‌ലോകത്തെ ആകെ പാലുൽപാദനത്തിന്റെ 23 ശതമാനവും ഇന്ത്യയിൽനിന്ന്: പാൽപ്പെരുമയിൽ ഇന്ന് ദേശീയ ക്ഷീരദിനം

HIGHLIGHTS
  • ധവള വിപ്ലവത്തിന് കരുത്തായത് ക്ഷീരസഹകരണ മുന്നേറ്റം
  • വെല്ലുവിളികള്‍ അതിജീവിച്ച് ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കേരളം
dairy-farming-milking-2
SHARE

പാലുല്‍പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കാർഷികമുന്നേറ്റമായ ധവളവിപ്ലവത്തിന്റെ നായകന്‍ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 രാജ്യം ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നു. വര്‍ഗീസ് കുര്യന്‍ എന്ന പ്രതിഭയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ് ഇത്തവണ ക്ഷീരദിനമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒരു കാലത്ത് പാലിനും, പാലുല്‍പന്നങ്ങള്‍ക്കും  അന്യരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയെ ലോകത്തെ ആകെ പാലുല്‍പാദനത്തിന്‍റെ 23 ശതമാനം സംഭാവന ചെയ്യുന്ന രാജ്യമാക്കി മാറ്റിയ വികസനമുന്നേറ്റത്തിന് അടിത്തറ പാകിയ മഹാദൗത്യത്തിന്റെ ശില്‍പിയായ വര്‍ഗീസ് കുര്യനോട് നമ്മുടെ നാട് എക്കാലവും കടപ്പെട്ടിരിക്കുന്നു. ക്ഷീരസഹകരണ പ്രസ്ഥാനത്തിലൂടെ അസംഘടിതരായ പാവപ്പെട്ട ക്ഷീരകർഷകരെ സംഘടിപ്പിക്കുന്നതിനും അവർ നേരിട്ടിരുന്ന സാമ്പത്തിക സാമൂഹിക ചൂഷണത്തിന് അറുതി കുറിക്കുന്നതിനും പാലിന്റെ സംഭരണം - സംസ്കരണം - മൂല്യവർധന - വിപണനം എന്നിവ ഉറപ്പാക്കുന്നതിനും വിദേശ വിപണിയിൽ അടക്കം ഇന്ത്യയിൽ നിന്നുള്ള പാലും പാലുൽപന്നങ്ങളും എത്തിക്കുന്നതിനും ക്ഷീരവിപ്ലവത്തിലൂടെ സാധ്യമായി. വർഗീസ് കുര്യന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരതരത്ന മരണാനന്തര ബഹുമതിയായി നല്‍കി ആദരിക്കണമെന്ന ആവശ്യം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ക്ഷീരകര്‍ഷകസംഘടനകളിൽനിന്നും കാര്‍ഷിക ശാസ്ത്രസമൂഹത്തില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.

പാലുല്‍പാദനത്തിന്റെ ലോകത്തിന്റെ നെറുകയില്‍ ഇന്ത്യ

പാലുല്‍പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഇന്ന് ഇന്ത്യയാണ്. ഇരുപതാം കന്നുകാലി സെൻസസ് പ്രകാരം 305 ദശലക്ഷത്തോളമാണ് രാജ്യത്ത് കന്നുകാലികളുടെ എണ്ണം. ലോകത്തെ ആകെ കന്നുകാലി സമ്പത്തിന്റെ 33.38 ശതമാനത്തോളമാണിത്. കന്നുകാലി സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല കന്നുകാലികളുടെ ജൈവവൈവിധ്യത്തിലും മുന്‍പന്തിയിലുള്ളത് ഇന്ത്യ തന്നെ. നാഷണൽ ആനിമൽ ജനിറ്റിക്സ് ബ്യൂറോയുടെ പട്ടിക പ്രകാരം രാജ്യത്തെ അംഗീകരിക്കപ്പെട്ട പശു, എരുമ ജനുസ്സുകളുടെ എണ്ണം യഥാക്രമം 50, 19 എന്നിങ്ങനെയാണ്. കന്നുകാലി സമ്പത്തിൽ ഇത്രത്തോളം ജനിതക വൈവിധ്യം ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2018-19 വർഷം 187.7 ദശലക്ഷം ടണ്ണും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 198.4 ദശലക്ഷം ടണ്ണുമാണ് രാജ്യത്തെ പാലുല്‍പ്പാദനം. ആഗോള തലത്തിൽ പാലുൽപ്പാദനത്തിന്റെ 23 ശതമാനത്തോളമാണിത്. ഉൽപാദനത്തിന്റെ  50 ശതമാനത്തിലേറയും സംഭാവന ചെയ്യുന്നത് പശുക്കളല്ല മറിച്ച് എരുമകളാണെന്നതാണ് വസ്തുത. എരുമകളുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഉത്തര്‍പ്രദേശാണ് രാജ്യത്ത് പാലുല്‍പാദനത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍. 

2018-19  വർഷത്തെ കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ 17 ശതമാനം വർധനയോടെ 7.72 ലക്ഷം കോടിയുടെ വാർഷിക വിപണിമൂല്യമാണ് രാജ്യത്തെ പാലുല്‍പാദനശേഷിക്ക് കണക്കാക്കുന്നത്. പ്രസ്തുത വർഷം രാജ്യത്ത് ആകെ ഉല്‍പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും, ഗോതമ്പിന്റെയും വിപണിമൂല്യത്തെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കാര്‍ഷിക മേഖലയുടെ വിവിധ രംഗങ്ങളില്‍ തളര്‍ച്ച നേരിടുന്നെങ്കിലും ഇന്ത്യയുടെ ക്ഷീരരംഗം പ്രതിവര്‍ഷം 6.3 % എന്ന നിരക്കില്‍ വളരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരമേഖലയിലെ ആഗോള വളര്‍ച്ചനിരക്കിനു മുകളിലാണിത്. രാജ്യത്ത് 8 കോടിയിലധികം ജനങ്ങളാണ് ക്ഷീരമേഖലയില്‍ ഉപജീവനം തേടുന്നത്. പാൽ സംഭരണം, സംസ്കരണം, വിപണനം, കാലിതീറ്റ, തീറ്റപ്പുൽ തുടങ്ങിയ അനുബന്ധ മേഖലകൾ കൂടി പരിഗണിച്ചാല്‍ ക്ഷീരമേഖലയുടെ തൊഴില്‍ ശേഷി ഇനിയും ഏറെ ഉയരും. 2013-14 കാലഘട്ടത്തില്‍ പ്രതിശീര്‍ഷ പാല്‍ ലഭ്യത രാജ്യത്ത് 307 ഗ്രാം ആയിരുന്നെങ്കില്‍ 2019 - 2020 കാലഘട്ടത്തില്‍ അത് 32.24%  വളര്‍ച്ചനേടി 406 ഗ്രാം എന്ന ഉയര്‍ന്ന നിരക്കിലാണ്. 2018-19 ല്‍ പ്രതിദിന പ്രതിശീര്‍ഷ പാല്‍ ലഭ്യത 394 ഗ്രാം ആയിരുന്നു. മുറ ഇനത്തിൽപ്പെട്ട എരുമകളും ദിവസം മുപ്പതും, നാല്‍പ്പതും ലീറ്റർ പാല്‍ ചുരത്തുന്ന അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളും ധാരാളമുള്ള പഞ്ചാബും ഹരിയാനയുമാണ് പ്രതിദിന പ്രതിശീര്‍ഷ പാല്‍ ലഭ്യതയില്‍ മുന്നില്‍. യഥാക്രമം 1181 ഗ്രാം, 1087 ഗ്രാം എന്നിങ്ങനെയാണ് ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ  കണക്കുപ്രകാരം പഞ്ചാബിലെയും ഹരിയാനയിലെയും പ്രതിദിന പ്രതിശീര്‍ഷ പാല്‍ ലഭ്യത.  കേരളത്തില്‍ ഇത് ദേശീയ ശരാശരിക്കും താഴെ 189 ഗ്രാം മാത്രമാണ്. മാത്രമല്ല, മുന്‍വര്‍ഷങ്ങളേക്കാള്‍ താഴ്ന്ന നിരക്കുമാണിത്.

milk

ധവള വിപ്ലവത്തിന് കരുത്തായത് ക്ഷീരസഹകരണ മുന്നേറ്റം

ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ ചിഹ്നമായ അമൂല്‍ എന്ന മഹത്തായ ക്ഷീരസഹകരണ പ്രസ്ഥാനം രൂപംകൊണ്ടിട്ട്  എഴുപത്തിയഞ്ച്  സംവത്സരങ്ങള്‍ പിന്നിടുന്ന വര്‍ഷമാണിതെന്നതും ഇത്തവണത്തെ ക്ഷീരദിനത്തിന്റെ  സവിശേഷതയാണ്. 1946 ഡിസംബറില്‍ ഗുജറാത്തില്‍ ആനന്ദില്‍നിന്ന് ആരംഭിച്ച അമൂല്‍ പ്രസ്ഥാനം (The Kaira District Co-operative Milk Producers’ Union) ഇന്ന് 3.6 ദശലക്ഷം ക്ഷീരകര്‍ഷകര്‍ സജീവഅംഗങ്ങളായ മഹാകൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. നാല്‍പ്പതിനായിരം കോടി രൂപയോളമാണ് ഇന്ന് പ്രതിവര്‍ഷം അമൂലിന്റെ വിറ്റുവരവ്. മില്‍മ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ക്ഷീരസഹകരണ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ പ്രചോദനമായതും ആനന്ദ് അമൂല്‍ മാതൃക തന്നെ. 

കേരളം മിൽമയെ കണികണ്ടുണർന്ന 40 വർഷങ്ങൾ

കേരളത്തില്‍ ധവളവിപ്ലവത്തിന്റെ  വിത്തുപാകിയ നമ്മുടെ സ്വന്തം ഡെയറി ബ്രാൻഡായ മിൽമ അഥവാ KCMMF (Kerala Co-operative Milk Marketing Federation) മില്‍മയെന്ന സഹകരണ ക്ഷീരപ്രസ്ഥാനം ആരംഭിച്ച് 40 വര്‍ഷം പൂര്‍ത്തിയായ വേള കൂടിയാണിത്. പാൽ സ്വയംപര്യാപ്‌തതയ്‌ക്കായി രാജ്യത്തൊട്ടാകെ കോ-ഓപ്പറേറ്റീവ് മോഡൽ ആസ്പദമാക്കി നടപ്പിലാക്കിയ Operation Floodന്റെ ഭാഗമായി 1980 ഏപ്രിലിലാണ് മിൽമ സ്ഥാപിതമായത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ക്ഷീര കർഷകരിൽനിന്ന് 3300-ൽ പരം ക്ഷീര സംഘങ്ങൾ വഴി പ്രതിദിനം 15 ലക്ഷം ലീറ്ററോളം പാല്‍ സംഭരിക്കുന്ന വലിയ ദൗത്യമാണ് മില്‍മ ഇന്ന് നിറവേറ്റുന്നത്. സംസ്കരിക്കുകയും വൈവിധ്യവല്‍ക്കരണം നടത്തുകയും ചെയ്ത്  ദിവസം 14 ലക്ഷം ലീറ്ററോളം പാലും പാലുൽപന്നങ്ങളും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാന ക്ഷീരഫെഡറേഷനുകളിൽ ഒന്നാണ് മിൽമ.

milk

വെല്ലുവിളികള്‍ അതിജീവിച്ച് ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കേരളം

കോവിഡ് ഉയർത്തിയ വെല്ലുവിളികൾ കാരണം ചെറുകിട വ്യാപാര വ്യവസായ മേഖലകളിൽ മിക്കതും സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തെന്നിവീണപ്പോൾ സുസ്ഥിരതയോടെ പിടിച്ചുനിന്ന തൊഴിൽമേഖലകളിൽ ഒന്നാമതാണ് നമ്മുടെ ക്ഷീരമേഖല. ഏതു പ്രതിസന്ധികളുടെ കാലത്തും പാലിനു സുസ്ഥിരമായ വിപണിയും വിലയും ലഭിക്കുന്നത് ക്ഷീരകർഷകർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. അനുകൂലതകളും വരുമാന സാധ്യതകളും ഏറെയുള്ള മേഖലയാണ് ക്ഷീരോല്‍പാദനരംഗമെങ്കിലും ചെറുകിടക്ഷീരകര്‍ഷകര്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. പാലുല്‍പാദനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം തന്നെയാണ് ഈ പ്രശ്നങ്ങളില്‍ പ്രധാനം. കേരളത്തിൽ പശുവിനെ വളർത്തുന്ന ചെറുകിട കർഷകന്‌ ഇപ്പോൾ പ്രതിദിനം 47.64 രൂപയുടെയും ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കുമ്പോൾ 5.65 രൂപയുടെയും നഷ്ടം ഉണ്ടാകുന്നുവെന്നാണ്‌ ഈയടുത്ത കാലത്ത് ജയ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസ്‌ കേരളം ഉൾപ്പെടെ ആറ് പ്രധാനപ്പെട്ട പാലുൽപാദന സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രധാനപ്പെട്ട പാലുൽപാദന സംസ്ഥാനങ്ങളെല്ലാം കർഷകർ സ്വന്തം ഉപയോഗത്തിനും കൃഷി ആവശ്യത്തിനുമായി കറവമാടുകളെ വളർത്തുമ്പോൾ കേരളത്തിലെ 86 ശതമാനം കർഷകരും ഉപജീവനത്തിനു വേണ്ടിയാണ്‌ കറവമാടുകളെ പരിപാലിക്കുന്നത്‌ എന്നതാണ്‌ ഈ പഠനത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യം.

പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പാല്‍ ഉല്‍പ്പാദനച്ചെലവും ഇവിടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതാണ് വസ്തുത. തമിഴ്നാട്, കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിളകളും ഉപോല്‍പ്പന്നങ്ങളും സുലഭമായി ലഭ്യമായതിനാല്‍ തീറ്റച്ചിലവും പരിപാലനചിലവും തുലോം കുറവാണ്. എന്നാല്‍ കേരളത്തില്‍ അതല്ല സ്ഥിതി, കന്നുകാലിത്തീറ്റയുടെ  അസംസ്കൃത വസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയെ നിര്‍വാഹമുള്ളൂ. അപ്പോള്‍ തീറ്റയുടെ ചെലവും കൂടും. ക്ഷീരോൽപാദനത്തിന്റെ 75 ശതമാനം ചെലവും കന്നുകാലിത്തീറ്റയ്ക്കുവേണ്ടി മാത്രമാണെന്ന കാര്യവും ഓർക്കണം. ജനസാന്ദ്രത ഉയര്‍ന്ന സംസ്ഥാനമായതിനാല്‍ കന്നുകാലികളെ മേയാനയച്ചു വളര്‍ത്തുന്നതിലും വിപുലമായ  രീതിയിൽ  തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനുമെല്ലാം പല സ്ഥലങ്ങളിലും പരിമിതികളുണ്ട്.

പ്രതിസന്ധികള്‍ ഇങ്ങനെ ഏറെ മുന്നിലുണ്ടെങ്കിലും കേരളം ഇന്ന് ക്ഷീരസ്വയംപര്യാപ്തതയിലേക്കുള്ള  ധവളപാതയിലാണ്. 2024ൽ ക്ഷീരോൽപാദനത്തിൽ സമ്പൂർണ പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്നത്. യുവാക്കളും, വിവിധ മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ടവരും ഉൾപ്പെടെ നിരവധി പേർ സുരക്ഷിതമായ ഒരു തൊഴിൽ എന്ന നിലയിൽ ജീവനോപാധി തേടി ക്ഷീരമേഖലയിലേക്ക് കടന്നുവരുന്ന സമയം കൂടിയാണിത്. കേരളത്തിന്റെ കാലിസമ്പത്ത് ഇന്ന് 13.42 ലക്ഷമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ കന്നുകാലി സെൻസസിൽ കാലിസമ്പത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് എട്ടു ലക്ഷം കർഷക കുടുംബങ്ങൾ പാലുൽപാദനത്തിൽ ഏർപ്പെട്ട് ഉപജീവനം നടത്തുന്നു. സംസ്ഥാനത്തെ പാൽ വിപണിയുടെ നിയന്ത്രണം സഹകരണ മേഖലയ്ക്കാണ്. 3635 ക്ഷീര സംഘങ്ങളിലൂടെ 3.78 ലക്ഷം ക്ഷീരകർഷകർ ഉൾക്കൊളളുന്ന വിപുലമായ ശൃഖലയാണിത്. 2014-15 കാലഘട്ടത്തില്‍ പ്രതിദിനം  15.26 ലക്ഷം ലീറ്റര്‍ പാല്‍ ആണ് ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേന സംഭരിച്ചിരുന്നതെങ്കില്‍ 2020-21 ല്‍ പ്രതിദിന സംഭരണം 21.3 ലക്ഷം ലീറ്ററായി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉപഭോഗം ഇന്ന് ശരാശരി 87.5 ലക്ഷം ലീറ്റര്‍ ആണ്. പ്രതിവര്‍ഷം കണക്കാക്കുമ്പോള്‍ ഏകദേശം 31937.5 ലക്ഷം ലീറ്റര്‍ പാല്‍ സംസ്ഥാനത്തിന് വേണ്ടതുണ്ട്. എന്നാൽ ഈ ആവശ്യത്തിന് ആനുപാതികമായ ഉൽപാദന ശേഷി കൈവരിക്കാൻ ഇനിയും കേരളത്തിന്റെ ആഭ്യന്തര ക്ഷീരമേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. തീറ്റപ്പുൽ കൃഷി, തീറ്റയുൽപാദനം തുടങ്ങിയ ഘടകങ്ങളിൽ സുസ്ഥിരവും ലാഭകരവുമായ മാർഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ പാലിനും പാലുൽപന്നങ്ങൾക്കും സംസ്ഥാനത്ത് ഇനിയും ആദായകരമായ സംരഭക, തൊഴിൽസാധ്യതകൾ ഏറെയുണ്ടെന്ന് ഈ കണക്കുകൾ ഓർമപ്പെടുത്തുന്നു.

English summary: 'National Milk Day' to be celebrated on November 26

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA