വരാലുകളില്‍ മരണനിരക്ക് ഉയരുന്നു; കരുതല്‍ വേണം

HIGHLIGHTS
  • 2-3 മാസം പ്രായം മുതല്‍ ഒറ്റപ്പെട്ടും കൂട്ടമായും വരാലുകള്‍ ചത്തൊടുങ്ങുന്നു
tapeworm-in-fishes
നാടവിരബാധയേറ്റ് ചത്ത വരാൽ മത്സ്യങ്ങൾ. നാടവിര (വൃത്തത്തിൽ)
SHARE

ചന്നിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇരപിടിയന്മാരായ, മാംസഭുക്കുകളായ ശുദ്ധജലമത്സ്യമാണ് സ്‌നേക്ക്‌ഹെഡ് ഫിഷ്. ഈ കുടുംബത്തില്‍നിന്ന് അന്‍പതില്‍പ്പരം ജനുസുകളെ ലോകവ്യാപകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷിചെയ്തുകൊണ്ടിരിക്കുന്ന ഒരിനമാണ് ചന്ന സ്ട്രിയാറ്റ (Channa striata) അഥവാ സ്‌നേക്ക്‌ഹെഡ് മുറല്‍ അഥവാ വരാല്‍. 

കേരളത്തില്‍ വരാല്‍ മത്സ്യങ്ങളെ വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. തുടക്കത്തില്‍ പ്രധാനമായും ഇതേ ഇനമാണ് വിത്തുല്‍പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും ഉപയോഗിച്ചുതുടങ്ങിയത്. ആവശ്യത്തിന് അനുസരിച്ച് കുഞ്ഞുങ്ങളുടെ ലഭ്യത ഇല്ലാതെവന്നപ്പോള്‍ വിയറ്റ്‌നാം വരാല്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്ത് വിതരണവും കൃഷിയും ഇവിടെ ആരംഭിച്ചു. നാടന്‍ വരാല്‍ എന്ന പേരില്‍ത്തന്നെ വിതരണം ചെയ്യപ്പെട്ടിരുന്ന മത്സ്യക്കുഞ്ഞുങ്ങളില്‍ നല്ലൊരു പങ്കും ഇത്തരം ഇറക്കുമതി ചെയ്തുവരുന്ന കുഞ്ഞുങ്ങളായിരുന്നു. 

ചെറുപ്രായത്തില്‍ നാടന്‍ വരാലിനോട് സാമ്യമുണ്ടെങ്കിലും പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ പ്രകടമായ വ്യത്യാസം കാണപ്പെടുന്നുണ്ട്. ഇവ എത്തുന്നതിന് മുന്‍പ് ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നായിരുന്നു കേരളത്തിലെ കര്‍ഷകര്‍ക്ക് വരാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ എത്തിയിരുന്നത്.

ഏകദേശം ഏഴു മാസം മുന്‍പ് മുതല്‍ വരാല്‍ മത്സ്യക്കര്‍ഷകരുടെ കുളങ്ങളില്‍ വ്യാപകമായ രീതിയില്‍ മത്സ്യങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യങ്ങള്‍ ജീവനോടെയും അല്ലാതെയും ഒട്ടേറെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച് പഠനം നടത്തിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

tapeworm-in-fishes-3
നാടവിര (വൃത്തത്തിൽ)

ചത്ത പല മത്സ്യ സാമ്പിളുകളിലും നാടവിരയുടെ (Cestoda) സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ അധികമൊന്നും ഇത്തരത്തില്‍ ബ്രോഡ് ടേപ് വേം ഇനത്തില്‍പ്പെടുന്ന നാടവിരകളെ മത്സ്യങ്ങളില്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. 

2-3 മാസം പ്രായം മുതല്‍ ഒറ്റപ്പെട്ടും കൂട്ടമായും വരാലുകള്‍ ചത്തൊടുങ്ങുന്നതാണ് നാടവിര ആക്രമണത്തിന്റെ പ്രധാന ലക്ഷണം. പുറമേ യാതൊരുവിധ ലക്ഷണവും കാണപ്പെടില്ല എന്നതുകൊണ്ടുതന്നെ ഇക്കാര്യം തിരിച്ചറിയാന്‍ കര്‍ഷകര്‍ക്ക് കഴിയാറില്ല. ചില കേസുകളില്‍ മത്സ്യങ്ങള്‍ തീറ്റ എടുക്കുന്നത് നിര്‍ത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിന് മുന്‍പ് ഇത്തരത്തില്‍ ഭയപ്പെടേണ്ട വിധത്തിലുള്ള ആന്തരിക പരാദബാധ മത്സ്യങ്ങളില്‍ കണ്ടിട്ടില്ല. പ്രകൃതിയിലുള്ള നാടന്‍ വരാലുകളിലും മറ്റ് ഇനങ്ങളിലും ഇവ പടരാന്‍ സാധ്യതയേറെയാണ്. പല പ്രദേശങ്ങളിലും നാടന്‍ വരാലുകളിലും ഈ നാടവിരയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പരാദബാധയുണ്ടായിരുന്ന വരാല്‍ മത്സ്യത്തിന്റെ കൂടെ ഇട്ടിരുന്ന വാക മത്സ്യത്തിന് (channa diplograma) രണ്ടു മാസങ്ങള്‍ക്കുശേഷം അണുബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. ചന്ന മത്സ്യങ്ങളെ ആതിഥേയ ജീവിയായി ഈ നാടവിര ഉപയോഗിക്കുകയാണ്. അത് മനുഷ്യനിലേക്കും പകരും. മറ്റു മത്സ്യങ്ങളില്‍ പകരുമോ എന്ന് പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. പൊതു ജലാശയങ്ങളിലെ നാടന്‍ വരാലുകള്‍ (channa striata),  വാക (channa diplograma) എന്നിവയിലേക് ഇവ എളുപ്പം പടരും.

tapeworm-in-fishes-1

പ്രാഥമിക പഠനത്തില്‍ Diphyllobothrium വിഭാഗത്തില്‍പ്പെടുന്ന മത്സ്യനാടവിരയാണ് വരാല്‍ മത്സ്യങ്ങളില്‍ കാണപ്പെട്ടതെന്ന് കരുതുന്നു. സ്ഥിരീകരണത്തിനായി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. മത്സ്യങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കപ്പെടുന്ന ആന്തരിക പരാദങ്ങളില്‍പ്പെട്ടതാണ് മത്സ്യനാടവിര അഥവാ ബ്രോഡ് ടേപ്പ് വേം. നാടവിരബാധയേറ്റാല്‍ മനുഷ്യരില്‍ വിറ്റാമിന്‍ ബി12ന്റെ കുറവ്, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

കുളത്തിലെ മത്സ്യങ്ങളില്‍ നാടവിരയുടെ സാന്നിധ്യമുണ്ടെങ്കില്‍ അവയുടെ മുട്ടകള്‍ വെള്ളത്തിലും അതുപോലെ കുളത്തിന്റെ അടിത്തട്ടിലും കാലങ്ങളോളം നിലനില്‍ക്കും. ആന്തരിക പരാദങ്ങള്‍ക്കുള്ള ഒട്ടേറെ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പ്രസ്തുത ഇനത്തിനെതിരെയുള്ള ആന്തരികപരാദ മരുന്ന് കൃത്യമായ അളവില്‍ നല്‍കിയെങ്കില്‍ മാത്രമേ നിയന്ത്രണം സാധ്യമാകൂ. എല്ലാ പരാദ മരുന്നുകളും ഇവയ്‌ക്കെതിരേ ഫലപ്രദമല്ല. വലിയ ജലാശയങ്ങളില്‍ വളരുന്ന മത്സ്യങ്ങള്‍ക്ക് വിരമരുന്ന് നല്‍കുന്നത് എത്രത്തോളം ഫലപ്രാപ്തിയുണ്ടാകുമെന്നതില്‍ സംശയമുണ്ട്. 

ഇത്തരം ആന്തരിക പരാദങ്ങള്‍ അവയുള്ള ജീവികളുടെ ആന്തരികാവയവങ്ങളിലാണ് സാധാരണ കണ്ടുവരാറുള്ളത്. മത്സ്യത്തില്‍ കാണപ്പെടുന്ന പരാദങ്ങള്‍ സാധാരണയാണെങ്കിലും മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുള്ള പരാദങ്ങളെ വളരെയധികം സൂക്ഷിക്കേണ്ടതാണ്. 

ഇറക്കുമതി ചെയ്യപ്പെടുന്ന വരാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൃത്യമായ രീതിയില്‍ ക്വാറന്റൈന്‍ ചെയ്തതിനു ശേഷം മാത്രമേ വിപണനം ചെയ്യാവൂ. ഇത്തരം ആന്തരിക പരാദങ്ങള്‍ക്കെതിരേ പ്രത്യേക ക്വാറന്റൈന്‍ നടപടികള്‍ ആവശ്യമാണ്.

വിലാസം

ഡോ. ടി.എസ്. അരുണ്‍ജിത്ത്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോബയോളജി, ചൈനീസ് അക്കാഡമി ഓഫ് സയന്‍സസ്, വുഹാന്‍, ചൈന

English summary: Human transferable fish parasites found in farmed snakehead fishes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA