ADVERTISEMENT

ജനിതകമാറ്റം വരുത്തിയ റബര്‍ ഇനത്തിന്റെ പരീക്ഷണക്കൃഷിക്ക് അസമില്‍ തുടക്കം. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല

പ്രകൃതിദത്ത റബറിന്റെ ഏറ്റവും വലിയ ഉറവിടം ഹെവിയ ബ്രസീലിയൻസിസ് എന്ന റബർമരം തന്നെയാണ്. ആമസോൺ കാടുകളിൽ ഉൽഭവിച്ച ഈ മരത്തിനു കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ ഏറക്കുറെ യോജ്യമാണ്. എന്നാൽ കന്യാകുമാരി മുതൽ ദക്ഷിണ കന്നഡയിലെ കുടകുവരെ  നാടപോലെ നീണ്ടുകിടക്കുന്ന പരമ്പരാഗതമേഖലയിൽ മാത്രമാണ് റബർകൃഷി വ്യാപകമായുള്ളത്. പരമ്പരാഗതമേഖലയിലെ റബർകൃഷികൊണ്ടു മാത്രം വ്യവസായമേഖലയുടെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റാനാകാതെ വന്നപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു കൂടി കൃഷി വ്യാപിപ്പിക്കാൻ നാം നിർബന്ധിതരായി. അതോടൊപ്പം കാലാവസ്ഥാമാറ്റങ്ങളെ അതിജീവിക്കുന്നതും അത്യുൽപാദനശേഷിയുള്ളതുമായ ഇനങ്ങൾ വികസിപ്പിക്കുന്നതിനും റബർബോർഡിനു കീഴി ലുള്ള ഇന്ത്യൻ റബർഗവേഷണകേന്ദ്രം മുൻഗണന  നൽകിവരുന്നു.

കാലതാമസമില്ലാത്ത സാങ്കേതികവിദ്യ

റബർ ഇനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള പരമ്പരാഗതരീതികൾ ഏറെ കാലദൈർഘ്യമുള്ളതാണ്. ഒരു പുതിയ സങ്കര ഇനം വികസിപ്പിക്കാൻ 25 വർഷത്തോളം വേണ്ടിവരുന്നു. വൃക്ഷവിളയായ റബറിന്റെ പ്രജനനചക്രം പൂർത്തിയാകാൻ കൂടുതൽ വർഷങ്ങൾ വേണ്ടിവരുന്നതാണ് കാരണം. എന്നാൽ ജൈവ സാങ്കേതികവിദ്യയിലൂടെ ഈ സമയദൈർഘ്യം കുറയ്ക്കുന്നതിനും വിളവ് മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കാർഷികപ്രാധാന്യമുള്ള ഗുണങ്ങൾക്കിടയാക്കുന്ന ചില ജീനുകൾ കൂട്ടിച്ചേർത്താണ് ഈ നേട്ടം സാധ്യമാക്കുക. കാലാവസ്ഥാമാറ്റം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രദേശിക കാലാവസ്ഥാസാഹചര്യങ്ങൾക്കു യോജിച്ച ഇനങ്ങൾ വികസിപ്പിക്കുന്നതിനും സുസ്ഥിര ഉൽപാദനത്തോത് കൈവരിക്കുന്നതിനും ജനിതകമാറ്റ പരീക്ഷണങ്ങൾ ഉപകരിക്കും. ഏതെങ്കിലും സവിശേഷ കാർഷികഗുണ(ഉദാ: ഉയർന്ന തോതിലുള്ള ലാറ്റക്സ് ഉൽപാദനം)വുമായി ബന്ധപ്പെട്ട ജീൻ തിരിച്ചറിയാനും അതിനെ ജനിതകമാറ്റ പരീക്ഷണങ്ങളിലൂടെ റബറിനത്തിൽ സംയോജിപ്പിക്കാനും  ഇന്ന് ജൈവ സാങ്കേതിക വിദഗ്ധർക്കു കഴിയും. കൂടുതൽ കൃത്യതയോടെയും മികവോടെയും ജനതിക പരിഷ്കാരം നടപ്പാക്കാൻ ഇതുവഴി സാധിക്കുന്നു. കാർഷികപ്രാധാന്യമുള്ള ജീനുകൾ ഒരു കോശത്തിൽ സംയോജിപ്പിച്ച ശേഷം അതിൽനിന്നു ടിഷുകൾച്ചർ  വഴി  പൂർണ വളർച്ചയെത്തിയ തൈകൾ വികസിപ്പിച്ചെടുക്കുന്നു. 

ജനിതകമാറ്റത്തിലൂടെ മെച്ചപ്പെട്ട വിള എന്ന ലക്ഷ്യത്തോടെ പ്രകൃതിദത്ത റബറിൽ ജനതിക പരീക്ഷണങ്ങൾക്ക് നേരത്തേതന്നെ തുടക്കം കുറിക്കാൻ ഇന്ത്യൻ റബർഗവേഷണകേന്ദ്രത്തിന്റെ ജൈവസാങ്കേതികവിദ്യാ വിഭാഗത്തിനു കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ജനിതകമാറ്റം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ 1990കളിൽതന്നെ കാലിഫോർണിയ സർവകലാശാലയുമായി ചേർന്നു വികസിപ്പിച്ചു. തുടർന്ന് ജൈവ / അജൈവ സമ്മർദങ്ങളെ അതിജീവിക്കുന്നതും മെച്ചപ്പെട്ട ഉൽപാദനം നല്‍കുന്നതും പട്ടമരപ്പിനെ ചെറുക്കുന്നതുമായ ജീനുകൾ കണ്ടെത്തി അവയെ റബർച്ചെടിയിൽ സംയോജിപ്പിക്കാനായി  ശ്രമം തുടങ്ങി. 

ദോഷങ്ങള്‍ നീക്കിയ 105

ഏറെ ജനകീയമായ ആർആർഐഐ105 എന്ന റബർ ഇനത്തിനു ഒരു  ദോഷമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്– അജൈവ സമ്മര്‍ദങ്ങളെയും പട്ടമരപ്പിനെയും അതിജീവിക്കാനുള്ള ശേഷിക്കുറവ്. എന്നാൽ റബറിൽനിന്നുതന്നെ വേർതിരിച്ച മാംഗനീസ് സൂപ്പർ ഓക്സൈഡ് ഡി സ്മൂട്ടൈസ് (എംഎൻഎസ്ഒഡി) എന്ന ജീനിന് കഠിനവേനലിലും ശൈത്യത്തിലും കോശങ്ങളി ലുണ്ടാകുന്ന റിയാക്ടീവ് ഓക്സിജനെ നീക്കാൻ കഴിയുമെന്ന് വിദഗ്ധർ കണ്ടെത്തി. ഇതുവഴി മരത്തിന് ഇത്തരം സമ്മർദങ്ങളെ അതിജീവിക്കാനുള്ള അധികശേഷി കൈവരിക്കാനാകും. ആർആർഐഐ 105ൽ എംഎൻഎസ്ഒഡി ജീനുകളുടെ കൂടുതൽ പകർപ്പുകളെ  ഉൾപ്പെടുത്തി 2003ൽതന്നെ ജിഎം റബർ യാഥാർഥ്യമാക്കാൻ റബർഗവേഷണകേന്ദ്രത്തിലെ ജൈവസാങ്കേതികവിദ്യാ വിഭാഗത്തിനു കഴിഞ്ഞിരുന്നു. മണ്ണിലുള്ള അഗ്രോബാക്ടീരിയം എന്ന ബാക്ടീരിയയ്ക്കു ചെടിയുടെ  കോശങ്ങളിലേക്കു കടക്കാനുള്ള കഴിവ് ഉപയോഗിച്ച് എംഎൻഎസ്ഒഡി ജീനിനെ ആർആർഐഐ 105 ചെടിയുടെ കോശത്തിലേക്കു സംയോജിപ്പിച്ച ശേഷം ആ കോശങ്ങളെ ടിഷ്യുകൾച്ചർ വഴി പൂർണ വളർച്ച എത്തിയ റബർ ചെടിയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. റബർഗവേഷണകേന്ദ്രം ഇങ്ങനെ വികസിപ്പിച്ചെടുത്ത ജിഎം  റബർ ചെടിയിൽ ഇതു കൂടാതെ ബാക്ടീരിയയിൽനിന്നു വേർതിരിച്ചെടുത്ത ഒരു ആന്റിബയോട്ടിക് പ്രധിരോധശേഷിയുള്ള ജീനും (npt II) അടങ്ങിയിട്ടുണ്ട്. ഇത് ജനിതകമാറ്റം വരുത്തിയ കോശങ്ങളെ തിരിച്ചറിയാനുള്ള  ഉപാധി അഥവാ മാർക്കർ ജീനായി ഉപയോഗിക്കുന്നു. ഇത്തരം ജിഎം റബർതൈകൾക്ക് അജൈവ സമ്മർദങ്ങളെ  അതിജീവിക്കാനുള്ള ശേഷി പരീക്ഷണശാലയിൽ തെളിയുകയും ചെയ്തു. അതിനാൽ പ്രതികൂല കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ ആർആർഐഐയുടെ ജിഎം റബർ താരതമ്യേന മികച്ച രീതിയിൽ വളരുമെന്നാണ് പ്രതീക്ഷ. പരമ്പരാഗതമേഖലയ്ക്കു പുറത്ത്, പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ താരമ്യേന മെച്ചപ്പെട്ട വളർച്ച നേടാൻ ഇത് സഹായിക്കും. ജിഎം റബർ പുറത്തിറക്കുന്നതിനു മുന്നോടിയായി കർശനമായി നിയന്ത്രണങ്ങളാണ് ഭാരത സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു ഏക്കർ പരിധിയിലുള്ള കൃഷിയിടത്തിൽ ജിഎം റബറിന്റെ പരീക്ഷണക്കൃഷി നടത്തി അവയുടെ ജൈവ സുരക്ഷ നിരീക്ഷിക്കണം. 

GM-rubber
ജിഎം റബർ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ

കേരളത്തില്‍ തടസ്സം

ഏതെങ്കിലും സംസ്ഥാനത്ത് ജിഎം റബറിന്റെ പരീക്ഷണക്കൃഷി ആരംഭിക്കണമെങ്കിൽ കേന്ദ്ര ജൈവ സാങ്കേതികവകുപ്പിനു കീഴിലുള്ള ജനിതകമാറ്റം സംബന്ധിച്ച പരിശോധനാസമിതി(Review Committee for Genetic Modification –RCGM)യുടെ പ്രാരംഭ ശുപാർശ ലഭിക്കുകയും അത് കേന്ദ്ര പരിസ്ഥിതിവകുപ്പിനു കീഴിലുള്ള ജനറ്റിക് എൻജിനീയറിങ് വിലയിരുത്തൽ സമിതി (Genetic Engineering Appraisal Committee–GEAC) അംഗീകരിക്കുകയും വേണം. 2010ൽ ഇന്ത്യൻ റബർഗവേഷണകേന്ദ്രം നൽകിയ അപേക്ഷയനുസരിച്ച് വിലയിരുത്തൽ സമിതി പരീക്ഷണക്കൃഷിക്ക് അനുമതി നൽകിയിരുന്നു. ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിനു  മഹാരാഷ്ട്രയിലെ താനെയിലുള്ള ദാപ്ചാരി പ്രാദേശിക ഗവേഷണകേന്ദ്രത്തിലും പത്തനംതിട്ടയിലെ ചേത്തയ്ക്കലിലുള്ള സെൻട്രൽ എക്സ്പിരിമെന്റൽ സ്റ്റേഷനിലും പരീക്ഷണക്കൃഷി നടത്താനുള്ള അനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ 2016 വരെ തുടർച്ചയായി പരിശ്രമിച്ചെങ്കിലും പരീക്ഷണക്കൃഷിക്ക് അതതു സംസ്ഥാന സർക്കാരിൽനിന്ന് എൻഒസി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളോട് റബർഗവേഷണകേന്ദ്രം അനുമതി തേടി. തൽഫലമായി അസം കൃഷി വകുപ്പ് 2016ൽ എൻഒസി നൽകുകയും അതോടൊപ്പം വിലയിരുത്തൽ സമിതി 2010ൽ നൽകിയ അനുമതി പുതുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് വിലയിരുത്തൽ സമിതിക്കു വീണ്ടും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 2020ൽ അസമിലെ സറുതാരി ഫാമിൽ പരീക്ഷണക്കൃഷി അനുവദിച്ചു. ഇക്കഴിഞ്ഞ ജൂൺ22നു റബർ ബോർഡ് ചെയർമാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. കെ.എൻ.രാഘവൻ, ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്തുള്ള സറു താരി ഫാമിൽ ജനിതകമാറ്റം വരുത്തിയ റബർ നട്ടു. അസം  കൃഷിമന്ത്രി അതുൽബോറ, റബർ ഗവേഷണകേന്ദ്രം ഡയറക്ടറായിരുന്ന ജയിംസ് ജേക്കബ് എന്നിവർ ഈ ചരിത്ര നിമിഷത്തിനു സാക്ഷികളായി.

വിലാസം: പ്രിൻസിപ്പൽ സയന്റിസ്റ്റ്, ബയോടെക്നോളജി വിഭാഗം, ആർആർഐഐ, റബർ ബോർഡ്, കോട്ടയം. E-mail: rgkala@rubberboard.org.in

English summary: First-ever genetically modified rubber planted in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com