൊടും വനം. മലയോര കര്‍ഷകര്‍ കയ്യേറ്റക്കാരാണെങ്കില്‍ നിങ്ങളും കയ്യേറ്റക്കാരാണ്, കാലചക്രം അല്‍പം പിന്നിലേക്ക് കറക്കി നോക്കണം എന്നുമാത്രം.

രാവിലെ പല്ലു തേക്കാന്‍ മുറ്റത്തിറങ്ങുമ്പോള്‍ അല്ലെങ്കില്‍ നടക്കാനിറങ്ങുമ്പോള്‍ പാതയോരത്ത് ഒരു രാജവെമ്പാലയെ പുലിയോ കണ്ടാല്‍ അന്ന് തീരും നിങ്ങളുടെ പരിസ്ഥിതി സ്‌നേഹം. 

തങ്ങളുടെ വിളകള്‍ക്കും  ജീവനും സംരക്ഷണം ഇല്ലാത്തതിനാല്‍ നൂറുകണക്കിന് മലയോര കര്‍ഷകര്‍  ഇതിനോടകം കൃഷി ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും ആയിരങ്ങള്‍ ഉപേക്ഷിക്കും. 

മനസ്സില്ലാ മനസോടെ കൃഷി ഉപേക്ഷിച്ച സുരച്ചേട്ടന്‍ നിസ്സഹായനായ കര്‍ഷകന്റെ പ്രതീകമാണ്. പ്രതികരിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

English summary: Human-Wildlife Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com