കേരളത്തില്‍ ആരും കൂടെ കൂട്ടാത്ത പേരയെ വരുമാനമാക്കി ബാബു

babu-pala
SHARE

കൂട്ടത്തോടെ റംബുട്ടാൻകൃഷി ചെയ്ത നാടാണ് കേരളം. തൊടിയിൽ ഒരു മരമെങ്കിലും നട്ടവർ മുതൽ തോട്ടമുണ്ടാക്കിയവർ വരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ ഉൽപാദനം വർധിച്ചതനുസരിച്ച് വിപണി വികസിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ റംബുട്ടാന്റെ വില താഴുന്നതിനും നമ്മൾ സാക്ഷിയായി. എല്ലാവരും കൃഷി ചെയ്യുന്ന ഇനങ്ങൾക്കു പിന്നാലെ പോകാതെ അൽപം മാറി ചിന്തിക്കുകയാണ് പാലാ പൂവരണി സ്വദേശി കുമ്പളന്താനം ബാബു ജേക്കബ് . മികച്ച ഇനം പേര കൃഷി ചെയ്തു വരുമാനം നേടാനുള്ള ശ്രമത്തിൽ അദ്ദേഹം ഏറക്കുറെ വിജയിച്ചുകഴിഞ്ഞു. രണ്ടു വർഷം മുൻപ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്നാണ് ബാബു തായ് ലൻഡ് പിങ്ക്  ഇനം പേരയുടെ തൈകൾ കൊണ്ടുവന്നത്. ലയറിങ്ങിലൂടെ ആവശ്യാനുസരണം തൈകളുണ്ടാക്കിയ അദ്ദേഹം 2020 മേയ് മാസത്തിൽ 50 തൈകൾ പുരയിടത്തിൽ നട്ടു. പത്തു സെന്റിലായി പത്തടി അകലത്തിലാണ് നട്ടത്.  കേവലം ആറു  മാസംകൊണ്ടു പൂവിട്ട പേരയിൽനിന്ന്  ഇതിനകം ശരാശരി 10 കിലോ വീതം പേരയ്ക്കാ ലഭിച്ചതായി  ബാബു പറഞ്ഞു.

തമിഴ്നാട്ടിൽനിന്നും  ധാരാളമായി  പേരയ്ക്ക എത്തുമ്പോൾ കേരളത്തിലെ പേരക്കൃഷി വിജയിക്കുമോ?  എന്നാൽ വഴിയോരത്തു വിൽക്കുന്ന സാദാ പേരയ്ക്കായിൽ നിന്നു വ്യത്യസ്തമാണ് പുതിയ ഇനമെന്നു ബാബു ചൂണ്ടിക്കാട്ടി. പാലായിലെ ജൈവവിപണനശാലയിലൂടെ കിലോയ്ക്ക്  70 രൂപ നിരക്കിലാണ്  ബാബു തായ് ലൻഡ് പിങ്ക് വിൽക്കുന്നത്. തൈകൾ വാങ്ങാനെത്തുന്നവർക്ക് വിളവെടുക്കാനും ഭക്ഷിക്കാനുമായി വിളവിന്റെ ഒരു ഭാഗം നീക്കി വച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിലെ വിപണിയിൽ ഇതിനു 100–140 രൂപ വരെ വിലയുണ്ടത്രെ. കുരു തീരെ കുറവുള്ളതും മധുരമുള്ളതുമായ തായ് ലൻഡ് പിങ്ക് പേരക്കായ്ക്ക് മികച്ച വിപണി കണ്ടെത്താനാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. കാര്യമായ പണച്ചെലവില്ലാതെ കൃഷി നടത്താമെന്നതിനാൽ പേര നഷ്ടം വരുത്തുമെന്ന ഭീതി വേണ്ട.  എങ്കിലും പുതുവിളയെന്ന നിലയിൽ വിപണി ഉറപ്പാക്കി മാത്രം കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. വർഷം മുഴുവൻ എത്തിച്ചുനൽകാവുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിച്ചാലേ കടകളിലൂടെയുള്ള കച്ചവടം സാധ്യമാകൂ. മുന്തിയ ഇനം അലങ്കാരപക്ഷികളെ വളർത്തുന്നവർ പതിവായി പേരയ്ക്കാ വാങ്ങാറുണ്ട്. പെറ്റ്സംരംഭകർ കേരളത്തിൽ വർധിച്ചുവരുന്നതിനാൽ  ഇതൊരു വിപണനസാധ്യതയായി വളരുമെന്നാണ് ബാബു പറയുന്നത്. ഇതൊക്കെയാണെങ്കിലും  വീട്ടാവശ്യത്തിനായി ഏതാനും തൈകൾ വാങ്ങുന്നവരാണേറെ.

മെച്ചപ്പെട്ട മണ്ണും വെള്ളവുമായതിനാൽ കേരളത്തിലെ പേരക്കായ്ക്ക് വേനൽക്കാലത്ത് രുചിയും മധുരവും കൂടുമെന്നാണ് അദ്ദേഹം പറയുന്നത്. അമിതമായി മഴയുള്ളപ്പോൾ മധുരം കുറയും. വാണിജ്യക്കൃഷിക്കു മാത്രമല്ല വീട്ടാവശ്യത്തിനായി ചെറുപുരയിടങ്ങളിലും വളർത്താൻ ഉത്തമമാണ് ഉയരം കുറഞ്ഞ പേരയെന്ന് ബാബു പറഞ്ഞു. ഏഴടി ഉയരത്തിൽ കൂമ്പ് നുള്ളി കുറ്റിച്ചെടിയായാണ് പേര വളർത്തേണ്ടത്. എന്നാൽ മലയാളികൾ പൊതുവെ പേരയെ മരമായി വളർത്തുകയാണ് പതിവ്. കൂമ്പ് നുള്ളുമ്പോൾ തൈകളിൽ നിന്ന് ധാരാളം ശിഖരങ്ങളുണ്ടാകും.  ഓരോ ശിഖരത്തിലെയും കായ്കൾ തീരുന്ന മുറയ്ക്ക് അതു വീണ്ടും മുറിച്ചുനിർത്തണം.

ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പേരയ്ക്കായിൽ ചെറിയ പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഏകപ്രശ്നം. കീട- കുമിൾനാശിനികൾ പ്രയോഗിച്ചാൽ ഇതൊഴിവാക്കാമെങ്കിലും വിഷരഹിതപേരയ്ക്ക തന്നെ വിപണിയിൽ എത്തിക്കണമെന്ന നിർബന്ധത്തിലാണ് ബാബു. കൂട്ടത്തോടെ ആക്രമിക്കുന്ന പക്ഷികളോടും ബാബുവിനു പരിഭവമില്ല. നൂറെണ്ണമുണ്ടാകുമ്പോൾ പത്തെണ്ണം അവർക്കും കൊടുക്കാമെന്ന് ബാബു പറയുന്നു. എങ്കിലും ആക്രമണം രൂക്ഷമായാൽ അടുത്ത സീസണിൽ വല കൊണ്ടുപൊതിഞ്ഞു സംരക്ഷിക്കേണ്ടി വരും. കമ്പു കോതുന്നതിനൊപ്പം ആഴ്ചതോറും 10 ലീറ്റർ വീതം ജീവാമൃതം ചുവട്ടിലൊഴിക്കുന്നതും കളകൾ നീക്കം ചെയ്യുന്നതും മാത്രമാണ്  പേരക്കൃഷിയിലെ ആവർത്തനച്ചെലവ്. 

പേരയ്ക്കു മുൻപ് ചെറുനാരകക്കൃഷിയും ഇദ്ദേഹം പരീക്ഷിച്ചുവിജയിച്ചിരുന്നു. 14 തൈകൾ നട്ടു തുടങ്ങിയ ബാബു വൈകാതെ മറ്റൊരു കൃഷിയിടത്തിൽ 260  നാരകം കൂടി നട്ടു. രണ്ടു വർഷമാകുമ്പോൾ ശരാശരി 4 കിലോ ഉൽപാദനം നൽകിത്തുടങ്ങുന്ന ചെറുനാരകത്തിൽ നിന്നു തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ഉൽപാദനം പ്രതീക്ഷിക്കാം. തൈകളായിരിക്കുമ്പോൾ ചുവടുഭാഗത്തെ ശിഖരങ്ങൾ മുറിച്ചുനിർത്തുന്ന നാരകം കായ്ച്ചശേഷം കൃത്യമായ ഇടവേളകളിൽ കമ്പുകോതി സംരക്ഷിക്കണം. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് പ്രധാന സീസണെങ്കിലും എല്ലാ വർഷവും രണ്ടു ചെറുസീസണുകളിൽ കൂടി നാരകം ഫലം നൽകാറുണ്ട്. സലാഡ് ലെമൺ എന്നു പേരുള്ള,  പുളിരസം കുറവുള്ള മറ്റൊരിനം കൂടി ഇവിടെയുണ്ട്. നാരകത്തിന്റെയും പേരയുടെയും തൈകൾ ബാബു വിൽക്കുന്നുണ്ട്.

ഫോൺ: 9562549231

English summary: guava fruit farm kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA