മുട്ടയുല്‍പാദനത്തില്‍ സ്വയംപര്യാപ്തത; കേരളത്തിന്റെ ലക്ഷ്യം ഇനിയുമകലെ, എന്താണ് പോംവഴി?

HIGHLIGHTS
  • മികച്ച നാടന്‍ കോഴികളെ വികസിപ്പിച്ച് വെറ്ററിനറി സര്‍വ്വകലാശാല
egg-2
SHARE

അധികമുള്ള കോഴിമുട്ടകള്‍ ശേഖരിച്ച് അന്യസംസ്ഥാനങ്ങളിലേക്കു കയറ്റി അയച്ചിരുന്ന മുട്ടസമൃദ്ധിയുടെ ഒരു ഭൂതകാലം കേരളത്തിന് ഉണ്ടായിരുന്നെന്ന് കേള്‍ക്കുമ്പോള്‍ ഇന്നാരെങ്കിലും വിശ്വസിക്കുമോ എന്ന് സംശയമാണ്. 1970-1980 കാലഘട്ടത്തില്‍ മുട്ട കയറ്റുമതിക്ക് പേരുകേട്ട കേന്ദ്രങ്ങളായിരുന്ന കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍നിന്നും  ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുമെല്ലാം മുട്ടകളും കയറ്റി തീവണ്ടികള്‍ കേരളത്തിനു പുറത്തേക്ക് പാഞ്ഞിരുന്നുവെന്നത് കേരളത്തിന്റെ കാര്‍ഷികചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകളില്‍ ഒന്നാണ്. ഒരു കാലത്ത് സമൃദ്ധമായി കോഴിമുട്ടയുല്‍പ്പാദിപ്പിച്ച് അധികമുള്ള മുട്ട മറുനാടുകളിലേക്ക് വരെ കയറ്റിയയച്ചിരുന്ന ഒരു മുട്ടമിച്ചസംസ്ഥാനമായിരുന്ന കേരളം ഇന്ന് മുട്ടക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു മുട്ടകമ്മി സംസ്ഥാനമാണ്. രാജ്യത്തെ പ്രതിശീര്‍ഷ മുട്ടലഭ്യത ഇന്ന് 79 ആണെങ്കില്‍ കേരളത്തില്‍ പ്രതിശീര്‍ഷ മുട്ടലഭ്യത ദേശീയ ശരാശരിക്കും താഴെ 62 മാത്രമാണ്. തൊട്ടുമുന്‍പുള്ള വര്‍ഷത്തെ പ്രതിശീര്‍ഷ മുട്ടലഭ്യതയെക്കാള്‍ കുറഞ്ഞ കണക്കാണിത്. മുട്ടക്കോഴി വിതരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ സംസ്ഥാനത്ത് വലിയതോതില്‍ നടപ്പിലാക്കുമ്പോഴും അതിനനുസരിച്ചുള്ള ഉല്‍പാദനമികവ് ഉണ്ടാവുന്നില്ലന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ വര്‍ഷം 472 കോടി മുട്ടയെങ്കിലും സംസ്ഥാനത്തിന് ആവശ്യമുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രതിവര്‍ഷം പരമാവധി 120 കോടി മുട്ടകള്‍ മാത്രമാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മുട്ട ആവശ്യകതയും, ആഭ്യന്തര ഉല്‍പാദനവും തമ്മില്‍ 352 കോടിയുടെ വിടവുണ്ട്. നമുക്ക് വേണ്ടത്ര ആഭ്യന്തര ഉല്‍പ്പാദനം ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഈ വിടവ് നികത്താനും, ആവശ്യം നിറവേറ്റാനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റൊരു വഴി തല്‍ക്കാലം നമുക്ക് മുന്നിലില്ല. 

പ്രതിദിനം ഒരു കോടി എന്ന കണക്കില്‍ പ്രതിവര്‍ഷം 300-350 കോടി വരെ മുട്ടകളാണ് അയല്‍സംസ്ഥാനങ്ങളില്‍ ഇന്ന് കേരളത്തിലെത്തുന്നത്. ഒപ്പം പ്രതിവര്‍ഷം 40 കോടി താറാവ് മുട്ടകളും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നു. മറുനാടന്‍ മുട്ടകള്‍ മലയാളികളുടെ തീന്‍മേശകളില്‍ നിറയുമ്പോള്‍ പ്രതിവര്‍ഷം 650 കോടിയോളം രൂപയാണ് മുട്ട വിപണനത്തിലൂടെ കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഒരു കാലത്ത് മുട്ടയുല്‍പ്പാദനത്തില്‍ നമുക്ക് പിന്നിലായിരുന്ന തമിഴ്‌നാടും, കര്‍ണ്ണാടകയും, ആന്ധ്രയും, തെലുങ്കാനയുമെല്ലാം അത്യല്‍പ്പാദനശേഷിയുള്ള കോഴിയിനങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സമ്മേളിച്ച വലിയ ഫാമുകളുമൊക്കെയായി മുട്ടയുല്‍പ്പാദനത്തില്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു. 

ആഭ്യന്തര ഉല്‍പ്പാദനത്തിന് കേരളം തയാറാവുകയാണെങ്കില്‍ ഇനിയും ഏകദേശം 350 കോടി കോഴിമുട്ടയുടെ വിപണി പ്രതിവര്‍ഷം സംസ്ഥാനത്തുണ്ടെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തിന്റെ ഇന്നത്തെ പാരിസ്ഥിതികവും, സാമൂഹികവും ആയ സാഹചര്യങ്ങള്‍, ജനസാന്ദ്രത, സ്ഥല ദൗര്‍ലഭ്യം, തീറ്റയുല്‍പ്പെടെ പരിപാലനച്ചെലവ് എന്നിവ പരിഗണിക്കുമ്പോള്‍ ആന്ധ്രാ, തമിഴ്‌നാട് മാതൃകയിലുള്ള കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വന്‍കിട വാണിജ്യ മുട്ടക്കോഴി ഫാമുകള്‍ക്ക് കേരളത്തില്‍ പ്രായോഗിക പരിമിതികള്‍ ഏറെയുണ്ട്. മാത്രമല്ല വലിയ സാങ്കേതിക സൗകര്യങ്ങളും, വിപണിശൃംഖലയുമൊക്കെയായി ഇതിനകം വന്‍ വളര്‍ച്ച നേടിയ മറുനാടന്‍ മുട്ടയുല്‍പ്പാദനകുത്തകകളോട് മത്സരിക്കാന്‍ നമ്മുടെ സ്വദേശി ഫാമുകള്‍ക്ക് കഴിയണം എന്നുമില്ല.

egg

മുട്ടയുടെ വിലനിര്‍ണ്ണയത്തില്‍ അടക്കം ഇടപെടാനും നിയന്ത്രിക്കാനും ശേഷിയുള്ള കുത്തകകള്‍ ആണ് അവയോരോന്നും. അടുക്കളമുറ്റത്തെ കൃഷിയും മട്ടുപ്പാവിലെ കൃഷിയുമൊക്കെയായി പച്ചക്കറിയുല്‍പാദനത്തില്‍ നമ്മുടെ വീടുകള്‍ ഏറെക്കുറെ സ്വയം പര്യാപ്തത കൈവരിച്ചതുപോലെ മുട്ടയുല്‍പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ മലയാളിക്ക് മുന്‍പില്‍ ഇനിയുള്ള ലാഭകരമായ വഴികളില്‍ മുഖ്യം ഒരു കാലത്ത് നമ്മെ മുട്ടമിച്ച സംസ്ഥാനമാക്കാന്‍ തുണച്ചിരുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തലും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ചെറുകിട മുട്ടക്കോഴി യൂണിറ്റുകളും തന്നെയാണ്. സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും 5-10 കോഴികളെ വളര്‍ത്തി സ്വദേശി കോഴിമുട്ടകള്‍ ഉല്‍പാദിപ്പിക്കാന്‍ ആര്‍ക്കും എളുപ്പം സാധിക്കും. ഗാര്‍ഹികാവശ്യങ്ങള്‍ക്കു ശേഷം അധികമുള്ള മുട്ട പ്രാദേശിക വിപണനവും നടത്താം. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മുട്ട ശേഖരിച്ച് വിപണനം നടത്തുന്നതിനായി പ്രാദേശികതലത്തില്‍ കുടുംബശ്രീയുടേയും മറ്റും ആഭിമുഖ്യത്തില്‍ കൂട്ടായ്മകള്‍ രൂപീകരിക്കാവുന്നതുമാണ്. 

വീടുകളില്‍ നിറയട്ടെ നാടന്‍മുട്ടയുടെ നിറവ്

അഞ്ച് മുതല്‍ പത്ത് വരെ കോഴികളെ വളര്‍ത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യം. നാടന്‍ കോഴികളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീല്‍, കരിങ്കോഴി, അരിക്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ കോഴിയിനങ്ങളെ വളര്‍ത്താനായി തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍നിന്നും ലഭിക്കും. അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം പേരുകേട്ടവരാണ് നമ്മുടെ നാടന്‍ കോഴികള്‍. മാത്രമല്ല നാടന്‍ കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവയുടെ ഇറച്ചിക്കും തവിട്ട് മുട്ടക്കും മികച്ച വിപണിയും ഇന്നുണ്ട്. 

താരതമ്യേന മുട്ട ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികള്‍ക്ക് പകരം അടുക്കള മുറ്റങ്ങള്‍ക്ക് അനുയോജ്യമായ ഉല്‍പ്പാദനശേഷി കൂടിയ കോഴിയിനങ്ങളും ഇന്ന് ലഭ്യമാണ്. തവിട്ടും, കറുപ്പും, വെളുപ്പും കലര്‍ന്ന ഗ്രാമശ്രീ, വെളുപ്പില്‍ കറുത്തപുള്ളികളുള്ള ഗ്രാമലക്ഷ്മി ( ആസ്‌ട്രോവൈറ്റ്), ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗണ്‍, ഗിരിരാജ, വനരാജ തുടങ്ങിയ കോഴി ഇനങ്ങള്‍ അടുക്കളമുറ്റങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചവയാണ്.

gramasree

കേരള വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാ നിരക്ക്, നാടന്‍ കോഴികളുമായുള്ള കൂടിയ സാമ്യത തുടങ്ങിയ ഗുണങ്ങളുള്ള ഗ്രാമശ്രീ കോഴികള്‍ വീട്ടുവളപ്പിലെ കോഴി വളര്‍ത്തലിന് ഏറ്റവും അനിയോജ്യമാണ്. കാഴ്ചയില്‍ നാടന്‍ കോഴികളുടെ വര്‍ണ്ണവൈവിധ്യത്തോട് സാമ്യമുള്ളവയാണ് ഗ്രാമശ്രീ കോഴികള്‍. നാടന്‍ കോഴിയുടെ മുട്ടയോട് സാദൃശ്യമുള്ളതും, തവിട്ട് നിറത്തോട് കൂടിയതും, മഞ്ഞക്കരുവിന് കടും മഞ്ഞ നിറമുള്ളയുമായ ഗ്രാമശ്രീ മുട്ടകള്‍ക്ക് മികച്ച വിപണിയാണുള്ളത്. മാത്രമല്ല ഇറച്ചിയ്ക്കും ഉത്തമമായ ഇനമാണ് ഗ്രാമശ്രീ കോഴികള്‍. 

നാടനും  വിദേശിയുമായ വിവിധ കോഴിയിനങ്ങള്‍ തമ്മില്‍ ജനിതകമിശ്രണം ചെയ്ത് ഉരിത്തിരിച്ചെടുത്ത ഈ സങ്കരയിനം കോഴിയിനങ്ങള്‍ എല്ലാം തന്നെ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടാന്‍ ആരംഭിക്കും. ഒരു വര്‍ഷം 190 - 220 മുട്ടകള്‍ വരെ ഇവയില്‍ നിന്നും കിട്ടും. 72-74 ആഴ്ചകള്‍ (ഒന്നര വര്‍ഷം പ്രായം) നീണ്ടുനില്‍ക്കുന്ന ലാഭകരമായ മുട്ടയുല്‍പ്പാദനകാലം കഴിഞ്ഞാല്‍ ഇവയെ ഇറച്ചിക്കായി വിപണിയില്‍ എത്തിക്കുകയോ വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം. അപ്പോള്‍ ഏകദേശം രണ്ടര കിലോയോളം ശരീരഭാരം കോഴികള്‍ക്കുണ്ടാവും. 

gramasree-kozhi-1

പൂര്‍ണമായും ജൈവരീതിയില്‍ പരിപാലിച്ച് വളര്‍ത്തിയതായതിനാല്‍ ഇറച്ചി ഏറെ സ്വാദിഷടവും പോഷക മൂല്യമേറിയതുമായിരിക്കും. രണ്ട് മാസം പ്രായമെത്തിയ, ആവശ്യമായ രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സര്‍ക്കാര്‍ അംഗീകൃത നഴ്‌സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ കോഴി കുഞ്ഞുങ്ങളെ വാങ്ങാം.

മുറ്റത്തെ കോഴിക്ക് കൂടൊരുക്കുമ്പോള്‍

വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികളെ രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. ഒരു കോഴിക്ക് നില്‍ക്കാന്‍ കൂട്ടില്‍ ചുരുങ്ങിയത് ഒരു ചതുരശ്രയടി സ്ഥലസൗകര്യം നല്‍കണം. 4 അടി നീളവും 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10 - 12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പില്‍ നിന്ന് മൂന്നടി എങ്കിലും ഉയരത്തില്‍ വേണം കൂട് ക്രമീകരിക്കേണ്ടത്. പുരയിടത്തില്‍ പൂര്‍ണമായും തുറന്ന് വിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും വേലികെട്ടി തിരിച്ച് അതിനുള്ളില്‍ പകല്‍ തുറന്ന് വിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികള്‍ക്ക് 100 ചതുരശ്ര അടി സ്ഥലം വേലികെട്ടിനുള്ളില്‍ നല്‍കണം.

തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും കൂട്ടില്‍ തന്നെ ക്രമീകരിക്കാം. കോഴികള്‍ക്ക് മുട്ടയിടുന്നതിനായി ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാര്‍ഡ് ബോര്‍ഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്‌സ് / മുട്ടപ്പെട്ടികള്‍ കൂട്ടിലോ വേലി കെട്ടിനുള്ളിലോ നിര്‍മിക്കണം. നെസ്റ്റ് ബോക്‌സിനുള്ളില്‍ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. അഞ്ച് കോഴികള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ വേണം നെസ്റ്റ് ബോക്‌സുകള്‍ ക്രമീകരിക്കേണ്ടത്. മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാന്‍ മുട്ടപ്പെട്ടികള്‍ സഹായിക്കും. 

സങ്കരയിനം കോഴികള്‍ സാധാരണ അടയിരിക്കാറില്ല. എന്നാല്‍ ഇവയുടെ കൊത്തുമുട്ടകള്‍ നാടന്‍ കോഴിക്ക് അടവച്ചോ ഇന്‍കുബേറ്റര്‍ ഉപയോഗിച്ചോ വിരിയിക്കാവുന്നതാണ്. ഇതിനായി 10 പിടയ്ക്ക് ഒരു പൂവന്‍ എന്ന കണക്കില്‍ വളര്‍ത്തണം.

poultry-cage-2

ഹൈബ്രിഡ് കോഴികള്‍ക്ക് ഹൈടെക്ക് കോഴിക്കൂട്  

തീരെ സ്ഥല പരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലെ വളര്‍ത്തുന്നതിനായി ജിഐ കമ്പിയില്‍ നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത മോഡേണ്‍ ഗാര്‍ഹിക കൂടുകളും ഇന്നുണ്ട്. കുടിവെള്ള സൗകര്യമൊരുക്കാന്‍ കൂടിന് മുകളില്‍ വാട്ടര്‍ ടാങ്ക്, ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍, കാഷ്ഠം ശേഖരിക്കാന്‍ ട്രേ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഹൈടെക് കൂടുകള്‍. വില അല്‍പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്. 

അത്യുല്‍പ്പാദനശേഷിയുള്ള BV- 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനിയോജ്യം. പൂനയിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ടകള്‍ വരെയിടാന്‍ കഴിവുള്ളവയാണ്. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും, സ്വകാര്യ നഴ്‌സറികളില്‍ നിന്നും BV 380 കോഴികളെയും ലഭിക്കും. 

smart-poultry-cage

മുട്ടക്കോഴിക്ക് തീറ്റയൊരുക്കുമ്പോള്‍

മുട്ടയിടാന്‍ ആരംഭിച്ച ഒരു കോഴിക്ക് ഒരു ദിവസം വേണ്ടത് 100 - 120 ഗ്രാം വരെ തീറ്റയാണ്. വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും പറമ്പിലും ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും.

അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം. സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികള്‍ക്ക് പ്രത്യേകമായുള്ള സമീകൃതാഹരമായ ലയര്‍ തീറ്റ 30 - 40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ശരീരത്തില്‍ കൊഴുപ്പ് അടിയാനും മുട്ടയുല്‍പ്പാദനം തടസ്സപ്പെടാനും ഇടയാക്കുമെന്നതിനാല്‍ അധിക അളവില്‍ ചോറുള്‍പ്പടെയുള്ള ധാന്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. 

മുട്ടയുല്‍പ്പാദനത്തിന് കാത്സ്യം പ്രധാനമായതിനാല്‍ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കില്‍ കക്കത്തോട് പൊടിച്ച് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ഉല്‍പാദനം കൂട്ടാന്‍ ഉപകരിക്കും. 

വര്‍ഷം മുന്നൂറിലധികം മുട്ട എന്ന ലക്ഷ്യവുമായി  വീട്ടില്‍ വരുന്ന മിച്ചാഹാരവും ചോറുമെല്ലാം നല്‍കി ബിവി 380 കോഴികളെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ നിരാശ മാത്രമായിരിക്കും ഫലം. ഹൈടെക്ക് കൂടുകളില്‍ പൂര്‍ണസമയം അടച്ചിട്ട് വളര്‍ത്തുന്ന B V 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂര്‍ണമായും കൈവരിക്കണമെങ്കില്‍ ദിവസം 110 - 120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും.  അതുകൊണ്ട് തന്നെ അഴിച്ച് വിട്ട് വളര്‍ത്തുന്ന കോഴികളെ അപേക്ഷിച്ച് കൂട്ടിനുള്ളിലിട്ട് പരിപാലിക്കുന്ന കോഴികളെ വളര്‍ത്താന്‍ അല്‍പം ചെലവേറും.

മുട്ടയുല്‍പ്പാദനകാലയളവിലുള്ള അത്യുല്‍പ്പാദനക്ഷമതയുള്ള കോഴികളുടെ ഉല്‍പ്പാദനമികവ് ഉറപ്പാക്കാന്‍ നല്ല മേന്മയുള്ള തീറ്റ മാത്രം പോര. പകല്‍വെളിച്ചവും രാത്രിയിലെ കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിവസേന 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താനും ശ്രദ്ധവേണം. എങ്കില്‍ മാത്രമേ ശരീരത്തില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തങ്ങള്‍ കൃത്യമായി നടന്ന് മുട്ടയുല്‍പാദനം കാര്യക്ഷമമായി നടക്കുകയുള്ളൂ. ഫോട്ടോ പിരിയഡ് എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. 

മുട്ടയുല്‍പാദനം ആറ് മാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. എന്നാല്‍ വെളിച്ചം ഈ പരിധിയിലുമേറിയാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് മറക്കരുത്. മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികള്‍ക്ക് ഈ രീതിയില്‍ അധികവെളിച്ചം നല്‍കാന്‍ പാടില്ല. 

വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ഓരോ ഇടവിട്ട മാസങ്ങളിലും, വാക്‌സിന്‍ നല്‍കുന്നതിന് ഒരാഴ്ച മുന്‍പും വിരയിളക്കുന്നതിനായുള്ള മരുന്നുകള്‍ നല്‍കണം. കോഴിപ്പേന്‍ ഉള്‍പ്പെടെയുള്ള ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ കൂട്ടിലും പരിസരങ്ങളിലും കോഴികളുടെ ശരീരത്തിലും തളിക്കണം. എട്ടാം ആഴ്ചയിലും  മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് 15 -16 ആഴ്ച പ്രായത്തിലും

കോഴിവസന്തയ്‌ക്കെതിരായ വാക്‌സീന്‍ കത്തിവയ്പ്പായി നല്‍കുകയും വേണം. തുടര്‍ന്ന് ഓരോ ആറ് മാസം കൂടുമ്പോഴും കോഴിവസന്ത തടയാനുള്ള പ്രതിരോധകുത്തിവയ്പ് ആവര്‍ത്തിക്കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ അതിരാവിലെ നല്‍കുന്നതാണ് ഉത്തമം. മൃഗസംരക്ഷണ വകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സ് പാലോട് എന്ന സ്ഥാപനത്തില്‍ നിന്നും മൃഗാശുപത്രികള്‍ മുഖേന വാക്‌സീന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്

thalassery-poultry

മികച്ച നാടന്‍ കോഴികളെ വികസിപ്പിച്ച് വെറ്ററിനറി സര്‍വ്വകലാശാല

കോഴി ജനുസ്സുകളുടെ പൊതുപൂര്‍വ്വികരായ ചുവന്ന കാട്ടുകോഴികളുടെ രൂപസാദൃശ്യവും മെയ്യഴകും മെയ്ക്കരുത്തുമെല്ലാം ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നമ്മുടെ തനത് നാടന്‍ കോഴി ജനുസ്സാണ്  തലശ്ശേരി കോഴികള്‍. നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്‌സ്  റിസോഴ്‌സസ് (National Bureau of Animal Genetic Resources ) 2015 ലാണ് തലശ്ശേരി കോഴികളെ ഒരു ജനുസ്സായി അംഗീകരിച്ചത്. തലശ്ശേരി കോഴികളുടെ തൂവലുകള്‍ക്ക് എണ്ണക്കറുപ്പിന്റെ വര്‍ണ്ണലാവണ്യമാണ്. 

കഴുത്തിലും പിന്‍വശത്തും അങ്കവാലിലുമെല്ലാമുള്ള തൂവലുകളില്‍ കറുപ്പില്‍ നീലിമ ചാലിച്ച തിളക്കം കാണാം. തൂവലുകള്‍ കണ്ടാല്‍ തലശ്ശേരി കോഴികള്‍ കരിങ്കോഴികളുടെ ഉറ്റ കുടുംബക്കാരാണെന്ന് ആരും സംശയിച്ച് പോവുമെങ്കിലും കരിങ്കോഴികളില്‍ നിന്ന് വ്യത്യസ്ഥമായി തലശ്ശേരിക്കോഴികളുടെ ത്വക്കിന്  വെള്ള കലര്‍ന്ന ചാര നിറമാണ്.

തലശ്ശേരി കോഴികളുടെ പരിരക്ഷണത്തിനും വര്‍ഗ്ഗോദ്ധാരണത്തിനുമായി വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ ആള്‍ ഇന്ത്യാ കോര്‍ഡിനേറ്റഡ്  റിസര്‍ച്ച് പ്രൊജക്ട് ഓണ്‍ പൗള്‍ട്രിയ്ക്ക് ( എഐസിആര്‍പി) കീഴില്‍  പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. തലശ്ശേരി കോഴികള്‍ ഉള്‍പ്പെടെ കേരളത്തില്‍ കാണപ്പെടുന്ന ഉയര്‍ന്ന മാതൃഗുണമുള്ള കോഴികളില്‍ നിന്നും ജനിതക മികവിന്റെ അടിസ്ഥാനത്തില്‍   മികച്ച കോഴികളെ തിരഞ്ഞെടുത്ത് ( Genetic selection ) നടത്തുന്ന തുടര്‍ച്ചയായ ഗവേഷണങ്ങളുടെ  ഫലമായി  വര്‍ഷത്തില്‍ 150 -160  മുട്ടകള്‍വരെ ഇടാന്‍ ശേഷിയുള്ള നാടന്‍ കോഴികളെ   ഈ കേന്ദ്രത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഉരുത്തിരിച്ചെടുത്ത കോഴികളില്‍ കേരളത്തിന്റെ അംഗീകൃത ജനുസ്സായ തലശ്ശേരി കോഴികളും ഉള്‍പ്പെടുന്നു. ഇവ നാലര മാസത്തില്‍  മുട്ടയിട്ടു തുടങ്ങും . മണ്ണുത്തി വെറ്ററിനറി കോളേജിലെ എഐസിആര്‍പി കോഴിവില്‍പ്പന കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ കൊത്തുമുട്ടകള്‍  കര്‍ഷകര്‍ക്ക് ലഭ്യമാകും (ബന്ധപ്പെടാനുള്ള നമ്പര്‍- 0487-2370237).

English summary: Poultry and Egg Production in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA