വികസന വഴി തുറന്ന് ഒരു ജില്ല ഒരു ഉൽപന്നം പദ്ധതി

kerala-and-food-products
SHARE

ഓരോ നാടിനും അതിനെ മറ്റുള്ളതിൽനിന്ന് വ്യത്യസ്തമാക്കുന്നതും തിരിച്ചറിയപ്പെടുന്നതും പ്രസിദ്ധി പകരുന്നതുമായ തനത് വ്യക്തിമുദ്രകൾ ഉണ്ടാകും. കൃഷി വിളകളുടെയോ തനത് ഉൽപന്നങ്ങളുടെയോ വസ്തുക്കളുടെയോ ഒക്കെ പേരിൽ ഓരോ നാടും അറിയപ്പെട്ടെന്നും വരാം. ആ വ്യത്യസ്തതയെ സാമ്പത്തിക വളർച്ചയ്ക്കുള്ള ഉപാധിയായി മാറ്റിയാൽ അതിനെ ആശ്രയിച്ച് ആ നാടും ജനങ്ങളും സാമ്പത്തിക സുസ്ഥിതി ആർജിക്കുന്നതു കാണാം. കുറ്റ്യാടി മേഖല മികച്ച നാളികേരത്തിനു പേരു കേട്ടതാണ്. അപ്പോൾ അവിടെ നാളികേരത്തെ ആശ്രയിച്ചുള്ള വ്യവസായ സംരംഭങ്ങൾക്ക് ഏറെ സ്കോപ്പുണ്ട്. കൊപ്ര നിർമാണം, വെളിച്ചെണ്ണ, ഇളനീർ, നീര, അങ്ങനെ എത്രയെത്ര കാര്യങ്ങളിൽ ശ്രദ്ധയൂന്നാം. ഇത്തരത്തിൽ ഓരോ നാടിനും അതിന്റേതായ തനത് ഉൽപന്നങ്ങളുണ്ടാകും. അവയെ സംരംഭങ്ങളായി വളർത്തിയെടുക്കുന്നതുമൂലം സാമ്പത്തിക മേഖല മെച്ചപ്പെടുകയും എറെ പേർക്ക് തൊഴിൽ ലഭ്യമാകുകയും ചെയ്യും. ഇത്തരമൊരു പദ്ധതിയാണ് ‘ഒരു ജില്ല ഒരു ഉൽപന്നം പദ്ധതി’. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതിയുടെ ആദ്യ മാതൃക ഉത്തർ പ്രദേശ് സർക്കാരാണ് നടപ്പാക്കിയത്. യുപിയിലെ 75 ജില്ലകളിലായി 75 പദ്ധതികളാണ് നടപ്പാക്കിയത്. കൃഷി, തനത് വ്യവസായങ്ങൾ, കരകൗശല വസ്തുക്കൾ, പാരമ്പര്യമാതൃകകൾ അങ്ങനെ ഒട്ടേറെ പദ്ധതികൾക്ക് ഇതുവഴി ജീവൻ വച്ചു. തുകൽ വ്യവസായങ്ങളും, സംഗീത ഉപകരണങ്ങളുടെ നിർമാണവും ശർക്കരയും കരകൗശല വസ്തുക്കളും ആദിവാസി മേഖലകളിലെ വിവിധ ഉൽപന്നങ്ങളുമെല്ലാം ഇവിടെ ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിൽ ഒരുങ്ങുന്നു. 

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ‘ഒരു ജില്ല ഒരു പദ്ധതി’ കേരളത്തിലും നടപ്പാക്കുകയാണ്. ഓരോ ജില്ലയിലെയും തനതായ ഒരു പദ്ധതിയെ വളർത്തിയെടുത്ത് പ്രോൽസാഹിപ്പിക്കാനാണ് ഉദ്ദേശ്യം. കേരളം മുഖ്യമായും ലക്ഷ്യമിടുന്നത് കൃഷിയും അനുബന്ധ വ്യവസായങ്ങളുമാണ്. തനത് കൃഷി വിള തൊട്ട് അതിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ വരെ ഉൾപ്പെടും. അവയുടെ സംഭരണം, പായ്ക്കിങ്, ബ്രാൻഡിങ്, വിപണനം തുടങ്ങിയവയും ഉൾപ്പെടും. ഓരോ ബ്രാൻഡിനെയും ജനശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു. പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം ഇടപെടൽ മൂലം ആ മേഖലയിൽ സാമ്പത്തിക വളർച്ചയും ഉന്നം വയ്ക്കുന്നു. ഓരോ ജില്ലയിലെയും കാർഷിക ഉൽപന്നങ്ങളിൽനിന്ന് വ്യവസായിക അടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ചെലവിന്റെ 35 ശതമാനം വരെ സർക്കാർ ധനസഹായമായി നൽകും. വ്യക്തിഗത സംരംഭങ്ങളെയും കൂട്ടു സംരംഭങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. 

ഒറ്റയ്ക്കോ കൂട്ടായോ മുന്നിട്ടിറങ്ങാം 

ഓരോ ജില്ലയെയും അവിടുത്തെ തനത് ഉൽപന്നങ്ങളുടെ മികവിൽ തരം തിരിച്ചിട്ടുണ്ട്. ഒരു യൂണിറ്റ് ആരംഭിക്കാൻ 10 മുതൽ 25 ലക്ഷം രൂപ വരെ ചെലവു വരും. ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്കെങ്കിലും നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക്, നഗരസഭ, കോർപറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫിസർമാരെയാണ് സമീപിക്കേണ്ടത്. കുടുംബശ്രീക്കും ഈ സംരംഭത്തിൽ കാര്യമായി പങ്കുണ്ട്. പദ്ധതിക്കു കീഴിൽ 10 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കാൻ ചെറുകിട യൂണിറ്റുകളാണ് ആരംഭിക്കേണ്ടത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുകയോ നിലവിലുള്ളത് വിപുലീകരിക്കുകയോ ആകാം. ‘പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപീകരണ പദ്ധതി അഥവാ പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർ പ്രൈസസ് (PMFME) എന്ന് അറിയപ്പെടുന്ന പ്രോജക്ടിലൂടെയാണ് ഇത് നടപ്പാക്കുന്നത്. 2020-21 മുതൽ 2025 വരെയാണ് കാലാവധി. 10000 കോടി രൂപയാണ് കേന്ദ്രം ഇതിനായി മാറ്റി വച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 6:4 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തിഗത സംരംഭങ്ങൾക്ക് അവയുടെ പദ്ധതി ചെലവിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപ ലഭിക്കും.  

രൂപപ്പെടണം 108 യൂണിറ്റുകൾ 

ഓരോ ജില്ലയിലെയും കാർഷിക ഉൽപന്നങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിൽ ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ. കൂടുതൽ ചെറുകിട – സൂക്ഷ്മ – ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്കു പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണു സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ വരെ കിട്ടും. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമേ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രയോജനം ലഭിക്കും. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉൽപന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കു ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിന് 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭ്യമാകും. 

ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു അംഗത്തിന് 35% ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡി പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. സെൽഫ് ഹെൽപ് ഗ്രൂപ്പ് ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടി 35% സബ്സിഡി ലഭ്യമാണ്. 

ഒരു ജില്ല, ഒരു ഉൽപന്നം’ എന്ന പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉൽപന്നം ഉയർത്തിയെടുക്കാനാണു ശ്രമം. അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നിവയ്ക്കു കേന്ദ്ര ഭക്ഷ്യ, സംസ്കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. 

സാങ്കേതിക പിന്തുണയും സാമ്പത്തിക സഹായവും 

ഓരോ ജില്ലയ്ക്കുമായി നിർദേശിച്ചിട്ടുള്ള വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഭക്ഷ്യ ഉൽപന്നങ്ങളുണ്ടാക്കുന്ന ചെറുകിട സംരംഭം തുടങ്ങാൻ സഹായം ലഭിക്കും. 

വ്യക്തിഗത സംരംഭങ്ങൾക്ക് ആകെ പദ്ധതിച്ചെലവിന്റെ 35% (പരമാവധി 10 ലക്ഷം രൂപ വരെ) ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡിയായി ലഭ്യമാകും. ആകെ ചെലവിന്റെ 10 ശതമാനം സംരംഭകന്റേതായിരിക്കണം. 

വിശദമായ പദ്ധതിരേഖ തയാറാക്കി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായം ജില്ലാ വ്യവസായ കേന്ദ്രം, ബ്ലോക്ക് തല വ്യവസായ വികസന ഓഫിസർമാർ എന്നിവർ വഴി ലഭിക്കും. 

ഒഡിഒപി പ്രകാരമുള്ള ആനുകൂല്യം പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്കേ ലഭിക്കൂ. അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ വിപുലീകരിക്കാനും സഹായം ലഭ്യമാകും. 

വ്യവസായ വകുപ്പിനു കീഴിൽ ഇതിനായി രൂപീകരിക്കപ്പെട്ട ജില്ലാതല സമിതി അംഗീകരിച്ച പദ്ധതികൾക്കേ ആനുകൂല്യം ലഭ്യമാവൂ. അപേക്ഷകന്റെ പ്രായം 18ന് മുകളിലായിരിക്കണം. എട്ടാം ക്ലാസ് പാസായിരിക്കണം, 

kerala-and-food-products-1

ഇവയാണ് ജില്ലകളിലെ സ്റ്റാർ പദ്ധതികൾ 

 • തിരുവനന്തപുരം– മരച്ചീനി
 • കൊല്ലം – മരച്ചീനിയും മറ്റ് കിഴങ്ങുവർഗങ്ങളും
 • പത്തനംതിട്ട– ചക്ക
 • ആലപ്പുഴ, തൃശൂർ– നെല്ല് ഉൽപന്നങ്ങൾ
 • കോട്ടയം, എറണാകുളം– കൈതച്ചക്ക
 • ഇടുക്കി– സുഗന്ധവ്യഞ്ജനങ്ങൾ
 • പാലക്കാട്– നേന്ത്രക്കായ
 • മലപ്പുറം, കോഴിക്കോട്– നാളികേരം
 • വയനാട്– പാലും പാൽ ഉൽപന്നങ്ങളും
 • കണ്ണൂർ– വെളിച്ചെണ്ണ
 • കാസർകോട്– ചിപ്പിയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ 

പലയിടത്തും തണുപ്പൻ പ്രതികരണം 

വികസന അവസരങ്ങൾ തേടിയെത്തുമ്പോഴും മികച്ച പ്രതികരണം പദ്ധതി നേടുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ട കണക്കിന്റെ അടുത്ത് എത്താൻ പോലുമുള്ള റജിസ്ട്രേഷൻ കർഷകരുടെ പക്കൽ നിന്ന് ഉണ്ടായിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു. കൂടുതൽ പ്രചാരണവും ബോധവൽക്കരണവും വഴി കർഷകഗ്രൂപ്പുകളെ ആകർഷിക്കാനാണ് ശ്രമം. 

English summary: one district one product scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA