ADVERTISEMENT

ഉത്ര വധത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള നിര്‍ണായക തെളിവ് ലഭിച്ചത് വെറ്ററിനറി ഫോറന്‍സിക് എന്ന ശാസ്ത്രശാഖയിലൂടെ. ഏതൊരു കുറ്റകൃത്യത്തിലും തെളിവു ശേഖരിക്കാന്‍ ഫോറന്‍സിക് ശാസ്ത്രശാഖയുണ്ടെങ്കിലും ഉത്ര വധം തെളിയിച്ചത് വെറ്ററിനറി ഫോറന്‍സിക് ആണ്. ഇന്ത്യയില്‍ത്തന്നെ ആദ്യസംഭവം എന്ന് ഇതിനെ വിളിക്കാം.

കേസന്വേഷണവുമായി ബന്ധപ്പെട്ടു കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ ശരീരഭാഗങ്ങള്‍ വീണ്ടെടുത്തു പോസ്റ്റ്മോര്‍ട്ടം ചെയ്തു കൊലപാതകം തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ കൊടുത്തു പോലീസിനെ സഹായിക്കുക എന്നതായിരുന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ ചെയ്യേണ്ടിയിരുന്നത്. അതില്‍ത്തന്നെ പ്രധാനമായും പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചതാണോ എന്നാണ് കണ്ടെത്തേണ്ടിയിരുന്നത്. കാരണം ഒരു മൂര്‍ഖന്‍ പാമ്പ് സ്വയം കടിക്കുന്നതും മറ്റൊരാള്‍ ബലം പ്രയോഗിച്ച് കടിപ്പിക്കുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. അതായത്, പാമ്പ് സ്വയം കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലമായിരിക്കില്ല ബലം പ്രയോഗിച്ച് കടിപ്പിക്കുമ്പോഴുള്ളത്, അല്‍പംകൂടി അകലം കൂടും. ഇത് തെളിയിക്കുകയായിരുന്നു വെറ്ററിനറി ഫോറന്‍സിക് പരിശോധന നടത്തിയ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തിനുണ്ടായിരുന്ന നിയോഗം. തിരുവനന്തപുരം മൃഗശാലയിലെ ഡോ. ജേക്കബ് അലക്‌സാണ്ടര്‍, മൗണ്ടഡ് പൊലീസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലോറന്‍സ്, ഡോ. കിഷോര്‍കുമാര്‍ ജനാര്‍ദനന്‍ എന്നീ വെറ്ററിനറി ഡോക്ടര്‍മാരായിരുന്നു ഈ ഉദ്യമത്തിലുണ്ടായിരുന്നത്. ഏതിനത്തില്‍പ്പെട്ട പാമ്പാണെന്നുതുടങ്ങി മൂവരും സമര്‍ഥിക്കേണ്ട വിവരങ്ങള്‍ ഏറെയുണ്ടായിരുന്നു.

veterinary-forensic-2
പാമ്പിനെ കൊന്നു കുഴിച്ചിട്ട സ്ഥലത്തുനിന്ന് പുറത്തെടുക്കുന്നു

കൊന്നു കുഴിച്ചിട്ട പാമ്പിനെ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതിന് മൂവരും മുഖ്യ പങ്ക് വഹിച്ചു. വന്യജീവി മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ഡോ. കിഷോര്‍ കുമാറായിരുന്നു സാക്ഷിയായി കോടതിയില്‍ ഹാജരായത്. മൂന്നു മണിക്കൂര്‍ വിസ്താരത്തില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ ഡോ. കിഷോറിനായി. അതുതന്നെയാണ് സൂരജിന്റെ മേല്‍ കുറ്റം തെളിയിക്കുന്നതിന് പ്രധാന തെളിവായത്. ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലൊരു കേസ് ആദ്യമാണെന്ന് ഡോ. കിഷോര്‍ പറയുന്നു. 

veterinary-forensic-3
ഡോ. ജേക്കബ് അലക്സാണ്ട൪, ഡോ. ലോറൻസ്, ഡോ. കിഷോ൪കുമാ൪

കുറ്റാന്വേഷണങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന്  വെറ്ററിനറി സയൻസിൽ വെറ്റിറോ ലീഗൽ എന്ന ബ്രാഞ്ച് തന്നെയുണ്ട്. മൃഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ വെറ്ററിനറി ഡോക്ടർമാരും ഉണ്ടാകും. എന്നാൽ, ഒരു കൊലപാതകത്തിന് തുമ്പുണ്ടാക്കാൻ വെറ്ററിനറി ഡോക്ടർമാർക്ക് കഴിയുന്നത് അപൂർവമാണ്. അതുകൊണ്ടുതന്നെ വെറ്ററിനറി സമൂഹത്തിന് അഭിമാന നേട്ടമാണ് മൂന്നു ഡോക്ടര്‍മാരിലൂടെ ലഭിച്ചിരിക്കുന്നത്.

English summary: Uthra Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com