ADVERTISEMENT

മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യഗുണങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് ലോക മുട്ടദിനം കടന്നുപോയി. ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോകം മുട്ടദിനമായി ആഘോഷിക്കുന്നത്. 'മുട്ട കഴിക്കാം എല്ലാവര്‍ക്കും- മുട്ട പ്രകൃതിയുടെ ഉത്തമ പോഷക പാക്കേജ'് എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയമായി ഇന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഓസ്ട്രിയയിലെ വിയന്നയില്‍ 1996, ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ആദ്യമായി ആഘോഷിക്കപ്പെട്ട മുട്ടദിനം ഈ വര്‍ഷം കാല്‍നൂറ്റാണ്ട് പിന്നിടുകയാണെന്ന സവിശേഷതയുമുണ്ട്.

പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് മുട്ടയെ ഭക്ഷ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. മുട്ടയുടെ പോഷകസമൃദ്ധി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏതൊരാള്‍ക്കും ഉറപ്പുവരുത്തുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മുതിര്‍ന്ന ഒരു വ്യക്തി ആരോഗ്യകരമായ ജീവിതത്തിനായി പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 180 മുട്ടകള്‍ എങ്കിലും കഴിച്ചിരിക്കണം എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദ്ദേശിച്ചതിന്റെ കാരണവും മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ. കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 90 മുട്ടകള്‍ എങ്കിലും ഉറപ്പാക്കണമെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു.

കോവിഡിന് മുന്നില്‍ മുട്ടുമടക്കാതെ മുട്ടയുല്‍പാദനമുന്നേറ്റം

മുട്ടയുല്‍പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ മൂന്നാമതാണ്. 2014-15 കാലഘട്ടത്തില്‍ 78.48 ലക്ഷം കോടി ആയിരുന്നു രാജ്യത്തിന്റെ വാര്‍ഷിക മുട്ടയുല്‍പാദനമെങ്കില്‍ 2019 - 20 കാലഘട്ടത്തില്‍ എത്തിയപ്പോള്‍ അത് 114.38 ലക്ഷം കോടി എന്ന വലിയ സംഖ്യയിലേക്കു കുതിച്ചുകയറി. രാജ്യത്തെ പ്രതിശീര്‍ഷ മുട്ടലഭ്യത ഇന്ന് 79 ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

കോവിഡ് മഹാമാരി കാരണം രാജ്യത്തെ കാര്‍ഷികോല്‍പാദനവിപണനമേഖലയില്‍ പൊതുവെ ഇടിവുണ്ടായപ്പോഴും കോവിഡിന് മുട്ടയുല്‍പാദനമുന്നേറ്റത്തിന് തടസ്സം നില്‍ക്കാനായില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, കോവിഡിനെത്തുടര്‍ന്ന് ശരീരാരോഗ്യവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ ആളുകള്‍ കൂടുതലായി ഏറ്റവും ചുരുങ്ങിയ ചിലവില്‍ ലഭ്യമാവുന്ന പ്രോട്ടീന്‍, പോഷകസ്രോതസായ മുട്ട കഴിക്കാന്‍ തുടങ്ങിയതോടെ മുട്ടയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതായും ഇത് രാജ്യത്തെ മുട്ടയുല്‍പാദനമേഖലയില്‍ ഗുണപരമായ വളര്‍ച്ചയുണ്ടാക്കിയതായും ഈ മേഖലയിലെ വിപണി വിദഗ്ധര്‍ പറയുന്നു. തമിഴ്‌നാടും തെലുങ്കാനയും ആന്ധ്രാപ്രദേശും ഹരിയാനയും പശ്ചിമ ബംഗാളുമാണ് രാജ്യത്തെ മുട്ടയുല്‍പാദനത്തില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്

മുട്ട- പ്രകൃതിയുടെ ഉത്തമ പോഷക പാക്കേജ്

egg

ആരോഗ്യദായകമായതും സമീകൃതമായതുമായ ആഹാരത്തില്‍ ഉള്‍പ്പെടേണ്ട പോഷകങ്ങള്‍ ബഹുഭൂരിപക്ഷവും അടങ്ങിയ ഉത്തമാഹാരമാണ് മുട്ട. കോഴി മുട്ടയില്‍ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങള്‍ എന്നിവയുടെ അളവ് യഥാക്രമം 76.1%, 12.6%, 9.5%, 0.7%, 1.1% എന്നിങ്ങനെയാണ്. മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ സമ്യദ്ധമായ കലവറയാണ്. ശരാശരി 50 മുതല്‍ 55 ഗ്രാം വരെ തൂക്കമുള്ള ഒരു കോഴിമുട്ടയില്‍ 6.3 ഗ്രാമോളം മാംസ്യം മാത്രമാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്ലങ്ങള്‍ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയല്‍ പ്രോട്ടീന്‍ സ്രോതസ്സായാണ് മുട്ട പരിഗണിക്കപ്പെടുന്നത്. 

ആഹാരത്തില്‍ അടങ്ങിയ മാംസ്യമാത്രകള്‍ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവര്‍ത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ്  ജൈവികമൂല്യം അല്ലെങ്കില്‍ ബയോളജിക്കല്‍ വാല്യൂ.  മാംസ്യമാത്രകളുടെ ഗുണനിലവാരത്തിന്റെ സൂചകമായ ജൈവിക മൂല്യം /  ബയോളജിക്കല്‍ വാല്യുവിന്റെ കാര്യത്തില്‍ മുട്ടയില്‍ അടങ്ങിയ മാംസ്യത്തെ വെല്ലാന്‍ മറ്റൊരു മാംസ്യമാത്രയില്ല എന്നുതന്നെ പറയാം.

പശുവിന്‍പാലില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവിക മൂല്യം 90 ആണങ്കില്‍ മുട്ടയില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യം 94 എന്ന ഉയര്‍ന്ന നിലയിലാണ്. മുലപ്പാലില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യത്തോട് അടുത്ത് നില്‍ക്കുന്നതാണ് മുട്ടയിലെ മാംസ്യത്തിന്റെ ജൈവികമൂല്യം എന്നതും അറിയുക. 550ല്‍പ്പരം പ്രോട്ടീനുകള്‍ മുട്ടയുടെ മഞ്ഞക്കരുവില്‍നിന്നും വെള്ളയില്‍നിന്നും ഇതുവരെയും വേര്‍ത്തിരിച്ചെടുത്തിട്ടുണ്ടെന്ന് ലോകപ്രശസ്ത ഗവേഷണ ജേര്‍ണലായ ന്യൂട്രിയന്റ്‌സില്‍ ഈയിടെ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. എന്നാല്‍ ഇതില്‍ ഇരുപതോളം മാംസ്യമാത്രകളുടെ പ്രവര്‍ത്തനത്തെ പറ്റി മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പൂര്‍ണ്ണമായും തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. നമുക്ക് ഇന്നുമറിയാത്ത എത്രയോ പോഷക രഹസ്യങ്ങള്‍ ഇനിയും മുട്ടയ്ക്കുള്ളില്‍ മറഞ്ഞിരിപ്പുണ്ടെന്ന് ചുരുക്കം

ശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പുകളാണ് മുട്ടയിടങ്ങിയ കൊഴുപ്പു മാത്രകളില്‍ മഹാ ഭൂരിഭാഗവും. നൂറു ഗ്രാം മുട്ടയില്‍ അടങ്ങിയിട്ടുള്ള ആകെ കൊഴുപ്പ് മാത്രകളില്‍ അഞ്ചര ഗ്രാമും മോണോ അണ്‍സാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡ് ഇനത്തില്‍പ്പെട്ട അപൂരിത കൊഴുപ്പ് മാത്രകളാണ്. ശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പ് മാത്രകളുടെ ഉയര്‍ന്ന അളവ് മുട്ടയെ ആര്‍ക്കും കൊഴുപ്പിനെ പേടിക്കാതെ കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണമാക്കി മാറ്റുന്നു. മുട്ട കഴിക്കുന്നത് രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്ന പേടി ചിലര്‍ക്കെങ്കിലുമുണ്ട്. ഇത്തരം ചില മുന്നറിയിപ്പുകള്‍ മുന്‍കാലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ നല്‍കിയിരുന്നു. 

എന്നാല്‍ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന വാദത്തെ പുതിയ ആരോഗ്യഗവേഷണങ്ങള്‍ എല്ലാം പൂര്‍ണമായും തള്ളിക്കളയുന്നു. ലിനോലിക് അമ്ലം ഉള്‍പ്പെടെയുള്ള അവശ്യ ഫാറ്റി അമ്ലങ്ങളുടെ സാന്നിധ്യവും മുട്ടയില്‍ ഏറെ. ജീവകം സി ഒഴിച്ച്  ജീവകം A മുതല്‍ D, E, K, B1, B2, B5, B6, B9 തുടങ്ങി B12 വരെയുള്ള സകല ജീവകങ്ങളും മുട്ടയുടെ മഞ്ഞക്കരുവില്‍ മറഞ്ഞിരിപ്പുണ്ട്. മുട്ടയുടെ വെള്ളയില്‍ ആവട്ടെ B2,B3, B5 എന്നീ ജീവകങ്ങള്‍ ധാരാളമായും B1, B6, B8, B9 B12 എന്നിവ കുറഞ്ഞ അളവിലും അടങ്ങിയിരിക്കുന്നു. ജീവകങ്ങള്‍ മാത്രമല്ല ഏറെ ആരോഗ്യഗുണങ്ങള്‍ കണക്കാക്കുന്ന കോളിന്‍ എന്ന ഘടകത്തിന്റെ നിറഞ്ഞ കലവറ കൂടിയാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവില്‍ നൂറ് ഗ്രാമില്‍ 680 മില്ലിഗ്രാം വരെയും വെള്ളയില്‍ ഒരു മില്ലിഗ്രാം വരെയും കോളിന്‍ അടങ്ങിയിട്ടുണ്ട്. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം, മസ്തിഷ്‌കത്തിന്റെ വികാസം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് എല്ലാം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമായാണ് കോളിനെ ആരോഗ്യശാസ്ത്രം പരിഗണിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് ആരോഗ്യശാസ്ത്രം വിലയിരുത്തുന്ന ലൂട്ടിന്‍ മാത്രകളും കോളിന്‍ ഘടകത്തിനൊപ്പം മുട്ടയില്‍ ഉണ്ട് .

egg-12

ദിവസേന ഒരു മുട്ട കഴിക്കൂ ഡോക്ടറെ അകറ്റി നിര്‍ത്തൂ

ജീവക സമൃദ്ധി മാത്രമല്ല ധാതുസമൃദ്ധിയിലും മുട്ടയുടെ മികവ് ഒട്ടും പിന്നിലല്ല. ഫോസ്ഫറസ് കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമില്‍ 142 മില്ലിഗ്രാം വരെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിന്‍ തുടങ്ങി മുട്ടയില്‍ അടങ്ങിയ മറ്റ് ധാതുമൂലകമാത്രകളും ഏറെ. 

അയണിന്റെയും സിങ്കിന്റെയും സമൃദ്ധിയുള്ളതിനാല്‍ മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാനുള്ള പ്രതിരോധ ഔഷധമാണ് പരിഗണിക്കുന്നത് . രക്ത സമ്മര്‍ദ്ദം കുറയ്ക്കുക, (Anti-hypertensive activity), പ്രതിരോധ ഗുണം പ്രദാനം ചെയ്യുക (Immunomodulatory activities). അര്‍ബുദ കോശങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധം (Tumor-inhibitory activity), രോഗാണുക്കള്‍ക്ക് എതിരെയുള്ള പ്രതിരോധം ( Antimicrobial activity), നിരോക്‌സീകരണ ഗുണം (Antioxidant) തുടങ്ങിയ സ്വഭാവങ്ങളും മുട്ടയില്‍ അടങ്ങിയ മാംസ്യ മാത്രകളില്‍ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. മുട്ടയേക്കാള്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാവുന്ന ഇത്രയും പോഷക സമ്യദ്ധമായ മറ്റൊരു ആഹാര സ്രോതസ്സ് ഇല്ലെന്ന് തന്നെ പറയാം. 'ദിവസേന ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ'- An apple a day keeps the doctor away എന്ന ഇംഗ്ലീഷ് പഴമൊഴി 'ദിവസേന ഒരു മുട്ട കഴിക്കൂ ഡോക്ടറെ അകറ്റി നിര്‍ത്തൂ'-An egg a day keeps the doctor away എന്നാക്കി മാറ്റണമെന്ന ഇnutritional value of eggന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷന്റെ കൗതുകകരമായ നിരീക്ഷണം ഈ അവസരത്തില്‍ ഏറെ ശ്രദ്ധേയമാണ്.

English summary: nutritional value of egg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com