ADVERTISEMENT

ഭൗമ സൂചികാ പദവിയിലേക്ക് എത്തിയിരിക്കുകയാണ് കണ്ണൂരിന്റെ സ്വന്തം കുറ്റിയാട്ടൂര്‍ മാങ്ങ. കുറ്റിയാട്ടൂരിന്റെ മാമ്പഴക്കഥയ്ക്കും പറയാനുണ്ട്, മധുരരുചിയുള്ള കഥകള്‍. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണു കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കു ഭൗമ സൂചികാ പദവി ലഭിക്കുന്നത്. കുറ്റിയാട്ടൂര്‍ മാങ്ങയെക്കുറിച്ചറിയാം. 

കുറ്റിയാട്ടൂര്‍ മാങ്ങയുടെ പ്രത്യേകതകള്‍

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നീലേശ്വരം രാജകുടുംബത്തില്‍നിന്നു വേശാലയിലെ കാവില്ലത്തും കുറ്റിയാട്ടൂര്‍ ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റിയാട്ടൂര്‍ മാവിന്‍ തൈകള്‍ എന്നാണ് ഐതിഹ്യം. മണ്ണും കാലാവസ്ഥയും അനുകൂലമായതോടെ തൈകള്‍ വളര്‍ന്നു പന്തലിച്ചു. നിലവില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ എവിടെ നോക്കിയാലും മാവുകളും സീസണ്‍ സമയങ്ങളില്‍ നിറയെ മാമ്പഴങ്ങളും കാണാം. സാധാരണ മാവുകളെ പോലെ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുറ്റിയാട്ടൂര്‍ മാവും പൂത്തു തുടങ്ങും. ഫെബ്രുവരി മാസത്തോടെ മാങ്ങ പാകമെത്തും. മാര്‍ച്ച് ആദ്യ ആഴ്ചയോടെ മാമ്പഴം റെഡിയാവുകയും ചെയ്യും. മഴ പെയ്തു തുടങ്ങുന്നതു വരെയേ കുറ്റിയാട്ടൂര്‍ മാമ്പഴം ഉപയോഗിക്കുകയുള്ളൂ. മഴയ്ക്കു ശേഷം മാമ്പഴത്തില്‍ പുഴുക്കളുടെ ശല്യം ഉണ്ടാകാറുണ്ട്. 

നാരിന്റെ അളവ് കൂടുതലുള്ള കുറ്റിയാട്ടൂര്‍ മാങ്ങ നമ്പ്യാര്‍ മാങ്ങ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മറ്റു മാങ്ങകളില്‍ കാണാറുള്ളതു പോലെ അമിതമായ പുളിരസം കുറ്റിയാട്ടൂര്‍ മാങ്ങയിലുണ്ടാകാറില്ല. പുളിയും മധുരവും ചേര്‍ന്ന രുചിയാണു കുറ്റിയാട്ടൂര്‍ മാങ്ങയുടേത്. ടോട്ടല്‍ സോളിബിള്‍ സുഗര്‍(ടിഎസ്എസ്) കൂടുതലാണു കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കുള്ളത്. ചെങ്കല്‍ മണ്ണുള്ള പ്രദേശത്തുള്‍പ്പെടെ വേഗത്തിലാണു കുറ്റിയാട്ടൂര്‍ മാവിന്റെ വളര്‍ച്ച. 

ഭൗമ സൂചികാ പദവിലേക്ക് എത്തിയത്

കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുമാണ് കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഭൗമ സൂചികാ പദവിക്കായി അപേക്ഷിച്ചത്. ചെന്നൈയില്‍ നടന്ന അവതരണത്തില്‍ പങ്കെടുത്തത് കുറ്റിയാട്ടൂര്‍ കൃഷി ഓഫിസര്‍ കെ.കെ.ആദര്‍ശ്, കാര്‍ഷിക സര്‍വകലാശാല പ്രതിനിധി ഡോ.എല്‍സ, കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങിയ സംഘവും. കുറ്റിയാട്ടൂര്‍ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പേ പദവി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

കുറ്റിയാട്ടൂര്‍ മാവിന്റെ ഭാവി

ഭൗമ സൂചികാ പദവിയില്‍ ഇടം നേടിയതോടെ കുറ്റിയാട്ടൂര്‍ മാങ്ങ, ആ പ്രദേശത്തിന്റെതു മാത്രമായിരിക്കും. മാങ്ങയുടെ കയറ്റുമതി മൂല്യം ഉയരും. ഇതു കര്‍ഷകര്‍ക്കു സാമ്പത്തികമായി ഏറെ ഗുണം ചെയ്യും. 

കുറ്റിയാട്ടൂരിലെ മുത്തശ്ശി മാവുകള്‍ നഷ്ടപ്പെടാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നു കുറ്റിയാട്ടൂര്‍ കൃഷി ഓഫിസര്‍ കെ.കെ.ആദര്‍ശ് 'മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ'യോടു പറഞ്ഞു. 500 വര്‍ഷത്തിലേറെ പഴക്കമുള്ള മുത്തശ്ശി മാവുകള്‍ ഈ പ്രദേശത്തുണ്ട്. അതു നഷ്ടപ്പെടാതിരിക്കാന്‍ ഗ്രാഫ്റ്റിങ് നടത്തും. അതിനു കൃഷിഭവന്‍ മുന്‍കൈ എടുക്കും. സാധാരണ കുറ്റിയാട്ടൂര്‍ മാവുകള്‍ക്ക് ഉയരമേറെയുണ്ട്. ഇതിന്റെ ഹൈബ്രിഡ് ഇനമായി കുള്ളന്‍ മാവുകളെ നിര്‍മിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുള്ളന്‍ മാവിനെ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിപ്പിച്ചിട്ടുണ്ട്. കുറ്റിയാട്ടൂര്‍ കൃഷി ഭവന്റെ മുറ്റത്ത് ഇത്തരത്തിലുള്ള കുള്ളന്‍ മാവുണ്ടെന്നും കൃഷി ഓഫിസര്‍ പറഞ്ഞു.

വലിയ മാവുകള്‍ കായ്ക്കുന്നതിനു കാലതാമസമുണ്ടെങ്കില്‍ കുള്ളന്‍ മാവുകളുടെ കാര്യത്തില്‍ അതുണ്ടാകില്ല. 5 വര്‍ഷത്തിനുള്ളില്‍ ഈ കുള്ളന്‍ മാവുകള്‍ കായ്ച്ചു തുടങ്ങും. നിലത്തു നിന്നു മാമ്പഴം പറിച്ചെടുക്കാവുന്നത്ര ഉയരമേ ഈ കുള്ളന്‍ മാവുകള്‍ക്കുള്ളൂവെങ്കിലും ഉല്‍പാദനത്തില്‍ കുറവുണ്ടാകില്ല.

English summary: Kuttiattoor mango gets GI tag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com