ADVERTISEMENT

എംബിഎ കഴിഞ്ഞ് നെസ്‍ലയുടെ സെയിൽസ് ഡിവിഷനിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിനോജ്‌കുമാർ സാലഡ് സംരംഭത്തിലെത്തുന്നത് അപ്രതീക്ഷിതമായാണ്. വർഷങ്ങളോളം ചെന്നൈയിൽ ജോലി ചെയ്ത് കൊച്ചിയിലേക്കു സ്ഥലം മാറ്റം കിട്ടി നാട്ടിൽ സ്വസ്ഥമായപ്പോള്‍ ഓർക്കാപ്പുറത്തൊരു ബൈപാസ് സർജറി. അതുവരെയുള്ള  ഭക്ഷണശീലങ്ങൾ റീവൈൻഡ് ചെയ്തപ്പോൾ വിനോജിനു മനസ്സിലായി, ‘ആസ്വദിച്ചു കഴിച്ച പലതും ആരോഗ്യത്തിനു നല്ലതായിരുന്നില്ല.’ 

അതോടെ ആരോഗ്യഭക്ഷണത്തെക്കുറിച്ചു ചിന്തയായി. അധ്യാപികയും പിഎച്ച്ഡിക്കാരിയുമായ ഭാര്യ ഗീതയും വിനോജും ചേർന്ന് നിത്യഭക്ഷണത്തിലെ വില്ലന്മാരെയും നായകന്മാരെയും പറ്റി ഗൗരവമായ പഠനം നടത്തി. അതിന്റെ ഫലമാണ് ഈ ദമ്പതികൾ കൊച്ചിയിൽ തുടങ്ങിയ ഈറ്റ് ഗ്രീൻ എന്ന സാലഡ് സ്റ്റാർട്ടപ്. 

‘പഠനങ്ങളിൽ വ്യക്തമായ പല കാര്യങ്ങളിലൊന്ന് ചെറുപ്പത്തിൽത്തന്നെ ജീവിതശൈലീരോഗങ്ങൾ പിടികൂടുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നുവെന്നതാണ്. രുചി മാത്രം നോക്കി കഴിക്കുന്ന വിഭവങ്ങൾതന്നെ കാരണം. വായിലെത്തുന്നതു വരെയേ രുചിക്കു പ്രാധാന്യമുള്ളൂ. അതു കഴിഞ്ഞാൽ ഇവയിൽ പലതും പ്രവർത്തിക്കുന്നത് ആരോഗ്യം തകർക്കുന്ന വിധത്തിൽ. ഇതൊന്നും പക്ഷേ, ഭക്ഷണപ്രേമികളുടെ മുന്നിൽ വിലപ്പോവില്ല. പാവയ്ക്കാ ജ്യൂസിന്റെ ആരോഗ്യമേന്മയെക്കുറിച്ച് ആർക്കും സംശയമില്ല. പക്ഷേ, അതാരും കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലല്ലോ. ആരോഗ്യകരമായ വിഭവങ്ങൾ അവർക്കു താൽപര്യമുള്ള രുചിയിലും രൂപത്തിലും വിപണിയിലെത്തിക്കുക എന്ന ആശയമുദിച്ചത് ഈ ചിന്തയില്‍നിന്നാണ്’, സംരംഭവഴികളെക്കുറിച്ച് വിനോജിന്റെ വാക്കുകൾ.

eat-green-3
വിനോജ് കുമാർ (ഇടത്ത്), സാലഡ് തയാറാക്കുന്ന സ്റ്റാഫിനരികെ വിനോജിന്റെ ഭാര്യ ഗീത

സാലഡിലൂടെ നേടാം

പോഷകമേന്മയിൽ മുൻനിരയിലാണ് എക്സോട്ടിക് പച്ചക്കറികളായ കെയ്‌ൽ, ലെറ്റ്യൂസ്, ബ്രോക്കലി, പർപ്പിൾ കാബേജ്, ബേബി സ്പിനാഷ്, ബ്രസ്സൽസ്, ചെറി ടൊമാറ്റോ എന്നിവയെല്ലാം. സാലഡ് എന്ന സൈഡ് ഡിഷ് ആയി ഇവയൊക്കെ പുതുതലമുറ കഴിക്കാറുണ്ടെങ്കിലും ഒരു നേരത്തെ മുഖ്യ വിഭവമാക്കാറില്ല. വിഭവസമൃദ്ധമായ പ്രാതലിനും അത്താഴത്തിനുമൊക്കെ പകരം ഒരു നേരം പതിവായി  ഇത്തരം പച്ചക്കറി സാലഡ് കഴിച്ചാൽ ആരോഗ്യം നന്നാവുമെന്ന് വിനോജ്. ഡയറ്റീഷ്യന്മാരും ഡോക്ടർമാരുമായി ചർച്ച നടത്തി സാലഡിന്റെ ആരോഗ്യമേന്മ ഉറപ്പിക്കുകയും ചെയ്തെന്നു വിനോജ്.

പുതുതലമുറയുടെ രുചിസംസ്കാരത്തിനു ചേരുന്ന ചേരുവകളുടെ പരീക്ഷണമായി പിന്നീട്. വെജ്, നോൺ വെജ് ഗണത്തിൽ ഒട്ടേറെ സാലഡ് കൂട്ടുകൾ രൂപപ്പെടുത്തി. ഓരോന്നിലെയും പോഷകഘടകങ്ങളുടെ കാലറി ക്രമീകരിച്ചു. സാമൂഹികമാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ഈറ്റ് ഗ്രീനിലേക്ക് ആകർഷിച്ച് 2019ൽ തുടങ്ങിയ സംരംഭം മൂന്നു വർഷമായി മുടങ്ങാതെ കൊച്ചിയിലെ ആരോഗ്യപ്രേമികൾക്ക് ആസ്വാദ്യകരമായ സാലഡെത്തിക്കുന്നു.

കേരളം 70 ശതമാനവും നോൺവെജ് മാർക്കറ്റാണെന്നാണ് വിനോജിന്റെ നിരീക്ഷണം. നെസ്‌ലെ വിഭവമായ ചിക്കൻ നൂഡിൽസ് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്നത് കേരളത്തിലാണ്. നോൺവെജ് സാലഡുകൾക്കു തന്നെയാണ്  ഇവിടെ പ്രിയം. കടുത്ത വെജിറ്റേറിയൻമാരായ വീഗൻ വിഭാഗം കൊച്ചിയിൽ വളർന്നു വരുന്നുണ്ട്. അവർക്കു താൽപര്യമുള്ള സാലഡുകളുമുണ്ട്.

eat-green-2

സാലഡ് സബ്സ്ക്രിബ്ഷൻ

ആരോഗ്യഭക്ഷണം വല്ലപ്പോഴും കഴിക്കുന്നതിൽ കാര്യമില്ല. ശീലമാക്കിയാൽ മാത്രമേ  ഗുണമുള്ളൂ.  സബ്സ്ക്രിബ്ഷൻ എന്ന ആശയം അതിന്റെ ഭാഗമെന്നു വിനോജ്. 5 ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ സാലഡ് വരിക്കാരാകാനുള്ള അവസരം ഈറ്റ് ഗ്രീൻ നൽകുന്നു. അതിനായി വ്യത്യസ്ത സാലഡ് കോമ്പോകൾ ലഭ്യമാണ്. സ്ഥിരം വരിക്കാർക്ക് സബ്സ്ക്രിബ്ഷൻ ഓഫറുകളും.

നിലവിൽ  എക്സോട്ടിക് പച്ചക്കറികൾ ഒന്നുംതന്നെ  കേരളത്തിൽ വേണ്ടത്ര ലഭ്യമല്ല. എല്ലാം വരുന്നത് ഊട്ടി,  ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന്. ഹൈഡ്രോപോണിക്സ് ഉൾപ്പെടെ, സ്ഥലപരിമിതി മറികടക്കാവുന്ന ഹൈടെക് കൃഷിരീതികൾ സ്വീകരിച്ചാല്‍ നമ്മുടെ കർഷകർക്കും പുതിയ ഇനങ്ങളുടെ വിപണനസാധ്യതകൾ പ്രയോജനപ്പെടുത്താനാവുമെന്നു വിനോജ്.

ഫോൺ: 9947544433 

English summary: Eat Green Salad Startup

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com